പ്രിയപ്പെട്ടവളേ,
ഞാന്‍ ആരാണെന്നു ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം പറയാനാവില്ല. കാലങ്ങളായി ഈ മണ്ണിലൂടെ നടന്നുതീര്‍ത്ത പെണ്‍ജന്മങ്ങള്‍ക്ക്, അവര്‍ക്കു പിന്നാലെവരുന്ന പെണ്‍ കുട്ടികളോട് ചിലതൊക്കെ പറയാനുണ്ടായിരുന്നു. ഇക്കാലംവരെയുള്ള സ്ത്രീവംശം പല കാലങ്ങളിലായി ഉറക്കെ പറഞ്ഞതും അടക്കിപ്പിടിച്ചതുമായ നോവുകളും തിരിച്ചറിവു കളും അതിജീവന മാര്‍ഗങ്ങളുമാണ് ഞാന്‍, എണ്ണിയാലൊടുങ്ങാത്ത പെണ്‍ജീവിത ങ്ങളുടെ സംഘാതം.
ഇത് വായിക്കുന്ന നീ ജീവിതത്തിന്റെ വസന്തത്തില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയാവാം,
കുടുംബഭാരങ്ങള്‍ക്കിടയില്‍ സ്വന്തം പേരു പോലും മറന്നുപോയ ഒരമ്മയാവാം, അല്ലെങ്കില്‍ എല്ലാം കഴിഞ്ഞു എന്നു കരുതുന്ന വൃദ്ധയാവാം. ആരുമാകട്ടെ, കണ്ണാടിക്കു മുന്‍പില്‍നിന്ന് സ്വന്തം പ്രതിബിംബത്തെ നോക്കി നീ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്.
ഒരു കാലത്ത് ‘പെണ്ണ്’ എന്നത് ഒരു നിശ്ശബ്ദതയായിരുന്നു. അടുക്കളയിലെ പുകയിലും നാലു ചുവരുകള്‍ക്കുള്ളിലെ ഇരുട്ടിലുമായി ഞങ്ങളുടെ സ്വപ്നങ്ങള്‍ പലപ്പോഴും ശ്വാസം മുട്ടി മരണപ്പെട്ടിരുന്നു. ‘അവള്‍ക്ക് അതിനൊക്കെയേ കഴിയൂ’ എന്ന് ലോകം വിധിയെഴുതിയപ്പോള്‍, തലകുനിച്ച്, അത് സമ്മതിച്ചു കൊടുക്കാനേ ഞങ്ങളില്‍ പലര്‍ക്കും കഴിഞ്ഞിരുന്നുള്ളൂ. പക്ഷേ, നിന്റെ ലോകം അതല്ല. നീ കണ്ണുതുറക്കുമ്പോള്‍ നിനക്ക് ചുറ്റും കാണുന്ന ഈ വെളിച്ചം, നിനക്ക് മുന്‍പേ നടന്നവര്‍ കനലില്‍ ചവിട്ടിനിന്ന് നിനക്കായി തെളിച്ചതാണ്. നീ ജനിച്ചിരിക്കുന്നത് ഒരു വലിയ മാറ്റത്തിലേക്കാണ്.
ഒരു മേല്‍വിലാസം വേണം
‘നീ മറ്റൊരു വീട്ടിലേക്ക് പോകേണ്ടവളാണ്’ എന്ന താരാട്ടു കേട്ടാണ് പെണ്ണുങ്ങളി ലധികവും വളര്‍ന്നത്. എന്നാല്‍, മറ്റൊരു വീട്ടിലെത്തുമ്പോള്‍, അവിടത്തെ ചെറിയ കലഹത്തിന്റെ നേരത്തും ‘അത് നിന്റെ വീട്ടില്‍പോയിപറഞ്ഞാ മതി’ എന്നാകും കേള്‍ ക്കുക. സ്വന്തം വീട്ടില്‍ വിരുന്നുകാരിയായും ഭര്‍ത്താവിന്റെ വീട്ടില്‍ അഭയാര്‍ഥിയായും കഴിയേണ്ട ജീവിതമേ നമുക്കുള്ളോ? അല്ല! ഇറങ്ങിപ്പോവേണ്ട വീടും ചെന്നു കയറേണ്ട വീടുമല്ലാതെ നിനക്കൊരു മേല്‍വിലാസമുണ്ടാവണം.
