ചെറുപ്പത്തിലേ അമ്മയെ നഷ്ടമായ കുഞ്ഞു ലോലക്കിന് അന്നുമുതല്‍ പരിശുദ്ധ അമ്മയായിരുന്നു സ്വന്തം അമ്മ. ‘ഞാന്‍ മുഴുവനും അമ്മയുടേതാകുന്നു’ എന്ന അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയില്‍ പരിശുദ്ധ അമ്മയോടുള്ള സ്‌നേഹം മുഴുവനും പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ ഒരു അദൃശ്യസാന്നിധ്യമായി കുഞ്ഞു ലോലക്കിന്റെ ജീവിതത്തിലുടനീളം അമ്മയുണ്ടായിരുന്നു. ഒരു വൈദികനായും പിന്നീട് ബിഷപ്പായും ഒടുവില്‍ തിരുസ്സഭയുടെ തലവനായും ഉയര്‍ത്തപ്പെടുവാന്‍ പാറമടയില്‍ പണിയെടുത്തു ജീവിച്ച അദ്ദേഹത്തെ ആ നല്ല അമ്മ സഹായിച്ചു. അപ്രതീക്ഷിതമായി ശരീരത്തില്‍ വെടിയുണ്ടകള്‍ ഏറ്റുവാങ്ങേണ്ടിവന്നപ്പോഴും അദ്ദേഹത്തെ കൈകളില്‍ താങ്ങിയതും പരിശുദ്ധ അമ്മതന്നെ. ശാസ്ത്രലോകത്തെ അമ്പരപ്പിച്ച ആ ഫോട്ടോഗ്രാഫില്‍ അദ്ദേഹത്തെ കരങ്ങളില്‍ താങ്ങിക്കൊണ്ട് നില്‍ക്കുന്ന പരിശുദ്ധ അമ്മയുടെ സാന്നിധ്യം ഇന്നും അത്ഭുതത്തോടെ മാത്രമേ നമുക്ക് നോക്കി കാണാനാകൂ. ഏറ്റവും ഒടുവില്‍ ആ കുഞ്ഞ് ഒരു വിശുദ്ധനായി. വി. ജോണ്‍ പോള്‍ രണ്ടാമന്‍.
യാത്രയ്‌ക്കൊടുവില്‍ മഠത്തില്‍ തിരിച്ചെത്തിയ മദര്‍ തെരേസയോട് യാത്രാദൂരം ഏകദേശം എത്രത്തോളമുണ്ടായിരുന്നു എന്ന് ചോദിച്ചതായിരുന്നു സഹസന്ന്യാസിനി. ആറു ജപമാലയുടെ ദൂരം എന്നായിരുന്നു മദറിന്റെ മറുപടി. സമയത്തെയും ദൂരത്തെയും ജപമാലകള്‍ കൊണ്ടളക്കാന്‍മാത്രം പരിശുദ്ധ അമ്മയോട് വലിയ അടുപ്പം ഉണ്ടായിരുന്നു മദര്‍ തെരേസയ്ക്ക്. കൈകളില്‍ എപ്പോഴും കരുതിയിരുന്ന ജപമാലയും ദിവ്യകാരുണ്യ സന്നിധിയില്‍ ചെലവഴിക്കുന്ന നിമിഷങ്ങളുമായിരുന്നു മദറിന്റെ കരുത്ത്.
പഞ്ചക്ഷതധാരിയായ പാദ്രേ പിയോ തികഞ്ഞ മരിയ ഭക്തനായിരുന്നു. ആശ്രമത്തില്‍ ചേരാന്‍ ഇറങ്ങിത്തിരിച്ച ദിവസം അദ്ദേഹത്തിന്റെ അമ്മ സമ്മാനമായി നല്‍കിയ ജപമാല ആയിരുന്നു ആത്മീയ അന്ധകാരത്തിന്റെ ദിനങ്ങളില്‍ അദ്ദേഹത്തിന് ശക്തിയായത്. ആത്മീയ യാത്രയിലെ ശക്തമായ ആയുധമായാണ് അദ്ദേഹം ജപമാലയെ വിശേഷിപ്പിക്കുന്നത്. പരിശുദ്ധ അമ്മയിലൂടെ ക്രിസ്തുവില്‍ ലയിക്കപ്പെട്ട അദ്ദേഹം ദിവസവും നാല്പതോളം ജപമാലകള്‍ ചൊല്ലിയിരുന്നു. ഇരിക്കുമ്പോഴും കിടക്കുമ്പോഴും കുമ്പസാരിപ്പിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം അദ്ദേഹം ജപമാലകള്‍ ചൊല്ലിയിരുന്നു. ഭക്ഷണം കഴിക്കുന്നതിന് മുമ്പായി ഒരു ജപമാലയെങ്കിലും ചൊല്ലുക അദ്ദേഹത്തിന്റെ പതിവായിരുന്നു.
