ജാക് ഇ ഡോസണ്ന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഛായാചിത്രമാണ് ‘കൊടുങ്കാറ്റി നിടയിലെ ശാന്തത’. പ്രക്ഷുബ്ധമായ വെള്ളച്ചാട്ടത്തിനടിയിലെ ഒരു പാറക്കെട്ടില്‍ ശാന്തമായിരിക്കുന്ന ഒരു കുരുവിയാണ് ഇതിന്റെ ഇതിവൃത്തം. ഏതു ജീവിത സംഘര്‍ഷങ്ങള്‍ക്കും മധ്യേ ശാന്തതയോടെ നിലകൊള്ളാന്‍ ആസ്വാദകരെ പ്രചോദിപ്പിക്കുന്നതാണ് ഈ കലാസൃഷ്ടി.
സമുദ്രംപോലെ പ്രക്ഷുബ്ധമാണ് മനുഷ്യജീവിതം. അലകളും ചുഴികളും ഒഴിഞ്ഞ ഒരു ജീവിതം സങ്കല്പ്പങ്ങളില് മാത്രം സംഭവിക്കുന്നതാണ്. ചില നേരങ്ങളില്‍ ശാന്തവും പലനേരങ്ങളിലും പ്രക്ഷുബ്ദവുമായ തിരമാലകള്‍ക്കുമീതെ പതറാതെ മുന്നേറുക എന്നതു മാത്രമാണ് മനുഷ്യനു മുന്നിലുള്ള ഏക വഴി. ആഞ്ഞടിക്കുന്ന തിരമാലകള്‍ക്കുമീതെ കൈവിട്ടു പോകാത്ത ഒരു ശാന്തത ഉള്ളില്‍ സൂക്ഷിക്കുക എന്നതാണ് ആ യാത്രയില്‍ പ്രധാനം.
മനസ്സിന്റെ ശാന്തതയ്ക്കു വേണ്ടി മനുഷ്യര്‍ മറ്റെന്നത്തേക്കാളുമധികം ദാഹിക്കുന്ന ഒരു കാലമാണ് നമ്മുടേത്. കുടുംബങ്ങളിലും തൊഴിലിടങ്ങളിലും പഠനമേഖലകളിലുമുള്ള മാനസിക സമ്മര്‍ദങ്ങള്‍ മനഃശാന്തി വില്‍ക്കുന്ന കേന്ദ്രങ്ങളിലേക്ക് മനുഷ്യരെ മറ്റെന്നത്തേക്കാളും അധികമായി തള്ളിവിട്ടുകൊണ്ടിരിക്കുന്നു.
നാടുതോറും ഉയര്‍ന്നുപൊങ്ങുന്ന ആത്മീയ-യോഗ കേന്ദ്രങ്ങളും കൗണ്‍സലിംഗ് ക്ലിനിക്കുകളുമെല്ലാം മനുഷ്യര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങളുടെ സാക്ഷ്യപത്രമാണ്. ആഹാരവും വസ്ത്രവും മറ്റേത് അവശ്യവസ്തുക്കളെയും എന്നതുപോലെ മനസ്സിന്റെ ശാന്തതയും മനുഷ്യര്‍ക്ക് വാങ്ങേണ്ടി വരുന്നു!
ദൈവത്തിന്റെ അനന്യമായ ഭാവമാണ് ശാന്തത. ദൈവത്തെക്കൊണ്ട് നിറയുന്ന ഒരാള്‍ ആ ശാന്തതയ്ക്ക് ഉടമയാകുന്നു. ദുര്‍ബലതയുടെ മറ്റൊരു പേരായി ശാന്തത പലരും തെറ്റിദ്ധരിക്കുന്നു. എന്നാല്‍, ശത്രുവിനെ നിരായുധനാക്കുന്ന ആത്മീയതയുടെ ശക്തമായ ഒരു ആയുധമാണത്. പേരു മറന്നൊരു പഴയകാല ഹിന്ദി ചലച്ചിത്രം ഒരു സന്യാസ ആശ്രമവുമായി ബന്ധപ്പെട്ടതാണ്. അവിടെ പ്രാര്‍ഥനയില്‍ ലയിച്ചിരിക്കുന്ന സന്യാസി മിഴികള്‍ തുറന്നപ്പോള്‍ കാണുന്നത് തനിക്കുമുന്നില്‍ ശൗര്യത്തോടെ നില്ക്കുന്ന ഒരു പുലിയെയാണ്. എന്നാല്‍, ആ പുലിയുടെ കണ്ണുകളിലേക്ക് സന്യാസി ശാന്തമായി നോക്കുന്നു. ആ മിഴികളിലെ ശാന്തതയെ അഭിമുഖീകരിക്കാനാവാതെ ആശ്രമ ആവൃതിയില്നിന്ന് പുലി പിന്മാറുകയാണ്.
