Friday, March 6, 2026

പിറുപിറുക്കലുകൾ

നീണ്ടു നില്ക്കുന്ന ഒരു പിറുപിറുക്കലാണ് ജീവിതം എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. കാത്തുനില്ക്കുന്ന ഒരു ബസ്സ് അല്പം വൈകിയാല്‍, കൃത്യസമയത്ത് എത്തിയ ബസ്സില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍. രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ മഴ പെയ്താല്‍, നടന്നുപോകുമ്പോള്‍ വെയിലേറ്റ്‌ പൊള്ളിയാല്‍, മഴ പെയ്തത് കുറഞ്ഞുപോയാല്‍, കൂടിപ്പോയാല്‍… ഇങ്ങനെ തീരെ നിസ്സാരമായ എത്രയോ കാര്യങ്ങള്‍ക്കുപോലുമാണ് നാം പിറുപിറുക്കുന്നത്… പിറുപിറുത്തുകൊണ്ടിരിക്കുന്നത്. നിസ്സാരമായ കാരണങ്ങളുടെ പേരില്‍ പിറുപിറുക്കുന്നവര്‍ വലിയ പ്രശ്‌നങ്ങള്‍ക്കു മുമ്പില്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക?

തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ആരുടെയെങ്കിലുമൊക്കെ കൈമുട്ടിയതിനോ കാലില്‍ ചവിട്ടിയതിനോ നീങ്ങി നില്ക്കാന്‍ പറഞ്ഞതിനോ എല്ലാം പിറുപിറുക്കുന്നവരുടെ എണ്ണം എത്രയോ അധികമാണ്. അസഹിഷ്ണുതയാണ് ഇത്തരത്തിലുള്ള പിറുപിറുക്കലുകള്‍ക്ക് കാരണം. ഞാന്‍ കൂടുതല്‍ പരിഗണിക്കപ്പെടേണ്ടവനാണ് എന്നു ചിന്തിക്കുന്നതുകൊണ്ടും ഞാന്‍ മറ്റുള്ളവരെക്കാള്‍ മീതെ നില്ക്കുന്നവനാണെന്ന് വിശ്വസിക്കുന്നതുകൊണ്ടുമാണ് ഇങ്ങനെ പിറുപിറുക്കു
ന്നത്.

ജോലിയില്‍ മുറുമുറുക്കുന്നവരുണ്ട്. പഠിക്കാന്‍ പറയുമ്പോള്‍ മുറുമുറുക്കുന്ന വിദ്യാര്‍ഥികളുമുണ്ട്. ഏറ്റവുമധികം പിറുപിറുക്കുന്നവര്‍ ഒരുപക്ഷേ, വീട്ടമ്മമാരാണെന്ന് തോന്നുന്നു. പാത്രങ്ങള്‍ സ്ഥാനം തെറ്റിയിരുന്നാലോ അടുപ്പില്‍ പാല്‍
തിളയ്ക്കുമ്പോള്‍ ചായപ്പൊടി പാത്രം കാണാതെ വരുമ്പോഴോ… എപ്പോഴും സ്ഥിരമായി പിറുപിറുക്കുന്നവരാണ് നമ്മളെങ്കില്‍ അവിടെ സാഹചര്യങ്ങളോ ബന്ധപ്പെട്ട വ്യക്തികളോ അല്ല കുറ്റവാളികള്‍. നമ്മള്‍ തന്നെയാണ്. നമ്മുടെ വൈകല്യങ്ങളാണ്. പിറുപിറുക്കലുകള്‍ പതുക്കെ പൊട്ടിത്തെറിയിലേക്ക് പോകും. ബന്ധങ്ങളുടെ ഇടര്‍ച്ചയിലേക്ക് അതു വഴിതെളിക്കും. ലഭിച്ച നന്മകളോര്‍ത്ത് ദൈവത്തോടും മനുഷ്യരോടും നന്ദിപറയാനോ ആയിരിക്കുന്ന അവസ്ഥകളില്‍ സന്തോഷം കണ്ടെത്താനോ കഴിയാത്തവരാണ് അമിതമായി പിറുപിറുക്കുന്നത്. അസംതൃപ്തരായ മനുഷ്യരാണ് ഈ ലോകത്തിലെ ഏറ്റവും അപകടകാരികള്‍ എന്ന് എവിടെയോ വായിച്ചത് ഓര്‍മ്മിക്കുന്നു.