സ്വപ്നങ്ങള്‍ ചെറുതായിപ്പോയതുകൊണ്ടാണ് നമ്മുടെ ജീവിതവും ചെറുതായി പ്പോകുന്നത്! നിനക്കു മുന്നേ കടന്നുപോയവരില്‍ അധികവും പൂക്കാതെ പോയ പൂമര ങ്ങളായിരുന്നു. നീയും അങ്ങനെയാവരുത്.
കല്ലും സിമന്റും കൊണ്ട് കെട്ടിയുണ്ടാക്കിയ വീടുകളുടെ വിലാസത്തിനപ്പുറം, മകള്‍, ഭാര്യ, അമ്മ എന്നിങ്ങനെയുള്ള ആശ്രിതനാമങ്ങള്‍ക്കപ്പുറം നമ്മുടേതായ ഒരു വിലാസം രൂപപ്പെടുത്താനാവും. ‘ഞാന്‍ ആരാണ്’ എന്ന തിരിച്ചറിവില്‍ നിന്നാണ് അതുണ്ടാ വുന്നത്. ആ ബോധ്യമുള്ളവരെ ആര്‍ക്കും പടിയിറക്കിവിടാനാവില്ല. ആ ബോധ്യമാണ് നിന്റെ വിലാസം; അതാണ് നിന്റെ ശരിയായ വീട്.
എക്സ്പയറി ഡേറ്റില്ലാത്ത സ്വപ്നങ്ങള്‍?
വിവാഹം കഴിയുന്നതോടെ, അല്ലെങ്കില്‍ ഒരു കുഞ്ഞ് പിറക്കുന്നതോടെ സ്വന്തം ജീവിതത്തില്‍ നിന്നുതന്നെ ‘റിട്ടയര്‍മെന്റ്’ പ്രഖ്യാപിക്കുന്ന ഒരു രീതി പലര്‍ക്കുമുണ്ട്. “Who decides the expiry date of the dreams of a woman?” (‘ഹൗ ഓള്‍ഡ് ആര്‍ യു’ മഞ്ജു വാര്യര്‍) എന്നത് വെറുമൊരു സിനിമാച്ചോദ്യമല്ല. അത്, നമ്മള്‍ സ്വയം ചോദിക്കേണ്ട ചോദ്യമാണ്.
മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ഓട്ടത്തിനിടയില്‍, ‘എന്റെ കാര്യം നോക്കാന്‍ എവിടെ സമയം’ എന്ന് നെടുവീര്‍പ്പിട്ട്, സ്വന്തം ആഗ്രഹങ്ങള്‍ക്ക് സ്വയം മരണവാറണ്ട് എഴുതുന്നത് പെണ്ണുതന്നെയാണ്. അടുക്കളയിലെ പാത്രങ്ങളുടെ കലമ്പലിനിടയില്‍ സ്വന്തം സംഗീതം അവള്‍ മറന്നുപോകുന്നു. മക്കളുടെ പരീക്ഷകള്‍ക്കിടയില്‍ സ്വന്തം വായന അവള്‍ മാറ്റിവയ്ക്കുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി ഇല്ലാതാവുകയെന്നു പറയാറുണ്ട്. അതില്‍ ത്യാഗമുണ്ട്. പക്ഷേ, അതിന്റെ പേരില്‍ നമ്മളല്ലാതെയാവേണ്ടതുണ്ടോ – അത് സ്വയം വധമല്ലേ?
കുടുംബം എന്നത് നിന്റെ ചിറകുകള്‍ അരിയുന്ന കത്രികയല്ല, മറിച്ച് നിനക്ക് ഉയര്‍ന്നു പറക്കാന്‍ ആകാശം നല്‍കേണ്ട ഇടമാണ്. പറക്കാന്‍ ഇനിയും ആകാശം ബാക്കിയുണ്ടാ യിരിക്കെ നമ്മളെന്തിനാണ് ഇത്രപെട്ടെന്ന് ചിറകു പൂട്ടിയിരിക്കുന്നത്? ഒന്നോര്‍ക്കുക, സ്വപ്നങ്ങള്‍ക്കു പ്രായമില്ല. അതിന് ചുളിവുകള്‍ വീഴില്ല. നിന്റെ ഇരുപതാം വയസ്സില്‍ കണ്ട സ്വപ്നത്തെക്കാള്‍ വ്യക്തതയും ആഴവും നാല്പതാം വയസ്സില്‍ കാണുന്ന സ്വപ്ന ത്തിനുണ്ടാകും. കാരണം, അതിന് നിന്റെ അനുഭവങ്ങളുടെ കരുത്തുണ്ട്.
