Friday, March 6, 2026

ആശ്ലേഷമാകാം ആക്രോശമോ?

കുട്ടികള്‍ സ്‌കൂള്‍ മൈതാനത്ത് കളിക്കുന്നു. ഓട്ടവും ചാട്ടവും ആര്‍പ്പും വിളിയും. ആകെ ബഹളമയം. അതിനിടെ കുട്ടികള്‍ തമ്മില്‍ ചെറിയൊരു വാക്കുതര്‍ക്കം. അതു കശപിശയായി. ഒരാള്‍ മറ്റൊരാളെ ഇടിച്ചുവീഴ്ത്തി. എന്നിട്ടും അരിശം തീരാതെ ഒരു ചവിട്ടും. സഹപാഠികള്‍ തടസ്സം പിടിച്ചിട്ടും പുലിയെപ്പോലെ നിന്ന അവനെ ടീച്ചറെത്തി മാറ്റിനിര്‍ത്തി. അപ്പോഴും അവന്റെ കണ്ണുകളില്‍ കനലെരിയുന്നു.

റോഡിലെ പതിവു തിരക്കില്‍പ്പെട്ട് ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങള്‍. ഇടവിടാതെ ഉപയോഗിക്കേണ്ട ഒന്നാണ് ഹോണ്‍ എന്ന വിചാരത്തില്‍ നീട്ടി ഹോണടിക്കുന്നതില്‍ മത്സരിക്കുകയാണ് പലരും. ഇതിനിടയില്‍ നിര്‍ത്താതെ ഹോണടിച്ച് ശല്യം ഉണ്ടാക്കിയതിന്കനപ്പിച്ചൊന്നു നോക്കിയതിന്റെ പേരില്‍ ചീത്തവിളി. മറുവിളി. അടുത്തനിമിഷം ഡോര്‍ വലിച്ചുതുറന്നു പുറത്തിറങ്ങി കൈപ്രയോഗം. ഒരാളെയെങ്കിലും ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ എത്തിക്കേണ്ട ഗതികേട്.

ബസ്സിനുള്ളിലാണ് ഈ സംഭവം. സ്ത്രീകളുടെ സീറ്റില്‍നിന്ന് എഴുന്നേറ്റ് സീറ്റു കൊടുക്കണമെന്ന് ഏറ്റവും മൃദുവായി പറഞ്ഞതേയുള്ളൂ. കണ്ടക്ടറുടെ ക്യാഷ്ബാഗും തട്ടിത്തെറിപ്പിച്ചാണ് ആക്രമണം. പോയി കേസ് കൊടുക്കെന്നാണ് ആക്രോശം. ആരെ വേണമെങ്കിലും വെട്ടിനിരത്താനാണ് ആവേശം.

സമയത്ത് ജോലിക്കെത്തണമെന്നേ മേലധികാരി പറഞ്ഞുള്ളൂ. സൗകര്യപ്പെടില്ലെന്നുതന്നെയായിരുന്നു മറുപടി. അതു സാധ്യമല്ലെന്ന് കര്‍ക്കശമായി പറഞ്ഞപ്പോള്‍ ഭാവം പകര്‍ന്ന് ഭീഷണിപ്പെടുത്തിയത് കേസ് കൊടുക്കുമെന്നാണ്. അത് ഭീഷണി മാത്രമായിരുന്നില്ല എന്നറിഞ്ഞത്, പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസില്‍ പ്രതിയായപ്പോള്‍ മാത്രമാണ്. അതിനുമാത്രം താനെന്ത് തെറ്റു ചെയ്‌തെന്നാണ് ഓഫീസറുടെ സംശയം.
* * * * * * * * * * * * * * * * * * * * * * * *
പത്രമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും അക്രമവാര്‍ത്തകളുടെ പ്രളയമാണ്. ഒന്ന് ക്ഷമിക്കാനോ പൊറുക്കാനോ ആര്‍ക്കും കഴിയുന്നില്ല. ‘പാടത്തെപ്പണിക്ക്‌ വരമ്പത്തു കൂലി’ എന്നതാണ് ഇപ്പോഴത്തെ നയം. തെറിക്കുത്തരം മുറിപ്പത്തല്‍! തനിക്ക് നീരസമുണ്ടാക്കുന്ന ഏതൊരു കാര്യത്തെയും എതിര്‍ക്കുമെന്ന് മാത്രമല്ല എതിരാളിയെ നിലംപരിശാക്കാന്‍ ഉള്ളതെന്തും ചെയ്യും. അടക്കാനാവാത്ത അരിശത്തിന്റെ അഗ്നിജ്വാലകളാണ് എവിടെയുമുയരുന്നത്. ക്ലാസ്മുറിയിലോ കളിക്കളത്തിലോ പണിയിടത്തിലോ വീട്ടകങ്ങളിലോ ഒക്കെ ദേഷ്യം ആളിക്കത്തുകയാണ്. ഉടനടിയാണ് പ്രതിവിധി. അടിച്ചാല്‍ തിരിച്ചടിക്കണമെന്നാണ് പ്രമാണം. ഒരു പടികൂടി കടന്ന് അടിക്കുമെന്ന് പറഞ്ഞാല്‍ മതി, തിരിച്ചടി ആദ്യമെത്തുമെന്നത് പരമാര്‍ഥം.

