Wednesday, January 22, 2025

പ്രോസ്റ്റേറ്റ് ഗ്രന്ഥിയും അനുബന്ധരോഗങ്ങളും

ഡോ.എം.ജെ.മേഴ്‌സി ബി.എ.എം.എസ്
മെഡിക്കൽ പ്രാക്ടീഷണർ, (ആയുർവേദം)

പ്രോസ്റ്റേറ്റ് ഗ്രന്ഥി

പുരുഷൻറെ പ്രത്യുൽപാദന അവയവങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥി. ഈ ഗ്രന്ഥി മൂത്രാശയത്തിന്റെ താഴെ ഭാഗത്തായി മൂത്രനാളിക്കു ചുറ്റുമായി കാണപ്പെടുന്നു. മൂത്രനാളി ഈ ഗ്രന്ഥിയുടെ ഉള്ളിൽക്കൂടി പോകുന്ന രീതിയിലാണ് ഇതിന്റെ ഘടന. സെമിനൽ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്റെ ശരിയായ പ്രവർത്തനത്തെ സഹായിക്കുകയുമാണ് ഇതിന്റെ പ്രധാന ധർമ്മം, ബീജങ്ങൾക്കുള്ള പോഷണം ലഭിക്കുന്നത് ഈ സ്രവത്തിൽ നിന്നാണ്. പ്രോസ്‌റ്റേറ്റ് അനുബന്ധമായി കണ്ടുവരുന്ന പ്രധാന രോഗങ്ങളിൽ ഒന്ന് കാൻസർ അല്ലാത്ത പ്രോസ്റ്റേറ്റ് വീക്കവും മറ്റൊന്ന് കാൻസറുമാണ്.

പ്രോസ്റ്റേറ്റ് വീക്കം (Benign Prostate Enlargement)

കാൻസർ അല്ലാത്ത പ്രോസ്‌റ്റേറ്റ് വീക്കം വളരെ സാധാരണമാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥി പ്രായം കൂടുംതോറും വളർന്നുകൊണ്ടിരിക്കും. ഇത് വളരെ സാവധാനത്തിലാണ് വളരുന്നത്. ഈ വളർച്ച ഗ്രന്ഥിയുടെ ഏതു ഭാഗത്തേക്കാണ് എന്നത് വളരെ പ്രധാനമാണ്. വികസനം പുറംഭാഗത്തേക്കാണെങ്കിൽ മൂത്രനാളിക്കു കാര്യമായ തടസ്സം അനുഭവപ്പെടുന്നില്ല. എന്നാൽ, വികസനം ഉൾഭാഗത്തേക്കാണെങ്കിൽ മൂത്രനാളി ഞെരുങ്ങിപ്പോകുന്നതുകൊണ്ട് മൂത്രത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. കോശങ്ങൾ വളർന്നുപെരുകിയാലും ഗ്രന്ഥിയുടെ ഭിത്തി കനമുള്ളതാണെങ്കിൽ Prostate പുറത്തേക്ക് തള്ളി വലുപ്പം കൂടണമെന്നില്ല.

മൂത്രം ഒഴിച്ചു തുടങ്ങാൻ പ്രയാസം, ഒഴിച്ചു തീരാൻ കൂടുതൽ സമയം വേണ്ടിവരിക, മൂത്രത്തിന്റെ ധാര കനം കുറഞ്ഞതാകുന്നു, ഇടയ്ക്ക് നിന്നുപോകുക, മൂത്രം മുഴുവൻ ഒഴിഞ്ഞു പോയിട്ടില്ല എന്ന തോന്നൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്നു തോന്നുക, മൂത്രമൊഴിക്കണമെന്നു തോന്നിയാൽ പിടിച്ചു നിർത്താൻ കഴിയാത്ത അവസ്ഥ. ഉറക്കത്തിൽ പല തവണ എഴുന്നേറ്റു മൂത്രമൊഴിക്കേണ്ടതായി വരിക എന്നിവ പ്രോസ് സ്റ്റേറ്റ് വീക്കത്തിന്റെ ലക്ഷണങ്ങളാണ്. വളരെ സാവധാനത്തിലാണ് ഇവ പ്രകടമാകുന്നത്.

മൂത്രനാളിക്കുണ്ടാകുന്ന തടസ്സംമൂലം മൂത്രാശയത്തിൽ മൂത്രം ബാക്കി നിൽക്കുകയും മൂത്രത്തിൽ അണുബാധ, കല്ല് ഇവ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. ഇതുമൂലം വേദന അനുഭവപ്പെടാം. ചില സന്ദർഭങ്ങളിൽ മൂത്രനാളി പൂർണ്ണമായി അടഞ്ഞു പോകുന്നതുകൊണ്ട് മൂത്രമൊഴിക്കാൻ കഴിയാത്ത അവസ്ഥ (Acute Urinary Retension) ഉണ്ടാകുന്നു. എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ട അവസ്ഥയാണിത്.

