‘എനിക്കെന്റെ ഭര്‍ത്താവിനെ സഹിക്കാന്‍ വയ്യ, ആ പെണ്‍കുട്ടി സംസാരിച്ചു തുടങ്ങിയത് അങ്ങനെയാണ്. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം
പോലും പൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല.
‘എന്താണ് ഭര്‍ത്താവിന്റെ പ്രശ്നം? മദ്യപിക്കാറുണ്ടോ, നിന്നെ ഉപദ്രവിക്കാറുണ്ടോ’?
‘അതൊക്കെയായിരുന്നെങ്കില്‍ പിന്നെയും സഹിക്കാമായിരുന്നു. ഇത് അതൊന്നും അല്ല.’
‘പിന്നെ?… സാധാരണയായി എല്ലാ ഭാര്യമാരുടെയും പരാതി ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിക്കുന്നു, മദ്യപിക്കുന്നു തുടങ്ങിയവയെല്ലാമാണല്ലോ.’
‘യാതൊരു വിധ ദുശ്ശീലങ്ങളുമില്ല, മദ്യപിക്കില്ല, പുകവലിക്കില്ല, അനാവശ്യമായ കൂട്ടുകൂടലില്ല. ഓഫീസ് കഴിഞ്ഞാല്‍ കൃത്യസമയത്ത് വീട്ടിലെത്തും. വീട്ടുകാര്യങ്ങള്‍ക്കും മുടക്കം വരുത്താറില്ല.’ അവള്‍ തുടര്‍ന്നു.
‘പിന്നെന്താണു പ്രശ്‌നം?’
‘ഞാന്‍ എന്തു ചെയ്താലും കുറ്റമേ പറയൂ, എനിക്ക് തിരിയാന്‍ പാടില്ല, നിവരാന്‍ പാടില്ല.. പുള്ളിക്കാരന്‍ ചെയ്യുന്നത് മാത്രം പെര്‍ഫെക്ട്. രാവിലെ ഓഫീസില്‍ പോകുന്നതുവരെയും വന്നുകഴിഞ്ഞാല്‍ കിടന്നുറങ്ങുന്നതുവരെയും എന്റെ പിറകെ ഞാന്‍ ചെയ്യുന്നതിന്റെ കുറ്റം പറഞ്ഞു നടക്കും. നീയൊരിക്കലും നന്നാവുകേലാ എന്നാണ് പുള്ളി പറയുന്നത്. വിവരമില്ലാത്തവള്‍, വെളിവില്ലാത്തവള്‍ എന്നൊക്കെയാണ് എന്നെ വിളിക്കുന്നത്.’
അയാം ഒണ്‍ലി പെര്‍ഫെക്ട്
അയാം ഓക്കെ, യൂ ആര്‍ നോട്ട് ഓക്കെ ഇങ്ങനെയൊരു ചിന്തയും വിശ്വാസവുമായി ജീവിക്കുന്ന ഈ ഭര്‍ത്താവിനെ പോലെയുള്ളവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. പുറമേക്ക് അവര്‍ നല്ലവരായിരിക്കും. മതകാര്യങ്ങളില്‍ കൃത്യത പുലര്‍ത്തുന്നവരും സൗമ്യമായി സംസാരിക്കുന്നവരും ആകര്‍ഷണീയമായി ഇടപെടുന്നവരുമൊക്കെയായിരിക്കും. പക്ഷേ, അവര്‍ക്ക് വലിയൊരു പ്രശ്നമുണ്ട്. അവര്‍ തങ്ങളെ മാത്രമേ അംഗീകരിക്കൂ. താന്‍ മാത്രം ശരി മറ്റുള്ളവരെല്ലാം തെറ്റ്. മറ്റുള്ളവരെ അംഗീകരിക്കാതെ, അവരുടെ കുറ്റങ്ങള്‍ കണ്ടെത്തുന്ന ഈ മാനസികാവസ്ഥയെ സുപ്പീരിയോരിറ്റി കോംപ്ലക്സ് എന്നാണ് വിളിക്കുന്നത്.
