Friday, March 6, 2026

വിവാഹ വഞ്ചന

വിദേശത്ത് ജോലി കിട്ടിയാല്‍ എല്ലാമായി എന്ന് വിചാരിക്കുന്നവര്‍ ഇന്ന് കൂടി വരികയാണ്. അങ്ങനെ വിദേശ ജോലി സ്വപ്നം കണ്ട ഇരട്ട സഹോദരിമാരാണ്‌ സിനുവും സിന്ധുവും. എന്നാല്‍, പഠനത്തിലും മറ്റുള്ള കാര്യങ്ങളിലും സിന്ധുവാണ് മിടുക്കി. ഇരുവരും നഴ്‌സിങ് പാസായെങ്കിലും വിദേശത്തേക്കുള്ള പഠനവും ഇന്റര്‍വ്യൂകളും ഒക്കെ മറികടക്കാന്‍ സിനുവിന് കഴിഞ്ഞില്ല. പിരിയാന്‍ പ്രയാസമായിരുന്നെങ്കിലും ഒരാളെ നാട്ടില്‍ വിട്ടിട്ട് മറ്റെയാള്‍ വിമാനം കയറി. ഇതുവരെ ഒരുമിച്ച് മാത്രമായിരുന്നു പഠനവും ജീവിതം മുഴുവനും. വിവാഹവും ഒരുമിച്ചായിരിക്കണം എന്ന് അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ബുദ്ധിശക്തിയിലും കഴിവിലും വ്യത്യസ്തരായിരുന്നെങ്കിലും കാഴ്ചയില്‍ ഒരുപോലെ. സംസാരരീതിയും പെരുമാറ്റങ്ങളുമൊക്കെ തിരിച്ചറിയാന്‍ പ്രയാസം തോന്നുംവിധം സാമ്യമുണ്ട്. ചേട്ടനും
കുഞ്ഞനുജത്തിമാരും ഉള്‍പ്പെടുന്ന അവരുടെ കുടുംബാന്തരീക്ഷത്തില്‍ സിനുവിന്റെ ചെറിയ തോതിലുള്ള ബുദ്ധിവൈകല്യം സങ്കടത്തിന്റെ ഒരുനിഴല്‍ വീഴ്ത്തിയിരുന്നുവെങ്കിലും പഠനത്തില്‍ സിന്ധു അവളെ സദാ പിന്തുണച്ചിരുന്നു. അങ്ങനെയാണ് കഷ്ടിച്ച് നേഴ്‌സിംഗ് പാസാകാന്‍ അവള്‍ക്ക് കഴിഞ്ഞത്.

സിന്ധുവിന്റെ അവധി കാത്തിരുന്ന മാതാപിതാക്കള്‍ ഇരുവര്‍ക്കും കല്യാണാലോചനകള്‍ കാര്യമായിത്തന്നെ നടത്തി. രണ്ടുപേര്‍ക്കും വിദേശത്ത് ജോലിയുള്ള ചെക്കന്മാരെത്തന്നെ കണ്ടുപിടിച്ചു. പെണ്ണുകാണലും മറ്റു നടപടിക്രമങ്ങളുമൊക്കെ സിന്ധു അവധിക്ക് വരുമ്പോള്‍ നടത്താമെന്ന ധാരണയില്‍ കാര്യങ്ങള്‍ ഏതാണ്ട് ഉറപ്പിച്ചുവച്ചു. ഒരു മാസത്തെ അവധിക്കുള്ളില്‍ ആഘോഷങ്ങളെല്ലാം കഴിയണം. അതനുസരിച്ച് ഇരുവരുടെയും ആടയാഭരണങ്ങളും സ്ത്രീധനവുമെല്ലാം കരുതിവച്ചു. പെണ്ണുകാണല്‍ ചടങ്ങ് മുതല്‍ എല്ലാം കിടക്കുന്നു.

സിന്ധു നാട്ടിലെത്തി, കാര്യങ്ങളെല്ലാം പ്ലാന്‍ ചെയ്തപോലെ മുന്നോട്ടുപോയി. ഇരുവരുടെയും വിവാഹം അത്യാഘോഷപൂര്‍വ്വം നടന്നു. സിന്ധുവിന് അവധി അധികമില്ലാത്തതിനാല്‍ പിന്നീടുള്ള വിരുന്നു പോകലും ചടങ്ങുകളുമെല്ലാം വ്യത്യസ്ത
ദിവസങ്ങളില്‍ ആയിരുന്നു. സിനുവിന്റെ ഭര്‍ത്താവ് ജോബിന്‍സിന്റെ അങ്കിള്‍ ആയ വൈദികന്‍ ഏതാനും ദിവസങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നതിനാല്‍ നവദമ്പതികള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും ഒപ്പം അവര്‍ക്കു വേണ്ടി മാത്രം കൊച്ചുപദേശങ്ങളും ഒക്കെ ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് അങ്കിള്‍ യാത്ര പറഞ്ഞിറങ്ങും മുമ്പ് ജോബിന്‍സിന്റെ മുഖത്തെ മ്ലാനത ശ്രദ്ധിച്ചു. ആശ്രമത്തില്‍ ചെന്ന ശേഷം അദ്ദേഹം അവനെ വിളിച്ച് കാര്യം തിരക്കി. അവന്റെ മറുപടി കേട്ട് ഉടഞ്ഞു തകരുന്ന മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ അച്ചന്‍ പാടുപെട്ടു. സിനു നല്ലൊരു ശതമാനം ബുദ്ധി വൈകല്യമുള്ള കുട്ടിയാണ്. പഠനം എങ്ങനെയൊക്കെയോ പലതവണ പരീക്ഷകള്‍ എഴുതിയെഴുതി പൂര്‍ത്തിയാക്കി. വിദേശത്തെന്നല്ല, നാട്ടിലെ ഒരു ചെറിയ ക്ലിനിക്കില്‍ പോലും ജോലി
ചെയ്യാനുള്ള ഒരു കപ്പാസിറ്റി അവള്‍ക്കില്ല. ജോബിന്‍സ്‌ യു.കെ.യില്‍ എന്‍ജിനീയറാണ് ഇതിനകം ഭാര്യയെക്കൂടി കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.

