ഡോ. കുഞ്ഞമ്മ ജോർജ്
ചില വർഷങ്ങൾക്ക് മുമ്പൊരു ക്രിസ്മസ് ദിനത്തിലെ ഉച്ചസമയം. ഊട്ടുമേശയിൽ സമൃദ്ധമായ ഒരു സദ്യ ഒരുങ്ങിക്കഴിഞ്ഞു. കൊതിയൂറുന്ന മസാലഗന്ധം. കാച്ചിയ പപ്പടവും മീൻ പൊരിച്ചതും വേറെ. വളരെയടുത്ത കുടുംബസുഹൃത്തുക്കളെ ഉച്ചയൂണിന് ക്ഷണിച്ച്, ഞങ്ങൾ അവരെ പ്രതീക്ഷിച്ച് ഉമ്മറത്തിരുന്നു. ജീവിതത്തിന്റെ നാൽക്കവലയിൽ വഴി പിരിയവെ അകലങ്ങളിലായിപ്പോയ രണ്ടു കുടുംബങ്ങൾ. പക്ഷേ, മാനസികമായി വളരെ അടുപ്പം സൂക്ഷിച്ചു. കേരളത്തിൽ വളരെ അറിയപ്പെടുന്ന ഡോക്ടർ ദമ്പതികളും അവരുടെ രണ്ടു മക്കളുമായിരുന്നു വിശിഷ്ടാതിഥികൾ. ഓണത്തിന് അവർ ഞങ്ങൾക്കായി ഒരുക്കുന്ന ഗംഭീര വെജിറ്റേറിയൻ ഊണിന് പകരം പറയുന്ന ഒരു നോൺ വെജിറ്റേറിയനൊരുക്കി ഞങ്ങൾ മേനി കാട്ടി.
മുറ്റത്തെ നക്ഷത്രമരത്തിനു താഴെ പുൽക്കൂട്ടിൽ മാലാഖമാർ പറന്നു കളിച്ചു. ഉച്ചയൂണിനു സമയം കഴിഞ്ഞിട്ടും ക്ഷണിക്കപ്പെട്ടവർ വന്നുചേർന്നില്ല. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തെത്താൻ സമയമായിരിക്കുന്നു. സമയം കടന്നുപോകവെ വഴിക്കണ്ണുമായ് ഞങ്ങൾ കാത്തിരുന്നു. വിശന്നു തുടങ്ങിയിരുന്നു. ഒരത്ഭുതംപോലെ മൂന്നുനാലു പേർ ഞങ്ങളുടെ വീടിനുനേർക്കു നടന്നുവരുന്നു. നാടോടികളോ ഭിക്ഷക്കാരോ? മനസ്സിലൊരു കൊടുങ്കാറ്റ് ആഞ്ഞുവീശി. കാണെക്കാണെ അവർ ഭിക്ഷക്കാരാണെന്ന അറിവ് എന്നെ സബ്ധയാക്കി. പൂൽക്കൂട്ടിലെ മേരിയും ജോസഫും ഒന്നു പകച്ചതുപോലെ. മന്ദസ്‌മിതം മാഞ്ഞ ഉണ്ണി യേശുവിൻ്റെ പാലിളം ചുണ്ടുകൾ. ഞാൻ കുടുംബാംഗങ്ങളോടായി പറഞ്ഞു. ‘ഇതൊരു പരീക്ഷണമാണ്. വേണമെങ്കിൽ നമുക്ക് ജയിക്കാം; അല്ലെങ്കിൽ ദയനീയമായി പരാജയപ്പെടാം. എല്ലാ മുഖങ്ങളിലും വാചാലമായ മൗനം വായിച്ചെടുക്കവെ ഭിക്ഷക്കാർ മുറ്റത്തു വന്നു നിലയായി. അന്തരീക്ഷത്തിലെ കൊതിയൂറുന്ന ഗന്ധം പരത്തിയ ചെറുകാറ്റേറ്റ് അവർ നിശ്ശബ്ദരായി നിന്നതേയുള്ളൂ.