ഊതിവീര്‍പ്പിച്ച ബലൂണുകള്‍
സുപ്പീരിയോരിറ്റി കോംപ്ലക്സുള്ളവരെ വിശേഷിപ്പിക്കാവുന്ന ഏറ്റവും നല്ല പ്രയോഗമാണ് ഊതിവീര്‍പ്പിച്ച ബലൂണുകള്‍. താനെന്തോ ആണെന്ന് അവര്‍ സ്വയം ഭാവിക്കുന്നു. തന്നെ എല്ലാവരും പ്രശംസിക്കണമെന്നാണ് അവരുടെ ആഗ്രഹം. ചെയ്ത കാര്യങ്ങളെല്ലാം അവര്‍തന്നെ നോട്ടീസടിച്ച് വിതരണം ചെയ്യും.
‘ഞാന്‍ കാരണമാണ് അങ്ങനെ നടന്നത്..’
‘ഞാനില്ലായിരുന്നുവെങ്കില്‍ കാണാമായിരുന്നു..’
‘ഞാനാണ് എല്ലാം ചെയ്തത്’
ഇങ്ങനെയാണ് അവരുടെ അവകാശവാദങ്ങള്‍. മറ്റുള്ളവരെക്കാള്‍ ഒരു ‘അധികം ഞാന്‍’ ഇവരുടെ എല്ലാ വാക്കിലും പ്രവൃത്തിയിലുമുണ്ടാകും. സഹാനുഭൂതി തെല്ലും ഇല്ലാത്ത ഇവര്‍ തങ്ങള്‍ വിമര്‍ശിക്കപ്പെടുകയോ നിരാകരിക്കപ്പെടുകയോ ചെയ്യുന്ന അവസരങ്ങളില്‍ പെട്ടെന്നുതന്നെ വിഷാദത്തിലേക്ക് കുപ്പുകുത്തുകയും ചെയ്യും. താന്‍ പരിഹസിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ കുറ്റപ്പെടുത്തപ്പെടുകയോ ചെയ്തതിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ പകയായി സൂക്ഷിച്ച് തിരിച്ചടിക്കാനും ഇവര്‍ മടിക്കില്ല. അക്രമാസക്തമായ സ്വഭാവവും ദേഷ്യവുമാണ് ഇവരുടേത്. യഥാര്‍ഥ വ്യക്തിത്വത്തെ മറച്ചുവച്ച്. മറ്റൊന്നായിട്ടായിരിക്കും ഇവര്‍ പെരുമാറുന്നത്. വൈകാരിക പക്വതയും ഇവര്‍ക്ക് കുറവായിരിക്കും.
അപകടങ്ങളും ലക്ഷണങ്ങളും
ഒരു വ്യക്തി സുപ്പീരിയോരിറ്റി കോംപ്ലക്സ് ഉള്ള ആളാണോയെന്ന് എങ്ങനെ തിരിച്ചറിയാന്‍ കഴിയും? മുകളില്‍ പറഞ്ഞ ചില ലക്ഷണങ്ങള്‍ക്കു പുറമെ മറ്റു ചിലതുകൂടി ഇവരെ തിരിച്ചറിയാന്‍ സഹായിക്കുന്നവയാണ്. സുപ്പീരിയോരിറ്റി കോംപ്ലക്സ് ഉള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പലര്‍ക്കും കഴിയാറില്ല. ഇത്തരക്കാര്‍ക്ക് നല്ല വ്യക്തിബന്ധങ്ങളോ സുഹൃദ്ബന്ധങ്ങളോ ഉണ്ടായിരിക്കുകയുമില്ല. താനാണ് മറ്റെല്ലാവരെയുംകാള്‍ കേമന്‍ എന്നു ധരിക്കുന്ന ഒരാള്‍ക്ക് മറ്റൊരാളെ അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ സാധിക്കുകയില്ലല്ലോ. ഈഗോയാണ് ഇവരെ നയിക്കുന്നത്. മുഖസ്തുതി ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. ഇവരുടെ ഈ സ്വഭാവപ്രത്യേകത മനസ്സിലാക്കിയവര്‍ ഇവരെ പുകഴ്ത്തിപ്പറഞ്ഞ് കാര്യങ്ങള്‍ നേടിയെടുക്കാറുമുണ്ട്.
