Friday, March 6, 2026

നിങ്ങളെ സഹായിക്കുന്ന അപരിചിതൻ

പാതിരാത്രിയില്‍ ഒരു ചെറുപ്പക്കാരന്‍ ഒരു പുരോഹിതന്റെ വാതിലില്‍ ചെന്നു മുട്ടി. അച്ചാ, എനിക്കൊന്ന് സംസാരിക്കണം. അച്ചന്‍ ചോദിച്ചു. ഈ പാതിരാത്രിയിലോ? നീ രാവിലെ വാ. ചെറിയ നിരാശയോടെ അവന്‍ പോയി. പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ കാലുവഴുതി കൊക്കയില്‍ വീണുമരിച്ചു എന്ന വാര്‍ത്തയാണ് ആ
പുരോഹിതന്‍ ആദ്യം കേട്ടത്. അദ്ദേഹം തളര്‍ന്ന് കസേരയിലിരുന്നു. കാരണം, പുരോഹിതനറിയാം അവന്‍ കലുവഴുതി വീണതല്ല, ജീവിതത്തില്‍നിന്ന് സ്വയം ഇറങ്ങിപ്പോയതാണെന്ന്. തന്റെ സ്വകാര്യ സങ്കടങ്ങള്‍ എവിടെയൊന്നു തുറന്നു വയ്ക്കുമെന്നറിയാതെ എന്താണതിനൊരു പരിഹാരം എന്നറിയാതെ ലോകത്തുനിന്നുതന്നെ സ്വയം ഇറങ്ങിപ്പോകുന്ന മനുഷ്യര്‍!

എല്ലാ മനുഷ്യര്‍ക്കും മൂന്നു തരത്തിലുള്ള ജീവിതം ഉണ്ടെന്നാണു പറയപ്പെടുന്നത്. A Public life, a private life and a secret life. പബ്ലിക് ലൈഫില്‍ എല്ലാവരും കാണുന്ന മനുഷ്യന്‍, പ്രൈവറ്റ് ലൈഫില്‍ വളരെ അടുത്തറിയുന്നവര്‍ക്കു മാത്രം അറിയുന്ന ഒരു മനുഷ്യന്‍. എന്നാല്‍, സീക്രട്ട് ലൈഫില്‍ അവനവനു മാത്രം അറിയുന്ന ഒരു മനുഷ്യന്‍.

മുന്‍വിധികളില്ലാതെ നമ്മെ കേള്‍ക്കുന്ന ഒരാളുടെ അടുത്തുമാത്രമേ നമുക്കു മനസ്സു തുറക്കാന്‍ കഴിയൂ. അങ്ങനെ ഒരാള്‍ നമുക്കു വേണം. അങ്ങനെ നമ്മെ മനസ്സിലാക്കാന്‍ കഴിയുന്ന, സഹായിക്കാന്‍ കഴിയുന്ന ഒരു അപരിചിതനുണ്ട് നമുക്കിടയില്‍ –
സൈക്കോളജിസ്റ്റ്. ഇപ്പോഴും നമ്മുടെ ആള്‍ക്കാര്‍ക്ക് ഒരാള്‍ സൈക്കോളജിസ്റ്റിനെ കാണാന്‍ പോകുന്നു എന്നു കേട്ടാല്‍ അയാള്‍ക്ക് എന്തോ ഒരു പ്രശ്‌നമുണ്ടെന്ന വിചാരമാണ്. എന്നാല്‍, ഓര്‍ത്തുനോക്കൂ, നമ്മുടെ ശരീരത്തിലെ ഏതവയവത്തിനും ഒരു പ്രശ്‌നം വന്നാല്‍ നാം ഉടനെ ഡോക്ടറെ കാണാന്‍ പോകും. എന്നാല്‍, നമ്മുടെ ശരീരത്തെയും ജീവിതത്തെത്തന്നെയും നിയന്ത്രിക്കുന്ന മനസ്സിന് എന്തെങ്കിലും സംഭവിച്ചാല്‍ ഒരു ഡോക്ടറെ കാണാന്‍ മടിക്കുന്നതെന്താണ്.

