”കുമ്പസാരമാണീക്രിസ്ത്യാനികളെ ചീത്തയാക്കുന്നത്.” ഒരാള്‍ ക്ഷുഭിതനാവുകയാണ്. തീരെ പ്രതീക്ഷിക്കാത്ത ഒരാളില്‍ നിന്നാണതുണ്ടായത്. അമ്പരന്നുപോയി. കുമ്പസാരത്തിനും വിശുദ്ധ കുര്‍ബാനയ്ക്കുമൊക്കെ പതിവു തെറ്റിക്കാതെ അണയുന്നവരുടെ ജീവിതം കാണുമ്പോഴുള്ള നിരാശയില്‍നിന്നാണ് അയാളതു പറഞ്ഞതെന്ന് അറിയാം. എങ്കിലും അയാളുടെ പരാമര്‍ശം വെറുതെ തള്ളിക്കളയേണ്ട ഒന്നല്ല എന്നു തോന്നി. ആട്ടെ നമ്മളെങ്ങനെയാണ് പവിത്രമായ ഈ കര്‍മ്മത്തിനണയുന്നത്?
ക്രിസ്റ്റ്യാനിറ്റിയിലെ ഏറ്റവും വലിയ അനുഗ്രഹമായിത്തന്നെ കുമ്പസാരത്തെ കരുതണം. ഭയമോ ലജ്ജയോ കൂടാതെ സ്വന്തം ഇടര്‍ച്ചകളെ ഏറ്റുപറയാനും വിമോചിതരാകാനും ലോകത്തുള്ള ഏക ഇടമാണ് കുമ്പസാരക്കൂട്. ആ വൈദികന്റെ കാതില്‍ നിങ്ങള്‍ പറഞ്ഞത് ഇനി ഒരിക്കലും വേറൊരു കാതില്‍ അയാള്‍ പറയില്ല – പ്രാണന്‍ കൊടുക്കേണ്ടിവന്നാലും. അതൊരു ഉറപ്പാണ്. ഇന്നുവരെ ലംഘിക്കപ്പെടാത്ത ഉറപ്പ്. അങ്ങനെ ഓരോ കുമ്പസാരവും നമുക്ക് വലിയൊരു സുരക്ഷിതത്വം നല്കുന്നു. വീണ്ടും ആരംഭിക്കാന്‍ നമുക്കൊരു ഊഴം നല്കുന്നു. അതുപക്ഷേ, ഭയമില്ലാതെ അതേ തെറ്റുകള്‍ ആവര്‍ത്തിക്കാനുള്ള അനുമതിയായി കണക്കാക്കിയാല്‍ എന്തുചെയ്യും?
ചെയ്തുപോയ അപരാധമോര്‍ത്തുള്ള ആത്മാര്‍ഥമായ ദുഃഖമാണ് കുമ്പസാരത്തിനുള്ള
അടിസ്ഥാനയോഗ്യത. ഇങ്ങനെ ഹൃദയം തകര്‍ന്നു നടത്തുന്ന സുന്ദരമായ ചില കുമ്പസാരങ്ങള്‍ പഴയനിയമത്തിലും പുതിയ നിയമത്തിലുമുണ്ട്. ചിലതു മാത്രമൊന്നു സൂചിപ്പിക്കുന്നു. സഹോദരനെ കൊന്ന കായേന്‍. കാണുന്നവരൊക്കെ തന്നെ ഇനി കൊല്ലാനായും എന്ന അയാളുടെ നിലവിളിയില്‍ ആബേലിനെ കൊന്നതിന്റെ ദുഃഖമാണ്. ശിഷ്ടകാലം അയാള്‍ ഏകനായ് അലയുകയാണ്. ദൈവികദര്‍ശനം ലഭിച്ച ഏശയ്യാ തന്നിലേക്കു തിരിഞ്ഞ് ഇങ്ങനെ വിലപിക്കുന്നു: ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനാണ്.
പുതിയ നിയമത്തില്‍ ക്രിസ്തുവിന്റെ മുഖപ്രകാശത്തിലാണ് മനുഷ്യര്‍ തങ്ങളെത്തന്നെ കണ്ടത്. പത്രോസ് അവിടുത്തെ ആദ്യമായി കാണുകയാണ്. മുമ്പില്‍ നില്ക്കുന്ന ചെറുപ്പക്കാരനില്‍ എന്തോ ഒരു അലൗകികമായ വെട്ടം തിരിച്ചറിഞ്ഞ പത്രോസ് മാറത്തടിച്ച് നിലവിളിച്ചു: ഞാന്‍ പാപിയായ മനുഷ്യനാണ്. എന്നില്‍നിന്ന് അകന്നുപോകുക.