ഒരു അമ്മയില്ലാതെ ഈ ഭൂമിയില്‍ ജനിക്കാന്‍ ആര്‍ക്കാണ് സാധിക്കുക! അതുപോലെ പരിശുദ്ധ അമ്മയില്ലാതെ സ്വര്‍ഗ്ഗത്തില്‍ ജനിക്കുക എന്നതും അസാധ്യംതന്നെ. പിതാവായ ദൈവത്തിന്റെ മകളും പുത്രനായ ദൈവത്തിന്റെ മാതാവും പരിശുദ്ധാത്മാവിന്റെ മണവാട്ടിയുമായ പരിശുദ്ധ അമ്മയ്ക്കു മാത്രമാണ് ദൈവത്തെ പ്രസാദിപ്പിക്കേണ്ടത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കാന്‍ സാധിക്കുക. ജപമണികളിലൂടെ ക്രിസ്തു രഹസ്യങ്ങളെ കൂടുതലായി ധ്യാനിക്കുന്ന മാസമാണല്ലോ ഒക്ടോബര്‍. ആഘോഷപൂര്‍വ്വമായ ജപമാല പ്രാര്‍ത്ഥനകള്‍ കൊണ്ടു മുഖരിതമായ ഒക്ടോബര്‍ മാസത്തിലാണ് ജപമാലറാണിയുടെ തിരുനാള്‍. 1571 ഒക്ടോബറില്‍ ലെപ്പാന്റോ കടലിടുക്കില്‍ വച്ച് തുര്‍ക്കി സാമ്രാജ്യവും ക്രൈസ്തവരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. ക്രൈസ്തവര്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും പരിശുദ്ധ അമ്മയുടെ പ്രത്യേക മധ്യസ്ഥതയില്‍ തുര്‍ക്കി സൈന്യത്തെ തോല്‍പ്പിക്കാന്‍ സാധിച്ചു. അന്നത്തെ മാര്‍പാപ്പയായിരുന്ന പയസ് അഞ്ചാമനോടൊപ്പം ജനങ്ങള്‍ യുദ്ധവിജയത്തിനായി ജപമാലകള്‍ ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നു. വിജയ ദിവസമായ ഒക്ടോബര്‍ ഏഴിന് വിജയ മാതാവിന്റെ തിരുനാളായി കൊണ്ടാടാന്‍ മാര്‍പാപ്പ തീരുമാനിച്ചു. പിന്നീട് പതിമൂന്നാം ഗ്രിഗോറിയോസ് മാര്‍പാപ്പയാണ് ജപമാലറാണിയുടെ തിരുനാളായി ഈ തിരുനാളിനെ നാമകരണം ചെയ്തത്.
ലളിതവും മനോഹരവും ശക്തമായ പ്രാര്‍ത്ഥനയാണ് ജപമാല. ആര്‍ക്കും ഹൃദിസ്ഥമാക്കാവുന്ന അര്‍ത്ഥപൂര്‍ണ്ണമായ പ്രാര്‍ത്ഥന. പരിശുദ്ധ അമ്മയുടെ വലിയ ഭക്തനായിരുന്നു വിശുദ്ധ ജോണ്‍ മരിയവിയാനി. പുരോഹിതനാകാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും സെമിനാരി പഠനത്തില്‍ അദ്ദേഹത്തിനെന്നും തോല്‍വിയായിരുന്നു. പുരോഹിതനാകാന്‍ അയോഗ്യത കല്പിച്ച് വിയാനിയെ മാറ്റിനിര്‍ത്തിയെങ്കിലും അദ്ദേഹത്തില്‍ നിറഞ്ഞുനിന്ന പരിശുദ്ധ അമ്മയോടുള്ള ഭക്തി ഒന്നുകൊണ്ടു മാത്രം അദ്ദേഹത്തെ പുരോഹിതനാക്കാന്‍ ബിഷപ്പ് അനുവദിച്ചു. പരിശുദ്ധ അമ്മ അദ്ദേഹത്തെ വിശുദ്ധിയുള്ള ഒരു പുരോഹിതനാക്കി. അനേകാ
യിരങ്ങള്‍ അദ്ദേഹത്തിലൂടെ ക്രിസ്തുവിലേക്ക് നടന്നടുത്തു.
പരിശുദ്ധ അമ്മയ്ക്ക് നാമെല്ലാം പ്രിയപ്പെട്ടവരാണ്. കാരണം കുരിശിന്‍ ചുവട്ടില്‍ വച്ച് ക്രിസ്തു തന്റെ അമ്മയ്ക്ക് നമ്മെ കയ്യാളിച്ചു. തന്റെ മക്കള്‍ ഏതവസ്ഥയിലായിരുന്നാലും അവരെ സ്‌നേഹത്തോടെ ക്രിസ്തുവിലേക്ക് നയിക്കാന്‍ ഈ അമ്മ ശ്രദ്ധാലുമാണ്. നമ്മെത്തന്നെ മാതാവിന് സമര്‍പ്പിക്കുമ്പോള്‍ നമ്മിലെ അപൂര്‍ണതകളെ പൂര്‍ണമാക്കി ക്രിസ്തുവിനു സമ്മാനിക്കുകയാണവള്‍ ചെയ്യുക. ജപമാല പ്രാര്‍ത്ഥനകള്‍ വഴി പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലൂടെ നമ്മെ ക്രിസ്തുവിന് നമുക്ക് കൈയ്യാളിക്കാം. അങ്ങനെ നന്മയില്‍ പരിപൂര്‍ണരായി ക്രിസ്തുവിനെ മഹത്വപ്പെടുത്താം.
സി. നിമിഷ റോസ് CSN




