ജീവിതത്തിലെ തുടരെത്തുടരെയുള്ള സഹനങ്ങളിലും അനിശ്ചിതത്വങ്ങളിലും പ്രത്യാശയുടെ പുഞ്ചിരിവെട്ടം പൊഴിച്ച് അനേകര്‍ക്ക് അത്താണിയാകുന്ന തൊടുപുഴയിലെ തുടങ്ങനാടുള്ള ജാസ്മിന് എന്ന കാഴ്ചയില്ലാത്ത വീട്ടമ്മയുടെയും ഭര്‍ത്താവ് വിച്ചാട്ട് അജിയുടെയും അതിജീവനത്തിന്റെ കഥ.
സെറിബ്രല്‍ പാള്‍സി ബാധിച്ച ഏക മകനെ പരിചരണത്തിനായി കൊണ്ടുനടന്ന നാളുകളിലാണ് റെറ്റിനിറ്റിസ് പിഗ്മെന്റോസ എന്ന അപൂര്‍വ നേത്രരോഗം ജാസ്മിന്റെ കണ്ണുകളില്‍ പിടിമുറുക്കുന്നത്. മനസ്സുകൊണ്ട് അവ ഉള്ക്കൊണ്ടുവന്നപ്പോ
ഴേക്കും കഠിനവേദനയുള്ളവാക്കുന്ന ട്രൈഗെമിനല്‍ ന്യൂറാള്‍ജിയ എന്ന മറ്റൊരു അപൂര്‍വരോഗവും മുഖത്തെ ഞരമ്പുകളെ ബാധിച്ചിരുന്നു.
സ്വര്‍ഗം നല്കിയ ആദ്യ സമ്മാനം
1998 ല്‍ ആയിരുന്നു അജിയുടെയും ജാസ്മിന്റെയും വിവാഹം. സ്വന്തമായൊരു പലചരക്ക് കടയുണ്ടായിരുന്ന അജിയുടെ കടയോടു ചേര്‍ന്ന് ഒരു തയ്യല്‍ക്കട തുടങ്ങാനായിരുന്നു ഹോംസയന്‍സും ബ്യൂട്ടീഷ്യന് കോഴ്സും പാസായിരുന്ന ജാസ്മിന്റെ ആഗ്രഹം. 1999 ആയപ്പോഴേക്കും ദൈവം അവര്‍ക്ക് അഖിലിനെ (അപ്പു) സമ്മാനിച്ചു. വലിയ സ്വപ്നങ്ങളോടും പ്രതീക്ഷകളോടും കൂടെ അവര്‍ ആകുഞ്ഞിനെസ്വീകരിച്ചെങ്കിലും സെറിബ്രല്‍ പാള്‍സി ബാധിതനാണ്
തങ്ങളുടെ കുഞ്ഞ് എന്നറിഞ്ഞ ദിനം ഏതൊരു മാതാപിതാക്കളെയും പോലെ
അവരും തകര്‍ന്നുപോയിരുന്നു. സ്വന്തം ആവശ്യങ്ങളെങ്കിലും സ്വയമായി ചെയ്യാന്‍ മകനെ പ്രാപ്തനാക്കണം എന്ന ഏകലക്ഷ്യത്തോടും വലിയ പ്രാര്‍ഥനയോടും പ്രതീക്ഷകളോടും കൂടെയാണ് അവര്‍ ചികിത്സകള്‍ ആരംഭിച്ചത്. ആയുര്‍വേദവും അലോപ്പതിയും സിദ്ധവൈദ്യവും അക്യുപങ്ചറും ഫിസിയോതെറാപ്പിയും തുടങ്ങി അപ്പുവിന് അവര്‍ നല്‍കാത്ത ചികിത്സകളില്ല.
