കടല്‍വെള്ളം വറ്റിച്ചാണല്ലോ ഉപ്പുണ്ടാക്കുന്നത്. അങ്ങനെ രൂപപ്പെടുന്ന ഉപ്പ് ഒരു ശുദ്ധീകരണത്തിന് വിധേയമായാല്‍ മാത്രമേ അതു മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാവുകയുള്ളൂ. ഇതുപോലെ നമ്മുടെ ജീവിതത്തിലെ സഹനങ്ങളും ഞെരുക്കങ്ങളും ഇത്തരത്തില്‍ അനേകര്‍ക്ക് ഉപയോഗപ്രദമായിത്തീരാനുള്ള ഒരു വിശുദ്ധീകരണ പ്രക്രിയയാണെന്നാണ് ഉപ്പ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
മുറിവുകള്‍ ഉണക്കാനും ഉപ്പ് ഉപയോഗിക്കാറുണ്ട്. ഭൂമിയുടെ ഉപ്പായി മാറാന്‍ വിളിക്കപ്പെട്ടിരിക്കുന്ന നാം അനേകരുടെ മുറിവുകള്‍ ഉണക്കേണ്ടവരാണെന്ന് മറക്കാതിരിക്കാം. മറ്റുള്ളവരുടെ മുറിവുകള്‍ ഉണക്കുന്നതിനു പകരം പുതിയ മുറിവുകള്‍ സൃഷ്ടിക്കുന്നവരാണ് നമ്മളെങ്കില്‍ നമ്മുടെ വിളിയിലും ദൗത്യത്തിലും നിന്ന് നമ്മള്‍ ഏറെ അകലെയാണ്.
ഒരിക്കലും ഉപ്പിന് തനിയെ രുചി നല്‍കാന്‍ സാധിക്കാറില്ല. എന്നാല്‍, മറ്റു ഭക്ഷണ പദാര്‍ഥങ്ങളോട് ചേരുമ്പോള്‍ അത് നാവില്‍ രുചിയായി മാറുന്നു. അതുപോലെ യേശുവിനോടു ചേരുമ്പോള്‍ നമ്മുടെ ജീവിതങ്ങളും കൂടുതല്‍ രുചിയുള്ളതായിത്തീരുമെന്ന മറ്റൊരു പാഠം കൂടി ഉപ്പു നല്‍കുന്നു. ഭക്ഷണത്തോട് ചേര്‍ന്നുകഴിഞ്ഞാല്‍ പിന്നീട് ഉപ്പിനെ വേര്‍തിരിച്ചെടുക്കാനാകാറില്ലല്ലോ. മറിച്ച്, ഭക്ഷണപദാര്‍ഥം മാത്രമേ കാണാനാകൂ. ഈശോയോടു ചേര്‍ന്ന് അലിഞ്ഞു തീരേണ്ടവരല്ലേ നാമെല്ലാം. അങ്ങനെയെങ്കില്‍ നമ്മില്‍ ഈശോയെ കാണാന്‍ മറ്റുള്ളവര്‍ ഇടയാകും.
ഭക്ഷണ പദാര്‍ഥങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും അണുനാശിനിയായും ഉപ്പ് ഉപയോഗിക്കാറുണ്ട്. മറ്റുചില ജീവിതങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും ചില ജീവിതങ്ങളുടെ അണുനാശിനിയാകാനും വിളിക്കപ്പെട്ടതാണ്‌നമ്മുടെ ജീവിതവും. ഉപ്പ് അളവില്‍ കുറഞ്ഞാലും കൂടിയാലും അത് സ്വാദിനെ സാരമായി ബാധിക്കും. ഭക്ഷണത്തോട് ചേര്‍ന്നിട്ടും ഉപ്പിന്റെ അളവിലുള്ള കുറവും അധികതയും മുന്നിട്ടു നില്‍ക്കുന്നതുപോലെ യേശുവിനോടു ചേര്‍ന്നുള്ള ജീവിതം നയിക്കാത്തവരില്‍ അവരുടെ ബലഹീനതകളും തകര്‍ച്ചകളും ഉയര്‍ന്നു നില്‍ക്കും. അവനോട്
ഒന്നായിത്തീര്‍ന്നുകൊണ്ട് നമുക്കും ഭൂമിയിലെ ഉപ്പായിത്തീരാം.
ആൻ മരിയ ക്രിസ്റ്റീന




