ബോഡി ഷെയ്മിംഗ് – പരിചിതമായിക്കൊണ്ടിരിക്കുന്ന വാക്കാണ്. ഒരാളെ അയാളുടെ ശാരീരിക പ്രത്യേകതകള്‍ സൂചിപ്പിച്ച് പരിഹസിക്കുന്നതിനെയാണ് ഇതര്‍ത്ഥമാക്കുന്നത്. ഇത്തരം കളിയാക്കലുകള്‍ വെറുതെ ഒരു രസത്തിനു വേണ്ടിയാകാം നടത്തുന്നത്. എന്നാല്‍, അതിനിരയാകുന്ന വ്യക്തിയില്‍ അതുണ്ടാക്കുന്ന ആഘാതം അത്ര നിസ്സാരമായിരിക്കില്ല. എത്രയോ മനുഷ്യരുടെ ജീവിതത്തെ അതു തകര്‍ത്തിരിക്കുന്നു. കൂട്ടുകാരുടെ കളിയാക്കലുകള്‍ താങ്ങാനാവാതെ പാതിവഴിയില്‍ പഠനം അവസാനിപ്പിച്ചവര്‍, വിഷാദത്തിനടിമപ്പെട്ട് മുറിക്കുള്ളില്‍ ഒതുങ്ങിപ്പോയവര്‍, എന്തിന്, ജീവിതം തന്നെ ബലിയായി നല്‌കേണ്ടിവന്നവരും ഉണ്ടെന്നോര്‍മിക്കുക.
ലോകത്തിലെ ഏറ്റവും മെലിഞ്ഞ പെണ്‍കുട്ടി എന്ന് ഖ്യാതി നേടിയ പെണ്‍കുട്ടിയാണ് വലേറിയ ലെവിറ്റിന്‍. 1974-ല്‍ റഷ്യയില്‍ ജനിച്ച വലേറിയയ്ക്ക് 16 വയസുള്ളപ്പോള്‍ കുടുംബം പടിഞ്ഞാറന്‍ യൂറോപ്പിലെ മൊണാക്കോയിലേക്കു താമസം മാറ്റി. അന്ന് അവള്‍ക്ക് 64 കിലോ ഭാരമുണ്ടായിരുന്നു. എന്നാല്‍, സഹപാഠികളും സമൂഹത്തിലുള്ളവരും അവളെ തടിച്ചി എന്നു വിളിച്ചാക്ഷേപിച്ചു. ഒരു അമേരിക്കന്‍ സ്‌കൂളിലാണ് അവളെ ചേര്‍ത്തത്. സഹപാഠികളിലൊരാള്‍ അവളെ ഇങ്ങനെയാണു കളിയാക്കിയത്: ”ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ ഗേറ്റ് മറയ്ക്കാന്‍ തക്ക വലുപ്പമുണ്ടല്ലോ നിന്റെ നിതംബത്തിന്.” ഇത് വലേറിയയെ വളരെ അസ്വസ്ഥയാക്കി. അവളമ്മയോട് സങ്കടപ്പെട്ടു. തടി കുറയ്ക്കുക എന്നതായിരുന്നു അമ്മയുടെയും നിലപാട്. അല്ലാതെ മാനസികമായ ഒരു പിന്തുണയും അവള്‍ക്കു ലഭിച്ചില്ല. അത് പ്രതീക്ഷിക്കുന്നതിനെക്കാള്‍ വലിയ ആഘാതമാണ് അവളില്‍ ഉണ്ടാക്കിയത്. മെലിഞ്ഞ ശരീരമാണ് സൗന്ദര്യത്തിന്റെ അളവുകോല്‍ എന്നൊരു മിഥ്യാബോധം അവളില്‍ വളര്‍ന്നു. അങ്ങനെ സുഹൃത്തുക്കളുടെ കളിയാക്കലുകള്‍ക്ക് വഴങ്ങി അവള്‍ മെലിയാന്‍ തീരുമാനിച്ചു. എങ്ങനെയും ശരീരഭാരംകുറച്ച്, തന്നെ കളിയാക്കിയവര്‍ക്കു മുന്നില്‍ ഒരു മോഡലായി നില്‍ക്കുക. അതായി അവളുടെ ചിന്ത.
എന്നാല്‍, നിരന്തരമായ ഈ വിചാരം കഠിനമായ ജോലികള്‍ ചെയ്യാനും ക്രമാതീതമായി ഭക്ഷണം കുറയ്ക്കാനുമുള്ള തീരുമാനത്തില്‍ അവളെ എത്തിച്ചു. ഒരു ഘട്ടമെത്തിയപ്പോള്‍ അവള്‍ വല്ലാതെ മെലിഞ്ഞുവെങ്കിലും മെലിഞ്ഞ ശരീരത്തോടുള്ള അവളുടെ അഭിനിവേശം കുറഞ്ഞില്ല. വൈകാതെ അവള്‍ anorexia എന്ന രോഗത്തിനടിമയായി. വിഷാദരോഗത്തിനു സമാനമായ ഒരു രോഗമാണിത്. ശരീരത്തിന് ആവശ്യമായ ശരീരഭാരം മാത്രം ഉള്ളപ്പോഴും തനിക്ക് അമിതവണ്ണമാണെന്നു തോന്നുകയും അവര്‍വിഷാദത്തിലേക്ക് വഴുതിവീഴുകയും ചെയ്യുന്നു. തുടര്‍ന്ന് ഇവര്‍ ഭക്ഷണം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയ്യാറായേക്കാം. ആഹാരം കഴിക്കുന്നത് ഇവരില്‍ കുറ്റബോധംപോലും ഉളവാക്കിയേക്കും. ഭക്ഷണം കഴിക്കുമ്പോള്‍ താനെന്തോ തെറ്റു ചെയ്യുകയാണെന്ന തോന്നല്‍ ഈ രോഗികള്‍ക്കുണ്ടാവുന്നു. ശരീരത്തെയും മനസിനെയും ഒരുപോലെ ബാധിക്കുന്ന ഈ സാമൂഹിക ഉത്കണ്ഠ തനിക്ക് പൊണ്ണത്തടിയുണ്ടെന്ന ധാരണ ഇവരില്‍ ഉളവാക്കുന്നു. ആത്മവിശ്വാസം നേടാന്‍ താന്‍ മെലിയണമെന്നു ഈ രോഗികള്‍ സ്വയം തീരുമാനിക്കുന്നു. ഇങ്ങനെയൊരു മാരമകമായ അവസ്ഥയിലേക്കാണ് വലേറിയ എത്തിച്ചേര്‍ന്നത്.
