Friday, March 6, 2026

ലോനപ്പേട്ടനും ജോസേട്ടനും

ലോനപ്പേട്ടനും ജോസേട്ടനുമാണ് ഇതിലെ കഥാപാത്രങ്ങള്‍. ഇരുവരെയും പള്ളിപ്പെരുന്നാളിന് പ്രസംഗകനായ അച്ചന്‍ കണ്ടുമുട്ടുന്നു. പരിചയം പുതുക്കുന്നു. വിശേഷങ്ങള്‍ കൈമാറുന്നു – ഇതാണ് പശ്ചാത്തലം.

ലോനപ്പേട്ടന്‍ കപ്പലണ്ടി വില്പനക്കാരനാണ്. കച്ചവടം കഴിഞ്ഞ് സൈക്കിളുമുന്തി മടങ്ങുന്ന നേരത്താണ് അച്ചന്‍ അയാളെ കാണുന്നതും കുശലം പറയുന്നതും. അന്നേദിവസം അയാള്‍ 350 പൊതി കപ്പലണ്ടിയാണ് വിറ്റത്. പത്തു രൂപ വച്ച് 3500 രൂപയുടെ കച്ചവടം നടന്നു. ചെലവ് കഴിച്ച് 2000 രൂപയാണ് ലാഭം. അതാണ് ലോനപ്പേട്ടന്റെ അന്നത്തെ വരുമാനം. കൂടുതല്‍ കപ്പലണ്ടി വിറ്റ് വരുമാനം വര്‍ധിപ്പിക്കണമെന്ന മോഹമൊന്നും അയാള്‍ക്കില്ല.

വരുമാനം എങ്ങനെ ചെലവഴിക്കും എന്ന ചോദ്യത്തിന് മറുപടിയിങ്ങനെ:1500 രൂപ ഭാര്യയെ ഏല്പിക്കും. അവള്‍ അതുകൊണ്ട് വീട്ടുകാര്യങ്ങളൊക്കെ നോക്കും. അതിനെപ്പറ്റിയൊന്നും എനിക്കറിയേണ്ടിവരാറില്ല.

ബാക്കി 500 രൂപയോ?

അതുകൊണ്ട് പോയി ഞാന്‍ ബാറില്‍ക്കയറി രണ്ടടിച്ച് നേരെ വീട്ടിലെത്തി അത്താഴം കഴിച്ച് സുഖമായി കിടന്നുറങ്ങും. ഇത്രയും പറഞ്ഞത് തന്റെ സൈക്കിളുമായി ലോനപ്പേട്ടന്‍ ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു.

അടുത്തതായി അച്ചന്റെ കണ്‍മുന്നില്‍പ്പെടുന്നത് സ്വണ്ണക്കച്ചവടക്കാരനായ ജോസേട്ടനാണ്. വിശേഷങ്ങള്‍ തിരക്കിയപ്പോള്‍ ജോസേട്ടന്റെ ബിസിനസ് അത്ര നന്നായി നടക്കുന്നില്ലെന്ന് മനസ്സിലായി. കഴിഞ്ഞമാസം 50 കിലോ സ്വര്‍ണ്ണമേ വില്‍ക്കാന്‍ പറ്റിയുള്ളൂ. അതേപ്പറ്റിയാണ് അവര്‍ സംസാരിച്ചത്. സ്വര്‍ണ്ണ വ്യാപാരരംഗത്തെ പുതിയ പ്രവണതകളും പ്രശ്‌നങ്ങളുമൊക്കെ അച്ചനോട് പങ്കുവച്ചു.

രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചുകൊണ്ട് സരസനായ അച്ചന്‍ പ്രസംഗിച്ചത് കേട്ടുവന്ന ഒരാള്‍, തന്റെ ഇടവകയിലെ ജീവകാരുണ്യനിധിയുടെ പ്രചരണാര്‍ഥം നടത്തിയ കുടുംബയൂണിറ്റു യോഗത്തില്‍ ഇതേ പ്രസംഗം പുനരവതരിപ്പിച്ചശേഷം ചോദിച്ചു: ഇവരിലാരാണ് അന്ന് രാത്രിയില്‍ സ്വസ്ഥമായി ഉറങ്ങിയിട്ടുള്ളത്? സദസ്സില്‍ നിന്ന് മറുപടി ഉയരുന്നു : ലോനപ്പേട്ടന്‍.