ദൈവത്തിന്റെ കണ്കെട്ടുകളി
ഡ്രൈവിംഗ് അറിയാമായിരുന്ന ജാസ്മിന് മുന്നിലെത്തുന്ന ചെറിയ വാഹനങ്ങളെ കാണാന്‍ ബുദ്ധിമുട്ടു നേരിട്ടപ്പോഴാണ് ആശുപത്രിയില്‍ പോകുന്നത്. നിരവധി ചികിത്സകള്‍ക്കും പരിശോധനകള്‍ക്കുമൊടുവില്‍ റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന അപൂര്‍വ രോഗമാണ് ജാസ്മിന്റെ കണ്ണുകളെ ബാധിച്ചിരിക്കുന്നത് എന്നു കണ്ടെത്തി. ചുറ്റുപാടുകളെ കാണാവുന്ന സാധാരണ കാഴ്ചയുടെ വ്യാപ്തി കുറഞ്ഞുവരികയും ഒടുവില്‍ ചെറിയ ദ്വാരത്തിലൂടെ കാണുന്നതുപോലെ കാഴ്ച പരിമിതപ്പെടുകയും ക്രമേണ കാഴ്ച പൂര്‍ണമായും ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയാണിത്. 2001 ല്‍ രോഗം സ്ഥിരീകരിക്കുമ്പോള്‍ 65 വയസ്സു വരെയും കാഴ്ചയുണ്ടാകുമെന്ന് ഡോക്ടര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, പതിവിലും വേഗം കാഴ്ച മങ്ങിത്തുടങ്ങിയപ്പോള്‍ ജീവിതത്തില്‍ തോറ്റു കൊടുക്കാനും മറ്റുള്ളവര്‍ക്ക് ഭാരമാകാനും ഇഷ്ടപ്പെടാതിരുന്ന ജാസ്മിന് ഓരോ ജോലികളും കണ്ണുകള്‍ അടച്ചുപിടിച്ച് ചെയ്യാന്‍ പരിശീലിച്ചു തുടങ്ങി. വീടിന്റെ ഓരോ മുറികളും മുറ്റവും ദിശ നോക്കി മനപ്പാഠമാക്കി. സങ്കടകരമായ ദൈവനിയോഗങ്ങള്ക്കു മുമ്പില്‍ പകച്ചു നില്‍ക്കാതെ കരുത്തുറ്റ മനസ്സോടെ മുന്നേറാന്‍ ഉറച്ച ജാസ്മിന് മീന്‍വെട്ടാനും ഇറച്ചി നുറുക്കാനും വസ്ത്രം കഴുകാനും അടുക്കള സാധനങ്ങള്‍ കൈ അകലത്തില്‍ നിരത്തിവച്ച് പാചകം ചെയ്യാനും പരിശീലിച്ചുകൊണ്ട് ദൈവത്തിന്റെ കണ്കെട്ടുകളിയില് വിജയിച്ചു.

മൂന്നാംഘട്ട പരീക്ഷണം
ബൗദ്ധിക വെല്ലുവിളിയുള്ള മകനെ സമ്മാനിച്ചപ്പോഴും വര്‍ണ്ണങ്ങളുടെ ലോകം എന്നേക്കുമായി തിരിച്ചെടുത്തപ്പോഴും പതറാതെ നിന്ന ജാസ്മിന് ഒരു പരീക്ഷണഘട്ടംകൂടി പിന്നിടേണ്ടതുണ്ടായിരുന്നു. അതികഠിനമായ പല്ലുവേദനയായിരുന്നു അതിന്റെ ആരംഭം. ഒരു ചെറിയ കാറ്റടിക്കുമ്പോള്‍ പോലും മുഖത്തെ പേശികളില്‍ അതികഠിനമായി അനുഭവപ്പെടുന്ന വേദനസൃഷ്ടിക്കുന്ന ട്രൈഗെമിനല്‍ ന്യൂറാള്‍ജിയ എന്ന മറ്റൊരു അപൂര്‍വരോഗമായിരുന്നു അത്. പ്രാര്‍ഥനയില്‍ ആശ്രയിച്ചും പരസ്പരം ശക്തിപകര്‍ന്നും ജാസ്മിനും അജിയും അതിനെയും അതിജീവിച്ചു.
