Friday, March 6, 2026

മാതാപിതാക്കളുടെ മൂഡ്ഓഫും മക്കളുടെ മുതലെടുപ്പും

എന്താണെന്നറിയില്ല അപ്പന്‍ ഓഫായാല്‍ അമ്മയും ഓഫാകും. പലപ്പോഴും കൗണ്‍സലിംഗിന് വരുന്ന കുട്ടികള്‍ പറയാറുള്ള കാര്യമാണിത്. മാതാപിതാക്കളുടെ മൂഡ്ഓഫ് അവസരമാക്കി മൊബൈല്‍ഗെയിം കളിച്ച് പഠനസമയം പാഴാക്കുന്ന കുട്ടികള്‍ കുറവല്ല. ഈ മൂഡ്ഓഫ് കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. മക്കളോടൊപ്പം ജീവിതം ആസ്വദിക്കുന്നതില്‍ നിന്ന് മാതാപിതാക്കളെ മാത്രമല്ല മക്കളെയും മാതാപിതാക്കളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന പ്രധാനഘടകമാണ് മൂഡോഫ്. പിന്നീടോര്‍ക്കുമ്പോള്‍ മൂഡ് ഓഫ് ആകുന്ന കാരണങ്ങള്‍ വളരെ നിസ്സാരങ്ങളായി തോന്നാം.

പോയ മൂഡ് തിരിച്ചുപിടിക്കുവാന്‍ ചിലപ്രായോഗിക മാര്‍ഗങ്ങള്‍

ഇഷ്ടപ്പെട്ട കൂട്ടുകാരെ കേള്‍ക്കുക

ഇന്ന് ഫോണ്‍ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന, നമുക്ക് നമ്മുടെ പ്രിയപ്പെട്ട സുഹൃത്തുക്കളെ വിളിച്ച് സംസാരിക്കാനും നമ്മള്‍തന്നെ കാട്ടിക്കൂട്ടിയ മണ്ടത്തരങ്ങള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കാനും അവസരങ്ങളുണ്ടാക്കുക. കൂട്ടുകാരുടെ സാന്നിധ്യം മാത്രമല്ല അവരുടെ സ്വരവും പോസിററീവ് എനര്‍ജി തരുന്നതാണ്.

ഇഷ്ടപ്പെട്ട പാട്ടു കേള്‍ക്കുക

ഇഷ്ടപ്പെട്ട പാട്ടുകള്‍ നമ്മുടെ മനസ്സിനു പുതിയ ഉണര്‍വ് പകരുന്നു. സംഗീതം മനസ്സിനെ സുഖപ്പെടത്തുന്നു എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണല്ലോ. അതുകൊണ്ടൂതന്നെ മനസ്സിന്റെ പിരിമുറുക്കങ്ങള്‍ അയച്ച് സ്വസ്ഥമാകാന്‍ പാട്ട് നമ്മെ സഹായിക്കും.

പ്രകൃതി ഭംഗി ആസ്വദിക്കുക

പ്രകൃതിയിലേക്ക് നോക്കിയിരിക്കാനും ആസ്വദിക്കുവാനും (നദി, തടാകം, പാടം, കുന്നിന്‍ച്ചെരിവ്) ഇവയുടെ ഭംഗി ആസ്വദിക്കുവാനും ശ്രദ്ധിക്കുക. വാക്കിനെക്കാള്‍ വാചാലമായി സംസാരിക്കുന്ന പ്രകൃതി പഠിപ്പിക്കുന്ന വലിയ പാഠങ്ങള്‍ നോക്കിയിരുന്ന് മനസ്സിനെ ശക്തിപ്പെടുത്തുവാനും ശാന്തമാക്കുവാനും മനസ്സുഖം നേടാനും പരിശ്രമിക്കുന്നത് നല്ലതാണ്.

വ്യായാമങ്ങള്‍ ചെയ്യുക

മനസ്സിന് ഉന്മേഷം പകരുന്ന ചെറിയ വ്യായാമങ്ങള്‍ ഉണ്ട-്. അത് നമ്മളെ കൂടുതല്‍ ഊര്‍ജസ്വലരാക്കും. നടത്തമോ നീന്തലോ സൈക്കിളിങ്ങോ നൃത്തമോ എന്തുമാവാം. അത് നമ്മുടെ മനസ്സിനും ശരീരത്തിനും ഉണര്‍വും കരുത്തും പകരുന്നു.