നമുക്ക് ഒരു ഗുരുവുണ്ടായിരിക്കുക എന്നതുപോലെ, ഒരു നല്ല സുഹൃത്തുണ്ടായിരിക്കുക എന്നതുപോലെ, ഉറപ്പായും ഉണ്ടായിരിക്കേണ്ട ഒരാളാണ് ഒരു സൈക്കോളജിസ്റ്റ്. എത്രയോ പ്രശസ്തരായ മനുഷ്യരാണ് തങ്ങളുടെ സ്വകാര്യ പ്രതിസന്ധികളെ ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ മറികടന്നിട്ടുള്ളത്.

ക്രിക്കറ്റിലെ വീരാട് കോലിയെ അറിയാത്തവരില്ല. അദ്ദേഹത്തിന് ഒരുകാലത്ത് മൂന്നുവര്‍ഷത്തോളം 20 റണ്ണിനു മുകളില്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. അയാളെ ടീമില്‍നിന്നു പുറത്താക്കണം എന്നുവരെ ചര്‍ച്ച ഉയര്‍ന്നതാണ്. എന്നാല്‍, സ്വന്തം ആത്മശക്തിയില്‍ വളരെയധികം വിശ്വസിച്ചിരുന്ന വിരാട് തന്നോടുതന്നെ ഇങ്ങനെ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. I can come back. എന്നിട്ടും അയാള്‍ കീഴോട്ടുപോവുകയാണ്. അങ്ങനെ ഒടുവില്‍ അയാള്‍ സൈക്കോളജിസ്റ്റിനെ കാണാന്‍ തീരുമാനിച്ചു. അദ്ദേഹം വിരാടിനോടു പറഞ്ഞു, ഒരു മാസത്തേക്ക് ബാറ്റില്‍ തൊടുകയേ വേണ്ട. പകരം ഭാര്യയോടൊപ്പം, മക്കളോടൊപ്പം, കുറേസമയം ചെലവഴിക്കുക. അങ്ങനെ ക്രിക്കറ്റ് എന്ന ജ്വരത്തില്‍ നിന്ന് പതുക്കെ മനസ്സിനെ വിടുവിച്ചു. അങ്ങനെ മനസ്സിന്റെ ബാലന്‍സ് തിരികെ പിടിക്കുകയാണ്. പിന്നീട് കളിക്കാനിറങ്ങിയത്
പാക്കിസ്ഥാനെതിരെയാണ്. ആ കളിയില്‍ വിരാടിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ എന്നവണ്ണം ടീം ജയിക്കുകയാണ്. ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടിയ അഭിനവ് ബിന്ദ്ര മറ്റൊരാളാണ്. അയാള്‍ പറയുന്നു: I was burning by passion. ഷൂട്ടിംഗ് ആയിരുന്നു എനിക്കെല്ലാം. പിന്നെ അയാള്‍ വലിയ ഡിപ്രഷനിലേക്കുപോയി. ഒരു സൈക്കോളജിസ്റ്റിനെ കണ്ട് ഒടുവില്‍ അതില്‍ നിന്നുപുറത്തു കടക്കുകയാണ്.