അസംതൃപ്തരായ ആളുകള്‍ എപ്പോഴും പിറുപിറുക്കും. അവര്‍ക്ക് ഒന്നിലും സന്തോഷം കണ്ടെത്താന്‍ കഴിയില്ല. അവര്‍ക്ക് മറ്റുള്ളവരെ സ്‌നേഹിക്കാന്‍ കഴിയില്ല. സ്‌നേഹിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ അവരുടെ സ്‌നേഹം സ്ഥിരതയുള്ളതോ നീണ്ടുനില്ക്കുന്നതോ ആയിരിക്കില്ല. സഹിഷ്ണുത പുലര്‍ത്താനും കഴിയില്ല.

റോസച്ചെടിയിലെ മുള്ളുമാത്രം കാണുന്നവരാണ് ഇവര്‍. അവരൊരിക്കലും റോസപ്പൂവിനെ കാണുന്നില്ല. ജീവിതത്തില്‍ എല്ലാം നമ്മള്‍ ഉദ്ദേശിച്ചതുപോലെ നടക്കാറില്ല. ആളുകള്‍ നമുക്ക് ഇഷ്ടമുള്ള രീതിയില്‍ പെരുമാറണമെന്നുമില്ല. അതിനൊക്കെ പിറുപിറുക്കാന്‍ ആരംഭിച്ചാല്‍ അതിനേ സമയം കാണൂ.

ദൈവത്തിനെതിരെ പിറുപിറുക്കുന്നവരുമുണ്ട്. അത്തരക്കാരെ ബൈബിളില്‍ പലയിടങ്ങളിലും കാണാം. കാനാന്‍ നാട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ ദൈവത്തിനും മോശയ്ക്കും എതിരെ പിറുപിറുക്കുന്നവര്‍ ഉദാഹരണം. ആബേല്‍ ദൈവത്തിന് കൂടുതല്‍ പ്രിയങ്കരനായതുകൊണ്ട് അതിനെതിരെ അസൂയപൂണ്ട് നടക്കുന്ന കായേന്‍ പിറുപിറുക്കലുകാരുടെ തലതൊട്ടപ്പനായിവരും. പിന്നീട് കായേന്‍ എന്തു ചെയ്തു എന്നും നമുക്കറിയാം.

ജോലി ചെയ്യുന്ന സ്ഥാപനത്തിനോ മേലധികാരികള്‍ക്കോ എതിരെ പിറുപിറുക്കുന്നവരൊക്കെ ചെറുതായിട്ടൊന്ന് ആത്മ വിശകലനത്തിന് ശ്രമിച്ചാല്‍ സത്യസന്ധമായി മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. തന്നെക്കാള്‍ സ്ഥാപനവും മേലധികാരിയും മറ്റാരെയോ പരിഗണിക്കുന്നുണ്ട്. പല പിറുപിറുക്കലുകള്‍ക്ക് പിന്നിലുള്ളതും ഇതുതന്നെ.

പിറുപിറുക്കലുകള്‍ വര്‍ധിക്കുമ്പോള്‍ ജോലിയിലുള്ള ആത്മാര്‍ഥത കുറയും, നന്ദിയുള്ള മനസ്സില്‍ പിറുപിറുക്കലുകള്‍ കുറവായിരിക്കും. അവര്‍ താന്‍ ആയിരിക്കുന്ന അവസ്ഥയില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നവരായിരിക്കും. മുളളു മാത്രമല്ല മുള്ളിന്റെ തുമ്പത്തെ പൂവും അവര്‍ കാണുന്നുണ്ട്. തന്മൂലം മുള്ളിനെ പ്രതി പിറുപിറുക്കാന്‍ അവര്‍ക്ക് കഴിയാറില്ല.

സിഗററ്റ് വലിക്കുന്നവരെക്കാള്‍ അത് ദോഷം ചെയ്യുന്നത് സമീപത്തു നില്ക്കുന്നവര്‍ക്കാണെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ടല്ലോ? അതുപോലെയാണ് ഇതും. പിറുപിറുക്കുന്നവരെക്കാള്‍ കേട്ടു നില്ക്കുന്നവരെ ദോഷകരമായി അവ ബാധിക്കും. അതുകൊണ്ട് പിറുപിറുക്കാതിരിക്കുവിന്‍, പിറുപിറുക്കുന്നവരില്‍ നിന്ന് ഓടിയകലുവിന്‍.

Vinayak
വിനായക് നിർമ്മൽ 

Related Articles