ദൈവദൂതന്റെ വാക്കുകള്‍
പത്താം തരത്തില്‍ പഠിക്കുന്ന കാലത്ത് സ്വന്തം അമ്മയെ നഷ്ടപ്പെട്ട ജാസ്മിന് പരിശുദ്ധ അമ്മയോട് വലിയ സ്നേഹമായിരുന്നു. തുടരെത്തുടരെയുള്ള സങ്കടങ്ങളുടെ കയങ്ങളില്‍ മുങ്ങിത്താണപ്പോള്‍ ആശ്വാസത്തിനായി അജിയും ജാസ്മിനും വേളാങ്കണ്ണിയില്‍ പോയി പ്രാര്‍ഥിക്കുമായിരുന്നു. ഒരു ദിവസം അവിടെ കണ്ടുമുട്ടിയ വൈദികനോട് അവര്‍ തങ്ങളുടെ സഹനങ്ങളും കടന്നുപോകുന്ന പ്രതിസന്ധികളും പങ്കുവച്ചു. ഒതുങ്ങിക്കൂടാതെ വീട്ടിലിരുന്നു ചെയ്യാവുന്ന ഒരു തൊഴില്‍ കണ്ടെത്തി ദൈവത്തില്‍ ആശ്രയിച്ച് പതറാതെ മുന്നേറണം എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു പ്രവചനം പോലെ നിറവേറുകയായിരുന്നു എന്ന് ജാസ്മിന് പങ്കുവയ്ക്കുന്നു. ഒരു ദൈവദൂതന്റെ വാക്കുകളില്‍ നിന്നെന്നപോലെ പ്രചോദനമുള്‍ക്കൊണ്ട് വീട്ടിലെത്തിയ ജാസ്മിന് വീട്ടില്‍ നെയ്യപ്പം ഉണ്ടാക്കി. അത് അജി കടയില്‍ കൊണ്ടുവച്ച് ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ വിറ്റുതീര്‍ന്നു. അങ്ങനെ രണ്ടു സഹായികളുമായി ജാസ്മിന് നെയ്യപ്പം ദിവസവും
തയ്യാറാക്കി അജിയെ ഏല്‍പ്പിച്ചുതുടങ്ങി. രുചി മാധുര്യമുള്ള ആ നെയ്യപ്പം അന്വേഷിച്ച് ഓര്‍ഡറുകളുമായി പലരും വീട്ടിലെത്താന്‍ തുടങ്ങിയത് അപ്പൂസ് ഫുഡ്സ് എന്ന സംരംഭത്തിന് കാരണമായി.
വി. അല്‍ഫോന്‍സാമ്മയുടെ പാരിതോഷികം
ലഭിച്ച സഹനങ്ങളൊക്കെ വി. അല്‍ഫോന്‍സാമ്മയെപ്പോലെ ദൈവകരങ്ങളില്‍ നിന്നും പരിഭവമില്ലാതെ സ്വീകരിച്ചതുകൊണ്ടാകാം ജാസ്മിന്റെയും അജിയുടെയും മുന്നേറ്റത്തിന് അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനദിനത്തില്‍ സ്വര്‍ഗം കയ്യൊപ്പു ചാര്‍ത്തിയത്. 2009 ല്‍ അല്‍ഫോന്‍സാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനോടനുബന്ധിച്ചുള്ള ഭരണങ്ങാനം പള്ളിയിലെ തിരുനാളില്‍ അപ്രതീക്ഷിതമായി ആയിരം കിലോ നെയ്യപ്പത്തിനാണ് ഓര്‍ഡര്‍ ലഭിച്ചത്. ആദ്യം ഒന്നു പകച്ചെങ്കിലും എല്ലാം സാധ്യമാക്കുന്ന ദൈവത്തില്‍ ആശ്രയിച്ച്
ജാസ്മിനും അജിയും സഹപ്രവര്‍ത്തകരും ചേര്‍ന്ന്1200 കിലോഗ്രാം നെയ്യപ്പമുണ്ടാക്കി. അതൊരു വലിയ തുടക്കമായിരുന്നു. രണ്ടു മുതല്‍ 34 പേര്‍ക്കുവരെ തൊഴിലവസരം പ്രദാനംചെയ്യുന്ന സംരംഭമായി അപ്പൂസ് പ്രോസസിങ്
യൂണിറ്റ്വളര്ന്നു.
