Thursday, March 19, 2026

ബ്രിജിറ്റ


ബ്രിജിറ്റ എന്നായിരുന്നു അവരുടെ പേര്. ഞങ്ങള്‍ കുട്ടികള്‍ അവരെ വിശുദ്ധ വല്യമ്മ എന്ന് വിവിളിച്ചിരുന്നു. പേരു പോലെതന്നെ പരോപകാരത്തില്‍ അവര്‍ വിശുദ്ധതന്നെയായിരുന്നു. വെളുത്ത് കൊലുന്നനെ മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുമായി അവര്‍ നടന്നകലുമ്പോള്‍ നഷ്ട പ്രതാപത്തിന്റെ ആഢ്യത്വം അവരില്‍ കാണുമായിരുന്നു. തന്റേടവും അറിവും സംസാരവും കൊണ്ട് അവരെന്നില്‍ നിറഞ്ഞുനിന്നു. അമ്മയുടെ കണ്ണ് ചുവന്നിരുന്നപ്പോള്‍ പച്ചിലച്ചാറും മുലപ്പാലും ചേര്‍ത്ത് തുണിയിലരിച്ച് കണ്ണിലൊഴിക്കുമ്പോള്‍ ഞാന്‍ ആരാധനയോടെ അവരെത്തന്നെ നോക്കി നിന്നു.

കാതുകുത്തല്‍, പ്രസവവേദനകളില്‍ ആശ്വസിപ്പിക്കല്‍ തുടങ്ങി എല്ലാറ്റിലും അവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. എന്നിലെ വൈദ്യാഭിരുചിക്ക് ചിറകുവയ്പ്പിച്ചത് ഈ വല്യമ്മയായിരിക്കണം. സ്വന്തമായി ചികിത്സിക്കാന്‍ കഴിയുന്നത് എല്ലാറ്റിലും മഹത്തരംതന്നെ. ഭാവിയില്‍ വിശുദ്ധ വല്യമ്മ ആകണമെന്നായിരുന്നു എന്റെ ചെറുപ്പത്തിലെ ആഗ്രഹം.

ഒരു ദിവസം അവര്‍ എന്നോട് പറഞ്ഞു: ”ചുറ്റുമുള്ള ഈ ഭൂമിയെല്ലാം ഞങ്ങളുടേതായിരുന്നു.” അന്നത്തെ പത്തു വയസ്സുകാരിക്ക് ഭൂമിയുടെ വലിപ്പമോ അവരുടെ നഷ്ടപ്രതാപമോ മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. കാരണം എന്റെ ഗ്രാമത്തിലെ പുരയിടങ്ങള്‍ക്കും മനസ്സിനും മതിലുകള്‍ ഉണ്ടായിരുന്നില്ല. അയല്‍വീടുകളിലെ മാവും പുളിയും കൊയ്ത്തുത്സവങ്ങളും എന്റേതുകൂടിയായിരുന്നു. കൊച്ചി നഗരത്തില്‍ നിന്നുവന്ന പരിഷ്‌കാരിയുടെ മകളെ ഗ്രാമം നെഞ്ചിലേറ്റി എന്ന് പറയുന്നതാകും കൂടുതല്‍ ശരി.

എല്ലാവരുടേയും വേദനകളെ ഏറ്റെടുത്തിരുന്ന അവര്‍ സ്വന്തം വേദനകള്‍ ആരെയും അറിയിച്ചില്ല. മുഴുക്കുടിയനായ ഒരേയൊരു മകനും മകന്‍ വരുത്തിവയ്ക്കുന്ന കടങ്ങള്‍ തീര്‍ക്കാന്‍ ഭൂമികള്‍ ഓരോന്നായി വില്‍ക്കുവാന്‍ ഒപ്പിടുമ്പോളും അവരുടെ മനസ്സ് പതറിയിട്ടുണ്ടാകാം കൈകള്‍ വിറച്ചിട്ടുണ്ടാകാം. നീണ്ടു പരന്ന് കിടക്കുന്ന നെല്പാടങ്ങളെ നോക്കി വടക്ക് ദര്‍ശനമായ വീടിന്റെ അരഭിത്തിയിലിരുന്ന് എത്രയോ പകലുകള്‍ അവര്‍ നെടുവീര്‍പ്പിട്ടുണ്ടാകാം. പിന്നീടെപ്പോഴോ ആ വീടും പ്രതാപങ്ങളും വിട്ട് മകനും കുടുംബത്തോടുമൊപ്പം അന്യദേശത്തേക്ക് യാത്രയാകുമ്പോള്‍ അവര്‍ പതറിയിരുന്നോ…? ഓര്‍ക്കുന്നില്ല. ഇപ്പോള്‍ ഓര്‍മ്മ മാത്രം അവശേഷിക്കുമ്പോള്‍ ചോദ്യങ്ങള്‍ ബാക്കിയാകുന്നു. വെളുത്ത് കൊലുന്നനെ മുറുക്കിച്ചുവന്ന ചുണ്ടുകളുമായി തിളങ്ങിയിരുന്ന ആ യൗവ്വനത്തിനും വൈധവ്യത്തിനും മുന്‍പില്‍ എന്റെ ഗ്രാമത്തിലെ പൗരുഷം പഞ്ചപുച്ഛമടക്കി നിന്നിരുന്നോ, അതോ ആദരവായിരുന്നോ?


ഡോ. അനി സ്റ്റാന്‍ലി

Related Articles