Friday, March 6, 2026

ഷൂവിനുള്ളിലെ കടല

പരീക്ഷയില്‍ ജയിക്കാന്‍ നേര്‍ച്ച നേര്‍ന്ന രണ്ടു കുട്ടികളുടെ കഥയുണ്ട്. മികച്ച വിജയം ലഭിച്ചാല്‍ മലയാറ്റൂര്‍ മല കയറിക്കൊള്ളാമെന്നാണ് അവര്‍ തീരുമാനിച്ചത്. വെറുതെ കയറുകയല്ല, ഷൂവിനുള്ളില്‍ കടല നിറച്ചുവച്ച്, അതു ധരിച്ചുകൊണ്ട് മല കയറും. പ്രയാസകരമാണെങ്കിലും തീക്ഷ്ണതയോടെ നേര്‍ച്ച നിറവേറ്റാന്‍ അവര്‍ കാത്തിരുന്നു.

റിസള്‍ട്ടുവന്നു. രണ്ടുപേരും വിജയിച്ചു. ഇനി നേര്‍ച്ച നിറവേറ്റണം. കൂട്ടുകാര്‍ ഒരുമിച്ചു മലകയറാന്‍ പോയി. ഒരാള്‍ നടക്കാന്‍ വളരെ വിഷമിച്ചു. ഷൂവിനുള്ളില്‍ നിറച്ച കടല ഉരുണ്ടു കളിക്കുന്നു. കാല്‍ ഉറപ്പിച്ചു ചവിട്ടാനാവുന്നില്ല. അവന്‍ കഷ്ടപ്പെട്ട് ഒരടിവയ്ക്കുമ്പോള്‍ രണ്ടാമന്‍ വളരെ എളുപ്പത്തില്‍ മലകയറുന്നു. ഇതെങ്ങനെ സാധിക്കുന്നു? കാരണം തിരക്കിയപ്പോള്‍ ഒന്നാമന്‍ പറഞ്ഞു: ”ഞാന്‍ ഷൂവിനുള്ളില്‍ പുഴുങ്ങിയ കടലയാണ് നിറച്ചത്!”

നേര്‍ച്ച നിറവേറ്റിയ മിടുക്കന്‍. നേര്‍ച്ച നേര്‍ന്നതും അതിനെ വ്യാഖ്യാനിച്ചതും അവന്‍ തന്നെ. തന്റെ സൗകര്യത്തിനൊത്തവിധം അതു നടപ്പിലാക്കാനും അവനു കഴിഞ്ഞു. ഇത്തരം തന്ത്രങ്ങളുടെ രാജകുമാരന്മാര്‍ അരങ്ങുവാഴുന്ന കാലമല്ലോ ഇത്.
* * * * * * * * *
നഗരമധ്യത്തിലെ ഒരു പ്രശസ്ത വിദ്യാലയത്തെക്കുറിച്ചു പറയാം. പേരും പെരുമയുമുള്ളൊരു പള്ളിക്കൂടം. പതിറ്റാണ്ടുകളുടെ കഥകള്‍ക്കപ്പുറം നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന സ്ഥാപനം. പുതിയൊരു സാരഥി ഭരണചക്രം തിരിക്കാന്‍ അവിടെയെത്തുന്നു. പ്രായക്കുറവ് പക്വതക്കുറവിനാധാരമാകണമെന്നില്ല
എല്ലായ്‌പ്പോഴും. എന്നാല്‍, കുറവുകളൊക്കെ നിരന്നുനില്‍ക്കുമ്പോഴും അതേക്കുറിച്ച് തരിമ്പും അവബോധമില്ലെങ്കിലോ? അധികാരികള്‍ അത്തരക്കാരായാല്‍ അധീനരുടെ അവസ്ഥ അതി ദയനീയമെന്നേ പറയേണ്ടൂ.

സ്‌കൂളിനെ ഉടച്ചുവാര്‍ക്കലായി പ്രഥമലക്ഷ്യം. അതിനായി മണിക്കൂറുകള്‍ നീളുന്ന ആലോചനായോഗങ്ങള്‍ സംഘടിപ്പിക്കുമെങ്കിലും തീരുമാനങ്ങളൊക്കെ ഏകപക്ഷീയമായിരിക്കും. അഭിപ്രായമോ ഭേദഗതികളോ കൂടാതെ അവയനുസരിക്കുക മാത്രം അധീനരുടെ ധര്‍മ്മമാകുന്നു. അവരിലൊരാളോട് ഒരു പരിചിതന്‍ ചോദിച്ചതിങ്ങനെ: ”കഴിഞ്ഞവര്‍ഷം വരെ നിങ്ങള്‍ സന്തോഷത്തോടെ ഏറ്റെടുത്ത്‌ ചെയ്തകാര്യങ്ങള്‍ ഇക്കൊല്ലം നിങ്ങള്‍ ചെയ്യുന്നത് എങ്ങനെയെന്നു പറയാമോ?”

