‘ലിത ആല്‍ബി’ എന്ന വീട്ടമ്മ ഒരുപാടു പേര്‍ക്ക് മദര്‍ തെരേസയാണ്.
തങ്ങളുടെ കഷ്ടതയുടെ കാലങ്ങളില്‍ വസ്ത്രമായും പണമായും ഭക്ഷണസാധനങ്ങളായും മരുന്നായുമെത്തിയ മദര്‍ തെരേസ. ഒരു പക്ഷേ, സഹായം സ്വീകരിച്ച എല്ലാവരുംതന്നെ ഈ മാലാഖയുടെ മുഖം കണ്ടുകാണില്ല. മദര്‍ തെരേസയെപ്പോലെ മറ്റുള്ളവരിലേക്ക് സാന്ത്വനമായും ആശ്വാസമായും ആനന്ദമായും കടന്നുചെല്ലുന്ന ‘ഷെയര്‍ ആന്‍ഡ് കെയര്‍’ എന്ന കൂട്ടായ്മയുടെയും ‘ഡ്രസ്സ് ബാങ്കി’ന്റെയും പ്രാരംഭകയായ കൂനമ്മാവ് സ്വദേശിനി ലിത ആല്‍ബി എന്ന വീട്ടമ്മയെ കൂടുതലറിയാം…
കൊറോണാകാലത്തെ ഉള്‍വിളി
കൊറോണാക്കാലത്ത് കണ്ടുമുട്ടിയ ക്ലേശിക്കുന്ന കുടുംബങ്ങളിലേക്ക് മരുന്നായും പണമായും സാധനങ്ങളായും സഹായമെത്തിക്കാന്‍ ആഗ്രഹിച്ച്, സുഹൃത്തുക്കളില്‍നിന്നും പ്രിയപ്പെട്ടവരില്‍നിന്നും സഹായങ്ങള്‍ സമാഹരിച്ചു നല്‍കാന്‍ വീടിന്റെ നാലു ചുവരുകളെ ഭേദിച്ച് ഇറങ്ങിയതായിരുന്നു ലിത ആല്‍ബി. ”അന്ന് മക്കളാരും അടുത്തില്ലാതെ ഒറ്റപ്പെട്ടുകഴിയുന്ന ഒരുപാടു മാതാപിതാക്കളെ കാണാനിടയായി. ഭര്‍ത്താവിന്റെ പെട്ടെന്നുള്ള രോഗത്തിലും മരണത്തിലും കടുത്ത ദാരിദ്ര്യത്തിലാണ്ടുപോയ കുടുംബങ്ങളെ കണ്ടുമുട്ടി. അവരുടെ ദുഃഖങ്ങള്‍ എന്റേതു
കൂടിയാണെന്ന അനുഭവമായിരുന്നു എനിക്ക്. അതെന്നെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടേയിരുന്നു” ആ യാത്രയിലെ അനുഭവങ്ങളെക്കുറിച്ച് ലിത പങ്കുവച്ചു. അങ്ങനെ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ പണവും വസ്ത്രവും സാധനങ്ങളും സമാഹരിച്ചു നല്‍കാന്‍ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പ് ആരംഭിക്കുകയായിരുന്നു. അതിന് ഷെയര്‍ ആന്‍ഡ് കെയര്‍ എന്നു പേരു നല്‍കി.