24 വയസ്സായപ്പോഴേക്ക് അവളുടെ തൂക്കം വെറും 38 കിലോ ആയിരുന്നു. എന്നാല്‍, താന്‍ ഇപ്പോള്‍ അതീവസുന്ദരിയായിരിക്കുന്നുഎന്നവള്‍വിശ്വസിച്ചു. എന്നാല്‍, പിന്നീടങ്ങോട്ട് ശരീരത്തിന്റെ പ്രതിരോധശേഷിയില്‍ മാറ്റം വന്നുതുടങ്ങി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ കഴിക്കാന്‍ തുടങ്ങിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഒടുവില്‍ ശരീരഭാരം നിലനിര്‍ത്താനോ കൂട്ടാനോ ഉള്ള നിയന്ത്രണം വലേരിയയുടെ ശരീരത്തിനില്ലാതായി. തനിക്കൊരു കുഞ്ഞുണ്ടായാല്‍
അതൊരുപക്ഷേ, ശരീരപ്രകൃതിയില്‍ മാറ്റമുണ്ടാക്കാമെന്നും കരുതിയെങ്കിലും അങ്ങനെയൊരു അടുപ്പമുണ്ടാക്കാന്‍ അവള്‍ക്ക് സാധിച്ചില്ല. അപ്പോഴേക്കും അവളുടെ ശരീരം അസ്ഥിയോട് ഒട്ടിച്ചേര്‍ന്നിരുന്നു. പിന്നാലെ നിരവധി ആരോഗ്യപ്രശ്‌നങ്ങളും.
സമൂഹത്തിന്റെ തെറ്റായ സ്വാധീനങ്ങള്‍ക്ക് താന്‍ അടിമപ്പെട്ടതാണെന്നും തന്റെ ശരീരത്തെ അംഗീകരിക്കാന്‍ കഴിയാത്തത് മറ്റുള്ളവരുടെ പ്രശ്‌നം മാത്രമാണെന്നും മനസ്സിലാക്കിയ വലേരിയ ഇത്തരത്തില്‍ ബോഡിഷെയ്മിംഗ് അനുഭവിച്ച് സ്വയം തകരുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാരംഭിച്ചു. നിര്‍ഭാഗ്യവശാല്‍ അതു വളരെ വൈകിപ്പോയിരുന്നു. 2013 ഡിസംബര്‍ ഒന്നിന് തന്റെ 39-ാം വയസില്‍, വെറും 25 കിലോ ശരീരഭാരത്തില്‍ വലേരിയ മരണത്തിനു കീഴടങ്ങി.
നിറവും തൂക്കവും ഒരാളുടെ ശരീര സന്ദര്യത്തെ നിര്‍ണയിക്കുമ്പോള്‍ അതിനോട് ചേരാതെ നില്ക്കുന്ന അരികുവല്ക്കരിക്കപ്പെട്ട ഒരുകൂട്ടം മനുഷ്യരുടെ പ്രതിനിധിയാണ് ഇന്ന് വലേരിയ.
ആരാണ് ഈ ദുരന്തത്തിനുത്തരവാദി? തീര്‍ച്ചയായും അവളെ കളിയാക്കിയവര്‍ക്ക് അതില്‍ വലിയ പങ്കുണ്ട്. ഒരാളുടെ ശരീരഘടന അതെങ്ങനെയും ആകട്ടെ. അതിനയാള്‍ ഉത്തരവാദിയല്ല. ആ ശരീരം അവനു നല്കിയത് ആ പരമചൈതന്യമാണ്. അതിനെ വിലയിരുത്തുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ആര്‍ക്കവകാശം?
മറ്റൊരു വശംകൂടിയുണ്ട്. സ്വന്തം ശരീരത്തെ വിലമതിക്കാന്‍ പരിശീലിക്കുക. അതു നമുക്കു നല്കപ്പെട്ടതാണ്. അത് ഇങ്ങനെതന്നെ ആയിരിക്കണമെന്നത് അവിടുത്തെ നിശ്ചയമാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും ശരീരം അതില്‍ത്തന്നെ പൂര്‍ണമാണ്. മറ്റുള്ളവരുടെ കമന്റുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും വിലകൊടുക്കാതിരിക്കുക. അതവരുടെ കാഴ്ചയുടെ പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞ് അവഗണിക്കുക. അത്രേയുള്ളൂ.




