Friday, July 31, 2026

യാത്ര

ദൈവത്തിലേക്ക് എത്ര വഴികള്‍ ഉണ്ട്? എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇമയനക്കങ്ങളുടെ ദൈര്‍ഘ്യത്തിനുപോലും ഇട കൊടുക്കാതെയാണ് ബെനഡിക്ട് പാപ്പ മറുപടി പറഞ്ഞത്: ”ലോകത്ത് എത്ര മനുഷ്യരുണ്ടോ? അത്രയും വഴികള്‍ ഉണ്ട്” എന്നായിരുന്നു ആ മറുപടി. ഇത്തരമൊരു ചോദ്യത്തിന് ആലോചിക്കാന്‍ പോലും സമയം എടുക്കാതെ ഉത്തരം പറയാന്‍ കഴിഞ്ഞതുകൊണ്ടുതന്നെ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ബുദ്ധിമാനായ മനുഷ്യന്‍ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍
പാപ്പയെ അടയാളപ്പെടുത്തിയത്. ഇത് വെറും ബുദ്ധിയുടെ നിറവില്‍ നിന്നുള്ള ഉത്തരമല്ല. ഇതില്‍ ഒരു ആത്മധ്യാനത്തിന്റെ വെളിപാടുണ്ട്. അതുകൊണ്ട് തന്നെയാണ് നിലപാടുകളിലൂന്നി അദ്ദേഹം മുന്നേറിയതും ഉചിതമായ വേളയില്‍ തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞതും പ്രാര്‍ത്ഥനയുടെ നിറവില്‍ നിത്യത പൂകിയതും.

സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ ഓരോരുത്തര്‍ക്കും ഓരോ വഴികളുണ്ട്. അതിലെ അനുഭവങ്ങളും വഴിയോരക്കാഴ്ചകളും തികച്ചും വ്യത്യസ്തംതന്നെ. ”ഉന്നതങ്ങളിലേക്ക് ഒരു തീര്‍ത്ഥയാത്ര” എന്ന ഹന്ന ബര്‍ണാഡിന്റെ ഒരു വിവര്‍ത്തന കൃതിയുണ്ട്. അതില്‍ ഭീത എന്നു പേരുള്ള ഒരു മനുഷ്യാത്മാവിന്റെ യാത്രയാണ് പ്രതിപാദ്യ വിഷയം. ഒരു കവിത പോലെ വായിച്ചു തീര്‍ക്കാവുന്ന പുസ്തകമാണത്. അവളുടെ യാത്രയില്‍ നഷ്ടങ്ങളുടെ താഴ്‌വരകളും ഭീതി നിറഞ്ഞ ചെങ്കുത്തായ പാറക്കെട്ടുകളും മരണം മണക്കുന്ന മലയിടുക്കുകളും സാന്ത്വനത്തിന്റെ സമതലങ്ങളും വര്‍ണ്ണാഭമായ താഴ്‌വാരങ്ങളും പിന്നിടേണ്ടിവരുന്നുണ്ട്. എത്തിച്ചേരേണ്ട ഉന്നതഗിരിയില്‍ എത്തുമ്പോഴേക്കും അവളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഈ രൂപാന്തരീകരണത്തിന്റെ യാത്ര പൂര്‍ണ്ണമാകുന്നത് ആ ഗിരി ശൃംഗത്തില്‍ വച്ച് തന്റെ ഹൃദയത്തില്‍ വേരുന്നി വളര്‍ന്ന സ്‌നേഹത്തിന്റെ ചെടിയെ വേരോടെ പിഴുതെടുത്ത് ഇടയനു സമര്‍പ്പിക്കുമ്പോഴാണ്. തന്റെ ജീവന്റെ ഭാഗമായിത്തീര്‍ന്ന ആ സ്‌നേഹച്ചെടി പിഴുതെടുക്കാന്‍ അവള്‍ ഏറെ വേദനിക്കുന്നുണ്ട്. ബലിപീഠത്തില്‍ ബന്ധിച്ചുകൊണ്ട് ഇടയനാണ് അവള്‍ക്ക് അത് പിഴുതെടുത്ത് കൊടുക്കുന്നത്. ഒടുവില്‍ ഭീത കൃപാമഹത്വം എന്ന പേര് സ്വീകരിക്കുന്നിടത്താണ് ആ യാത്രയുടെ അവസാനം കുറിക്കുന്നത്.