വിവാഹാനന്തരമുള്ള ആദ്യദിനങ്ങളില്‍ ഒരുപാട് വിശേഷങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നതിനിടെ തന്റെ ഇരട്ട സഹോദരി ഇതുവരെ തനിക്ക് നല്‍കിയ ശക്തമായ പിന്തുണ ഒന്നൊന്നായി അവള്‍ പറഞ്ഞു. നാട്ടിലെത്തുന്നതുവരെ അതായത് മനഃസമ്മതത്തിന്റെ തലേദിവസംവരെ സംഭാഷണങ്ങളെല്ലാം ഫോണിലൂടെ ആയിരുന്നല്ലോ. തനിക്കുവേണ്ടി എല്ലാം സംസാരിച്ചതും പെണ്ണുകാണലിന് മുന്‍പില്‍വന്ന് വളരെ സ്മാര്‍ട്ടായി ഇടപെട്ടതുമെല്ലാം സിന്ധു ആയിരുന്നു എന്ന് വളരെ നിഷ്‌കളങ്കമായി അവള്‍ ജോബിന്‍സിനോട് പറഞ്ഞു. വാസ്തവത്തില്‍ അവന്റെ മനസ്സില്‍ സഹതാപമാണ് അവളോട് തോന്നിയതെങ്കിലും അവളെ ജീവിതത്തോട് ചേര്‍ത്തു പിടിക്കാനോ തന്നെ വഞ്ചിച്ച അവളുടെ സഹോദരിയോടും മാതാപിതാക്കളോടും ക്ഷമിക്കാനോ സ്വാഭാവികമായും അവനു കഴിഞ്ഞില്ല.

തെറ്റിപ്പോയ ഉത്തരംപോലെ വിവാഹം വെട്ടിത്തിരുത്താനാവുമോ? കേടുവന്ന മെഷീന്‍ പോലെ നന്നാക്കിയെടുക്കാനാവുമോ? പച്ചയ്ക്ക് പറഞ്ഞാല്‍ ഇവിടെ നടന്നത് ആള്‍മാറാട്ടം ആണ്. സിവില്‍ നിയമപ്രകാരവും സഭാ നിയമപ്രകാരവും ഇത് തെറ്റുതന്നെയാണ്. ഈ വിവാഹംതന്നെ അസാധുവാണ്. വെറുതെ ഗെയിം കളിക്കുന്ന ലാഘവത്തോടെ സ്വന്തംമക്കളുടെ ജീവിതത്തെ നടുക്കടലിലേക്ക് തള്ളിവിടുന്ന മാതാപിതാക്കളെ ആര്‍ക്ക് ഉപദേശിക്കാനാവും? വിവാഹമെന്ന പവിത്രമായ കൂദാശയെക്കുറിച്ചും അതിനു വേണ്ടുന്ന ആത്മീയവും ഭൗതികമായ ഒരുക്കങ്ങളെക്കുറിച്ചും അടിസ്ഥാനപരമായ യോഗ്യതകളെക്കുറിച്ചുമെല്ലാം വധൂവരന്മാര്‍ക്കു മാത്രമല്ല കുടുംബാംഗങ്ങള്‍ക്കും അറിവുണ്ടായിരിക്കുക അത്യാവശ്യമാണ്. തിരക്കിനിടയില്‍ തട്ടിക്കൂട്ടുന്ന ഒരു പ്രീ- മാരേജ് കോഴ്‌സ് ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി മാത്രം പങ്കെടുക്കുന്ന രീതിയാണ് പൊതുവെ. ദമ്പതിമാരുടെ ഈ കാല്‍വയ്പ്പില്‍ അവര്‍ മാത്രമല്ല ഇരു കുടുംബങ്ങളാണ് കൈകോര്‍ക്കുന്നത്. ചതിക്കാനും ചതിക്കപ്പെടാനും പാടില്ലാത്ത പരിശുദ്ധമായ ദൈവികമായ ഒരു ഉടമ്പടിയും ദൈവത്തിന്റെ പദ്ധതികളില്‍ പങ്കുചേരാനുള്ള ഒരു വിളിയും അതിലേക്കുള്ള വളര്‍ച്ചയുമാണ് ഒരു വിവാഹ ഉടമ്പടിയിലൂടെ നടക്കുന്നത്.

Annie jose
സി. ആനി ജോസ് CSN 

Related Articles