ഷെയറിംഗും കെയറിംഗും
കൊറോണാകാലംമുതലേ മറ്റുള്ളവരിലേക്ക് സഹായമെത്തിച്ചിരുന്നെങ്കിലും 2022 ജൂണ്‍ മുതലാണ് തന്റെ ശുശ്രൂഷകളെ വെമൃശിഴ മിറ രമൃശിഴ എന്ന പേരിലെ വാട്‌സാപ്പ് കൂട്ടായ്മയിലൂടെ ലിത ആല്‍ബി ആളുകളിലേക്ക് എത്തിച്ചു തുടങ്ങിയത്. പ്രധാനമായുംരോഗികളായികഴിയുന്നവര്‍ക്ക് മരുന്നുകളും ഡയപ്പറുകളും ഇവര്‍ സമാഹരിച്ചു നല്‍കുന്നു. വിവാഹത്തിനൊരുങ്ങുന്ന നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ വസ്ത്രങ്ങളുംപണവും എത്തിച്ചു നല്‍കാനും പാവപ്പെട്ട കുട്ടികള്‍ക്ക് ഫീസ,് യൂണിഫോം, ബാഗുകള്‍, നോട്ടുപുസ്തകങ്ങള്‍, കുട പോലുള്ള പഠനസഹായങ്ങളെത്തിക്കാനും ഇവര്‍ മുന്‍പന്തിയിലുണ്ട്. പ്രധാനമായും ആലങ്ങാട്, വരാപ്പുഴ, കോട്ടുവള്ളി, കടമക്കുടി എന്നീ പഞ്ചായത്തുകളിലെ ആവശ്യ
ക്കാരിലേക്കാണ് ലിത ആല്‍ബി തന്റെ സേവനം എത്തിക്കുന്നത്. ഓണം, ക്രിസ്മസ്, ഈസ്റ്റര്‍ പോലുള്ള വിശേഷാവസരങ്ങളില്‍ നൂറോളം കുടുംബങ്ങള്‍ക്ക് പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുത്തി ഭക്ഷ്യക്കിറ്റുകള്‍ എത്തിക്കാനും ഇവര്‍ ശ്രദ്ധിക്കുന്നു. ഈ നാലു പഞ്ചായത്തുകളിലെ പതിനാറോളം വരുന്ന സ്‌കൂളുകളിലെ അധ്യാപകരുമായി ബന്ധപ്പെട്ട് പാവപ്പെട്ട കുട്ടികള്‍ക്ക് ഫീസ് നല്‍കിവരുന്നു. കൂടാതെ ഉപയോഗിക്കാവുന്ന പഴയ സൈക്കിള്‍, മേശ, കട്ടില്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ സമാഹരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാനും ഷെയര്‍ ആന്‍ഡ് കെയറിലൂടെ ഇവര്‍ക്ക് സാധിക്കുന്നു.
കാണാമറയത്തെ മാലാഖമാര്‍
ലിതാ ആല്‍ബി എന്ന ഈ വീട്ടമ്മയ്‌ക്കൊപ്പം പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇരുന്നൂറോളം ‘മാലാഖമാര്‍’ കൂടിയുണ്ട്. ഇവരാണ് ഷെയര്‍ ആന്‍ഡ് കെയര്‍ കൂട്ടായ്മയുടെ ജീവന്‍. സമാനഹൃദയമുള്ള ഈ മാലാഖമാര്‍ അനേകം കുടുംബ
ങ്ങളുടെയാണ് കണ്ണീരൊപ്പിയിട്ടുള്ളത്. ഒരുപാട് രോഗികള്‍ക്ക് ഇവര്‍ സാന്ത്വനമായി.
അണ്ണാറക്കണ്ണനും തന്നാലായത് ഷെയര്‍ ആന്‍ഡ് കെയര്‍ ഗ്രൂപ്പിലെ ഇരുന്നൂറോളം വരുന്ന അംഗങ്ങള്‍ ആരും സമ്പന്നരല്ല. ‘ഇന്ന് ഒരു ഡയാലിസിസ് രോഗിയെ സഹായിക്കാനുണ്ട്, എന്നുകുറിച്ച് എനിക്ക് നല്‍കാന്‍കഴിയുന്നതുകയും എഴുതി ഗ്രൂപ്പില്‍ മെസ്സേജ് ഇട്ടാല്‍ 50 രൂപ മുതല്‍ ചെറിയ ചെറിയ തുകകളിലൂടെ അത് ഒരു വലിയ തുകയായി
മാറും.’ ഇതാണ് ലിതയുടെ അനുഭവം.ഗ്രൂപ്പില്‍ അംഗങ്ങളായ എല്ലാവരും പണം
നല്‍കണമെന്ന് നിര്‍ബന്ധമില്ല എന്നതാണ് ഈ ഗ്രൂപ്പിന്റെ മറ്റൊരു പ്രത്യേകത.
വീട്ടിലെ ബാങ്ക്!