”അഞ്ചോളം രൂപതകളിലെ വിവിധപള്ളികളില്നിന്നുമാണ് ഏറ്റവും അധികം ഓര്‍ഡറുകള്‍ വരുന്നത്. ദൈവത്തിനുവേണ്ടിയുള്ള ഒരു ശുശ്രൂഷയായിട്ടാണ് ഞങ്ങള്‍ ഇത്ചെയ്യുന്നത്. അതുകൊണ്ട്ആത്മാവില് വലിയ സന്തോഷമാണ്. പരിശുദ്ധ അമ്മ കൂടെയുള്ള അനുഭവമാണ്”. ജാസ്മിന് പങ്കുവച്ചു.
അണ് സങ് ഹീറോ
പരിചിതമായ ഇടങ്ങളില്‍ നിന്നും മാറി നടക്കേണ്ട സമയങ്ങളിലൊക്കെ ജാസ്മിനൊപ്പം അജിയും ഉണ്ടാകും. കാഴ്ച പൂര്‍ണ്ണമായും മങ്ങിയെങ്കിലും അകക്കാഴ്ചയുടെ വെളിച്ചത്തില്‍ 34 ഓളം പേര്‍ക്ക് തൊഴില്‍ നല്കുന്ന ജാസ്മിന് എന്ന വീട്ടമ്മയുടെ അതിജീവനകഥ പലവേദികളിലും മാധ്യമങ്ങളിലും ആദരിക്കപ്പെട്ടു. അവിടെയെല്ലാം ജാസ്മിന് എത്തിയത് അജിയുടെ കൈപിടിച്ചായിരുന്നു.
”അജിയാണ്ദൈവം എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം” എന്നു പറയുന്ന ജാസ്മിന് ഏത് ആവശ്യത്തിനും ഒപ്പം അജിയുണ്ട്. കാഴ്ച നഷ്ടപ്പെട്ട തനിക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഏതു ജോലിയും ചെയ്യാന്‍ അജിക്ക് മടിയില്ല. പാല് തിളപ്പിക്കാനും ചായ ഉണ്ടാക്കാനും അജി എപ്പോഴും ജാസ്മിനൊപ്പമുണ്ടാകും. തന്റെ തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കേണ്ട ജീവിതപങ്കാളിയുടെ പരിമിതിയിലോ മകന്റെ രോഗാവസ്ഥ
യിലോ പതറിപ്പോകാതെ ”ഇവരെ രണ്ടുപേരെയും
ദൈവം എന്നെ ഏല്‍പ്പിച്ചതാണ്” എന്നു പറഞ്ഞ് അവരെ ചേര്‍ത്തുപിടിക്കുന്ന അജി എന്ന വലിയ മനുഷ്യന്റെ വാക്കുകള്‍ ഏതൊരു കുടുംബനാഥനും പ്രചോദനമാണ്.
‘എന്റെ സ്വര്‍ഗം ഇതാണ്’
മറ്റുള്ളവരുടെ മരണത്തെക്കുറിച്ച് അപ്പുവിനോട് പറയേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍, അവര്‍ സ്വര്‍ഗത്തില്‍ പോയി എന്നു പറഞ്ഞു മനസ്സിലാക്കുമ്പോള്‍ ‘എന്റെ സ്വര്‍ഗം ഇതാണ്. എന്റെ വീടാണ്’ എന്ന് വളരെ നിഷ്കളങ്കമായി പറഞ്ഞുവയ്ക്കുന്ന അപ്പുവിന്റെ വാക്കുകളില്‍ അവന് ആ മാതാപിതാക്കളില്‍ നിന്നും സ്വീകരിക്കുന്ന കരുതലും സ്നേഹവും പ്രകടമാണ്. യഥാര്‍ഥത്തില്‍ ജാസ്മിന്റെയും അജിയുടെയും കുടുംബം ഒരു സ്വര്‍ഗം തന്നെയാണ്. സഹപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാത്ത ഉദാരമായ മനസ്സുണ്ട് അവര്‍ക്ക്. കൃത്യമായി വേതനം നല്‍കാനും അവര്‍ക്കായി സമ്പാദ്യപദ്ധതികള്‍ ആരംഭിക്കാനും നല്ല ശ്രദ്ധ
യാണ്. ജീവനക്കാര്‍ എന്നതിനപ്പുറം സഹപ്രവര്‍ത്തകരുമായി ഒരു ആത്മബന്ധം പുലര്‍ത്താന്‍ ജാസ്മിനും അജിയും മുന്‍പന്തിയിലുണ്ട്.