ഞാൻ ആത്മഗതം ചെയ്‌തു – ക്രിസ്മസ് ദിനം. ഉച്ചയൂണിനു സമയം. വിഭവങ്ങൾ ധാരാളം, വിരുന്നുകാരും അയയ്ക്കപ്പെട്ടിരിക്കുന്നു… ‘എനിക്കു വിശന്നു…. നിങ്ങളെനിക്ക് ആഹാരം തന്നു… എനിക്ക് ദാഹിച്ചു, നിങ്ങളെനിക്കു കുടിപ്പാൻ തന്നു. ഈ ചെറിയവരിൽ ഒരുവന് ചെയ്തപ്പോഴെല്ലാം നിങ്ങൾ എനിക്കുതന്നെയാണ് ചെയ്തത്’.
സ്വർഗരാജ്യത്തിൻ്റെ ആ വിളിയിൽ ഞാൻ മതി മറന്നുപോയി. അവർ നാലാൾക്കും ഒന്നൊഴിയാതെ എല്ലാ വിഭവങ്ങളും വിളമ്പി. അവർ ഉത്സാഹത്തോടെ കഴിക്കുന്നത് ഞങ്ങൾ കൗതുകത്തോടെ നോക്കി നിന്നു. ശേഷിച്ചവ മാറാപ്പിലാക്കി. തൊഴുകയ്യുമായ് അവർ പടിയിറങ്ങി. വിശന്നു വലഞ്ഞ ഞങ്ങൾ ഞങ്ങളുടെ ഊണു മേശയിലേക്കൂളിയിട്ടു. താമസിയാതെ ഫോൺ ശബ്ദിച്ചു. മറുതലയ്ക്കൽ ഡോക്ടർ ഗംഗാധരൻ്റെ ക്ഷമാപണ ശബ്ദം. വണ്ടി വഴിയിൽ പതിവുപോലെ നിശ്ശബ്ദമായതിനാൽ അവർക്കെത്തിപ്പെടാനാകില്ലെന്നും ഒരുക്കിയ ഭക്ഷണ മെല്ലാം വെറുതെ ആയല്ലോ എന്നുള്ള അദ്ദേഹത്തിൻ്റെ കുണ്‌ഠിതവും ഞങ്ങളെ വ്യസനിപ്പിച്ചില്ല. കാരണം, ഞങ്ങൾ അവരെത്തന്നെയാണല്ലോ ഇത്തിരി മുമ്പ് സദ്യയൂട്ടി പറഞ്ഞയച്ചത്. പിന്നെ പരസ്‌പരം ക്രിസ്മസ് ആശംസകൾ കൈമാറി. പൂക്കളെ നുകർന്നുപോയോരിളം കാറ്റ് എൻ്റെ മനസ്സിലും പകരം വന്നു.
ഇങ്ങനെ ക്രിസ്മസ് എനിക്ക് പലതിന്റെയും ഓർമ്മയാകുന്നു. ദൈവത്തിൻ്റെ നിസ്സീമമായ സ്നേഹം ഉണ്ണിയേശുവിൻ്റെ രൂപത്തിൽ ഈ വാഴ്വിൽ ഉയിർക്കൊണ്ടതോ, അവൻ്റെ അമ്മയുടെ മാത്രം സ്വകാര്യതയിൽ അവൻ ജനിച്ചുവീണത് ഒരു കാലിത്തൊഴുത്തിൽ ആയിരുന്നു എന്നതോ? മഞ്ഞുതുള്ളികൾ അരിച്ചുകയറിയ അവന്റെ ഇളം മേനിക്ക് ചൂടായത് വാനമേഘങ്ങളിൽ നിന്നിറങ്ങി
വന്ന ദേവദൂതരുടെ പഞ്ഞിത്തൂവലുകൾ ആയിരുന്നു എന്നോ ഞാൻ ബോധപൂർവം ഓർമ്മിച്ചെടുത്തു ധ്യാനിക്കാറില്ല. എങ്കിലും ഉണ്ണിയേശുവിന്റെ മനുഷ്യഗന്ധമുള്ള ഏതൊക്കെയോ ഓർമ്മകൾ ഡിസംബർ മാസങ്ങളിൽ എൻ്റെ ഹൃദയമിടിപ്പിലും മർമ്മരങ്ങളാകാറുണ്ട് എന്നത് സത്യമാണ്.
കടപ്പാട്: അക്ഷരപ്പെട്ടി