ലിത വീട്ടിലൊരു ബാങ്ക് നടത്തുന്നുണ്ട്. വീട്ടിലെന്തു ബാങ്ക് എന്നല്ലേ! ആ വ്യത്യസ്തമായ ബാങ്കിന് ‘ഡ്രസ്സ് ബാങ്ക്’ എന്നാണ് ലിത പേരിട്ടിരിക്കുന്നത്. ഈ ബാങ്കിലെ ക്രെഡിറ്റ് പാവ
പ്പെട്ടവന്റെ മനസ്സു നിറഞ്ഞുള്ള പുഞ്ചിരിയാണ്. സ്‌കൂള്‍ തുറക്കുമ്പോഴേ ”ചേച്ചി ഉടുപ്പുകള്‍ ഉണ്ടോ?” എന്നു ചോദിച്ച് കോളുകള്‍ എത്തും. മൂന്നു വര്‍ഷത്തോളമായി വീട്ടിലെ ഒരു മുറിയില്‍ ക്രമീകരിച്ചിരിക്കുന്ന ഈ ഡ്രസ്സ് ബാങ്കില്‍ പലരില്‍ നിന്നായി ശേഖരിച്ചുവച്ചിരിക്കുന്ന ഉപയോഗിക്കാവുന്ന നല്ല വസ്ത്രങ്ങളാണുള്ളത്. ഇവ ആര്‍ക്കു വേണമെങ്കിലും സൗജന്യമായി കൊണ്ടുപോകാം എന്നതാണ് ഈ ബാങ്കിന്റെ പ്രധാന പ്രത്യേകത. ഇപ്പോള്‍ സൗകര്യാര്‍ഥം വീടിനുപുറത്ത് മൂന്നു ട്രോളികളിലായി ക്രമീകരിച്ചിരിക്കുന്ന ഡ്രസ്സ് ബാങ്ക് ഒരുപാട് സ്‌കൂള്‍ കുട്ടികളുടെയും കുടുംബങ്ങളുടെയും ആശ്വാസമാണ്. വിവാഹച്ചടങ്ങുകളില്‍ ഒരുതവണ മാത്രം ഉപയോഗിച്ച ലാച്ചകള്‍, ഗൗണുകള്‍, ഉടുപ്പുകള്‍ എന്നിവ ശേഖരിച്ച് നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹാവസരങ്ങളില്‍ ഈ ബാങ്ക് വഴിയായി എത്തിച്ചു നല്‍കുന്നുണ്ട്.
കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ അധികമായി ലഭിച്ചാല്‍ സ്‌കൂളിലെ അധ്യാപകര്‍ വഴി പാവപ്പെട്ട കുട്ടികള്‍ക്ക് അവ ലഭ്യമാക്കാനും മറ്റ് അനാഥമന്ദിരങ്ങളിലേക്ക്എത്തിക്കാനും ശ്രദ്ധിക്കുന്നു.
ആരവങ്ങളില്ലാതെ
ഒരുപാട് കുടുംബങ്ങളിലേക്കും വ്യക്തികളിലേക്കും ഈ വീട്ടമ്മ സഹായം എത്തിക്കുന്നുണ്ടെങ്കിലും അതൊന്നും നേരിട്ടല്ല. പഞ്ചായത്തുകളിലെ മെമ്പര്‍മാരിയിലൂടെയും പാലിയേറ്റീവ് കെയര്‍ യൂണിറ്റുമായി സഹകരിച്ചുമാണ് അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതും സഹായമെത്തിക്കുന്നതും. അതുകൊണ്ടുതന്നെ ലിതാ ആല്‍ബി, കെയര്‍ ആന്‍ഡ് ഷെയര്‍ കൂട്ടായ്മ എന്നീ പേരുകളാണ് കുറെ പേര്‍ക്കൊക്കെ പരിചിതം. ചില പൊതുവേദികളിലെ ചടങ്ങുകളില്‍ പങ്കെടുത്ത അവസരങ്ങളില്‍ ‘ഇതാണോ? ലിത ആല്‍ബി! കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് കാണുന്നത്’ എന്ന് മറ്റുള്ളവര്‍ പറഞ്ഞ അനുഭവങ്ങളും ലിതയ്ക്ക് സാധാരണമാണ്.
