Tuesday, March 17, 2026

സുവർണ്ണശോഭയിൽ ശോഭന സ്‌കൂൾ

വിദ്യകൊണ്ട് വിനയവും സംസ്‌കാരവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ഇന്ന് സുവര്‍ണ്ണശോഭ യില്‍  അറിവിന്റെ അമ്പതാണ്ടുകള്‍ പിന്നിടുകയാണ്. ഒരു സമൂഹത്തിന്റെതന്നെ
പുരോഗതിക്കു കാരണമായി ഈ വിദ്യാലയം.

കോതമംഗലത്തിന്റെ ഹൃദയഭാഗത്ത് പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന സ്‌കൂളാണ് ശോഭന സ്‌കൂള്‍. 1973 ല്‍ അയിരൂര്‍പാടത്ത് ആരംഭിച്ച നഴ്‌സറി യായിരുന്നു ഇതിന്റെ എളിയ തുടക്കം. രണ്ടു വര്‍ഷം കഴിഞ്ഞ് അത് ഇംഗ്ലീഷ് മീഡിയ മാക്കി കിഴക്കേ കോതമംഗലത്തേക്കു മാറ്റുകയും ചെയ്തു. നാട്ടിലെ കുട്ടികള്‍ക്കു മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യ മനുസരിച്ച് തുടര്‍ന്ന് ഇവിടെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിക്കുകയായിരുന്നു. ആ സ്‌കൂള്‍ ഇന്ന് ശോഭന പബ്ലിക് സ്‌കൂള്‍, ശോഭന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ശോഭന കിന്റര്‍ ഗാര്‍ട്ടന്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 3500 കുട്ടികള്‍ പഠിക്കുന്ന വലിയൊരു കാമ്പസായി മാറിയിരിക്കുന്നു.

അക്ഷരമുറ്റത്തിന്റെ ശില്പി

ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന് ഒരു ദിനവും ഓര്‍ക്കാതെ കടന്നുപോകാന്‍ കഴിയാത്ത പേരാണ് ബഹു. ജോണ്‍ മാതേക്കലച്ചന്റേത്. നാടിനുതന്നെ അഭിമാനമായി മാറിയിരിക്കുന്ന ഈ വിദ്യാലയം ബഹു. ജോണ്‍ മതേക്കലച്ചന്റെ മാനസപുത്രിയാണ്. കോതമംഗലത്തിന്റെ ഹൃദയഭൂമിയില്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിച്ച് ഈ പ്രദേശത്തിന്റെ ഭാവിവാഗ്ദാനങ്ങളെ രൂപപ്പെടുത്തുകയും, ഈ പ്രദേശത്തിന്റെ മുഖഛായ മാറ്റുകയും ചെയ്ത ദീര്‍ഘദര്‍ശിയാണദ്ദേഹം. ഹൈറേഞ്ചിന്റെ കവാടം
എന്നറിയപ്പെടുന്ന കോതമംഗലത്ത് ഒരു ഇംഗ്ലീഷ് വിദ്യാലയത്തിന്റെ അഭാവം വലിയൊരു കുറവാണെന്നു തിരിച്ചറിഞ്ഞ അദ്ദേഹം സാധാരണക്കാരുടെ കുട്ടികള്‍ക്കും മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ചതാണ് ശോഭന സ്‌കൂള്‍. 1973 ല്‍ നഴ്‌സറിയായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയെ മുന്നില്‍ക്കണ്ട് അതിന്റെ പ്രവര്‍ത്തനങ്ങള്‍ അച്ചന്‍ ഏല്പിച്ചത് നസ്രത്തു സഹോദരിമാരെയായിരുന്നു. 1976 ലായിരുന്നു അത്. പിന്നീടുള്ള അതിന്റെ അതിശയിപ്പിക്കുന്ന വളര്‍ച്ചയില്‍ മാര്‍ഗദീപമായി അച്ചന്‍ എന്നും നിലകൊണ്ടു.

യഥാര്‍ഥ ഈശ്വരസേവ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെക്കൂടി പരിഗണിക്കുന്നതാണ് എന്നു തിരിച്ചറിഞ്ഞിരുന്ന അദ്ദേഹം കോതമംഗലത്തുതന്നെ ഒരു മാനസികാരോഗ്യ ചികിത്സാകേന്ദ്രവും, പുനരധിവാസ കേന്ദ്രങ്ങളും, അനാഥാലയങ്ങളും അവര്‍ക്കായി നിര്‍മ്മിച്ചു. 1919 ല്‍ ജനിച്ച് 1995 ല്‍ മരണമടഞ്ഞ അദ്ദേഹം ഒരു യഥാര്‍ഥ മനുഷ്യ
സ്‌നേഹിയായിരുന്നു.

