“ഇവന്‍ ഒരു കാര്യവും മുഖത്തു നോക്കി സംസാരിക്കാറില്ല. എന്തെങ്കിലും പറഞ്ഞാല്‍ അവന് ദേഷ്യമാണോ സങ്കടമാണോ എന്ന് ഞങ്ങള്‍ ഗണിച്ചു നോക്കേണ്ടി വരും. പഠിക്കാന്‍ മിടുക്കനാണെങ്കിലും പരീക്ഷയില്‍ മാര്‍ക്ക് എവിടെ പോകുന്നു എന്നറിയില്ല. ക്ലാസില്‍ ചോദ്യം ചോദിച്ചാലോ, ഒന്നും പറഞ്ഞു പിടിപ്പിക്കാന്‍ അവനു കഴിയില്ല. ഒന്നു മുഖം കറുത്തു പറഞ്ഞാല്‍ പിന്നെ അവന് വിക്ക് വരും, ശബ്ദം പുറത്തു വരില്ല.” പരിദേവനങ്ങളുടെ ഒരു പരമ്പരയായാണ് ആ മാതാപിതാക്കള്‍ തങ്ങളുടെ മകനെയും കൊണ്ട് കൗണ്‍സലിംഗിനായി എത്തിയത്. മകന് യഥാര്‍ഥത്തില്‍ സംസാരവൈകല്യംതന്നെയാണോ എന്നാണ് അവര്‍ക്ക് ആദ്യം അറിയേണ്ടിയിരുന്നത്. കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിയപ്പോഴാണ് ആശയവിനിമയങ്ങള്‍ കൊണ്ടും പ്രോത്സാഹനങ്ങള്‍ കൊണ്ടും കുട്ടിയുടെ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാം എന്ന് അവര്‍ തിരിച്ചറിഞ്ഞത്.
ആശയവിനിമയത്തിനുള്ള കഴിവ് കുഞ്ഞുങ്ങളില്‍ ചെറുപ്പത്തില്‍ത്തന്നെ വളര്‍ത്തിയെടുക്കേണ്ട ഒന്നാണ്. അത് കുട്ടിയുടെ സ്‌കൂള്‍ ജീവിതത്തെയും വ്യക്തിത്വ വളര്‍ച്ചയെയും അക്കാദമിക് വിജയങ്ങളെയും പരിപോഷിപ്പിക്കുന്നു. പുതിയ കാര്യങ്ങള്‍ ഏറ്റെടുത്ത് സ്വതസിദ്ധമായ കഴിവുകളിലൂടെ അവ പ്രകടിപ്പിക്കുവാനും സമൂഹത്തിലെ മറ്റു വ്യക്തികളുമായി നല്ല ബന്ധം വളര്‍ത്താനും അവരെ പ്രാപ്തരാക്കുന്നത് ആശയവിനിമയത്തിലൂടെയും പ്രോത്സാഹനങ്ങളിലൂടെയും അവര്‍ സ്വന്തമാക്കുന്ന ആത്മവിശ്വാസത്തിലൂടെയാണ്. മാതാപിതാക്കളാണ് കുട്ടികളിലെ ഈ ഫലദായകമായ കഴിവിനെ പരിപോഷിപ്പിക്കാൻ ഏറ്റവും പ്രാപ്തരായ അധ്യാപകര്‍.
വ്യതിരിക്തമായ അനേകം കഴിവുകളുള്ള പല കുട്ടികളും അവ പ്രകടിപ്പിക്കാന്‍ കഴിയാതെ വിഷമിക്കുന്നുണ്ട്. മറ്റു ചിലര്‍ പഠനത്തില്‍ മിടുക്കരാണ്. എന്നാല്‍, മാര്‍ക്ക് വളരെ കുറവും. മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പ്രകടിപ്പിക്കാന്‍ ഭയക്കുന്ന കുട്ടികളും ഈ ഗണത്തില്‍പെടുന്നു. ഇവര്‍ സമൂഹത്തില്‍ നിന്നും സമൂഹപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും എപ്പോഴും ഒഴിഞ്ഞുമാറുന്നു. ഇത്തരം കുട്ടികള്‍ മറ്റുള്ളവരുടെ മുഖത്തുനോക്കി സംസാരിക്കാനോ തങ്ങളുടെ വികാരങ്ങള്‍ ശരിയായി പ്രകടിപ്പിക്കാനോ കഴിയാത്തവരായി ഉള്‍വലിയുന്നു. മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ ചെറുപ്പത്തില്‍ത്തന്നെ ഇത്തരം പ്രശ്‌നങ്ങളെ അതിജീവിക്കാനും ആത്മവിശ്വാസത്തിന്റെ കരുത്തില്‍ സമൂഹനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പുതുതലമുറയെ രൂപപ്പെടുത്താനും സാധിക്കും. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പ്രായോഗികവും ഫലപ്രദവുമായ രീതികളിലൂടെ മാതാപിതാക്കള്‍ക്കുതന്നെ എങ്ങനെ പരിഹരിക്കാനാകുമെന്ന് നോക്കാം.