”സംശയമെന്ത്? കഴിഞ്ഞ വര്‍ഷംവരെ ആസ്വദിച്ചു ചെയ്ത കാര്യങ്ങള്‍ ഇക്കൊല്ലം ഞങ്ങള്‍ കഷ്ടപ്പെട്ടു ചെയ്യേണ്ടി വരുന്നു. ഏറെക്കാലം ഇതൊന്നും തുടരണമെന്ന് ഞങ്ങളിലാര്‍ക്കും ആഗ്രഹവുമില്ല. മാസങ്ങള്‍ കഴിഞ്ഞാല്‍ റിട്ടയര്‍ ചെയ്യുന്ന എനിക്ക്, വീട്ടിലിരുന്നാല്‍ എന്തുചെയ്യുമെന്ന ആശങ്കയുണ്ടായിരുന്നു. ഇപ്പോഴതുമാറി, ശ്വാസംമുട്ടിക്കുന്ന ഈ യവസ്ഥയില്‍നിന്ന് എത്രയും വേഗം രക്ഷപെട്ടാല്‍ മതി”. ഒറ്റശ്വാസത്തില്‍ ഇത്രയും കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കുമ്പോള്‍ ആ മുഖത്തെ ദൈന്യഭാവം ആരെയും സ്പര്‍ശിക്കുന്നതായിരുന്നു.

ഭയപ്പെടുത്തല്‍ വലിയൊരു ആയുധമോ മാര്‍ഗമോ ആയി കൊണ്ടുനടക്കുന്നവരുടെ എണ്ണം ഏറിവരുന്ന കാലമാണിത്. വാസ്തവത്തില്‍ ഭയപ്പെടുത്തുന്നവര്‍ വലിയ ഭീരുക്കളാണ്. മറ്റുള്ളവരെ താന്‍ ഭയപ്പെടുത്തിയില്ലെങ്കില്‍ അവര്‍, തന്നെ ഭയപ്പെടുത്തുമോ എന്ന ആശങ്കയുടെ നിഴലിലാണ് അവര്‍ കഴിഞ്ഞുകൂടുന്നത്. അത്തരക്കാരെക്കുറിച്ച് നാം സഹതപിക്കുക, അപ്പോള്‍ ഒപ്പമുള്ളവരുടെ കാര്യമോ?

മേല്‍പ്പറഞ്ഞ കഥയിലെ ഒന്നാമനുണ്ടല്ലോ, പുഴുങ്ങിയ കടലകൊണ്ട് കാര്യം കണ്ടവന്‍. അവനെപ്പോലുള്ളവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. ഷൂവില്‍ കടല നിറയ്ക്കാനുള്ള ഉപദേശം മിക്കവാറും ഇത്തരക്കാരുടേതാകും. കാര്യവിചാരം കൂടാതെ അത് ഉത്തരവായി പുറത്തിറങ്ങും. നിരപരാധികള്‍ കടലയില്‍ ചവിട്ടി കുഴങ്ങി നീങ്ങും. അതിസമര്‍ഥര്‍ കടലപുഴുങ്ങി കാര്യം സാധിക്കും.

ഈ പരാക്രമങ്ങള്‍ക്കൊടുവില്‍ എന്തു പ്രയോജനമുണ്ടായി എന്നൊരു ചോദ്യം ആവശ്യമാണ്. എന്നാല്‍. ചോദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാത്ത സാഹചര്യമായാലോ? നൂറ്റാണ്ടിന്റെ പെരുമയൊക്കെ പത്രത്താളില്‍ ഒതുങ്ങിയൊടുങ്ങുമെന്നു ചുരുക്കം.
* * * * * * * * *
കുറച്ചുകുട്ടികള്‍ മാവില്‍ കല്ലെറിയുകയാണ്. നന്നായി ഉന്നമുള്ള കുട്ടി ഒരു മാമ്പഴത്തെ ലക്ഷ്യമാക്കി, ഒന്നെറിഞ്ഞു. മാമ്പഴം താഴെ വീണു. അവന്‍ സ്വന്ത
മാക്കി.

മറ്റുകുട്ടികള്‍ നോക്കിനിന്നു. അവര്‍ക്കും വേണം മാമ്പഴം. ചിലര്‍ ഉന്നം നോക്കാനൊന്നും പോയില്ല. ഒന്നിലധികം കല്ലുകള്‍ ഒരുമിച്ചെടുത്ത് മാവിനുനേര്‍ക്ക് വലിച്ചെറിഞ്ഞു. പലതും എങ്ങും കൊള്ളാതെ എവിടെയൊക്കെയോ ചെന്നു വീണു. ചുരുക്കം ചില കല്ലുകള്‍ മാവിന്റെ തടിയിലും ചില്ലകളിലും തട്ടിത്താഴെവീണു. ഇടയ്ക്ക് ചിലത് മാമ്പഴങ്ങളില്‍ചെന്നുകൊണ്ടു. ഒന്നോ രണ്ടോ മാമ്പഴം അങ്ങനെ താഴെ വീണു. അതിന്റെ യഥാര്‍ത്ഥ അവകാശികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഉന്നമില്ലാതെ ലക്ഷ്യപ്രാപ്തിക്ക് ഇറങ്ങിത്തിരിച്ചവര്‍ മാവിന്‍ ചുവട്ടില്‍ തല്ലുകൂടുമ്പോള്‍ മാമ്പഴമുള്ള മാവിനെന്തു ചെയ്യാന്‍ കഴിയും.

ഷാജി
ഷാജി മാലിപ്പാറ 

Related Articles