2025 ഫെബ്രുവരി
ഈ അടുത്ത കാലത്തുണ്ടായ അനുഭവമാണ്. ദീപാവലി അവധി കഴിഞ്ഞ് തിരിച്ച് ബാംഗ്ലൂര്‍ക്ക് പോകുന്ന സമയം. ഭര്‍ത്താവിന് ജോലിത്തിരക്കുണ്ടായിരുന്നതിനാല്‍ അദ്ദേഹം നാട്ടില്‍നിന്നും നേരത്തെ മടങ്ങിയിരുന്നു. തിരികെയുള്ള യാത്രയില്‍ ഞാനും കുഞ്ഞും മാത്രമായി യാത്ര ചെയ്യേണ്ട എന്ന കടുംപിടുത്തത്തിലാണ് പപ്പ. ഒപ്പം പപ്പയെ കൂട്ടി ചെന്നാല്‍ ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും ശകാരം കിട്ടാനും സാധ്യത; വേറൊന്നും കൊണ്ടല്ല, തനിയെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന സാഹചര്യങ്ങളില്‍ എന്തിന് വെറുതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നു എന്ന ചിന്തയാണ് അതിന് പിന്നില്‍. അങ്ങനെ ആകെ ധര്‍മസങ്കടത്തിലായി. സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ധൈര്യം കാണിക്കുന്ന ഈ കാലഘട്ടത്തെ പറ്റിയുള്ള എന്റെ വിപ്ലവം കലര്‍ന്ന സംഭാഷണങ്ങള്‍ ഒന്നും പപ്പയുടെ മുമ്പില്‍ ഏറ്റില്ല എന്ന് വേണം പറയാന്‍. അവസാനം പപ്പയുടെ തീരുമാനത്തിന് വഴങ്ങി. പപ്പ ഞങ്ങള്‍ക്കൊപ്പം വന്നു. ഒരു കൂട്ടായി! പിന്നീട് ഭര്‍ത്താവില്‍ നിന്നും ഈ വിഷയത്തില്‍ നേരിയ ശകാരം കിട്ടിയെങ്കിലും എനിക്കതില്‍ തെല്ല് കുറ്റബോധം തോന്നിയില്ല. മറിച്ച് തീര്‍ത്തും സാധാരണമായ ഈ സംഭവം എന്നില്‍ അസാധാരണമായ ഒരു തിരിച്ചറിവ് ഉളവാക്കി. ഇത് എന്റെ പ്രിവിലിജ് ആണെന്നുള്ള ഒരു തിരിച്ചറിവ്!
ഒന്നോര്‍ത്താല്‍ മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം മാത്രം മക്കള്‍ക്ക് അണ്‍ലിമിറ്റഡ് ആയി അനുഭവിക്കാവുന്ന പ്രിവിലിജ് അല്ലേ ഇത്. എത്രയൊക്കെ വലുതായാലും എന്നും കുഞ്ഞുങ്ങളായി അവരുടെ ചിറകിന്‍കീഴില്‍ ചേര്‍ന്നിരിക്കാന്‍ കഴിയുന്നത് ഭാഗ്യമാണല്ലോ; അവര്‍ ആഗ്രഹിക്കുന്നതും അതു തന്നെയാണ്. എത്ര ഉയര്‍ന്ന ജീവിതാന്തസ്സില്‍ പ്രവേശിച്ചവരാണെങ്കിലും ഒരു വട്ടമെങ്കിലും നമ്മില്‍ പലരും ചിന്തിച്ചിട്ടില്ലേ, ‘ഓ, കുഞ്ഞായിരുന്നാല് മതിയായിരുന്നു’ എന്ന്. അപ്പന്റെയും അമ്മയുടെയും തണലില്‍, ഒന്നിനെയും കുറിച്ചുള്ള ആകുലതകളില്ലാതെ, യാതൊരു ഉത്തരവാദിത്വഭാരവും കൂടാതെ ജീവിതം ആസ്വദിച്ച ആ സുവര്‍ണകാലം തിരികെവരില്ല എന്ന് നമുക്കറിയാം. എന്നിരുന്നാലും ഇടയ്ക്കൊക്കെ അവര്‍ നമുക്ക് വച്ചുനീട്ടുന്ന ചെറിയ സഹായ ഹസ്തങ്ങളെ, ‘ഓ വലിയ കുട്ടിയായില്ലേ’ എന്ന തോന്നാലിന്റെ പേരില്‍ നിഷേധിക്കാതെ, അവരുടെ സന്തോഷത്തിനായി അത് സ്വീകരിക്കാം. കാരണം ഇത് നിനക്ക് ലഭിച്ച പ്രിവിലിജ് ആണ്.