പ്രോസ്‌റ്റേറ്റ് കാൻസർ

95 ശതമാനം പ്രോസ്‌റ്റേറ്റ് വീക്കവും കാൻസറല്ലാത്തത് (Benign Prostate Enlargement) ആണ്. വളരെ ചുരുക്കം സന്ദർഭങ്ങളിൽ ഇത് പ്രോസ്‌റ്റേറ്റ് കാൻസർ മൂലം ആകാം. പുരുഷന്മാരിൽ കാൻസർ വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരു അവയവമാണ് പ്രോ‌സ്റ്റേറ്റ് ഗ്രന്ഥി. പുരുഷന്മാരിൽ 60 വയസ്സിനുശേഷം (വിരളമായി അതിനു മുമ്പും) കണ്ടുവരുന്ന കാൻസറുകളിലൊന്നാണ് പ്രോസ്‌റ്റേറ്റ് കാൻസർ.

തുടക്കത്തിൽ രോഗലക്ഷണങ്ങൾ പ്രകടമാകാറില്ല. മിക്കവാറും എല്ലാ ലക്ഷണങ്ങളും സാധാരണ വീക്കത്തിന്റെ ലക്ഷണങ്ങളോടു സമാനമായതിനാൽ പ്രാരംഭഘട്ടത്തിൽ അറിയാതെ വരുന്നു. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് മൂത്രതടസ്സം, എരിച്ചിൽ, മൂത്രം കൂടെക്കൂടെ പോകുക. അണുബാധ, മൂത്രത്തിൽ രക്തത്തിന്റെ അംശം, വൃക്കകളുടെ പ്രവർത്തനം തകരാറിലാവുക തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ വന്നേക്കാം.

രോഗലക്ഷണങ്ങൾ വിലയിരുത്തിയ ശേഷം രക്തപരിശോധന, മൂത്രപരിശോധന എന്നിവയും ആവശ്യമാണെങ്കിൽ ശാരീരിക പരിശോധനയും ചെയ്യുന്നു. മലദ്വാരത്തിലൂടെ വിരൽ കടത്തി (Per Rectal Examination) പരിശോധിക്കുന്നതിലൂടെ ഗ്രന്ഥിക്കു വളർച്ചയുണ്ടോ അതിന്റെ വലുപ്പം, വളർച്ച ഏതു ഭാഗത്താണ്. വേദനയുണ്ടോ എന്നെല്ലാം മനസ്സിലാക്കാം. രക്ത പരിശോധനയിൽ PSA (Prostate Specific Antigen) കിഡ്നിയുടെ പ്രവർത്തനം (Kidney Function Test) ഇവ ചെക്ക് ചെയ്യുന്നു. PSA യുടെ അളവ് 4 നാനോ ഗ്രാം/ml ൽ കൂടുതൽ ആവുന്നത് പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ രോഗത്തെ സൂചിപ്പിക്കുന്നു. സാധാരണ പ്രോസ്‌റ്റേറ്റ് വീക്കത്തിൽ PSA യിൽ ചെറിയ വ്യതിയാനം ഉണ്ടാകും. ചികിത്സ കൊണ്ട് നോർമൽ ആകുന്നു. കാൻസർ രോഗികളിൽ PSA യുടെ അളവ് കൂടുതൽ ആയിരിക്കും. PSA വളരെയധികം കുടുന്നത് കാൻസർ മറ്റ് അവയവങ്ങളിലേക്കുകൂടി വ്യാപിക്കുന്നതിൻ്റെ സൂചനയാണ്. ലക്ഷണങ്ങൾ രൂക്ഷമാണെങ്കിൽ അൾട്രാ സൗണ്ട് സ്കാൻ ചെയ്യുന്നത് ഗ്രന്ഥിയുടെ വലുപ്പം, സ്ഥാനം, മൂത്രം ഒഴിച്ചതിനുശേഷം മൂത്രാശയത്തിൽ എത്രത്തോളം മുത്രം കെട്ടി നിൽക്കുന്നുണ്ട്, രോഗം വൃക്കകളെ ബാധിച്ചിട്ടുണ്ടോ എന്നെല്ലാം മനസ്സിലാക്കാൻ കഴിയുന്നു. കൂടുതൽ വ്യക്തത വരുത്താനായി ബയോപ്‌സി പരിശോധനയും വേണ്ടിവരാറുണ്ട്.

ചികിത്സ

രോഗം എത്രത്തോളം രൂക്ഷമാണ് എന്നതിനനുസരിച്ചാണ് ചികിത്സ നിർണയിക്കുന്നത്. ലഘുവാണെങ്കിൽ ജീവിത രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതിയാകും മദ്യം, കഫൈൻ അടങ്ങിയ ചായ, കാപ്പി, കോള തുടങ്ങിയവയും പുകവലി, കൃത്രിമ മധുരങ്ങൾ എന്നിവയും ഒഴിവാക്കുക. സ്ഥിരമായി വ്യായാമം ചെയ്യുക. ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ട ആവശ്യമുള്ള രോഗികളിൽ ഇടവേളയുടെ ദൈർഘ്യം കൂട്ടുന്നതിനും ഇടയ്ക്കിടെ മുത്രമൊഴിക്കണമെന്ന തോന്നൽ മാറ്റിയെടുക്കുന്നതിനും വ്യായാമം (Kegel Exercise) സഹായിക്കുന്നു.

പകൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. രാത്രി ഉറങ്ങുന്നതിന് രണ്ടു മണിക്കൂറിനുള്ളിൽ ദ്രാവക രൂപത്തിലുള്ളവ കഴിക്കുന്നത് ഒഴിവാക്കുക. സമയത്തിനു മൂത്രമൊഴിക്കാൻ ശ്രദ്ധിക്കണം. മലബന്ധം മൂത്രസഞ്ചിയിൽ മർദം ഏല്‌പിക്കുകയും അത് പ്രോസ്‌റ്റേറ്റ് വീക്കം കൂട്ടുമെന്നതിനാൽ നാരുകളടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കണം. പഴങ്ങൾ, പച്ചക്കറികൾ, മുഴുവൻ ധാന്യങ്ങൾ ഇവയിൽ അടങ്ങിയ നാരുകൾ മലബന്ധം ഒഴിവാക്കും. പ്രമേഹം മുതലായ മറ്റു രോഗങ്ങൾ നിയന്ത്രിക്കണം.

ജീവിതചര്യകളിൽ മാറ്റം വരുത്തിയിട്ടും കാര്യമായ മാറ്റം ലഭിച്ചില്ലെങ്കിൽ ഔഷധസേവ ആവശ്യമായി വരും. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന് ഫലപ്രദമായ മരുന്നുകൾ ആയുർവേദത്തിലുണ്ട്. ഗ്രന്ഥി വീക്കം കുറയ്ക്കുന്നതിനും മൂത്രം തുറന്നു പോകുന്നതിനുമുള്ള ഔഷധങ്ങളാണ് ഉപയോഗിക്കുന്നത്. മൂത്രം പോകാൻ പ്രയാസം അനുഭവപ്പെടുന്ന സന്ദർഭങ്ങളിൽ വീക്കം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ അരച്ചു പുറമെ പുരട്ടുന്നതുകൊണ്ട് ഫലം ലഭിക്കാറുണ്ട്.

മൂത്രനാളി മുഴുവൻ അടഞ്ഞ് മൂത്രം ഒട്ടും പോകാതെ വരുന്ന രോഗിക്ക് Catheter ഉപയോഗിച്ചു മൂത്രം കളയേണ്ടതായി വരും. സാധാരണയായി പ്രോസ്‌റ്റേറ്റ് വീക്കത്തിന് ശസ്ത്രക്രിയ ആവശ്യമായി വരാറില്ല. എന്നാൽ, മറ്റു മാർഗങ്ങൾ കൊണ്ട് ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരും.

പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയെ മാത്രം ബാധിച്ച കാൻസർ ആധുനിക ചികിത്സ രീതികൾകൊണ്ട് നിയന്ത്രിക്കാനാകും. എന്നാൽ, വൈകിയാണ് രോഗനിർണ്ണയം നടത്തുന്നതെങ്കിൽ നിയന്ത്രിക്കാൻ പ്രയാസമാകും. മൂത്രതടസ്സം, മൂത്രത്തിൽ രക്തത്തിന്റെ അംശം എന്നിവയാൽ അസഹ്യമായ വേദന ഉണ്ടാകുന്നു. കൂടുതൽ വ്യാപിക്കു മ്പോൾ അസ്ഥികൾക്കു വേദന, വൃക്കകളുടെ പ്രവർത്തനം തകരാറിലാവുക എന്നിങ്ങനെയുള്ള ഗുരുതര പ്രശ്ന‌ങ്ങൾ ഉണ്ടായേക്കാം.

പ്രായം കൂടുന്തോറും പ്രോസ്‌റ്റേറ്റ് കാൻസറിനുള്ള സാധ്യത വർധിക്കുന്നു. പുരുഷ ഹോർമോണിനുണ്ടാകുന്ന വ്യതിയാനമാണ് ഇതിനു കാരണമായി പറയുന്നത്. പാരമ്പര്യഘടകങ്ങൾ പ്രോസ്‌റ്റേറ്റ് കാൻസറിനു കാരണമായി പറയുന്നു. അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും ഈ കാൻസർ ഉണ്ടായിട്ടുണ്ടെങ്കിൽ രോഗസാധ്യത കൂടുതൽ ആയിരിക്കും. ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ എത്രയും പെട്ടെന്ന് പരിശോധനകൾ നടത്തി ചികിത്സ ആരംഭിക്കുക എന്നതാണ് പ്രധാനം.

Related Articles