കുട്ടികളും യുവാക്കളും രക്ഷിതാക്കളും അധ്യാപകരും മുതിര്‍ന്നവരും എന്നല്ല, വ്യത്യസ്ത ജീവിത മേഖലകളില്‍ വിരാജിക്കുന്നവരെല്ലാം, നേതാക്കന്മാരും ആചാര്യന്മാരുമടക്കം അമിത പ്രതികരണങ്ങളുടെ വക്താക്കളായി മാറുകയാണ്. എന്താവാം ഇതിന് കാരണം? കോവിഡിന് മുമ്പും പിമ്പും എന്ന കാലഗണന സ്വീകരിച്ചാല്‍ മുമ്പത്തേതിനെക്കാള്‍ വേഗം കോപാകുലരാകുന്ന തലമുറയെ കണ്ടെത്താനാകുമോ? അങ്ങനെയെങ്കില്‍ കോവിഡിന്റെ അനന്തരഫലങ്ങളില്‍ ഒന്നായി ഈ പ്രതിഭാസത്തെ കാണാനാകുമോ? ഗവേഷണത്തിന് വിധേയമാക്കേണ്ടതല്ലേ ഈ വിഷയം?

രക്ഷാകര്‍തൃസെമിനാര്‍ കഴിഞ്ഞ് പുറത്തിറങ്ങിയതേയുള്ളൂ. ബസ്‌റ്റോപ്പില്‍ എത്തി ബസ്സു കാത്തു നില്‍ക്കുമ്പോള്‍ യുവതിയായ ഒരു അമ്മ റോഡ് മുറിച്ചുകടന്ന് തിടുക്കത്തില്‍ അരികിലെത്തി. ”ഞാന്‍ സാറിന്റെ ക്ലാസ്സിലിരുന്നയാളാണ്. എനിക്ക് ക്ലാസ്സ് ഒത്തിരി ഇഷ്ടപ്പെട്ടു. ഞാനത് പറയാന്‍ വന്നതാ.” ഒറ്റശ്വാസത്തില്‍ ഇത്രയും പറഞ്ഞിട്ട് അവര്‍ ഒറ്റച്ചോദ്യം : ”ഞാനൊന്നു സാറിനെ ഹഗ് ചെയ്‌തോട്ടെ?” മറുപടിക്ക് കാത്തുനില്‍ക്കാതെ പരിസരം മറന്നുള്ള ആശ്ലേഷം. പിന്നെ ഇരുകൈയും ചേര്‍ത്ത് കൈത്തണ്ടയില്‍ മുറുകെപ്പിടിച്ച് കുശലാന്വേഷണം. സ്വന്തം മക്കളുടെ വിശേഷങ്ങള്‍…..

ചില നിമിഷങ്ങള്‍ അങ്ങനെയാണ്. ഒന്നു ചിരിക്കാന്‍, കൈയടിക്കാന്‍, ആര്‍പ്പുവിളിക്കാന്‍ ഒക്കെ തോന്നിയാല്‍ തികച്ചും സ്വാഭാവികമായി നാമത് ചെയ്യാന്‍ ശ്രമിക്കും. എന്നാല്‍ ആശ്ലേഷിക്കല്‍ അത്ര സാധാരണമല്ല; നമുക്കിടയില്‍. അതീവ നിഷ്‌കളങ്കമായി ആശ്ലേഷിക്കാന്‍, ആദരവോടെ ആശ്ലേഷമേറ്റുവാങ്ങാന്‍, അനസൂയവിശുദ്ധമായി അതിനെ നോക്കിക്കാണാന്‍ നമുക്ക് കഴിയുമോ?

ഷാജി
ഷാജി മാലിപ്പാറ 

 

Related Articles