ഈ അടുത്ത കാലത്തിറങ്ങിയ ‘Soul stories’ എന്ന സ്ത്രീകേന്ദ്രീകൃതമായ വെബ്സീരീസ് ചിലരെങ്കിലും കണ്ടിട്ടുണ്ടാകുമെന്ന് കരുതുന്നു. അതില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട സുഹാസിനി മണിരത്നം അഭിനയിച്ച കഥയിലെ ഒരു കൊച്ചു കാര്യമാണ് പറഞ്ഞു വരുന്നത്. മകനും മരുമകളും ജോലിക്ക് പോകുമ്പോള്‍ കൊച്ചുമകനെ നോക്കുന്ന ഒരു മുത്തശ്ശിയുടെ റോള്‍ ആണ് സുഹാസിനിയുടേത്. നന്നേ ചെറുപ്പത്തില്‍ ഭര്‍ത്താവ് മരിക്കുകയും തുടര്‍ന്ന് മക്കള്‍ക്കു വേണ്ടി മാത്രം ജീവിക്കുകയും ചെയ്ത ഒരു സ്ത്രീ. ജീവിതോപാധിക്കുവേണ്ടിയുള്ള അലച്ചിലിനിടയില്‍ ഏറെ ആഗ്രഹിച്ച നൃത്തം എന്ന ഇഷ്ടത്തിന് വേണ്ടി സമയം കണ്ടെത്താന്‍ കഴിഞ്ഞില്ല. എങ്കിലും ഉള്ളില്‍ ആഴ്ന്നിറങ്ങിയ ആഗ്രഹം റിട്ടയര്‍മെന്റ് കാലത്ത് വീണ്ടും നാമ്പിടുന്നു. പക്ഷേ, കൊച്ചുമോനെ നോക്കുന്ന തിരക്കില്‍ അതിന് സാധിക്കാതെ വരുകയും തുടര്‍ന്ന് അവര്‍ കടന്നുപോകുന്ന മാനസിക സംഘര്‍ഷങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്. പിന്നീടെപ്പോഴോ മകനുമായുള്ള സംഭാഷണ രംഗത്തില്‍ തന്റെ നൃത്തം എന്ന സ്വപ്നത്തെപ്പറ്റി തുറന്ന് പറയുകയും അതിനായി ഒറ്റയ്ക്ക് ഒരു വീടെടുത്ത് മാറുന്നതും ചര്‍ച്ച ചെയ്യുന്നു. ആ സമയം മകന് അമ്മയോട് പറയുന്നത് ‘കുഞ്ഞിനെ നോക്കാന്‍ സാധിക്കുന്നത് ഉത്തരവാദിത്വമല്ല, അത് അമ്മയ്ക്ക്
കിട്ടുന്ന പ്രിവിലിജ് ആണ്’ എന്നതാണ്. പക്ഷേ, അവിടെ ആ അമ്മ മരുമകളുടെ പിന്തുണയോടെ ഒരുബോള്ഡ് സ്റ്റെപ്പ് എടുക്കുന്നു, നൃത്തം എന്ന സ്വപ്നത്തിന് വേണ്ടി തന്റെ ജീവിതത്തെ ക്രമപ്പെടുത്താന്‍ നിശ്ചയിക്കുന്നു.
കുഞ്ഞിനെ നോക്കുന്നതും അവരോടൊപ്പം സമയം ചെലവഴിക്കുന്നതും പ്രായമായ മാതാപിതാക്കന്മാര്ക്ക് മാനസിക ഉന്മേഷം നല്കുമ്പോള് അത് ഒരു പ്രിവിലിജ് തന്നെയല്ലേ എന്ന് നമുക്ക് തോന്നും. എന്നാല്‍, അതോടൊപ്പം ഏതെങ്കിലും ഒരു ഘട്ടത്തില്‍ അതവര്‍ക്ക് മാനസിക സമ്മര്‍ദം കൊടുക്കുന്നുണ്ടെങ്കില്‍ അത് തിരിച്ചറിയാനും യുവമാതാപിതാക്കള്‍ക്ക് സാധിക്കണം. ഇവിടെ സുഹാസിനി നടത്തിയപോലെ ഒരു തുറന്ന സംഭാഷണം പ്രായമായ മാതാപിതാക്കളില്‍ നിന്നുംകൂടി ലഭിച്ചാല്‍ കാര്യങ്ങള്‍ കുറെയധികം എളുപ്പമാവും. അനാവശ്യമായ പല മാനസിക പിരിമുറുക്കങ്ങളും കുടുംബാംഗങ്ങള്‍ക്കിടയിലെ തുറന്ന വര്‍ത്തമാനങ്ങളിലൂടെ ഇല്ലാതാക്കാന്‍ കഴിയുമല്ലോ.
ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടത് നിത്യ ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന സാധാരണ സംഭവങ്ങളിലെ അസാധാരണ സത്യങ്ങളാണ്. ചില കാര്യങ്ങള്‍ നാം പ്രിവിലിജ് ആണെന്ന് മനസ്സിലാക്കാതെ പോകുന്നു; എന്നാല്‍, ചിലതൊക്കെ പ്രിവിലിജ് ആണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. ഒരു വിചിന്തനം നടത്തിയോ അല്ലെങ്കില്‍ ഒരു തുറന്ന് പറച്ചിലിലൂടെയോ ഈ പ്രിവിലിജ് അനുഭവങ്ങളെ പോസിറ്റീവ് ആക്കി ബന്ധങ്ങള്‍ അല്പംകൂടി മധുരമുള്ളതാക്കാന്‍ നമുക്കേവര്‍ക്കും ഈ വര്‍ഷാരംഭത്തില്‍ സാധിക്കട്ടെ.

ശീതൾ ജോസഫ്




