ഏറെക്കുറെ അനാഥത്വത്തിലാണ് സബീന ജനിച്ചുവളര്‍ന്നത്. ചെറുപ്രായത്തിലേ അമ്മ
മരിച്ചു. കൗമാരമെത്തിയപ്പോഴേക്കും അപ്പനും. പിന്നീട് ബന്ധുക്കള്‍ പലര് ചേര്‍ന്നാണ് വിവാഹം നടത്തിക്കൊടുത്തത്. ലോഡിങ് തൊഴിലാളിയാണ് ഭര്‍ത്താവ് സെബാസ്റ്റ്യന്‍. അമ്മ മാത്രമേ അയാള്‍ക്കുള്ളൂ. പശുവും ആടും കോഴിയുമുളള ഒരു കര്‍ഷക കുടുംബപശ്ചാത്തലമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. അവിടേക്കാണ് സബീന വിവാഹം കഴിച്ചു വന്നത്. അധ്വാനിക്കാനും ജോലി ചെയ്യാനുമെല്ലാം സബീന സന്നദ്ധയായിരുന്നു. എന്നാല്‍, അവള്‍ക്ക് സഹിക്കാന്‍ കഴിയാതെ വന്നത് മറ്റൊരു കാര്യമായിരുന്നു.
രാത്രികാലങ്ങളില്‍ ഭര്‍ത്താവ് അവളെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. താന്‍ പകല്‍ മുഴുവന്‍ കഷ്ടപ്പെട്ട് അധ്വാനിച്ചുവന്നതാണെന്നും അതുകൊണ്ട് നീ രാത്രിയില്‍ ഉറങ്ങരുതെന്നുമാണ് അയാളുടെ നിലപാട്. അതിനു വേണ്ടി അയാള്‍ ചെയ്തുകൂട്ടുന്നതാണ് ഏറ്റവും ക്രൂരത. സബീനയെ നഗ്നയായി കസേരയില്‍ ഇരുത്തുകയോ എഴുന്നേല്പിച്ചു നിര്‍ത്തുകയോ ചെയ്തിട്ട് കത്തിച്ച സിഗരറ്റ്തുമ്പുകൊണ്ട് ശരീരമാസകലം കുത്തി വേദനിപ്പിച്ചു കൊണ്ടേയിരിക്കും. സബീന വേദനിച്ചു കരയുന്നതു കാണുന്നതാണ് സെബാസ്റ്റ്യന്റെ സന്തോഷം. അതിലാണ് അയാളുടെ ലഹരി. മറ്റ് യാതൊരുവിധത്തിലുള്ള ബന്ധവും അയാള്‍ക്ക് അവളോടില്ല. അയാള്‍ ഉറങ്ങുന്നതുവരെ ഈ ക്രൂരത തുടര്‍ന്നു കൊണ്ടേയിരിക്കും. അതിനു ശേഷമാവട്ടെ വേദനകാരണം സബീനയ്ക്ക് ഉറങ്ങാന്‍ കഴിയില്ല. നേരം വെളുക്കാറാകുമ്പോഴേക്കും അടുക്കളപ്പണി ചെയ്യാനായി അമ്മായിയമ്മ വാതിലില്‍ മുട്ടിവിളിക്കുകയും ചെയ്യും.
വിവാഹം കഴിഞ്ഞ് വര്‍ഷം മൂന്നായിട്ടും കുട്ടികളുണ്ടാകാത്തതിന് അമ്മായിയമ്മ അവളെയാണ് കുറ്റം പറയുന്നത്. അവള്‍ക്കെന്തോ കുഴപ്പമുണ്ടെന്നാണ് അവരുടെ ധാരണ. ഒടുവില്‍ സഹികെട്ടപ്പോള്‍ അവള് ഭര്‍ത്താവ് തന്നോട് ചെയ്തുകൂട്ടുന്നതെല്ലാം അമ്മായിയമ്മയോടു പറഞ്ഞു. അക്കാര്യത്തില്‍ അവര്‍ക്ക് വേദന തോന്നിയെങ്കിലും
”നീയിത് പുറത്ത് ആരോടും പറയരുത്. പറഞ്ഞാ നിനക്കാ നാണക്കേട്. നീ ഇതൊക്കെ സഹിച്ചു ജീവിക്ക്” എന്നായിരുന്നു അമ്മായിയമ്മയുടെ മറുപടി. എങ്കിലും പരിധി വിട്ടുകഴിഞ്ഞപ്പോഴാണ് രണ്ടും കല്പിച്ച് സബീന കൗണ്‍സലിംഗിനെത്തിയത്.