വിദ്യാലയ മികവ്

പാഠ്യേതര മേഖലയിലും ശോഭന എന്നും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കലോത്സവങ്ങള്‍, കായികം, ശാസ്ത്രം, പ്രവൃത്തിപരിചയം എന്നിങ്ങനെ എല്ലാമേഖലകളിലും തിളങ്ങുന്ന വിജയം ശോഭനയ്ക്ക്‌ സ്വന്തം. ദേശീയതലത്തിലും ദക്ഷിണേന്ത്യയെ പ്രതിനിധാനം ചെയ്തും, സംസ്ഥാനതലത്തിലും മത്സരിച്ച് കുട്ടികള്‍ ഒട്ടേറെ വിജയം നേടിയിട്ടുണ്ട്. വ്യക്തിഗത ഇനങ്ങളില്‍ മാത്രമല്ല ഗ്രൂപ്പ് ഇനങ്ങളിലും കുട്ടികള്‍ മികച്ചപ്രകടനം കാഴ്ച്ചവയ്ക്കുന്നു.

വിദ്യാര്‍ഥികളില്‍ സംഘാടകത്വം വളര്‍ത്തുന്ന Scout, Guide, J.R.C, Bull – Bull, Bunny തുടങ്ങിയ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും ഈ കലാലയത്തില്‍ സജീവമാണ്. കുട്ടികളുടെ വിവിധ കഴിവുകള്‍ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പരിശീലനവും ഇവിടെ ലഭ്യമാണ്. കരാട്ടെ, സ്‌കേറ്റിംഗ്, വാദ്യോപകരണങ്ങള്‍, ചിത്രകല, സംഗീതം,
നൃത്തം എന്നിവ പ്രഗല്‍ഭരായ അധ്യാപകരുടെ കീഴില്‍ കുട്ടികള്‍ പരിശീലിക്കുന്നു. കുട്ടികളുടെ മാനസിക സമ്മര്‍ദങ്ങള്‍ക്ക് അയവുവരുത്താന്‍ ഈ പഠനവഴികള്‍ സഹായകമാകുന്നതോടൊപ്പം മുഴുവന്‍സമയ കൗണ്‍സലിംഗും ഇവിടെ ലഭ്യമാണ്. സന്യാസ്തരുടെ സ്ഥാപനമെന്ന നിലയില്‍ ശോഭന എന്നും സമൂഹത്തില്‍ അനുകമ്പാ പൂര്‍ണമായ പ്രവര്‍ത്തനങ്ങളില്‍ മുന്‍തൂക്കം നല്‍കാറുണ്ട്. ഇക്കാര്യങ്ങളില്‍ കുട്ടികളും, രക്ഷിതാക്കളും പൂര്‍ണ്ണമായ സഹകരണം ഉറപ്പാക്കാറുമുണ്ട്.

സഹോദരസ്ഥാപനങ്ങള്‍

ശോഭന ഓരോ കാല്‍വയ്പിലും വളരുകയായിരുന്നു എന്ന ഓര്‍മപ്പെടുത്തലായി രണ്ട് സഹോദരസ്ഥാപനങ്ങള്‍ ഈ മതില്‍ക്കെട്ടിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. മാതൃസ്ഥാപനത്തോടൊപ്പം 400 കുട്ടികളുമായി ശോഭന കിന്റര്‍ ഗാര്‍ട്ടനും,
1500ഓളം കുട്ടികളുമായി ശോഭനപബ്ലിക് സ്‌കൂളും.

പാഠ്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് കാലത്തിനൊപ്പം വളരുന്ന ഈ വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ക്ലാസ്മുറികളാക്കി. പരന്നവായന യിലേക്ക് കുട്ടികളെ നയിക്കുന്നതിനായി മികച്ച ലൈബ്രറി സംവിധാനവും ഒരുക്കിയി രിക്കുന്നു. വിദ്യാര്‍ഥി സൗഹൃദ ടോയ് ലെറ്റുകളും ശുദ്ധമായകുടിവെള്ളവും കുട്ടികളുടെ അവകാശമായി നോക്കിക്കാണുന്നു ഈ വിദ്യാലയം. സര്‍വസജ്ജമായ കംപ്യൂട്ടര്‍ ലാബും റീഡിംഗ് കോര്‍ണറും പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളായി ജനറല്‍ അസംബ്ലിയും ഓരോ ദിനാചരണങ്ങളും തുടങ്ങി പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ശോഭനയുടെ പ്രത്യേകതയാണ്.