കാലത്തില്‍ രണ്ടുസമയത്തായി യാത്ര തുടങ്ങിയ രണ്ടുസ്ത്രീകള്‍ ഉണ്ടായിരുന്നു. ആത്മശരീര നൈര്‍മല്യത്തില്‍ തുല്യരെങ്കിലും അവരുടെ ചുറ്റുപാടുകള്‍- ശ്വസിക്കുന്ന വായുപോലും വ്യതിരക്തമായിരുന്നു. അവരായിരുന്നു ആദ്യ മാതാവായ ഹവ്വായും മറിയവും. പാപം തീണ്ടാത്ത പ്രപഞ്ചത്തില്‍ ദൈവത്തോട്‌ കൊച്ചുവര്‍ത്തമാനങ്ങള്‍
പറഞ്ഞ് സന്ധ്യാവേളകളെ സാന്ദ്രമാക്കാന്‍ പോലുമുള്ള ഭാഗ്യം ഹവ്വായ്ക്കുണ്ടായിരുന്നു. പക്ഷേ, അഹം എന്ന സര്‍പ്പത്തിന്റെ സഹവാസം കൊണ്ട് അവള്‍ ദൈവത്തെപോലെയാകാന്‍ ശ്രമിച്ചതു മുതല്‍ പാപം എന്ന വിഷപ്പുകയാല്‍ ഈ മണ്ണും മനുഷ്യനും കല്‍പ്പാന്തകാലത്തോളം വിഷലിപ്തമായി. അവിടെയാണ് മറിയം യാത്ര തുടക്കം കുറിക്കുന്നത്. ചുറ്റുപാടുകള്‍ മലിനമാണെങ്കിലും അവള്‍ പരിശുദ്ധയായി നിലകൊണ്ടു. ദൈവത്തോടൊത്തുള്ള വിശ്രമവേളകള്‍ അവള്‍ക്കന്യമായിരുന്നെങ്കിലും ദൈവത്തെ തന്നിലൂടെ ലോകത്തിനു
നല്‍കാന്‍ അവള്‍ തന്നെത്തന്നെ നല്‍കി. സ്വന്തം സുഖങ്ങളും സന്തോഷങ്ങളും വേണ്ടെന്നു വയ്ക്കാന്‍ മനസ്സിലുറച്ച നിമിഷം മുതല്‍ അവള്‍ കനല്‍ വഴിയിലൂടെ നടന്ന് മാറ്റുരയ്ക്കപ്പെട്ടുകൊണ്ടിരുന്നു. ദൈവപുത്രനുതന്നെ ജന്മം നല്‍കാന്‍ കഴിഞ്ഞെങ്കിലും ആ കുഞ്ഞിനെയും ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട്
അവള്‍ തന്റെ സമര്‍പ്പണം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. തന്റെ ദിവ്യസുതനെപ്പോലെ കാല്‍വരികയറിയും കാരിരുമ്പാണികള്‍ക്കും മുള്‍മുടിക്കും
ശിരസും ഹൃദയവും ആത്മാവും നല്‍കി മഹത്വം ചൂടി നിന്നു.

അധികം ലഭിച്ചവനില്‍നിന്ന് അധികം ആവശ്യപ്പെടുന്ന ദൈവം (ലൂക്കാ 12 : 48) അവളോട് അധികം ചോദിച്ചു. ഇതേ കാലത്തില്‍ത്തന്നെ യാത്ര തുടങ്ങിയവരാണ് നാമും. ലക്ഷ്യമോ ദൈവവും. അനുഭവകാഴ്ചകള്‍ വ്യത്യസ്തമാണെങ്കിലും വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനംചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമാണ് (റോമ 8:18). പതറിപ്പോയ തന്റെ യാത്രയുടെ പാകപ്പിഴകള്‍ തിരിച്ചറിഞ്ഞിട്ടും തിരിച്ചുവരാന്‍ ശ്രമകരമായി പണിപ്പെട്ട ഒരാളായിരുന്നു വി. അഗസ്റ്റിന്‍. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന ഏറെ മനോഹരമാണ്. ”ദൈവമേ, അങ്ങ്
എന്റെ ഹൃദയം എടുത്തുകൊള്ളുക. അത് എടുത്തു തരാന്‍ എനിക്ക് ആകുന്നില്ല. അങ്ങയുടെ ഹൃദയത്തിനു കീഴ്‌പ്പെട്ടിരിക്കാന്‍ എനിക്ക് കുരിശുകള്‍ നല്‍കണമേ…”വഴിതെറ്റിപ്പോയ യാത്രകളില്‍ തിരിച്ചുനടക്കാന്‍ നമുക്കും അവസരമുണ്ട്. ഒരുപക്ഷേ, മറിയത്തെപ്പോലെ പതറിപ്പോകാതെ മുന്നേറാന്‍ നമുക്ക് ആകണമെന്നില്ല. ഈ യാത്രയിലെ ഏറ്റവും വലിയ ആനുകൂല്യം യാത്രയില്‍ ഉടനീളം വഴിവിട്ടു നടന്നാല്‍ ഒടുവിലെ നിമിഷങ്ങള്‍ ലക്ഷ്യബോധത്തോടെ നടന്നാല്‍ ലക്ഷ്യം ചേരാം എന്നതാണ്.

സി. നിമിഷ റോസ് CSN 

Related Articles