നീരജ എന്ന മലയാള ചലച്ചിത്രം കണ്ടിട്ടില്ലെങ്കില്‍ കാണണം. വളരെ നല്ല പടമാണ്. അവള്‍ ഭര്‍ത്താവുമായി നല്ല അടുപ്പത്തിലായിരുന്നു. എന്നാല്‍, അദ്ദേഹം പെട്ടെന്ന് മരിക്കുകയാണ്. പക്ഷേ, രണ്ടു വര്‍ഷമായിട്ടും അവളതില്‍ നിന്നു പുറത്തു കടക്കുന്നില്ല. അയാളുടെ ഷൂസ് അവിടെത്തന്നെ വയ്ക്കുന്നു. ടീപ്പോയിലിരുന്ന് അയാള്‍ വായിച്ചിരുന്ന മാസികകള്‍ അതേപടി വയ്ക്കുന്നു അങ്ങനെ… അവള്‍ക്ക് ആ വേര്‍പാട് ഉള്‍ക്കൊള്ളാനാകുന്നില്ല. എന്നാല്‍, അവള്‍ക്ക് അവളുടേതായ മാനസിക, ശാരീരിക ആവശ്യങ്ങളുണ്ട്. പക്ഷേ, അതു തുറന്നുപറയാന്‍ ആരുമില്ല എന്ന തോന്നല്‍. ഒടുവില്‍ അവളെ ഒരു സൈക്കോളജിസ്റ്റ് സഹായിക്കാനെത്തുന്നു. അദ്ദഹം അവളുടെ ചിന്താഗതികള്‍ മാറ്റുകയാണ്. ഇങ്ങനെ ഒരാളില്‍ത്തന്നെ മുഴുകിയിരുന്നാല്‍ വണ്ടി മുന്നോട്ടുപോവില്ല. പുതിയ മനുഷ്യനെ പരിചയപ്പെടുക. നിന്റെ ശാരീരികാവശ്യങ്ങള്‍ സുരക്ഷിതമെന്നു തോന്നുന്ന ഒരാളോടു തുറന്നു പറയുക. അതൊക്കെ തെറ്റല്ലേ എന്നാണവളുടെ സന്ദേഹം പക്ഷേ, അയാളവളെ പുറത്തുകടക്കാന്‍ സഹായിക്കുന്നു. പറഞ്ഞുവരുന്നത് ഇത്രയേയുള്ളൂ. നമ്മുടെ സങ്കടങ്ങള്‍, ആകുലതകള്‍, സമ്മര്‍ദങ്ങള്‍ ഉള്ളിലിങ്ങനെ വച്ചുകൊണ്ടിരുന്നാല്‍ അതു പൊട്ടിത്തെറിക്കാമെന്നുള്ളതിനാല്‍, നമുക്ക് ഒരു സൈക്കോളജിസ്റ്റ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട പെണ്‍കുട്ടിയെ കല്ലെറിയാന്‍ വന്നവരെ നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം കല്ലെറിഞ്ഞുകൊള്ളൂ എന്നു പറഞ്ഞാണ് യേശു അവര്‍ക്ക് കല്ലെറിയാന്‍ അനുമതി നല്കുന്നത്. അവര്‍ പരസ്പരം നോക്കി, അവനവനിലേക്കുനോക്കി, ഒടുവില്‍ കല്ല് താഴെയിട്ടിട്ടു പോയി. ഞാനും നിന്നെ വിധിക്കുന്നില്ല എന്നു പറഞ്ഞ് യേശു അവളെ പറഞ്ഞു വിടുന്നു. ആദ്യത്തെ വായനയില്‍ അവള്‍ക്കാണു സൗഖ്യം ലഭിച്ചതെന്നു നമുക്കു തോന്നിയേക്കാം. അല്ല, ആ കല്ലുകള്‍ താഴെയിട്ടു പോയ മനുഷ്യര്‍ക്കാണ്. നിങ്ങളില്‍ പാപം ചെയ്യാത്തവരുണ്ടെങ്കില്‍ അവരാദ്യം എറിയട്ടെ എന്ന ചോദ്യം അവരുടെ മനസ്സില്‍ കൊണ്ടു. അതവരെ തങ്ങളിലേക്കുതന്നെ നോക്കാന്‍ പ്രേരിപ്പിച്ചു. പിന്നെ അവരാ കല്ലുകള്‍ താഴെയിട്ടു.

ഒരു സൈക്കോളജിസ്റ്റ് സഹായിക്കുന്നത് നമ്മെത്തന്നെയാണ്. ചിലകല്ലുകള്‍ താഴെയിടാന്‍. വികാരങ്ങളാണ് മനുഷ്യനെ നിയന്ത്രിക്കുന്നത്. ചിലത് നമ്മള്‍ മാനേജ് ചെയ്യേണ്ടിവരും. ചിലപ്പോളതിനെ തൃപ്തിപ്പെടുത്തേണ്ടിവരും. മനസ്സിന്റെ വ്യാപാരങ്ങളെ ശാസ്ത്രീയമായി പഠിച്ച ഒരാളാണ് സൈക്കോളജിസ്റ്റ്. നമുക്ക് അപരിചിതനായ ആ വ്യക്തിക്ക് നമ്മെ സഹായിക്കാന്‍ കഴിയും. നിങ്ങളുടെ പ്രശ്‌നം എന്തുമാകട്ടെ, നിങ്ങള്‍ക്ക് തനിയെ മാനേജ്‌ ചെയ്യാന്‍ പറ്റാത്തതാണെങ്കില്‍ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നതില്‍ ഒട്ടും അമാന്തം കാണിക്കേണ്ടതില്ല. അയാള്‍ തീര്‍ച്ചയായും നിങ്ങളെ സഹായിക്കും.


ജോസഫ് അന്നംക്കുട്ടി ജോസ് 

 

Related Articles