Friday, March 20, 2026

ഓനിയോ മാനിയ അഥവാ ഷോപ്പിംഗ് ഭ്രമം

പുറത്തിറങ്ങിയാല്‍ എന്തെങ്കിലും വാങ്ങാതെ തിരികെ എത്താത്ത ആളുകളെ കണ്ടിട്ടില്ലേ. ആവശ്യമുണ്ടോ ഇല്ലയോ എന്നൊന്നും അവര്‍ നോക്കാറില്ല. പുതിയ ഉല്പന്നങ്ങള്‍, അതു വസ്ത്രമാകാം, ഭക്ഷണമാകാം, വീട്ടുപകരണങ്ങളാകാം…അങ്ങനെ എന്തും. ഇങ്ങനെ വേണ്ടതും വേണ്ടാത്തതും ഒക്കെ കണക്കില്ലാതെ വാങ്ങിക്കൂട്ടുന്നവരെ ‘ഷോപ്പഹോളിക്ക്’ എന്നാണ് മനശ്ശാസ്ത്രജ്ഞന്മാര്‍ വിശേഷിപ്പിക്കുന്നത്. മദ്യപാനം പുകവലി തുടങ്ങിയ അഡിക്ഷന്‍ പോലെതന്നെയുള്ള ഒരു അഡിക്ഷനാണ്
ഷോപ്പിംഗ് എന്നവര്‍ സമര്‍ഥിക്കുന്നു. സാമ്പത്തിക തകര്‍ച്ചതന്നെയാണ് ഈ അഡിക്ഷന്റെയും അനന്തരഫലം.

ഓണ്‍ലൈന്‍ഷോപ്പിംഗ് ഒരുതരംഗമായിത്തീര്‍ന്നതോടെ കാര്യങ്ങള്‍ കുറച്ചുകൂടി മോശമായി. അടുത്തകാലത്ത് പരിചയപ്പെട്ട ഒരു കുടുംബം, അവര്‍ വിദേശത്തായിരുന്നു. കുറച്ചുനാളുകളായി ഭാര്യയും കുഞ്ഞുങ്ങളും നാട്ടിലാണ്. കാരണമിതാണ്. ഭര്‍ത്താവിനു മാത്രമായിരുന്നു അവിടെ ജോലി ഉണ്ടായിരുന്നത്. വീട്ടുകാര്യങ്ങള്‍ നോക്കിയിരുന്നത് ഭാര്യയും. അയാളുടെ അക്കൗണ്ടും അവള്‍തന്നെ കൈകാര്യം ചെയ്തു. പക്ഷേ, വീട്ടാവശ്യങ്ങള്‍ക്ക് പണം തികയുന്നില്ല. പണം എവിടെ പോകുന്നുവെന്ന് അറിഞ്ഞിട്ടേയുള്ളൂ എന്ന് അയാള്‍ തീരുമാനിച്ചു. ഒടുവില്‍ കണ്ടെത്തി. ഭാര്യയുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ്! ഒടുവില്‍ ഗത്യന്തരമില്ലാതെ ഭാര്യയുടെ പണമിടപാട് നിര്‍ത്തിച്ച് അവളെയും കുഞ്ഞുങ്ങളെയും നാട്ടിലേക്കയച്ചു.

ഷോപ്പിംഗ് ഭ്രമത്തിന് ഓനിയോമാനിയ (oniomania) എന്നും മനശ്ശാസ്ത്രത്തില്‍ പേരുണ്ട്. ഷോപ്പിംഗിനുള്ള ആഗ്രഹം നിയന്ത്രിക്കാനാവാത്ത അവസ്ഥ എന്നര്‍ഥം. പൊതുവെ സ്ത്രീകളിലാണ് ഈ പെരുമാറ്റ വൈകല്യം കൂടുതലായി കാണപ്പെടുന്നത്. ഏതാണ്ട് 80 ശതമാനം സ്ത്രീകള്‍ക്കും ഈ പ്രശ്‌നമുണ്ടത്രേ. അതുകൊണ്ട് ‘ഇതാ വമ്പന്‍ ഓഫര്‍, ഒന്നെടുത്താല്‍ രണ്ട്’ എന്നൊക്കെ കേട്ടാല്‍ വാങ്ങാന്‍ അവര്‍ ചാടിപ്പുറപ്പെടും. ഇങ്ങനെയുള്ളവരെ ലക്ഷ്യമിട്ടാണ് സാരി, സ്വര്‍ണ്ണം, ചെരുപ്പ് തുടങ്ങിയവയുടെ പരസ്യത്തിനൊപ്പം ഓഫറുകള്‍ കൂടി നല്‍കുന്നത്. നോക്കൂ പുരുഷന്മാര്‍ക്കുള്ള ബൈക്ക്, ഷര്‍ട്ട് തുടങ്ങിയവയുടെയൊപ്പം ഓഫറുകള്‍ അല്ല ഗുണങ്ങളാണ് വര്‍ണ്ണിക്കുന്നത്.

ചിലര്‍ക്ക് ഒരേ സാധനങ്ങളോടായിരിക്കാം ഭ്രമം. ‘ഹോര്‍ഡേഴ്‌സ്’ എന്നാണിവരെ വിശേഷിപ്പിക്കുന്നത്. പേന, സാരി, ബാഗ് ചെരുപ്പ്, മോതിരം,
പെര്‍ഫ്യൂം തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നിനോടുള്ള ഒടുങ്ങാത്ത അഭിനിവേശം. ആ ഇഷ്ടവസ്തു എവിടെക്കണ്ടാലും വാങ്ങും എന്നതാണിവരുടെ ബലഹീനത.