ഒരു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചയയ്ക്കുമ്പോള്‍ വീട്ടുകാര്‍ അവളോടു പറയുന്നത് ഇനിമുതല്‍ ഭര്‍തൃഗൃഹമാണ് നിന്റെ വീട് എന്നാണ്. ഭര്‍തൃവീട്ടില്‍ സന്തോഷമാണോ നീ അത് അനുഭവിച്ചുകൊള്ളുക. ദുഃഖവും ദുരിതവുമാണോ അതും നീ അനുഭവിച്ചുകൊള്ളുക. കാരണം ഭര്‍തൃവീട് വിട്ട് പിതൃഗൃഹത്തിലേക്ക് വന്നാല്‍ ഇനി നിനക്ക് വിലയില്ല.
ഇങ്ങനെയൊരു ധാരണയുള്ളതുകൊണ്ടാണ് പല പെണ്‍കുട്ടികളും ഭര്‍ത്താവിന്റെ പലതരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരകളായി ഭര്തൃവീടുകളില്ത്തന്നെ കഴിച്ചുകൂട്ടുന്നത്. സബീനയുടെ ജീവിതംപോലെ സഹിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളിലാണ് അവര്‍ അവസാനത്തെ പോംവഴിയെന്ന നിലയില്‍ ആത്മഹത്യയെന്ന പരിഹാരമാര്ഗത്തിലെത്തിച്ചേരുന്നത്. എന്തുവന്നാലും
ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയണം, എന്തും സഹിക്കണം എന്ന മട്ടിലുള്ള അബദ്ധ ധാരണകളുടെ ഇരകളായിരുന്നുവല്ലോ വിസ്മയയും ഉത്രയും വിഷ്ണുജയും പോലെയുള്ള പെണ്‍കുട്ടികള്‍.
വിവാഹശേഷം ദുരിതക്കയത്തിലായ പെണ്മക്കളെ ചേര്‍ത്തുപിടിക്കാനും പിന്തുണയ്ക്കാനും കഴിയുന്ന അച്ഛനമ്മമാരുണ്ടായിരുന്നുവെങ്കില് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് അതെത്രയോ ആശ്വാസകരമാവുമായിരുന്നു.
സബീനയ്ക്ക് സംഭവിച്ചത്
ദാരിദ്ര്യവും ബന്ധുബലമില്ലായ്മയുമാണ് സെബാസ്റ്റ്യന്റെ പീഡനങ്ങള്‍ക്ക് ഇരയായി ജീവിതം മുന്നോട്ടുകൊണ്ടു പോകാന്‍ സബീനയെ നിര്‍ബന്ധിതയാക്കിയത്. ഭര്‍ത്താവിനെയോ ഭര്തൃവീടിനെയോ വിട്ടിട്ട് തനിക്ക് ജീവിക്കാനാവില്ലെന്ന പ്രായോഗിക ചിന്തയും നിസ്സഹായതയുമാണ് സബീനയുടെ കാര്യത്തില്‍ വില്ലനായത്. നല്ലൊരു
ജോലി നേടാനുള്ള വിദ്യാഭ്യാസയോഗ്യതയും അവള്‍ക്കുണ്ടായിരുന്നില്ല. സമാനമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്കാണ് ഗാര്ഹികപീഡനങ്ങള്ക്ക് ഇരകളായി ജീവിതകാലം മുഴുവന്‍ ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞുകൂടേണ്ടതായി വരുന്നത്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തിയും സാമ്പത്തിക സുരക്ഷിതത്വവും ബന്ധുബലവുമുള്ള പെണ്‍കുട്ടികള്‍ ഇങ്ങനെയുള്ള ഭര്തൃപീഡനങ്ങള്ക്ക് ഇരകളായി മുന്നോട്ടു പോകില്ല.
ഗാര്‍ഹികപീഡനം
വിവാഹമോ സഹവാസമോ വഴി കുടുംബവ്യവസ്ഥയ്ക്കുള്ളിലോ സംഘ ജീവിതത്തിലോ ഒരു വ്യക്തി മറ്റൊരു വ്യക്തിക്കെതിരെനടത്തുന്ന ശാരീരികമായ അക്രമവും മറ്റു പലതരത്തിലുളള അതിക്രമങ്ങളുമാണ് ഗാര്‍ഹികപീഡനത്തിന്റെ പരിധിയില്‍പെടുന്നത്. ഗാര്‍ഹികപീഡനത്തെ പൊതുവെ നാലായിട്ടാണ് തിരിച്ചിരിക്കുന്നത്.