ദൈവം നേരിട്ട് എന്നപോലെ വഴി നടത്തിയ അനുഭവങ്ങളുംസംരക്ഷണത്തിന്റെ കവചം തീര്‍ത്ത നിമിഷങ്ങളും ഇവരുടെ ജീവിതത്തില്‍
കുറച്ചൊന്നുമല്ല.
ഒരിക്കല്‍, പന്ത്രണ്ടോളം ഗ്യാസ് സിലിണ്ടറുകള്‍ മുറ്റത്ത് ഇറക്കിവച്ചിരുന്ന അവസരത്തിലാണ് അതില്‍ നിന്ന് ഒരു ഗ്യാസ് സിലിണ്ടര്‍ അയല്‍വാസി ആവശ്യപ്പെട്ടത്. അവര്‍ ഓട്ടോയുമായി വന്ന് അതില്‍നിന്നൊരു ഗ്യാസ് സിലിണ്ടര്‍ എടുത്തുകൊണ്ടുപോയി. ആ ഗ്യാസ് സിലിണ്ടര്‍ ഘടിപ്പിക്കാന്‍ നോക്കിയപ്പോള്‍ അപകടകരമായി ഗ്യാസ് ലീക്ക് ചെയ്യുന്നതായി കണ്ടു. ഉടന്‍തന്നെ തൊട്ടടുത്തുള്ള തോട്ടിലേക്ക് ഗ്യാസ് സിലിണ്ടര്‍ എറിഞ്ഞ് അപകടം ഒഴിവാക്കി. പന്ത്രണ്ടോളം ഗ്യാസ് സ്റ്റൗകള്‍ എപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന അപ്പൂസ് പ്രോസസിങ് യൂണിറ്റില്‍ ഉണ്ടാകാമായിരുന്ന വലിയൊരു അപകടമാണ് അതുവഴി ഒഴിവായത്.
ഒരു സഹപ്രവര്‍ത്തക മില്ലിനിടയില്‍ പെട്ടുപോകാമായിരുന്ന ഒരവസരത്തിലും കാഴ്ചയില്ലാഞ്ഞിട്ടുകൂടി കൃത്യസമയത്ത് എത്തിപ്പെടാനായതും അവരെ രക്ഷിക്കാനായതും വലിയ ദൈവപരിപാലനയായി ജാസ്മിന് പങ്കുവയ്ക്കുന്നു. കാലം ഒരുക്കിവച്ച കണ്ണീരിന്റെ അനുഭവങ്ങളില്‍ പതറിപ്പോകാതെ, സ്വയം പഴിക്കാതെ പരസ്പരം ശക്തിപകരുന്ന, ദൈവത്തില്‍ ആശ്രയിച്ച് മുന്നേറുന്ന ഒരു കുടുംബത്തിന്റെ കഥ കൂടിയാണിത്. പ്രതിസന്ധികള്‍ക്കു മുന്പില് മനോധൈര്യം അസ്തമിച്ച് നഷ്ടധൈര്യരാകാതിരിക്കാന്‍ ഇവരുടെ ജീവിതം നമുക്കു പ്രചോദനമാകട്ടെ.
സി . നിമിഷ റോസ് CSN