1. കുട്ടികള്‍ക്ക് കൂടുതല്‍ കളിക്കുവാനും സംസാ
രിക്കുവാനും അവസരം നല്‍കുക
കളികളിലൂടെയാണ് കുട്ടികള്‍ കൂടുതല്‍ ആശയവിനിമയത്തിന് പ്രാപ്തരാകുന്നത്. മറ്റുള്ളവരെ അനുകരിച്ചും കളിയാക്കിയും വഴക്കടിച്ചും കൂട്ടുകൂടിയും കളിച്ചുവളരുന്ന കുട്ടികള്‍ പുതിയ സൗഹൃദങ്ങള്‍ രൂപപ്പെടുത്തുന്നവരും പരസ്പരമുള്ള ബന്ധം പുലര്‍ത്തുന്നവരും ആയിത്തീരുന്നു. കളികളില്‍ ഏര്‍പ്പെടുന്നതുവഴി അവരുടെ ആശയങ്ങളും അനുഭവങ്ങളും അവര്‍ പങ്കിടുന്നു. കളിക്കളത്തിലെ പ്രശ്‌നങ്ങള്‍ക്ക് സ്വയം പരിഹാരം കണ്ടെത്തിയും അവയെ അതിജീവിച്ചും അവര്‍ സ്വയംപ്രാപ്തരാകുവാന്‍ പഠിക്കുന്നു. മാതാപിതാക്കളോടൊപ്പമുള്ള സമയവും വളരെ പ്രധാനപ്പെട്ടതാണ്. കളിക്കളത്തിലെ അനുഭവങ്ങളെയും സ്‌കൂള്‍ വിശേഷങ്ങളെയും കുറിച്ച് മാതാപിതാക്കള്‍ അവരോട് ചോദിക്കുന്നതിലൂടെ ഉള്ളിലുള്ള ആശയങ്ങളെ പങ്കുവയ്ക്കുന്നതില്‍ കുട്ടികള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാകുന്നു. കാരണം, മാതാപിതാക്കളോടൊത്തുള്ള നിമിഷങ്ങള്‍ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം ഭയം കൂടാതെ പങ്കുവയ്ക്കാവുന്ന ഒരു സുരക്ഷിത ഇടമാണ്. മാതാപിതാക്കളില്‍ നിന്നും ലഭിക്കുന്ന പ്രോത്സാഹനങ്ങള്‍ അവരെ ആത്മവിശ്വാസമുള്ളവരാക്കിത്തീര്‍ക്കുന്നു.
2. പരസ്പരം ശ്രവിക്കുവാന്‍ പ്രോത്സാഹിപ്പിക്കുക
ഒരാള്‍ സംസാരിക്കുമ്പോള്‍ അവരെ ശ്രദ്ധിക്കാനും സംസാരിക്കുന്നയാളുടെ മുഖത്തുനോക്കി അവരുടെ ഭാവങ്ങള്‍ മനസ്സിലാക്കുവാനും മാതാപിതാക്കളിലൂടെയാണ് കുട്ടികള്‍ പരിശീലിക്കുന്നത്. പരസ്പരം ശ്രവിക്കുന്ന കുട്ടികള്‍ മറ്റുള്ളവരെ മാനിക്കുന്നവരും അവരുടെ അഭിപ്രായങ്ങളെ വിലമതിക്കുന്നവരും അവരുടെ കാഴ്ചപ്പാടുകളെ അംഗീകരിക്കുന്നവരുമായിരിക്കും. മാതാപിതാക്കളുടെ പ്രോത്സാഹനത്തിലൂടെ സ്വയം മനസ്സിലാക്കിയും ആത്മവിശ്വാസത്തില്‍ വളര്‍ന്നും എല്ലാറ്റിനോടും ക്രിയാത്മകമായി പ്രതികരിച്ചും വളര്‍ന്നു വരുന്ന കുട്ടികള്‍ അവരുടെ ചിന്തകളും അനുഭവങ്ങളും ആശയങ്ങളും നിലപാടുകളും ആരോഗ്യകരമായി പങ്കുവയ്ക്കുന്നവരും പരസ്പരം വിട്ടുകൊടുക്കാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാനും പ്രാപ്തരുമായിത്തീരുന്നു.