1 ശാരീരികപീഡനം. 2 മാനസികപീഡനം 3 ലൈംഗികപീഡനം, 4 സാമ്പത്തികപീഡനം.
ആരോഗ്യത്തിനും വ്യക്തിത്വവികാസത്തിനും തടസ്സം സൃഷ്ടിക്കുന്ന ഏതുതരം പീഡനവും ശാരീരികപീഡനമാണ്. വാക്കുകൊണ്ട് അപമാനിക്കുന്നതാണ് മാനസികപീഡനത്തിന്റെ പരിധിയില്‍പെടുന്നത്. സ്ത്രീധനത്തിന്റെ പേരിലും പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരിലും ഭാര്യമാരെ പുലഭ്യം പറയുന്ന ഭര്ത്താക്കന്മാരുണ്ട്. അതുപോലെ ജോലിക്കു പോകുന്നതിന് തടസ്സം നില്ക്കുക. ജോലിക്ക് വിടാതിരിക്കുക എന്നിവയും മാനസിക പീഡനത്തിന്റെ ഭാഗമാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട അപമാനിക്കല്‍, ശാരീരിക പീഡനം, നിന്ദനം തുടങ്ങിയവയാണ് ലൈംഗിക പീഡനത്തില്‍ പെടുന്നത്.
സാമ്പത്തിക പീഡനത്തില്‍ വരുന്നത് വീട്ടുകാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള പണം നല്‍കാതിരിക്കുക, മക്കളുടെയും ജീവിതപങ്കാളിയുടെയും സാമ്പത്തികാവശ്യങ്ങള്‍ നിവര്ത്തിച്ചുകൊടുക്കാതിരിക്കുക തുടങ്ങിയവയാണ്.
ഭാര്യയെ തല്ലുന്നത് ഭര്‍ത്താവിന്റെ അധികാരത്തിന്റെ പരിധിയില്‍ പെടുന്നവിധത്തില് സ്വാഭാവികമായ കാര്യമായിട്ടാണ് പത്തൊമ്പതാം നൂറ്റാണ്ടുവരെ കണ്ടിരുന്നത്. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ത്തന്നെ ഇതിനൊരു മാറ്റംവരികയും ഭാര്യാപീഡനങ്ങള് ക്കെതിരെ നിയമനിര്‍മ്മാണം നിലവില്‍വരുകയും ചെയ്തു. അമേരിക്കയിലെ ടെന്നിസി സംസ്ഥാനത്ത് ആരംഭിച്ച ഈ നിയമനിര്‍മ്മാണം മറ്റു സംസ്ഥാനങ്ങളില്‍ മാത്രമല്ല ഇതര ഭൂഖണ്ഡങ്ങളിലേക്കുകൂടി കടന്നുവരികയായിരുന്നു.
ഇരയുടെ നിശ്ശബ്ദത, പീഡകര്‍ക്ക് പ്രോത്സാഹനം
സബീനയുടെ കേസിലെന്നതുപോലെ ഭൂരിപക്ഷം സ്ത്രീകളും ഭര്‍തൃപീഡനം നിശ്ശബ്ദം സഹിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന് പ്രധാനമായും മുകളില്‍ പറഞ്ഞവയാണ് കാരണങ്ങള്‍. നിയമത്തിന് മുമ്പാകെ തന്റെ അതിക്രമം രേഖപ്പെടുത്തപ്പെടുകയില്ലെന്നോ തന്റെ അതിക്രമങ്ങള്‍ ന്യായീകരിക്കപ്പെടുന്ന വയാണെന്നോ അക്രമിക്ക് തോന്നുമ്പോഴാണ് ഗാര്‍ഹികപീഡനം തുടര്‍ക്കഥയാകുന്നത്. അതുകൊണ്ട് ഗാര്‍ഹികപീഡനങ്ങളുടെ ഇരകള്‍ സധൈര്യം മുന്നോട്ടുവരികയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും വേണം.
എങ്ങനെ പ്രതികരിക്കണം?