എന്തുകൊണ്ടിങ്ങനെ

ഒരാള്‍ ഷോപ്പിംഗ് ഭ്രമത്തില്‍ പെട്ടുപോകുന്നതിനു പിന്നില്‍ പലകാരണങ്ങളുണ്ടെന്ന് മനശ്ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നു. വിഷാദം, നിരാശ തുടങ്ങിയവ മനസ്സിനെ കീഴ്‌പ്പെടുത്തിയാല്‍ ആശ്വാസമെന്ന നിലയില്‍ ചിലര്‍ ഷോപ്പിംഗിലേക്കു തിരിയുന്നു. ജീവിതത്തില്‍ നിറവേറപ്പെടാതെ കിടക്കുന്ന ആഗ്രഹങ്ങള്‍ ആയിരിക്കാം വേറെ ചിലരെ പരിധിയില്ലാതെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിന് പ്രേരിപ്പിക്കുന്നത്. അതുപോലെതന്നെ ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍, ഉറ്റവരുടെ വേര്‍പാടിന്റെ ദുഃഖം അനുഭവിക്കുന്നവര്‍ ഇവര്‍ക്കും ഓനിയോമാനിയ പിടിപെടാം. ഇതുകൂടാതെ, അപകര്‍ഷതാബോധമുള്ളവര്‍ തങ്ങള്‍ക്ക് ഒരു വിലയും നിലയും ഉണ്ടെന്നു കാണിക്കാന്‍ അമിതമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടിയേക്കാം. തനിക്കല്പം സൗന്ദര്യം കുറവാണെന്ന തോന്നലുള്ളവര്‍ കൂടുതല്‍ മേക്കപ്പിടുന്നതും കൂടുതല്‍ ഫാഷനബിള്‍ ആകുന്നതും ശ്രദ്ധിച്ചിട്ടില്ലേ. ശ്രദ്ധിക്കപ്പെടാനും
വിലമതിക്കപ്പെടാനുമുള്ള ആഗ്രഹമാണതിനുപിന്നില്‍. ഉല്‍ക്കണ്ഠയും സുരക്ഷിതത്വബോധമില്ലായ്മയും വ്യക്തികളെ ഷോപ്പിംഗ് ഭ്രമത്തിലെത്തിക്കുന്ന മറ്റൊരു ഘടകമാണ് ഇങ്ങനെ ഉള്ളിന്റെയുള്ളില്‍ ഒരു വ്യക്തി അനുഭവിക്കുന്ന ഏതൊക്കെയോ ശൂന്യതകളാണ് ഓനിയോമാനിയ എന്ന പെരുമാറ്റ വൈകല്യത്തിനു പിന്നില്‍.

ചില പ്രതിവിധികള്‍

  • ഷോപ്പിംഗിനിറങ്ങുമ്പോള്‍ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക.
  • ചെലവഴിക്കാനുദ്ദ്യേശിക്കുന്ന പണവും കണക്കാക്കുക.
  • വരവു ചെലവുകള്‍ക്ക് കൃത്യമായി കണക്കുസൂക്ഷിക്കുക.
  • കൂടുതലായി വാങ്ങണമെന്ന്‌ തോന്നുന്നവയുടെ പണം നീക്കിവച്ച് സമ്പാദ്യമാക്കുക.
  • ഒരുമാസം ഷോപ്പിംഗിന് എത്ര ചെലവാക്കും എന്ന് ഏകദേശം കണക്കുണ്ടാക്കുക.
  • പരസ്യതന്ത്രങ്ങളെ അവഗണിക്കുക.
  • ഷോപ്പിംഗ് ഭ്രമം ഉണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് വിശ്വസിക്കാവുന്ന ഒരു സുഹൃത്തിനോടോ അല്ലെങ്കില്‍ ഒരു മനശ്ശാസ്ത്ര വിദഗ്ദനോടോ തുറന്നു സംസാരിക്കുക.

കടയിലെത്തിയാല്‍

ഒരുല്പന്നം വാങ്ങാന്‍ ചെല്ലുന്നയാളെക്കൊണ്ട് അഞ്ചെണ്ണമെങ്കിലും എടുപ്പിക്കാനുള്ള തന്ത്രവുമായിട്ടാണ് കടക്കാരന്‍ നില്ക്കുന്നത് എന്ന ഓര്‍മ്മയുണ്ടാകണം. ഡിസ്‌കൗണ്ട് ഉണ്ട് എന്നതിന്റെ പേരില്‍ ഒന്നുംവാങ്ങരുത്. ഇതെനിക്ക് അത്യാവശ്യമാണോ എന്ന്
ചിന്തിക്കുക. അല്ലെങ്കില്‍ ഇതില്ലാതെ കുറെനാളെങ്കിലും മുന്നോട്ടുപോകാനാവുമോ എന്ന് ചിന്തിക്കുക. വിലക്കുറവിന്റെ പേരില്‍ നിലവാരമില്ലാത്ത, വിലകുറഞ്ഞ സാധനങ്ങള്‍ വാങ്ങരുത്. നിലവാരമുള്ളവ ഒരു തവണ ഉപയോഗിക്കുന്ന കാലഘട്ടത്തിനിടയില്‍ നിലവാരമില്ലാത്തവ നാലോ അഞ്ചോ വട്ടം വാങ്ങിക്കേണ്ടിവരും. മാത്രമല്ല, നിലവാരമുള്ളവ വാങ്ങിയാല്‍ ആവശ്യമില്ലാത്ത വസ്തുക്കള്‍ വീട്ടില്‍ കുന്നുകൂടാതെയിരിക്കും. കഴിയുന്നതും ക്രെഡിറ്റ് കാര്‍ഡുപയോഗിക്കാതിരിക്കുന്നതാണ് കണക്കില്ലാതെ പണം ചെലവഴിക്കാതിരിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം.

Related Articles