നീ ഉടല്‍ മാത്രമാണോ..?
ഒരു സങ്കടം പറയട്ടെ, പെണ്ണെന്നാല്‍ ശരീരമാണ് എന്നൊരു പൊതുവിചാരമുണ്ട്. അതു
കൊണ്ടുതന്നെ, പെണ്ണുങ്ങളിലധികവും കാണാന്‍ അഴകുള്ള കാഴ്ചവസ്തുവായി മാറാന്‍ വല്ലാത്തൊരു വ്യഗ്രത കാട്ടാറുണ്ട്. ആരാണ് നമ്മളെ ശരീരത്തിലേക്ക് മാത്രമായി ഒതുക്കിയത്? പുരുഷനെ കൊതിപ്പിക്കുന്ന ഒരുടല്‍ മാത്രമാവാനാണോ ഒരു ജീവിതം കൊണ്ട് നമ്മള്‍ ശ്രമിക്കേണ്ടത്?
നിന്റെ ഉടലിന്റെ വടിവുകളോ, നീ വച്ചുവിളമ്പുന്ന രുചിയോ തേടി മാത്രമാവരുത് ഒരാള്‍ നിന്റെയടുത്തേക്കു വരേണ്ടത്. കാരണം അതിനെക്കാള്‍ അധികമാണ് നീ. ശരീരത്തെക്കാളും അഴകുള്ള ‘നീ’ എന്ന അത്ഭുതത്തെ തിരിച്ചറിയണം. അത് ലോകത്തെ പഠിപ്പിക്കുകയും വേണം. പെണ്ണേ, ഉടലിനെക്കാളും അഴകില്‍ നിനക്ക് ജീവിതത്തെ അലങ്കരിക്കാനാവും.
ആയിത്തീരാന്‍ ഒരുപാട് സാധ്യതകള്‍ ഉള്ളവരാണ് നമ്മള്‍. മുളപൊട്ടേണ്ട ഒരായിരം വിത്തുകള്‍… ഭാര്യയെന്നത്, അമ്മയെന്നത് ഒക്കെ അതില്‍ ചില സാധ്യതകള്‍ മാത്രമാണ്.
സങ്കടങ്ങള്‍ക്ക് ചരിത്രം നല്‍കുന്ന മറുപടി
സ്വയം ചെറുതാവരുത്. ‘ഞാന്‍ ഒരു വീട്ടമ്മ മാത്രമാണ്’ എന്ന ചിന്തയില്‍ ഒതുങ്ങി പ്പോയാല്‍, അത്രയും പരിഗണനയേ ലോകം നിനക്ക് തരൂ. ജീവിതത്തിന്റെ നോവുകള്‍ നിന്റെ കാലില്‍ കുരുക്കായി മാറിയേക്കാം. പക്ഷേ, ആ സങ്കടങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പോലെ ചിലര്‍ ചരിത്രത്തിലുണ്ട്. സാധ്യതകളുടെ പരമാകാശത്തിലേക്ക് ചിറകുവിരിച്ചു പറന്നവര്‍. അവരെ നീ അറിയണം:
മക്കളുണ്ടാവില്ലെന്നറിഞ്ഞപ്പോള്‍ വഴിയോരങ്ങളില്‍ 400-ഓളം ആല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ച്, അവയെ മക്കളായിക്കണ്ട് സ്‌നേഹിച്ച സാലുമരദ തിമ്മക്ക, മാതൃത്വം എന്നത് ജൈവികമായ ഒരവസ്ഥ മാത്രമല്ല, അതൊരു വലിയ മനസ്സാണെന്ന് പഠിപ്പിച്ചു. 96-ാം വയസ്സില്‍ 98 മാര്‍ക്ക് വാങ്ങി വിജയിച്ച കാര്‍ത്യായനി അമ്മ, എന്നിവരൊക്കെ സമൂഹം വരച്ച വരകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നവരല്ല. ‘നീ പെണ്ണാണ്, നിനക്ക് ഇതിനൊക്കെ പരിധിയുണ്ട്’ എന്ന് ലോകം പറഞ്ഞപ്പോള്‍, ‘ഞാന്‍ പെണ്ണാണ്, എനിക്ക് അസാധ്യമായി ഒന്നുമില്ല’ എന്നവര്‍ തിരുത്തിക്കുറിച്ചു.
