Friday, March 20, 2026

സ്നേഹത്തിന്റെ കണക്കുപുസ്തകം

വാത്സല്യനിധിയായ പിതാവിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ്
സ്വപുത്രിയുടെ ജീവിതത്തെ മാറ്റിമറിച്ച ‘വൈധവ്യം’ വിരുന്നിനെത്തിയത്. വാത്സല്യനിധിയായ ആ പിതാവ് ആരാണെന്നല്ലേ. ഭാരതീയ ഗണിത പ്രതിഭ ശ്രീ ഭാസ്‌കരാചാര്യന്‍. ഭര്‍ത്തൃവിയോഗത്തില്‍ ദുഃഖിച്ചിരുന്ന തന്റെ മകള്‍ ലീലാവതിക്കു വേണ്ടി അദ്ദേഹം എഴുതിയുണ്ടാക്കിയ ഗണിത കാവ്യങ്ങളുടെ സമാഹാരമാണ് പില്‍ക്കാലത്ത് സ്വന്തം പുത്രിയുടെ പേരില്‍ത്തന്നെ നാമകരണം ചെയ്യപ്പെട്ട ‘ലീലാവതി’ എന്ന പുരാതന ഗണിതശാസ്ത്ര ഗ്രന്ഥം. അതിലെ ഗണിത കേളികള്‍ക്ക് (പസിലുകള്‍) ഉത്തരം കണ്ടെത്തിക്കൊണ്ടായിരുന്നു ലീലാവതി തന്റെ ശിഷ്ടജീവിതം നയിച്ചത് എന്നാണ് ചരിത്രം പറഞ്ഞുവയ്ക്കുന്നത്.

ഇതുപോലെ നമ്മുടെയും ജീവിതം പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ്. കൂട്ടിയും കുറച്ചും ഗുണിച്ചും നോക്കിയിട്ടും കൂട്ടിമുട്ടാതെ പോകുന്ന ചില സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തിലും വാത്സല്യനിധിയായ സ്വര്‍ഗീയ അപ്പന്‍ അനുവദിക്കാറുണ്ട്. അപ്പോഴെല്ലാം നമ്മുടെ ഹൃദയത്തോടു ചേര്‍ത്തുവയ്ക്കാനായി ആ പിതാവ് നമുക്കു സമ്മാനമായി തന്ന ഒരമൂല്യ ഗ്രന്ഥമാണ് വിശുദ്ധ ബൈബിള്‍.

ലീലാവതിയുടെ പിതാവ് ഗണിതശാസ്ത്രത്തില്‍ അതിബുദ്ധിമാനും കൃത്യതയുള്ളവനും ആയിരുന്നെങ്കില്‍ നമ്മുടെ അപ്പന്‍ പലതിനും കണക്കു സൂക്ഷിക്കാത്തവനാണ് എന്നു പറയുന്നതാണ് ശരി. അല്ലെങ്കില്‍, ആ സ്‌നേഹത്തിന്റെ കണക്കുപുസ്തകത്താളുകളില്‍ കണക്കിലും കണക്കുകൂട്ടലുകളിലും അത്ര കണിശമില്ലാത്ത ഒരു അപ്പനെയാണ് നാം കണ്ടുമുട്ടുക.

ദേവാലയ ഭണ്ഡാരത്തില്‍ പല ധനവാന്‍മാരും നിക്ഷേപിച്ച വിലപിടിപ്പുള്ള നാണയങ്ങളെക്കാള്‍ മൂല്യമുള്ളതായി ആ പിതൃഹൃദയം പരിഗണിച്ചത് ദരിദ്രയായ വിധവയുടെ വില കുറഞ്ഞ രണ്ടു ചെമ്പുനാണയത്തുട്ടുകളായിരുന്നു. നല്ല കള്ളന് പറുദീസ വാഗ്ദാനം ചെയ്യുമ്പോള്‍ അവന്റെ ഹൃദ്യമായ മനസ്താപത്തിന് മറുപടിയായി ആ നിമിഷംവരെ അവന്‍ ചെയ്തുപോയ നിരവധിയായ പാപകടങ്ങള്‍ക്ക് കണക്കുവയ്ക്കാത്ത ഒരു പിതൃഹൃദയം നമുക്കു കാണാം.

മുന്നൂറു ദനാറ വില വരുന്ന നാര്‍ദിന്‍ സുഗന്ധ തൈലത്തിന്റെ മറുവിലയായി ആ ഹൃദയം എഴുതിത്തള്ളിയത് മറിയത്തിന്റെ കൊടുംപാപത്തിന്റെ തീരാകടങ്ങളായിരുന്നു. ആത്മാര്‍ഥതയുള്ള അധികസ്‌നേഹത്തിന്റെ സഹചാരിയായി അവള്‍ തന്റെ മരണത്തിനുശേഷവും കൂടെയുണ്ടാകുമെന്നും ആ ഗുരു അറിഞ്ഞിരുന്നു. കാണാതെപോയ ആടിന്റെ കഥ പറഞ്ഞുവയ്ക്കുമ്പോള്‍ 99 നെക്കാള്‍ ഒന്നിനെ വിലമതിക്കുന്ന ലോജിക്കില്ലാത്ത കണക്കും അവിടുത്തെ സ്വന്തം.

മാനുഷികമായ ബുദ്ധിക്കോ യുക്തിക്കോ ഈ കണക്കുകൂട്ടലുകള്‍ക്ക് അര്‍ഥം കാണാനാകില്ല. കാരണം, ആ കണക്കുകളില്‍ സ്‌നേഹത്തിന്റെ ഗന്ധമുണ്ട്. അതിലെ സൂത്രവാക്യങ്ങള്‍ക്ക് കരുണയുടെ മാനദണ്ഡമാണ്. ആ സ്വര്‍ഗീയ പിതാവിന്റെ മക്കള്‍ എന്ന നിലയില്‍ നമ്മുടെ ജീവിതത്തിലും സ്‌നേഹത്തിന്റെ കണക്കു സൂക്ഷിക്കുന്ന
വരാകാം. ചെയ്തുപോയ അപരാധങ്ങള്‍ക്ക്, അറിവില്ലാതെ വന്നുപോയ തെറ്റുകള്‍ക്ക്, പങ്കുവയ്ക്കലുകളില്‍ വന്നുപോയ ഏറ്റക്കുറച്ചിലുകള്‍ക്ക്, കുറ്റപ്പെടുത്തിയ വാക്കുകള്‍ക്ക്, ഹൃദയം മുറിപ്പെടുത്തിയ തുറന്നുപറച്ചിലുകള്‍ക്ക്, ക്രോധവേശത്താല്‍ പറഞ്ഞുപോയ മറുവാദങ്ങള്‍ക്ക്, പാലിക്കപ്പെടാതെ പോയ വാഗ്ദാനങ്ങള്‍ക്ക്…. സ്വന്തം കൂടപ്പിറപ്പിനോടും സുഹൃത്തിനോടും മാതാപിതാക്കളോടും സഖിയോടും മക്കളോടും കണക്കുവയ്‌ക്കേണ്ടെന്നേ. പകരം സ്‌നേഹത്തിന്റെ ലാവണ്യമുള്ള കരുണയുടെ ഗന്ധം മുറ്റിനില്‍ക്കുന്ന സ്‌നേഹത്തിന്റെ കണക്കു സൂക്ഷിപ്പുകാരാകാം.


നീതു റപ്പായി 

 

 

Related Articles