നിശ്ശബ്ദമായ ശ്വാസോഛ്വാസം

ചില ദിവസങ്ങളില്‍ നമ്മള്‍പോലും അറിയാതെ വിഷാദത്തില്‍ ആകുന്നത് ധാരാളം തിരക്കുകള്‍ക്കു നടുവില്‍ നില്ക്കുമ്പോഴാകാം. ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങളെക്കുറിച്ചുള്ള അമിതമായ ആശങ്കകളും അസ്വസ്ഥതകളും തോന്നലുകളും മൂഡ്ഓഫിനു കാരണമാകാം. അങ്ങനെയുള്ള അവസരങ്ങളില്‍ ശക്തി ചോര്‍ന്നുപോകുന്നു. അപ്പോള്‍ ഭക്ഷണവും ഉറക്കവും ഉപേക്ഷച്ച് ഒറ്റയ്ക്ക് എല്ലാകാര്യങ്ങളും ചെയ്തുതീര്‍ക്കുവാന്‍ ശ്രമിക്കാതെ മനസ്സിന് അല്പം വിശ്രമം നല്കുക. വെറുതെ ഒറ്റയ്ക്കിരുന്ന് ശാന്തമായി ശ്വാസോഛ്വാസത്തില്‍ മാത്രം ശ്രദ്ധകൊടുത്ത് 10-15 മിനിററ് ഇരിക്കുക. ഉന്മേഷം നമ്മിലേക്ക് ഉറവയായി എത്തുന്നത് നമുക്കുതന്നെ അനുഭവിച്ചറിയാനാകും.

ചിരിക്കാം, കരയാം

മനസ്സുതുറന്ന് ചിരിക്കുന്നതും ഇഷ്ടപ്പെട്ടവരോടു സംസാരിച്ച് പഴയകാല ഓര്‍മ്മകളും മണ്ടത്തരങ്ങളും അയവിറക്കി ചിരിക്കുന്നതും ഇഷ്ടപ്പെട്ട കോമഡിസിനിമകളും വീഡിയോകളും കണ്ട് ആസ്വദിക്കുന്നതും ചിരിപ്പിക്കുന്ന തമാശകള്‍ വായിച്ചും മൂഡ്ഓഫിനെ ചിരിച്ച് തള്ളിക്കളയാം. ചിരിയെപ്പോലെതന്നെ മനസ്സിന് ആശ്വാസം പകരുന്നതും ആശ്വസിപ്പിക്കുന്നതുമാണ് കരച്ചില്‍. സങ്കടം വന്നാല്‍ കരച്ചില്‍ ഒതുക്കി, ആരും കാണാതെ ദു:ഖം മനസ്സില്‍ അടിച്ചമര്‍ത്തുക പലരുടെയും പതിവാണ്. സങ്കടങ്ങള്‍
ഉളളില്‍ കൂട്ടിയിട്ട് മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്നതിനെക്കാള്‍ പ്രയോജനകരം മനസ്സുതുറന്ന് കരയുന്നതാണ്. കരച്ചില്‍ ഒതുക്കുന്നതല്ല കരയുന്നതാണ് മനസ്സിന് ബലം നല്കുന്നത്. ഉളളുതുറന്ന് ചിരിച്ചും മനസ്സിന് ആശ്വാസം പകരുന്ന വിധത്തില്‍ കരഞ്ഞും നമ്മുടെ മനസ്സിനെ ലളിതമാക്കാം.

കടലാസില്‍ എഴുതി തീര്‍ക്കാം

കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുന്നുവെങ്കിലും ഫലത്തില്‍ ഏറെ പ്രയോജനകരമാണ്. ആരോടും തുറന്നുപറഞ്ഞ് ആശ്വാസം തേടാന്‍ കഴിയാത്ത പലകാര്യങ്ങളും നമുക്കുണ്ടാകും. അത് ഒരു കടലാസില്‍ എഴുതി നോക്കുക. നമ്മുടെ പ്രശ്‌നങ്ങളെ സ്വയം അവലോകനം ചെയ്യുവാന്‍ ഇത് സഹായകമാണ്. യഥാര്‍ഥ പ്രശ്‌നങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കുവാന്‍ അതുവഴി നമുക്കു കഴിയും. എഴുതിവച്ച പ്രശ്‌നങ്ങള്‍ തനിയെ വായിക്കുമ്പോള്‍ അത് ലളിതമായി തോന്നുവാനും സഹായിക്കും.

ഇത്തരം പ്രയോഗികവിദ്യകളിലൂടെ നമ്മുടെ മനസ്സിനെ സുഖപ്പെടുത്തി അനാവശ്യ മൂഡോഫുകള്‍ ഒഴിവാക്കാം. സന്തോഷം വീണ്ടെടുക്കാം. കുട്ടികളെ കൂടുതല്‍ ശ്രദ്ധിച്ചും അവരോടൊപ്പം സമയം ചെലവഴിച്ചും ജീവിതം അനുഗ്രഹപ്രദമാക്കാം.


സി. ഡോ. പ്രീത CSN 
സൈക്കോതെറാപ്പിസ്റ്റ്,
ജീവന സൈക്കോ സ്പിരിച്വല്‍ സെന്റര്‍,
ചൊവ്വര

 

 

 

Related Articles