സക്കേവൂസാണ് മറ്റൊരാള്‍. താന്‍ പാപിയാണെന്ന് അയാള്‍ വിളിച്ചു പറയുന്നില്ല. എങ്കിലും അയാളുടെ വാക്കുകളും അതു വെളിപ്പെടുത്തുകയാണ്. ഒരു വിരുന്നിനിടെ അവന്റെ പാദം കണ്ണുനീര്‍കൊണ്ട് കഴുകിത്തുടയ്ക്കുന്ന സ്ത്രീയുടെ കരച്ചിലും നിശ്ശബ്ദമായ ഒരേറ്റുപറച്ചിലായിരുന്നു. ക്രിസ്തുവിനൊപ്പം ക്രൂശിക്കപ്പെട്ട ഒരു കുറ്റവാളി
താനീ ശിക്ഷ അര്‍ഹിക്കുന്നു എന്നാണ് കുമ്പസാരിക്കുന്നത്.
ചെയ്ത അധര്‍മങ്ങള്‍ക്കു പരിഹാരം ചെയ്യണമെന്നതൊരു സ്വാഭാവിക യുക്തിയാണ്. അപ്പോള്‍ മാത്രമേ അനുതാപം പൂര്‍ത്തിയാവുകയുള്ളൂ. അതോടുകൂടി അവരുടെ ജീവിതത്തെ പുതിയൊരു ദിശയിലേക്കു ദൈവം തിരിച്ചുവിടുന്നു. പരിഹാരം കുമ്പസാരക്കൂട്ടില്‍ ലഭിക്കുന്ന പ്രായശ്ചിത്തം മാത്രമാണെന്ന് കരുതരുത്. മോഷ്ടിച്ചെന്ന് ഏറ്റുപറഞ്ഞാല്‍ മാത്രം പോരല്ലോ. ഒന്നുകില്‍ തിരികെ കൊടുക്കുകയോ അതിനു നിവൃത്തിയില്ലെങ്കില്‍ സമാനമായ നഷ്ടപരിഹരം ചെയ്യുകയോ ചെയ്യേണ്ടതുണ്ട്. അങ്ങനെ ഓരോ ഇടര്‍ച്ചയ്ക്കും അനുപാതികമായ പരിഹാരം ചെയ്യുമ്പോഴേ ജീവിതത്തില്‍ മാറ്റമുണ്ടാവുകയുള്ളൂ. സക്കേവൂസാണ് ക്ലാസിക്കായ ഉദാഹരണം. വന്ന വഴികള്‍ നേരെയായിരുന്നല്ലെന്ന് മനസ്സിലാക്കുന്ന അയാള്‍ അപ്പോള്‍ത്തന്നെ അതിനു പരിഹാരം ചെയ്യുകയാണ്. സ്വത്തില്‍ പകുതി ദരിദ്രര്‍ക്ക്, വഞ്ചിച്ചെടുത്തതിനു പകരം നാലിരട്ടി നല്കുമെന്ന് പ്രഖ്യാപിക്കുന്നു. അപ്പോഴാണ് ക്രിസ്തു ആ കുടുംബത്തിന് രക്ഷ ആശംസിക്കുന്നത്.
സക്കേവൂസിന്റേതിനു സമാനമായൊരു കുമ്പസാരം പഴയനിയമത്തിലുണ്ട്. യാക്കോബിന്റേതാണത്. ചേട്ടനെ വഞ്ചിച്ച് കടിഞ്ഞൂലവകാശം തട്ടിയെടുത്ത അയാള്‍ പ്രാണന്‍ കയ്യിലെടുത്ത് നാടുവിടുന്നു. അവിടെവച്ച് പലതവണ വഞ്ചിക്കപ്പെട്ടും കൊടിയ ദുരിതങ്ങള്‍ അനുഭവിച്ചും നീണ്ട 20 വര്‍ഷങ്ങള്‍… അക്കാലത്ത് ഏസാവിനെ വഞ്ചിച്ച ഓര്‍മ എത്രയോവട്ടം അയാളെ അലട്ടിയിട്ടുണ്ടാകും. തിരികെ വരുന്ന യാക്കോബ് പഴയആളല്ല. വിമലീകരിക്കപ്പെട്ടവനാണ്. തനിക്കു ലഭിച്ച അനുഗ്രഹങ്ങള്‍ക്കു താന്‍ തീര്‍ത്തും അനര്‍ഹനായിരുന്നു എന്ന് അയാള്‍ ദൈവത്തോടു ഏറ്റുപറയുന്നു. ഇപ്പോള്‍ ഏസാവിനെ യജമാനനായി മാത്രമല്ല, ദൈവത്തെപ്പോലെതന്നെ കാണുകയാണ്. മാത്രമല്ല, വഞ്ചിച്ച് വാങ്ങിയ അനുഗ്രഹങ്ങള്‍ വഴി തനിക്കു ലഭിച്ച സമ്പത്തില്‍ നിന്ന് നല്ലൊരു പങ്ക് അയാള്‍ ഏസാവിനു നല്കുകയാണ്. അതൊരു പ്രായശ്ചിത്തമാണ്. ശരിക്കും ഏസാവിനവകാശപ്പെട്ടതായിരുന്നല്ലോ ഈ സമ്പത്തും ഐശ്വര്യവുമൊക്കെ. ദൈവത്തോടും സഹോദരനോടും രമ്യതപ്പെട്ട യാക്കോബിന്റെ ജീവിതത്തില്‍ അന്ന് ദൈവം പ്രത്യേകമായി ഇടപെടുന്നു. അവനു പുതിയൊരു പേര് നല്കുന്നു – ഇസ്രായേല്‍. ഇസ്രായേല്‍ പിന്നെ ഒരു ജനതയായി. രക്ഷാകര ചരിത്രം ആ ജനതയിലാണ് ഇതള്‍വിരിയുന്നത്.
ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ പത്രോസിന് അതോര്‍ത്ത് കരഞ്ഞുകരഞ്ഞ് കണ്ണീര്‍ ചാലുണ്ടായി എന്നാണ് പാരമ്പര്യം. ദുര്‍ബലനായ ആ മനുഷ്യനെത്തന്നെ സഭയുടെ അടിത്തറയാക്കാന്‍ അവിടുന്നു വിശ്വസിച്ചു അതാണ് ഏറ്റുപറച്ചിലിന്റെ മനോഹരമായ ഒരു പരിണാമം. കണ്ണീരില്‍ മുങ്ങി ശുദ്ധയായ മഗ്ദലന കൂടുതല്‍ സ്‌നേഹിച്ചതുകൊണ്ടാണ് പ്രായശ്ചിത്തം ചെയ്തത്. ഉത്ഥാനശേഷം ആദ്യ ദര്‍ശനം നല്‍കി അവളെ ക്രിസ്തു ആദരിക്കുന്നു. അപ്പസ്‌തോലന്മാരുടെ അപ്പസ്തോലയെന്നു വിശേഷിപ്പിക്കുന്നത് അവളെയാണ്. നമ്മുടെ നോമ്പും ഉപവാസവും പ്രാര്‍ത്ഥനയുമൊക്കെ ലളിതമായ ചില പ്രായശ്ചിത്തങ്ങളാണ്.
സ്‌നേഹം തിരിച്ചറിയുന്നിടത്താണ് ഏറ്റുപറച്ചിലുകള്‍ ഉണ്ടാകുന്നത്. തെറ്റിപ്പോയി എന്നു നിലവിളിക്കുന്ന ഒരാളെ തള്ളിപ്പറയാന്‍ നമുക്കു കഴിയില്ലെങ്കില്‍ ദൈവത്തിന്റെ കാര്യം പറയാനുണ്ടോ? അവരെ പുതിയ നിയോഗങ്ങള്‍ നല്കാന്‍ മാത്രം വിശ്വസിക്കുകയാണവിടുന്ന്. വിശുദ്ധരെ വാര്‍ത്തെടുക്കുന്ന ഇടം കൂടിയാണ് കുമ്പസാരക്കൂട്. അതുകൊണ്ടുതന്നെ നമ്മള്‍ കുമ്പസാരകൂട്ടിലണയാതിരിക്കാന്‍ പിശാച് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും എന്നുകൂടി അറിഞ്ഞിരിക്കുക. ആത്മാവിനെ നഗ്‌നമാക്കാന്‍ വിനയമുള്ളവര്‍ക്ക് ദൈവത്തിന്റെ കരുണതൊട്ടനുഭവിക്കാന്‍ കഴിയുന്ന വേദിയാണ് കുമ്പസാരക്കൂട്.
അനുതാപമില്ലാത്ത ഏറ്റുപറച്ചിലും പരിഹാരം ചെയ്യാനുള്ള വിമുഖതയുമാണ് വീണ്ടും വീണ്ടും ഒരേ തെറ്റുകള്‍ തുടര്‍ന്നുകൊണ്ട് നമ്മളിങ്ങനെ പൊയ്‌ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഈ സിനിമക്കാര്‍ക്കു പരിഹസിക്കാനുള്ള വിഷയമായി കുമ്പസാരം മാറുന്നതും. അതവരുടെ കുറ്റമല്ല.. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ…!

സി. ശോഭ CSN