സിദ്ധാര്‍ഥന്‍ എന്ന രാജകുമാരന്‍, ഭാര്യയെയും ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെയും ഉപേക്ഷിച്ച് ഇറങ്ങിപ്പോയപ്പോള്‍, യശോധരയ്ക്ക് വേണമെങ്കില്‍ അദ്ദേഹത്തിന് പുറകെപ്പോയി കരഞ്ഞുവിളിച്ച് ആ യാത്ര തടസ്സപ്പെടുത്താമായിരുന്നു. പക്ഷേ, അവരതു ചെയ്തില്ല. തന്റെ പ്രിയപ്പെട്ടവന്‍ തേടിപ്പോയ സത്യത്തിനുവേണ്ടി സ്വന്തം സന്തോഷ ങ്ങളെ അവര്‍ ബലികഴിച്ചു. യശോധര അനുഭവിച്ച ആ വലിയ ത്യാഗമാണ്, സിദ്ധാര്‍ഥനെ ‘ബുദ്ധനായി’ മാറാന്‍ അനുവദിച്ചത്. ത്യാഗം എന്നത് പെണ്ണിന്റെ വിധിയല്ല, അത് ചരിത്രത്തെ നിര്‍മിച്ചവളുടെ കരുത്തുറ്റ തീരുമാനമായിരുന്നു. ഇങ്ങനെ, പല കാലങ്ങളെ പ്രകാശിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്ത കുറേ സ്ത്രീകളുണ്ട്. ‘എനിക്ക് ഇത്രയൊക്കെയേ കഴിയൂ’ എന്ന് നീ എപ്പോള്‍ തീരുമാനി ക്കുന്നുവോ, അന്ന്… അന്നു മാത്രമാണ് നിന്റെ ചിറകുകള്‍ അരിയപ്പെടുന്നത്. അത് ഇനിയും അനുവദിക്കരുത്.
അവസാനമായി….
പ്രിയപ്പെട്ടവളേ, ഒന്നുകൂടി…
കാലം നിന്റെ മുഖത്തു വരയ്ക്കുന്ന ചുളിവുകള്‍ കണ്ട് നീ ഭയക്കരുത്; അവ വാര്‍ധക്യത്തിന്റെ അടയാളങ്ങളല്ല, മറിച്ച് നീ അതിജീവിച്ച യുദ്ധങ്ങളുടെയും കടന്നുവന്ന വഴികളുടെയും ‘ഭൂപട’മാണ്. മക്കളെ വളര്‍ത്തി, ഭര്‍ത്താവിനെ പരിചരിച്ച്, അടുക്കളയിലെ എണ്ണമയത്തില്‍ വഴുതിപ്പോയത് നിങ്ങളുടെ യൗവനം മാത്രമാണ്. നിങ്ങളുടെ ‘സാധ്യതകള്‍’ ഇപ്പോഴും അവിടെത്തന്നെയുണ്ട്.
ഉള്ളില്‍ ഇപ്പോഴും, പാടാന്‍ മറന്നൊരുപാട്ടില്ലേ…?
വരയ്ക്കാന്‍ ബാക്കിവച്ചൊരു ചിത്രമില്ലേ…?
പോകാന്‍ ആഗ്രഹിച്ചൊരു യാത്രയില്ലേ…? അതോര്‍ത്തെടുക്കുക.
നീ ഒരു പൂര്‍ണവിരാമമല്ല; ഇനിയും എഴുതിത്തീരാത്ത, വരികള്‍ ബാക്കിയുള്ള മനോഹരമായ ഒരു കവിതയാണ്. ലോകം നിന്നെ കാത്തിരിക്കുന്നുണ്ട്. നിന്റെ ചിരി… നിന്റെ സാന്നിധ്യം… നീയെന്ന വെളിച്ചം… എല്ലാം ഈ ലോകത്തിന് ആവശ്യമാണ്. അത് ഈ ഭൂമിയെ കുറച്ചുകൂടി മെച്ചപ്പെട്ട ഒരിടമാക്കും.
മാറി നില്ക്കരുത്.
തെളിയാതെ പോകരുത്.
നീ അതിരുകളില്ലാത്ത
അത്ഭുതത്തിന്റെ വിത്താണ്!
നീയൊരു പൂമരമാവുക!
സ്‌നേഹത്തോടെ,
ഭൂമിയിലെ പെണ്‍വംശം.

ഷിന്റോ മറയൂർ



