Friday, March 20, 2026

പ്രതീക്ഷയുടെ തീർഥാടകർ

ദൈവം അബ്രാഹത്തോട് മിണ്ടിത്തുടങ്ങിയ കാലം. ഒരിക്കല്‍ ദൈവം അബ്രാഹത്തെ കൂടാരത്തിനു വെളിയിലേക്കു കൊണ്ടു വന്നിട്ടു പറഞ്ഞു: ”ആകാശത്തേക്കു നോക്കുക, ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്റെ സന്താന പരമ്പര അതുപോലെയായിരിക്കും”. ഏതു നക്ഷത്രങ്ങള്‍? പട്ടാപ്പകലാണ് ദൈവം നക്ഷത്രങ്ങളെ നോക്കാന്‍ പറയുന്നതെന്നു തുടര്‍ന്നു വായിക്കുമ്പോള്‍ മനസ്സിലാകും. തന്നെ സന്ദര്‍ശിച്ച ദൈവത്തിന് ബലിയര്‍പ്പിച്ചതിനു ശേഷമാണ് സന്ധ്യയാകുന്നതെന്ന് പന്ത്രണ്ടാമത്തെ വാക്യത്തില്‍ നാം കാണുന്നു. അതായത് കത്തുന്ന സൂര്യനു പിന്നില്‍ മിന്നുന്ന നക്ഷത്രങ്ങളെ കാണാനാണ് ദൈവം അബ്രാഹത്തോട് ആവശ്യപ്പെടുന്നതും അബ്രാഹം അത്‌ വിശ്വസിക്കുന്നതും. ആ വിശ്വാസം അവനു നീതീകരണമായി ദൈവം കണക്കാക്കിയെന്ന് ബൈബിള്‍ തുടര്‍ന്ന് സാക്ഷിക്കുന്നു. ഈ വിശ്വാസമാണ് ദൈവത്തിന്റെ വാഗ്ദാനത്തില്‍ പ്രത്യാശ വച്ച് മുന്നോട്ടു പോകുവാന്‍ അബ്രാഹത്തിനു ശക്തിനല്കിയത്. 

ക്രിസ്തുവിന്റെ ജനത്തിന്റെ ഒരു ജൂബിലി വര്‍ഷത്തിലേക്കു കൂടി നമ്മള്‍ പ്രവേശിച്ചിരിക്കുന്നു. പ്രതീക്ഷയുടെ തീര്‍ഥാടകരാകുക എന്നതാണ് ഫ്രാന്‍സിസ് പാപ്പ നല്കുന്ന ആഹ്വാനം. പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്തതുപോലൊരു കാലത്തിലൂടെ കടന്നുപോകുന്ന നമുക്ക് പ്രത്യാശ കൈവിടാതിരിക്കുക എന്നത് വെല്ലുവിളിയാണ്. എന്നാല്‍, പ്രതീക്ഷയില്ലാതെ മുന്നോട്ടുള്ള യാത്ര എളുപ്പവുമല്ല.

വിശ്വാസത്തെ ഒഴിവാക്കികൊണ്ട് പ്രത്യാശയെക്കുറിച്ചു ചിന്തിക്കാനാവില്ല. വിശ്വാസമാണ് പ്രത്യാശയുടെ മാതാവ്. അതിനാല്‍ വിശ്വാസി ആയിരിക്കുക എന്നതാണ് പ്രതീക്ഷയുടെ തീര്‍ഥാടകരാകാനുള്ള ആദ്യ ചുവട്. ഏക ദൈവത്തിലുള്ള വിശ്വാസമല്ലത്. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു. അബ്രാഹത്തിന്റേതുപോലൊരു വിശ്വാസം. അത്രയും ഉയര്‍ന്നെങ്കിലേ പ്രത്യാശയോടെ മുന്നോട്ടുപോകാന്‍ നമുക്കു കഴിയൂ.

അബ്രാഹത്തിനെന്നതുപോലെതന്നെ നമുക്കും യാത്ര ഒരിക്കലും എളുപ്പമല്ല. പക്ഷേ, എല്ലാ കാലത്തെയും വിശ്വാസികള്‍ക്ക് ഒരു തെറ്റായ വിശ്വാസമുണ്ട്. ദൈവത്തോടു ചേര്‍ന്നു നടക്കുമ്പോള്‍ നല്ലതു മാത്രമേ സംഭവിക്കുകയുള്ളൂ എന്നത്. എന്നാല്‍, അതങ്ങനെയല്ലെന്ന് ഉല്‍പത്തി മുതല്‍ വെളിപാടുവരെയുള്ള ഏതൊരു നീതിമാന്റെയും ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്നു. അബ്രാഹത്തെത്തന്നെഎടുക്കാം.നേരത്തെ ദൈവം കൊടുത്ത വാഗ്ദാനത്തിനു പിന്നാലെ ഒരു മുന്നറിയിപ്പു നല്കുന്നു. അത് അബ്രാഹത്തിന്റെ രണ്ടാമത്തെ തലമുറയ്ക്കു ശേഷം സംഭവിക്കാനിരിക്കുന്ന അടിമത്തത്തിന്റെ ദുരന്തത്തെക്കുറിച്ചുള്ള അറിയിപ്പാണ്. അവിടുത്തെ സ്വന്തം ജനത്തെയാണ് കഠിനമായ പീഡനങ്ങളിലൂടെ നാനൂറു വര്‍ഷം കടത്തിവിടുന്നത്. പിന്നീട് മോശ തുടങ്ങിയുള്ള സകല പ്രവാചകന്മാരും വിശുദ്ധരുമൊക്കെ എത്രയെത്ര പ്രതിസന്ധികളിലൂടെ, കടന്നുപോയി. ചിലര്‍ക്ക് ജീവന്‍തന്നെ വിലയായി നല്‌കേണ്ടി വന്നു. ഞെരുക്കങ്ങളിലൂടെ കടന്നുപോകുമ്പോഴും വരാനിരിക്കുന്ന ഒരു നാളെയെ സ്വപ്നം കണ്ട അവര്‍ സമാധാനം കൈവെടിഞ്ഞില്ല. 

ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും  എന്നു തന്നെയാണ് യേശുവിന്റെ മുന്നറിയിപ്പും. ഭയപ്പെടരുത്, ധൈര്യമായിരിക്കുക എന്നതാണ് അവിടുന്ന് നമ്മോടു പറയുന്നത്. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും കൈപിടിച്ചു നീങ്ങുന്ന ഒരാളിലെ ഏറ്റവും സുന്ദരമായ സവിശേഷത ഏതു പ്രതിസന്ധിയിലും അയാള്‍ക്കു പുലര്‍ത്തുവാൻ കഴിയുന്നസമാധാനമാണ്. കാറ്റിലും കോളിലുമുലയുന്ന തോണിയില്‍ പ്രശാന്തമായുറങ്ങുന്ന യേശുവിനെ ഓര്‍മിപ്പിക്കുന്ന ജീവിതം. എത്ര നോക്കിയിരുന്നാലും കൊതിപ്പിക്കുന്ന ചിത്രമാണത്. എത്രയോ കലാകാരന്മാര്‍ക്ക് അത് പ്രചോദനമായിരിക്കുന്നു. ജാക് ഇ ഡോബ്‌സന്റെ കൊടുങ്കാറ്റിനിടയിലെ ശാന്തത (Peace in stom) എന്ന ചിത്രം കണ്ടിട്ടുണ്ടോ? സമാധാനത്തിന്റെ ഒരു നേര്‍ചിത്രം എന്ന വിഷയത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ സമ്മാനിതമായ ചിത്രമാണതെന്നു പറയപ്പെടുന്നു. ചെങ്കുത്തായ ഒരു പാറക്കൂട്ടം. മുകളില്‍ കാറ്റും മിന്നലും കാര്‍മേഘവും നിറഞ്ഞ ആകാശം. മുകളില്‍ നിന്ന് ഊക്കോടെ പതിക്കുന്ന വെള്ളച്ചാട്ടം. എല്ലാമുണ്ട്. പക്ഷേ, സമാധാനം മാത്രം ഇല്ലെന്ന് നമുക്കുതോന്നും. പക്ഷേ, കുറേക്കൂടി അടുത്തുചെന്ന് സൂക്ഷ്മമായി നോക്കുമ്പോള്‍ വെള്ളച്ചാട്ടത്തിനു പിന്നിലുള്ള പാറയുടെ ചെറിയ വിടവില്‍ ഒരു കിളിക്കൂട്. അതില്‍ തള്ളപ്പക്ഷി തന്റെ കുഞ്ഞിന് തീറ്റ കൊടുക്കുന്നു! ഒന്നും അതിനെ അലട്ടുന്നില്ല.

ദൈവിക സമാധാനമെന്നത്‌ കൊടുങ്കാറ്റിനു ശേഷമുള്ള പ്രശാന്തതയല്ല. കൊടുങ്കാറ്റിലും ഉലയാതെ നില്ക്കാന്‍ കഴിയുന്നതാണ്. അതെ, സമാധാനമെന്നത് ഒരു പ്രതിസന്ധിയും ഇല്ലാത്തപ്പോള്‍ അനുഭവപ്പെടേണ്ട ഒന്നല്ല. ഏതു പ്രതിസന്ധിക്കിടയിലും ഉള്ളിന്റെയുള്ളില്‍ അനുഭവിക്കുന്ന പ്രശാന്തതയാണ്. കാര്‍മേഘത്തിനപ്പുറം സൂര്യന്‍ ജ്വലിക്കുന്നുണ്ടെന്നും പകലിലെ സൂര്യപ്രഭയ്ക്കു പിന്നിൽ നക്ഷത്രങ്ങൾ മിന്നിക്കൊണ്ടിരിപ്പുണ്ടെന്നും അവര്‍ക്കറിയാം. അതേ അറിവാണ് എല്ലാ അനുഭവങ്ങള്‍ക്കു പിന്നിലും ദൈവം മറഞ്ഞിരിക്കുന്നു എന്ന ധൈര്യം അവര്‍ക്കു നല്കുന്നത്. പ്രതിസന്ധികള്‍ അനുവദിക്കുന്ന ഒരാളായല്ല, പ്രതിസന്ധിയിലൂടെ കടത്തിവിടുമ്പോഴും അവയെ അതിജീവിക്കാനുള്ള ബലവും പ്രതീക്ഷയും നല്കുന്ന അദൃശ്യ സാന്നിധ്യമായിട്ടാണ് നമ്മള്‍ ദൈവത്തെ കാണേണ്ടത്. കടന്നുപോകുന്ന വഴികള്‍ കഠിനമായി തോന്നിയേക്കാം. നമ്മുടെ പ്രാര്‍ഥനകള്‍ക്കു നേരെ അവിടുന്നു നിശ്ശബ്ദനാണെന്നും അനുഭവപ്പെട്ടേക്കാം. അപ്പോഴും ഭയപ്പെടാതിരിക്കുക. ആ സങ്കടത്തില്‍ നിന്ന് മറ്റേതോ വലിയ നന്മ ക്രമീകരിക്കുന്ന തിരക്കിലാണ് ദൈവം!

സി. ശോഭ സി. എസ്. എൻ.

Related Articles