അസ്സീസിയിലെ ഫ്രാന്‍സിസിന്റെ അടുത്തേക്കുവരുന്ന ചെന്നായയെ ശാന്തമായ ഒരു നോട്ടത്തിലൂടെ അദ്ദേഹം മനഃപരിവര്‍ത്തനം വരുത്തുന്നത് ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. ഗൂബിയോ എന്ന പട്ടണത്തില്‍ എല്ലാവരുടെയും പേടിസ്വപ്നമായിരുന്നു ആ ചെന്നായ. വഴിയിലൂടെ സ്വൈര്യമായി നടക്കുവാന്‍ ദേശവാസികള്‍ അത്യന്തം ഭയപ്പെട്ടു. ഒരു നാടിനെ മുഴുവന്‍ വിറപ്പിച്ച ആ വന്യജീവിയെയാണ് ഫ്രാന്‍സിസ് ശാന്തമായ ഒരു ഇടപെടലിലൂടെ അനുസരണയുള്ള ഒരു നായ്ക്കുട്ടിയെപ്പോലെയാക്കിയത്. ശാന്തതയുടെ ഈ ഗാംഭീര്യം തന്നെയാണ് ക്രിസ്തുവിന്റെ മിഴികളില്‍ പീലാത്തോസ് ദര്‍ശിച്ചത്. നാടിനെ വിറപ്പിക്കുന്ന അധികാരിയായിട്ടും അക്ഷോഭ്യനായി നില്ക്കുന്ന ക്രിസ്തുവിന്റെ മുമ്പില്‍ അയാള്‍ പതറിപ്പോയി. ഭയം എന്ന വികാരം ആദ്യമായി അത്രയും തീക്ഷ്ണതയോടെ അയാള്‍ അനുഭവിച്ചറിഞ്ഞു. ‘ഞാനീ രക്തച്ചൊരിച്ചിലില്‍ ഉത്തരവാദിയായിരിക്കില്ല’ എന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. യേശുവിന്റെ കണ്ണുകളിലെ ആ ശാന്തത പത്രോസിനെയും ദുര്‍ബലനാക്കുന്നു. ഭാരമേറിയ കുരിശ് ചുമലില്‍ വഹിക്കുമ്പോഴും മരണഭൂമി മുന്നില്‍ തെളിഞ്ഞു തെളിഞ്ഞു വരുന്നത് കാണുമ്പോഴും ക്രിസ്തുവിന്റെ മുഖം ശാന്തമായിരുന്നു. ആ മുഖമുയര്‍ത്തിയാണ് മൂന്നുവട്ടം തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെ അവന് നോക്കിയത്. അവന്റെ മുഖത്തെ അപാരമായ ശാന്തത പത്രോസിനെ തളര്‍ത്തിക്കളഞ്ഞു. അയാള്‍ മനസ്സുനിറഞ്ഞു കരഞ്ഞു. ശാന്തമായ അതേ നോട്ടം തന്നെയാണ് യൂദാസിനെ പശ്ചാത്താപവിവശനാക്കുന്നതും മരണത്തില്‍ അഭയം തേടാന്‍ പ്രേരിപ്പിക്കുന്നതും. ശാന്തത ശക്തമായ ഒരു ആയുധം തന്നെയാണ്. ശത്രുവിന്റെ ഹൃദയത്തെ ചൂണ്ടപോലെ കൊളുത്തി വലിക്കുന്ന ഒന്ന്.
‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ഗ്രന്ഥത്തില്‍ ലാരി കോളിന്‍സും ഡൊമിനിക് ലാപ്പിയറും ശാന്തതയുടെ ശക്തിയെക്കുറിച്ച് പറയുന്നുണ്ട്: ആഴ്ചയില്‍ ഒരു ദിവസം ഗാന്ധിക്ക് മൗനത്തിന്റെ ദിവസമാണ്. ഒരു വാക്കുപോലും അദ്ദേഹം അന്ന് ഉരിയാടിയിരുന്നില്ല. എന്നാല്‍, ഏറ്റവും ശക്തമായ തീരുമാനങ്ങളൊക്കെ ഗാന്ധിയില്‍ നിന്നുണ്ടായത് ആത്മാവിനെ അദ്ദേഹം സ്വയം ശാന്തമാക്കുന്ന ആ ദിവസങ്ങളിലായിരുന്നു എന്ന് മൗണ്ട് ബാറ്റന് പ്രഭുവിനെ അധികരിച്ച് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. വലിയൊരപരാധം ചെയ്തിട്ട് അക്ഷോഭ്യനായ അച്ഛന്റെ മുമ്പില്‍ നില്ക്കുമ്പോള് ഒരു മകന് വിചാരിക്കുന്നു അച്ഛന് ഒന്ന് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ അല്പം ആശ്വാസം കിട്ടിയേനെ. എന്നാല്‍, അച്ഛന്റെ ഈ ശാന്തതയാണ് തന്നെ തളര്‍ത്തിക്കളയുന്നത്.