ജന്മദിനാഘോഷങ്ങളിലും വിവാഹവാര്‍ഷികാവസരങ്ങളിലും മറ്റുമായി നിര്‍ധനരെ സഹായിക്കാന്‍ താല്പര്യമുള്ളവരും ഷെയര്‍ & കെയറിലൂടെ അനാഥമന്ദിരങ്ങളിലേക്കും മറ്റു അഭയ കേന്ദ്രങ്ങളിലേക്കും സഹായമെത്തിക്കാറുണ്ട്. ”ചിലര്‍ മരണമടഞ്ഞ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അതേ പേരോ രോഗമോ ഉള്ളവരെ സഹായിക്കാന്‍ പണമേല്പിക്കാറുണ്ട്. അപ്പോള്‍ ഞങ്ങള്‍ വാര്‍ഡുമെമ്പര്‍മാര്‍ വഴി അങ്ങനെയുള്ളവരെ കണ്ടെത്തി സഹായമെത്തിച്ച നിരവധി അവസരങ്ങളുണ്ട്.” ലിത പങ്കുവച്ചു.
‘വിശേഷാവസരങ്ങളില്‍ ആവശ്യക്കാരിലേക്കെത്തിക്കുന്ന കിറ്റുകള്‍ക്കരികില്‍ അതത് വാര്‍ഡ് മെമ്പര്‍മാരെനിര്‍ത്തി ഫോട്ടോ എടുക്കുന്നതാണ് ഞങ്ങളുടെ ലളിതമായ ഉദ്ഘാടനച്ചടങ്ങുകള്‍.’ ആ ഫോട്ടോയില്‍ ഇടം പിടിക്കാന്‍ ഇഷ്ടപ്പെടാത്ത ലിത പങ്കുവയ്ക്കുന്നു. പണവും സഹായങ്ങളും ആവശ്യപ്പെട്ടെത്തുന്ന അപേക്ഷകരെക്കുറിച് അന്വേഷിക്കുന്നതും അവര്‍ യോഗ്യരാണോയെന്ന് കണ്ടെത്തുന്നതും വാര്‍ഡ് മെമ്പര്‍മാരിലൂടെതന്നെയാണ്. ”അര്‍ഹതയുള്ള വ്യക്തികളുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താറില്ല. അവരുടെ ആവശ്യത്തെക്കുറിച്ചോ രോഗവിവരങ്ങളെക്കുറിച്ചോ മാത്രമാണ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുക” അപരന്റെ മുമ്പില്‍ കൈനീട്ടുന്നവന്റെ ഹൃദയമറിയുന്ന വലിയ മനസ്സിനുടമയാണ് ലിത എന്നു തെളിയിക്കുന്നതായിരുന്നു ഈ വാക്കുകള്‍. ഇടതുകൈ ചെയ്യുന്നതെന്താണെന്ന് വലതുകൈ അറിയാതിരിക്കട്ടെ എന്ന യേശുവിന്റെ വാക്കുകളാണ് ഇങ്ങനെ ലിതയില്‍ മാംസംധരിക്കുന്നത്.
ദൈവമേ! നന്ദി….