പരാതിപ്പെടാന്‍ തയ്യാറാവുകയാണ് ആദ്യം വേണ്ടത്. ഗാര്‍ഹികപീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കേരളത്തിലെ പതിനാലു ജില്ലകളിലുമായി 31 സംരക്ഷണ ഉദ്യോഗസ്ഥരുണ്ട്. ഇവരുമായി നേരിട്ടോ ഫോണ്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ഈ റിപ്പോര്‍ട്ട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് സമര്‍പ്പിക്കുകയുമാണ് ചെയ്യുന്നത്. റിപ്പോര്‍ട്ട് കിട്ടുന്നതനുസരിച്ച് മജിസ്ട്രേറ്റ് എതിര് കക്ഷികള്‍ക്ക് സമന്‍സ് അയയ്ക്കും. സമന്‍സ് പ്രകാരമാണ് എതിര്‍കക്ഷി കോടതയില്‍ ഹാജരാകുന്നത്, സ്വന്തമായി അഭിഭാഷകരെ വച്ച് കേസ്
നടത്താന്‍ ബുദ്ധിമുട്ടുള്ള ഇരകള്‍ക്ക് സൗജന്യ നിയമസഹായവും ലഭിക്കും. ഇനി ഏതെങ്കിലും കാരണത്താല്‍ സംരക്ഷണോദ്യോഗസ്ഥന് റിപ്പോര്‍ട്ടു ചെയ്യാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ പൊലിസില്‍ വിവരം അറിയിച്ചാലും മതിയാവും. kerala women-commission.gov.in എന്ന വെബ്സൈറ്റിലൂടെയും പരാതിപ്പെടാവുന്നതാണ്.
പുരുഷനെതിരെ മാത്രമല്ല സ്ത്രീക്കെതിരെയുമാകാം
ഗാര്‍ഹിക പീഡനനിയമം 2006 ലാണ് നിലവില്‍ വന്നത്. ഇങ്ങനെയൊരു നിയമത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ പലരുടെയും ധാരണ ഇത് പുരുഷന്മാര്ക്കെതിരെ യുള്ള നിയമമാണ് എന്നാണ്. പീഡനങ്ങളനുഭവിക്കുന്ന സ്ത്രീകളെ രക്ഷിക്കാന്‍ മാത്രമല്ല ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് പുരുഷന്മാരെ രക്ഷിക്കാന്‍ കൂടിയുള്ളതാണ് ഈ നിയമം. കുടുംബവ്യവസ്ഥയുടെ കീഴില്‍ ഇന്ന് എത്രയോ പുരുഷന്മാര് സ്ത്രീകളില്‍ നിന്ന് പീഡനങ്ങളേറ്റ് കഴിയുന്നവരായുണ്ട്. ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുന്ന നാലുതരം പീഡനങ്ങള്‍ക്കും അവരും ഇരകളാക്കപ്പെടുന്നുണ്ട്. അതുപോലെ ഒരു സ്ത്രീയെ മറ്റൊരു സ്ത്രീ ഉപദ്രവിക്കുന്നതും ഗാര്‍ഹിക പീഡനനിരോധന നിയമത്തിന്റെ കീഴില്‍ വരുന്നതാണ്.
ഖേദകരമെന്ന് പറയട്ടെ, ഗാര്‍ഹികപീഡന നിരോധനനിയമം ദുരുപയോഗിക്കുന്നചില
സ്ത്രീകളെയും കാണാനിടയായിട്ടുണ്ട്. ഭര്‍ത്താവിനോടോ അദ്ദേഹത്തിന്റെ അമ്മയോടോ സഹോദരങ്ങളോടോ മറ്റു ബന്ധുക്കളോടോ ഉള്ള വിദ്വേഷംകൊണ്ട് ഗാര്‍ഹികപീഡന നിരോധന നിയമത്തിന്റെ മറവില്‍ കള്ളക്കേസുണ്ടാക്കി അവരെ പീഡിപ്പിക്കുന്നവരാണ് ഇക്കൂട്ടര്‍.