പാഠ്യേതര മേഖലയില്‍ കരാട്ടേ, സ്‌കേറ്റിംഗ്, ഡാന്‍സ്, പാട്ട്, ഗിത്താര്‍, തബല, കീ ബോര്‍ഡ്, വയലിന്‍ എന്നിവയും പഠിപ്പിക്കുന്നു. ചിത്രരചന, അബാക്കസ് എന്നിവയും കുട്ടികളുടെ മികവ് ഉയര്‍ത്തുന്നതിനായി പഠിപ്പിച്ചുവരുന്നു. നിശ്ചിത ഇടവേളകള്‍ ക്കുള്ളില്‍ സന്‍മാര്‍ഗ പാഠ ക്ലാസുകളും, ഡിബേറ്റുകളും, എക്സിബിഷനുകളും നടത്തുന്നു. കുട്ടികളില്‍ സഹാനുഭൂതിയും കരുതലും വളര്‍ത്തുന്നതിനായി അനാഥാല യങ്ങളും, ട്രൈബല്‍ സെറ്റില്‍മെന്റുകളും സന്ദര്‍ശിക്കുന്നു.

ശോഭനയില്‍നിന്ന് പഠിച്ചിറങ്ങിയ കുട്ടികള്‍ ഇന്ന് സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഉന്നതനിലയില്‍ സേവനം അനുഷ്ഠിക്കുന്നു. കോതമംഗലം രൂപതാ വൈദികരായ ഫാദര്‍ ജോര്‍ജ് കെ. എടത്തല, ഫാദര്‍ ഫ്രാന്‍സിസ്‌കോ വിളയില്‍, മൂവാറ്റുപുഴ M.L.A. ശ്രീ.മാത്യു കുഴല്‍നാടന്‍, I.A.S. ഓഫീസര്‍ ശ്രീ. ഫെബിന്‍ ഫിലിപ്പ്, I.P.S. ഓഫീസര്‍ ശ്രീ. സന്തോഷ് വര്‍മ്മ, നേവിക്യാപ്റ്റന്‍ ശ്രീ.മിലന്‍രാജ്, ക്രിക്കറ്റ് താരം ശ്രീശാന്ത്, തിരക്കഥാകൃത്ത് ശ്രീ. ആദര്‍ശ് സുകുമാരന്‍… കൂടാതെ പ്രഗല്‍ഭരായ ധാരാളം ഡോക്ടര്‍മാര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍, എന്‍ജിനീയര്‍മാര്‍, അധ്യാപകര്‍, നഴ്‌സുമാര്‍, വക്കീലന്മാര്‍ ബിസിനസ്സുകാര്‍, സംരംഭകര്‍, നല്ല കൃഷിക്കാര്‍… അങ്ങനെ നീണ്ടു പോകുന്നു ആ ശ്രേണി.

എന്റെ മക്കള്‍ സത്യത്തിന്റെ പാതയില്‍ ചരിക്കുന്നു എന്നറിയുന്നതിനെക്കാള്‍ മറ്റൊരു സന്തോഷമില്ല എന്ന അച്ചന്റെ ആപ്തവാക്യം ഇന്നും കാത്തുസൂക്ഷിക്കുന്നതില്‍ ശോഭനതെല്ലും പിന്നാക്കം പോയിട്ടില്ല. സി.എസ്.എന്‍. സന്യാസിനീ സമൂഹവും, കാലാകാലങ്ങളില്‍ ഇതിനെ നയിച്ച പ്രഥമാധ്യാപകരും അധ്യാപകരും അനധ്യാപകരും ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ്. ഒപ്പം എന്നും ഈ സ്‌കൂളിന്റെ പുരോഗതിയില്‍ പിന്തുണ നല്‍കിയ രക്ഷാകര്‍ത്താക്കളെയും ഉപകാരി കളെയും എന്നും നന്ദിയോടെ അനുസ്മരിക്കുന്നു. ജോണ്‍ മാതേക്കലച്ചന്റെ വലിയ പ്രയത്‌നത്തെ സ്മരിക്കുമ്പോള്‍ ഓര്‍മ്മ വരുന്ന ശ്രീ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വാക്കുകളോടെ അവസാനിപ്പിക്കുകയാണ്.

“Let us sacrifice our today so that our children can have a better tomorrow.”

തയ്യാറാക്കിയത്:
സിജി അഗസ്റ്റിന്‍ (ഹെഡ്
മാസ്റ്റര്‍),
സുധ റ്റി.കെ. (അധ്യാപിക),
ശ്രീലജ വര്‍മ്മ (സ്റ്റാഫ് സെക്രട്ടറി).

 

Related Articles