ഒരിക്കല്‍ നിര്‍ധനയായ ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനായി പണവും വസ്ത്രങ്ങളും സമാഹരിച്ച് അതവര്‍ക്ക് കൈമാറുന്നതിന് മുന്‍പാണ് ആ വിവാഹം എങ്ങനെയോ മുടങ്ങിപ്പോകുന്നത്. ആ പണം അര്‍ഹതപ്പെട്ട മറ്റൊരാള്‍ക്ക് ഏല്‍പ്പിക്കുന്നതിനായി നാലു പഞ്ചായത്തുകളിലെയും വാര്‍ഡ് മെമ്പര്‍മാരിലൂടെ ലിത അന്വേഷണം ഊര്‍ജിതമാക്കി. അങ്ങനെ വിവാഹിതയാകാന്‍ രണ്ടുദിവസം മാത്രമുള്ള ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ അറിഞ്ഞപ്പോഴാണ് ആ പെണ്‍കുട്ടിയുടെ ഡയാലിസിസ് രോഗിയായ അച്ഛന്‍ തന്റെ ചികിത്സ വേണ്ടെന്നുവച്ച് ആ പണം കൂടി ചേര്‍ത്തുവച്ചാണ് ആ വിവാഹം നടത്തുന്ന തെന്നറിഞ്ഞത്. അവര്‍ക്കായി പണവും മറ്റു സാധനങ്ങളും വാര്‍ഡ് മെമ്പര്‍ വഴി കൊടുത്തയച്ചതിനുശേഷം ‘മകളുടെ വിവാഹത്തിനായുള്ള പണവും വസ്ത്രങ്ങളും നിങ്ങളുടെ വീട്ടിലെത്തും’ എന്ന് ലിത ഫോണില്‍ വിളിച്ചറിയിക്കുമ്പോള്‍ ആ ഫോണിന്റെ അങ്ങേ തലയ്ക്കല്‍ ഇടറിയ സ്വരത്തോടെയായിരുന്നു ആ കുട്ടിയുടെ അമ്മ ദൈവത്തിനു നന്ദി പറഞ്ഞത്. ഇതുപോലെ ദൈവത്തിന്റെ പകരക്കാരിയാകാന്‍ കഴിഞ്ഞ ഒരുപാട് അനുഭവങ്ങള്‍ ലിതയ്ക്കു പങ്കുവയ്ക്കാനുണ്ട്.
തിരിച്ചുകിട്ടാത്ത സമ്പാദ്യം
കൂനമ്മാവ് ഐ.ടി.സി. റോഡിലുള്ള പഴമ്പിള്ളി വീട്ടിലെ ലിത ആല്‍ബി ഭൂമിയിലെ നിക്ഷേപങ്ങളെക്കാള്‍ സ്വര്‍ഗത്തിലെ നിക്ഷേപങ്ങളെ വിലമതിക്കുന്ന ഒരമ്മയാണ്. ലിതയുടെ മുന്നേറ്റങ്ങള്‍ക്ക് വിലക്കുകളേര്‍പ്പെടുത്താതെ ഭര്‍ത്താവ് ആല്‍ബിയും മകന്‍ യോഹാന്നും മകള്‍ അന്നയും എപ്പോഴും ഒപ്പമുണ്ട്. ‘അമ്മയ്ക്ക് സേവനം കുറച്ചു കൂടുതലാകുന്നുണ്ടോ എന്നൊരു സംശയമില്ലാതില്ല’ എന്ന മക്കളുടെ കളിവാക്കുകള്‍ക്ക് ലിതയ്ക്ക് പറയാനുള്ളത്തിരിച്ചുകിട്ടാത്ത സമ്പാദ്യത്തെക്കുറിച്ചാണ്. അങ്ങനെ വിദേശത്ത് ജോലി ചെയ്യുന്ന മക്കളെക്കൊണ്ട് പാവപ്പെട്ട കുട്ടികളെ ഏറ്റെടുത്തു പഠിപ്പിക്കാനും തിരിച്ചുകിട്ടാത്ത നിക്ഷേപങ്ങള്‍ ക്കുടമകളാകാന്‍ അവരെ പരിശീലിപ്പിക്കാനും ആ അമ്മയ്ക്കു കഴിഞ്ഞു.
നന്മനിറഞ്ഞ മനസ്സുകളെ ലോകം ആദരിക്കുന്നതുകൊണ്ടുതന്നെ ലിത ആല്‍ബിയുടെ സേവനങ്ങള്‍ക്ക് കെ. ടി. ജോര്‍ജ് ഫൗണ്ടേഷന്റെ പുരസ്‌കാരം IMA യുടെ പുരസ്‌കാരം, ഫാ. ഫിര്‍മൂസ് വനിതാ പുരസ്‌കാരം, LCMS ന്റെ പുരസ്‌കാരം തുടങ്ങി നിരവധി ആദരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അപരന്റെ ഹൃദയമറിഞ്ഞ് ആരവങ്ങളില്ലാതെ അവര്‍ക്ക് നന്മചെയ്തുകൊണ്ട് ഭൂമിയില്‍ ദൈവത്തിന്റെ പകരക്കാരാകാന്‍ നമുക്കും കഴിയട്ടെ.
സി . നിമിഷ റോസ്