3. അഭിപ്രായപ്രകടനത്തിന് അവസരം നല്‍കുക
കുട്ടികള്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള സാഹചര്യം മാതാപിതാക്കള്‍ വീട്ടില്‍ത്തന്നെ ക്രമീകരിക്കുന്നതിലൂടെ തങ്ങളുടെ ഉള്ളിലുള്ള ആശയങ്ങള്‍ വ്യക്തതയോടും ഭയം കൂടാതെയും പ്രകടിപ്പിക്കുവാന്‍ കുട്ടികള്‍ പ്രാപ്തരാകുന്നു. മറ്റുള്ളവരുടെ മുന്‍പില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. അതുവഴി അവരെ ജീവിതത്തില്‍ വിജയിക്കാന്‍ സഹായിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത്.
4. പത്രവായനയുംപുസ്തകവായനയും പ്രോത്സാഹിപ്പിക്കുക
പത്രത്തിലെ തലക്കെട്ടുകള്‍ തുടങ്ങി പതിവുകാഴ്ചകളില്‍ ഇടംപിടിക്കുന്ന കാര്യങ്ങള്‍വരെ കൂട്ടിവായിക്കാന്‍ കുട്ടികളെ പഠിപ്പിക്കുന്നതിലൂടെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെയും മാതാപിതാക്കന്മാര്‍ വായനാശീലത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്തുകയാണ്. വായിച്ചു മനസ്സിലാക്കിയ കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ അവര്‍ക്ക് അവസരങ്ങള്‍ നല്‍കിയാല്‍ മറ്റുള്ളവരുടെ മുന്നില്‍ ആത്മവിശ്വാസത്തോടെ സംസാരിക്കുവാന്‍ അതവരെ പ്രാപ്തരാക്കും. കഥകളും കവിതകളും വായിച്ച് ആശയങ്ങള്‍ സ്വായത്തമാക്കുന്ന കുട്ടികള്‍ ആശയ അവതരണങ്ങളിലും ചിന്താഗതികളിലും കുറേക്കൂടി വ്യത്യസ്തരും മൂല്യമുള്ളവരു
മായിത്തീരുന്നു.
5. മൊബൈലും കളിപ്പാട്ടങ്ങളും കളികളില്‍ നിന്ന് ഒഴിവാക്കുക
ഒളിച്ചുകളിയിലൂടെയും തൊട്ടുകളിയിലൂടെയുമാണ് കുട്ടികളുടെ ആശയവിനിമയം വര്‍ധിക്കുന്നത്. അവരുടെ വികാരങ്ങളെ മനസ്സിലാക്കുവാനും പ്രകടിപ്പിക്കുവാനും ഇത്തരം കളികള്‍ കുട്ടികളെ സഹായിക്കുന്നു. നേതൃത്വം കൊടുക്കാനും ഗ്രൂപ്പ് കൂടുവാനും ക്ഷമയോടെ തന്റെ ഉഴത്തിനായി കാത്തുനില്‍ക്കാനും കളിപ്പാട്ട
ങ്ങളും മൊബൈലും ടാബും ഇല്ലാത്ത ഇത്തരം കളികള്‍ കുട്ടികളെ സഹായിക്കുന്നു എന്നു ചുരുക്കം. ഇത്തരം കളികള്‍ കുട്ടികളുടെ ആശയവിനിമയം വര്‍ധിപ്പിക്കുന്നതോടൊപ്പംതന്നെ കുട്ടികളുടെ ശ്രദ്ധ വര്‍ധിപ്പിക്കാനും സഹായകരമാണ്.
ഉപസംഹാരം
പ്രോത്സാഹനത്തിലൂടെ കളിച്ചു വളരുന്ന കുട്ടികള്‍ മറ്റുള്ളവരുടെ വിമര്‍ശനങ്ങളോ അനാവശ്യ മുന്‍വിധികളോ ശ്രദ്ധിക്കാതെ ഭയം കൂടാതെ വളര്‍ന്നു വരുന്നവരാകും. പറയേണ്ട കാര്യങ്ങള്‍ ഉചിതമായ രീതിയില്‍ മറ്റുള്ളവരെ മുറിപ്പെടുത്താതെതന്നെ സംവദിക്കാനും ഇവര്‍ പ്രാപ്തരാകുന്നു. ആയിരിക്കുന്ന അവസ്ഥ മറച്ചു വയ്ക്കാതെ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള ആത്മധൈര്യവും കൈവരിക്കുന്നു.

സി. ഡോ. പ്രീത CSN
സൈക്കോതെറാപ്പിസ്റ്റ്,
ജീവന സൈക്കോ സ്പിരിച്വല്‍ സെന്റര്‍, ചൊവ്വര