ഒരാള്‍ ജീവിതത്തില്‍ ശക്തിയാര്‍ജിക്കേണ്ടത് ഉള്ളിലെ ആഴമേറിയ ശാന്തതയെ കണ്ടെത്തിക്കൊണ്ടാണ്. ആത്മീയശക്തി അകത്തും പുറത്തുമുള്ള വിക്ഷോഭങ്ങളെ നേരിടുവാന്‍ അയാളെ സഹായിക്കുന്നു. ദൈവപരിപാലനയിലുള്ള ആഴമേറിയ വിശ്വാസമാണ് ആ ശാന്തതയുടെ അടിസ്ഥാനം. ശാന്തത ചുറ്റുമുള്ള പ്രക്ഷുബ്ധതയെ എങ്ങനെ നേരിടാന്‍ ഒരാളെ പ്രാപ്തനാക്കും എന്ന് ഗനേസറത്ത് നാട്ടിലേക്കുള്ള ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും യാത്രാനുഭവം വ്യക്തമാക്കുന്നു. യാത്രാമധ്യേ അവര്‍ സഞ്ചരിച്ചിരുന്ന നൗകയില്‍ തിരമാലകള്‍ ആഞ്ഞടിച്ചുതുടങ്ങി. കാറ്റ് ശക്തമായി; ഏതു നിമിഷവും അത് പടവിനെ കശക്കിയെറിയുന്ന അവസ്ഥയായി. ശിഷ്യന്മാര് വലിയ വായില്‍ നിലവിളിച്ചു. എന്നാല്‍, ക്രിസ്തുവാകട്ടെ ശാന്തമായി കിടന്നുറങ്ങി. ഏതു കൊടുങ്കാറ്റിലും തന്നെ താങ്ങുന്ന ആ അദൃശ്യശക്തിയിലുള്ള വിശ്വാസമായിരുന്നു ആ ശാന്തതയുടെ അടിസ്ഥാനം. അത്തരം വിശ്വാസമില്ലാത്തവര്‍ കുഞ്ഞോളങ്ങളില്പോലും പതറിപ്പോകുന്നു. നിസ്സാരമായ, പുല്ലിനെയും കുരുവികളെയും സംരക്ഷിക്കുന്ന ഉടയവനിലുള്ള വിശ്വാസമാണത്. ആകയാല്‍ ക്രിസ്തു പറയുന്നു നിങ്ങള്‍ എന്തിനെക്കുറി
ച്ചാണ് ആകുലപ്പെടുന്നത്? ആകാശത്തിലെ പറവകളെ നിങ്ങള്‍ കാണുന്നില്ലേ? താഴെ ലില്ലികള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നില്ലേ? ഒരു കരുതല്‍ ശേഖരം ഇല്ലാതിരുന്നിട്ടും പറവകള്‍ പശിയില്ലാതെ ജീവിക്കുന്നില്ലേ? ലില്ലികള്‍ സ്വന്തമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ? എന്നിട്ടും അവയ്ക്കു വേണ്ട ചേല ഒട്ടും കുറവില്ലാതെ ദൈവം അവര്‍ക്ക് നല്കുന്നില്ലേ? പ്രതിസന്ധികള്‍ക്കു മുമ്പില്‍ ആ ദൈവത്തെമാത്രം ധ്യാനിച്ചാല്‍ മതി, അത് മനസ്സിനെ ശാന്തമാക്കും. ഈ വിശ്വാസവുമായി ബന്ധപ്പെട്ടാണ് ശിശുക്കളെപ്പോലെയാകുവാന് ക്രിസ്തു മനുഷ്യരോട് ആവശ്യപ്പെടുന്നത്. മാതാപിതാക്കളിലുള്ള അഗാധമായ വിശ്വാസമാണ് ശിശുക്കളുടെ ഒരു പ്രത്യേകത. അച്ഛന് കുഞ്ഞിനെ വായുവിലേക്ക് എറിഞ്ഞ് തിരിച്ചുപിടിക്കുന്നത് നമ്മുടെ വീട്ടുകാഴ്ചയുമായി ബന്ധപ്പെട്ടതാണ്. ഉയരങ്ങളിലേക്ക് എറിയപ്പെടുന്ന കുഞ്ഞിന്റെ പ്രതികരണം ഹൃദയം തുറന്ന ചിരിയാണ്. നിലത്ത് വീണുപോകാന്‍ ഒരിക്കലും തന്റെ അച്ഛന് അനുവദിക്കുന്നില്ല എന്ന വിശ്വാസമാണ് ആ കുഞ്ഞിന്റെ ചിരിക്കുപിന്നില്‍. താഴെ വീണുപോകാന്‍ ദൈവം ഒരുകാലത്തും അനുവദിക്കുകയില്ല എന്ന വിശ്വാസം മാത്രം മതി നമ്മുടെ മനസ്സ് ഉടഞ്ഞു പോകാതിരിക്കാന്‍, ശാന്തതയോടെ ഏതു പ്രതിസന്ധിയെയും നേരിടാന്‍. അത്തരമൊരു വിശ്വാസം നമ്മെ പ്രത്യാശാഭരിതമാക്കട്ടെ!

പീറ്റർ തോമസ് കപ്പുച്ചിൻ