വീണ്ടും സബീന
സബീനയുടെ കേസ് എങ്ങനെയാണ് അവസാനിപ്പിച്ചതെന്നുകൂടി വിശദീകരിക്കാം. ഗാര്‍ഹിക പീഡന നിരോധിത നിയമത്തെക്കുറിച്ച് സബീനയെ പറഞ്ഞു മനസ്സിലാ ക്കുകയാണ് ആദ്യം ചെയ്തത്. തികച്ചും സൗജന്യമാണ് ഇതിനു വേണ്ടിയുള്ള
നിയമസഹായങ്ങളെന്നും ബോധ്യപ്പെടുത്തി. ഈ നിയമം പ്രയോഗിച്ച് ഒരു പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ വാങ്ങിയാല്‍ ഭര്‍ത്താവിന് നിന്നെ ഇതുപോലെ ദ്രോഹിക്കാനാവില്ലെന്നും പറഞ്ഞു കൊടുത്തു. കേസിന്റെ വഴിയെ പോകാന്‍ സബീനയ്ക്ക് ധൈര്യക്കുറവു ണ്ടായിരുന്നു. എങ്കിലും ഈ നിയമം നല്കുന്ന സുരക്ഷയെക്കുറിച്ച് ബോധ്യം വന്നപ്പോള്‍ നിവൃത്തികേടുകൊണ്ടാണെങ്കിലും ആ വഴിയെ പോകാന്‍ അവള് സമ്മതംമൂളി. സബീനയുടെ അമ്മയെയും ഭര്‍ത്താവിനെയും വിളിച്ചുവരുത്തി സംഭവിക്കാനിരിക്കുന്ന അപകടങ്ങളെക്കുറിച്ച് വിശദീകരിച്ചു കൊടുത്തു. പൊലീസിനെയും കോടതിയെയും അഭിമുഖീകരിക്കേണ്ടിവരുമെന്ന് കേട്ടപ്പോള്‍ത്തന്നെ സെബാസ്റ്റ്യനും അമ്മയും പേടിച്ചു. എന്തായാലും സബീന പരാതി നല്കി. കാരണം അവള്‍ക്ക് ആത്മാഭിമാനത്തോടെയും സന്തോഷത്തോടെയും ഭര്തൃഗൃഹത്തില്ത്തന്നെ തുടരണമായിരുന്നുവല്ലോ. സെബാസ്റ്റിയന്റെ കേസ് മനസ്സിലായപ്പോള്‍ അയാളൊരു സാഡിസ്റ്റാണെന്ന് കോടതിക്ക് വ്യക്തമായി. തുടര്‍ന്ന് കൗണ്‍സലിംഗും മരുന്നും നല്കി അയാളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. കുറെനാളുകള്‍ക്ക് മുമ്പ്
സബീനയെ വീണ്ടും കണ്ടപ്പോള്‍ അവള് സന്തോഷവതിയായിരുന്നു. ശരീരത്തില്‍ നിന്നും മനസ്സില്‍നിന്നും അവളുടെ മുറിവുകള്‍ മാഞ്ഞുപോയിരുന്നു, ഓര്‍മ്മകളുടെ വടുക്കള്‍ ഉണ്ടായിരുന്നുവെങ്കിലും. ശരീരവും മനസ്സും ജീവിതവും സ്വപ്നങ്ങളും
വിലപ്പെട്ടവയാണെന്ന് തിരിച്ചറിയുകയാണ് നമ്മുടെ പെണ്‍കുട്ടികള്‍ ആദ്യം ചെയ്യേണ്ടത്. അവ അലങ്കോലപ്പെടുത്തുകയോ വികൃതമാക്കുകയോ ചെയ്യുന്നവരെ നിയമപരമായിത്തന്നെ നേരിടാന്‍ സ്ത്രീകള്‍ ശക്തരാകണം. ഇക്കാര്യത്തിലുള്ള നിയമ വശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതുകൊണ്ടാണ് പല സ്ത്രീകളും
വീടുകളില്‍ മനസ്സും
ശരീരവും മുറിഞ്ഞും വൈകാരികമായി തളര്‍ന്നും കഴിഞ്ഞുകൂടുന്നത്. സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകളോട് പറയാനുള്ളത് ഇത്രയേയുള്ളൂ: ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ആത്മഹത്യ ഒരിക്കലും പരിഹാരമല്ല. നിങ്ങളെ സംരക്ഷിക്കാന്‍, നിങ്ങളുടെ സന്തോഷം വീണ്ടെടുക്കാന്‍ ഇവിടെ ശക്തമായ നിയമങ്ങളുണ്ട്. മറക്കരുത്.

സി. ഡോ. അർപ്പിത CSN
സെൻറ്. ജ്യൂഡ് ഫാമിലി കൗൺസലിംഗ്
സെന്റർ, അങ്കമാലി
PH : 9995307021