ലൈംഗികവിഷയങ്ങളിലും ഇവര്‍ അസംതൃപ്തരായിരിക്കും. മേധാവിത്വത്തിനും അധികാരത്തിനും വേണ്ടി എത്ര കഷ്ടപ്പെടാനും അവര്‍ തയ്യാറായിരിക്കും. എന്നും നേതൃസ്ഥാനമാണ് അവരുടെ ലക്ഷ്യം. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ഇവര്‍ ചെവികൊടുക്കില്ല. അവരെ പൂര്‍ണ്ണമായും അവഗണിക്കും. എന്നാല്‍ ആരെങ്കിലും തന്നെ അവഗണിച്ചോ, അവര്‍ മാനസികമായി അമ്പേ തകര്‍ന്നുപോവുകയും ചെയ്യും. മറ്റുള്ളവരെ പരിഹസിക്കാനും കുറ്റം പറയാനും ഇവര്‍ മിടുക്കരായിരിക്കും. രക്തബന്ധങ്ങളെപ്പോലും ഇവര്‍ കുറ്റംപറഞ്ഞുകളയും. എല്ലാവരെയും വെറുപ്പിച്ച് എല്ലാവരില്‍ നിന്നും താന്‍ അകന്നു പോവുകയാണ് ചെയ്യുന്നതെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കുന്നതേയില്ല. സത്യത്തില്‍ സുപ്പീരിയോരിറ്റി കോംപ്ലക്‌സ് ഉള്ളവര്‍ സ്വയം ഒറ്റയാക്കപ്പെടുന്നവരാണെന്ന്, ഒറ്റയാകാന്‍ സ്വയം തീരുമാനിച്ചിരിക്കുന്നവര്‍ കൂടിയാണ് അവര്‍.
കുടുംബജീവിതത്തില്‍ പ്രശ്‌നമാകുമ്പോള്‍
സുപ്പീരിയോരിറ്റിയുള്ള ഒരു വ്യക്തിക്കൊപ്പം ജീവിക്കുന്ന പങ്കാളിയെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്‌കരമാണ്. പങ്കാളിയുടെ, ഭര്‍ത്തവിന്റെ ഇഷ്ടം അനുസരിച്ച്മാത്രം പ്രവര്‍ത്തിക്കാനേ ഇവര്‍ക്കു അനുവാദമുള്ളൂ. ആത്മാഭിമാനവും ചിന്തിക്കാനുള്ള കഴിവും ബുദ്ധിശക്തിപോലും ഇവര്‍ക്ക് വര്‍ഷങ്ങള്‍കൊണ്ട് നഷ്ടമാകുന്നു. മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള കഴിവു കുറഞ്ഞുവരുന്നതായും ചിലര്‍പറഞ്ഞിട്ടുണ്ട്. മക്കളെയും അടിച്ചമര്‍ത്തി ഭരിക്കുന്നതുകൊണ്ട് അവരുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലും ഇത് പ്രതികൂലഫലങ്ങള്‍ സൃഷ്ടിക്കുന്നതായികണ്ടുവരുന്നുണ്ട്.
പരിഹാരമുണ്ടോ?
സുപ്പീരിയോരിറ്റി കോംപ്ലക്സ് പരിഹരിക്കാനാവുമോ വ്യക്തിത്വ സവിശേഷതയാകുമ്പോള്‍ പ്രത്യേകിച്ചും? ആഗ്രഹവും പരിശ്രമവുമുണ്ടെങ്കില്‍ ഇത്തരം അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയും. അതിനാദ്യം ചെയ്യേണ്ടത് സ്വയം മനസ്സിലാക്കുക എന്നതാണ്. തന്റെ കഴിവും കഴിവുകേടും മനസ്സിലാക്കുക. തന്റെ ശക്തിയും ബലക്കുറവും തിരിച്ചറിയുക. തന്നെപ്പോലെതന്നെയാണ് മറ്റുള്ളവരുമെന്ന് മനസ്സിലാക്കുക. അവരെ കുറവുകള്‍ ഉള്ളവരായി മാത്രം കാണാതെ കഴിവുകള്‍ ഉളളവരായിക്കൂടി അംഗീകരിക്കുക. മറ്റുള്ളവരുടെ നന്മകളെ കാണാന്‍ ശ്രമിക്കുക. അവരെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും തയ്യാറാവുക. സ്വന്തം വ്യക്തിത്വത്തെ മനസ്സിലാക്കി പ്രതികരിക്കാന്‍ തയ്യാറായാല്‍ ഒരു പരിധിവരെ ഇതില്‍നിന്ന് പുറത്തുകടക്കാനും താനുമായി ബന്ധപ്പെട്ടവരുടെ ജീവിതങ്ങള്‍ക്ക് പ്രകാശം നല്കാനും സാധിക്കും.

സി. ഡോ. അർപ്പിത CSN
സെന്റ് ജൂഡ് ഫാമിലി കൗൺസലിംഗ് സെന്റർ,
അങ്കമാലി