ജോസേട്ടന്റെ അവസ്ഥയെന്താ?
അയാള്‍ക്ക് ഉറങ്ങാനാവില്ല.
അതേ. ലോനപ്പേട്ടന്‍ ഉള്ളതുകൊണ്ട് തൃപ്തനാണ് ജോസേട്ടന്‍ കൂടുതല്‍ കച്ചവടം ചെയ്യാന്‍ കഴിയാത്തതില്‍ ദുഃഖിതനാണ്.

ഇത്രയും കഴിഞ്ഞ്  ജീവകാരുണ്യനിധിയില്‍ പണം നല്‍കണമെന്നൊക്കെപ്പറഞ്ഞ് കുടുംബ യൂണിറ്റു ഭാരവാഹിയായ പ്രസംഗകന്‍ യാത്രയായി. മീറ്റിങ്ങില്‍ പങ്കെടുത്ത് ഇതൊക്കെയും കേട്ടിരുന്ന ആളുകളുടെ പ്രതികരണങ്ങളും തുടര്‍ചര്‍ച്ചകളും ശ്രദ്ധേയമായി തോന്നി. കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തി ബാക്കിയുള്ളതുകൊണ്ട് വെള്ളമടിച്ച് കിടന്നുറങ്ങുന്നവന്‍ നല്ലവന്‍. സ്വന്തം ബിസിനസ് മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചു ആകുലപ്പെടുന്നവന്‍ ആര്‍ത്തിക്കാരന്‍, ദുഷ്ടന്‍!

ലോനപ്പേട്ടന്‍ ഉത്തമനും ജോസേട്ടന്‍ അധമനുമായി ചിത്രീകരിക്കപ്പെട്ടു. ആ രണ്ട് കഥാപാത്രങ്ങള്‍ കുടുംബയൂണിറ്റ് മീറ്റിങ്ങുകള്‍ക്ക്‌ പോകാനിടയുണ്ടോ എന്നായിരുന്നു ഒരാളുടെ സംശയം. സാധ്യതയില്ലെന്ന നിഗമനത്തില്‍ എത്തി അവര്‍.

ലോനപ്പേട്ടന്‍ ജീവകാരുണ്യനിധിക്ക് സംഭാവന നല്‍കാന്‍ ഇടയുണ്ടോ? ഇടയില്ല, കാരണം അയാളുടെ കൈയില്‍ പൈസയൊന്നും ബാക്കിയില്ലല്ലോ. പണിയെടുത്ത് പണമുണ്ടാക്കി അന്നന്നുതന്നെ ചെലവഴിച്ച്കിടന്നുറങ്ങുന്നവന്‍ മറ്റെന്ത്‌ ചെയ്യാനാണ്?

ബാറില്‍ കൊടുത്തതില്‍നിന്ന് നൂറുരൂപ മാറ്റിവച്ചാല്‍ നന്നായിരുന്നു. അതിനൊന്നും സാധ്യതയില്ല. അനുഭവസ്ഥരെപ്പോലെ ചിലര്‍ അഭിപ്രായപ്പെട്ടു.

ചിലപ്പോള്‍ അയാളുടെ ഭാര്യ കൊടുക്കുമായിരിക്കും. എന്നാല്‍ നന്ന്. ജീവകാരുണ്യനിധിയിലേക്ക് ജോസേട്ടന്‍ കൊടുക്കാനിടയുണ്ടോ? അത് കൊടുക്കുമായിരിക്കും. അവര്‍ക്ക് ഉണ്ടായിട്ടല്ലേ? ചര്‍ച്ച തുടരുന്നു…….

നമ്മുടെ നാട്ടിലെ പരോപകാരപ്രദമായ പല കാര്യങ്ങളും നടക്കുന്നത് ഇപ്പറഞ്ഞ ബിസിനസുകാരുടെ ഉദാരതയുടെ പിന്‍ബലത്തിലല്ലേ? അവരെ ഇത്രയ്ക്ക് ഇകഴ്ത്തി കാണിക്കേണ്ടതുണ്ടോ?

ഷാജി
ഷാജി മാലിപ്പാറ

 

Related Articles