Friday, March 20, 2026

സഹനങ്ങളുടെ മിഷനറി

സഹനങ്ങളിലൂടെ ലോകരക്ഷ നേടിയ ഉത്ഥിതന്റെ ഹൃദയത്തോടെ ആത്മാക്കളുടെ രക്ഷയ്ക്കായി സഹനങ്ങളെ പുല്‍കിയ ഒരു കുടുംബനാഥന്റെ ജീവിത കഥയാണിത്. സഹനങ്ങളുടെ മിഷനറിയായിക്കൊണ്ട് ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയും പാപികളുടെ മാനസാന്തരത്തിനുവേണ്ടിയും പ്രാര്‍ഥിച്ചിരുന്ന ഒരു സാധാരണക്കാരന്‍. അവസാന ശ്വാസത്തോളവും രക്തസാക്ഷിയാകാനാഗ്രഹിച്ച് സഹനങ്ങളെ സ്വര്‍ഗത്തിലെ നിക്ഷേപങ്ങളാക്കിമാറ്റിയ അങ്കമാലിക്കടുത്തുള്ള നീലീശ്വരം സ്വദേശിയായ ബാജുവിന്റെ ജീവിതം സഹനങ്ങള്‍ക്കപ്പുറമുള്ള മഹത്വത്തിന്റെ പൊരുളറിയാന്‍ നമ്മെ സഹായിക്കും.

ദൈവത്തിന്റെ സ്‌നേഹസമ്മാനം

2016 ഡിസംബറിലെ ഒരു പ്രഭാതം. മൊബൈല്‍ റിംഗ് ചെയ്യുന്നത് ശ്രദ്ധിച്ചപ്പോഴാണ് ഗോവയില്‍ ജോലി ചെയ്ത നാളുകളില്‍ മാതാപിതാക്കളെപ്പോലെതന്നെ കരുതിയ
ജോസ് അങ്കിളിന്റെയും ഓമന ആന്റിയുടെയും ഫോണ്‍ കാള്‍ ആണെന്നു കണ്ടത്. രോഗവിവരത്തെക്കുറിച്ച് പറയേണ്ടി വരുമല്ലോ എന്ന ചിന്തയോടെയാണ് ബാജു ഫോണ്‍ എടുത്തതെങ്കിലും ഓമനാന്റി അപ്പോഴേക്കും സംസാരിച്ചു തുടങ്ങിയിരുന്നു:
”മോനേ, നീ എന്നും ആഗ്രഹിച്ച് പ്രാര്‍ഥിച്ചിരുന്നില്ലേ, ഈശോയുടെ സിംഹാസനത്തിന്റെ ഏറ്റവും അരികിലിരിക്കുന്ന രക്തസാക്ഷികളില്‍ ഒരാളാകാന്‍. നിനക്ക് രക്തസാക്ഷിയാകാന്‍ കാന്‍സര്‍ സമ്മാനിച്ചുകൊണ്ട് ദൈവം അതിനുള്ള അവസരം തന്നിരിക്കുകയാണ്. നിന്റെ ശരീരത്തിലെ ഓരോ സെല്ലുകളും ഇനി വേദനകൊണ്ട് ഉരുകിത്തീരും. അതാണ് നിന്റെ രക്തസാക്ഷിത്വം. അതുകൊണ്ട് എന്റെ മോന്‍ ഇത് ആസ്വദിച്ചോ. ഇത് നിനക്കുള്ള രക്തസാക്ഷിത്വമാണ്” ബാജുവിന്റെ മുഖം സ്വര്‍ഗീയമായ ഒരു വെളിപാടിലെന്നപോലെ സന്തോഷം കൊണ്ടുനിറഞ്ഞു. ആ വാക്കുകള്‍കേട്ട പിന്നീടുള്ള ദിനങ്ങളിലൊക്കെയും ബാജുവിന് ഒരു രക്തസാക്ഷിയുടെ ആത്മശക്തിയും ധീരതയും ഉണ്ടായിരുന്നു. ഒരിക്കല്‍പോലും രോഗത്തെക്കുറിച്ച് പരിഭവപ്പെട്ടില്ല. ജീവിതപങ്കാളിയായ മോളി പങ്കുവയ്ക്കുന്നു.

ദൈവകരങ്ങളിലെ വഴക്കമുള്ള ഉപകരണം
മേനാച്ചേരി അഗസ്റ്റിന്റെയും കൊച്ചുത്രേസ്യയുടെയും നാലുമക്കളില്‍ രണ്ടാമത്തെ മകനായി ജനിച്ച ബാജു പഠിക്കാന്‍ സമര്‍ഥനും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനുമായി വളര്‍ന്നു. സി.എം.ഐ. വൈദികരുടെ നേതൃത്വത്തില്‍ നീലീശ്വരത്തുള്ള ഇടവക ദേവാലയത്തില്‍ ചെറുപ്പം മുതലേ അള്‍ത്താര ശുശ്രൂഷിയായും പിന്നീട് പാട്ടുകാരനായും നിറഞ്ഞുനിന്ന കാലം മുതലേ ഈശോയുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു. ബാജുവിനെ അടുത്തറിഞ്ഞിരുന്നവരെല്ലാം ബാജു ഒരു പുരോഹിതനാകും എന്നായിരുന്നു കരുതിയിരുന്നത്. ഒരുതരത്തില്‍ ബാജുവും പൗരോഹിത്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. വളര്‍ച്ചയുടെ നാളുകളില്‍ ഈശോയോട് ആഴമായ ബന്ധത്തിലായ ബാജു ഈശോ  പറയുന്നതു മാത്രമേ ചെയ്യൂ എന്ന വലിയ നിലപാടിലേക്ക് വളര്‍ന്നിരുന്നു. ഓരോ കാര്യത്തിനു മുമ്പും ഈശോയോട് അനുവാദം ചോദിച്ചു.
”ബാജുവിനെ മറ്റുള്ളവരുടെ മുമ്പില്‍ വിഡ്ഢിയാക്കാന്‍ മാത്രം ഈശോയ്ക്ക് ബാജുവിനോട് അത്രയും സ്വാതന്ത്ര്യം ഉണ്ടായിരുന്നു” എന്ന് ബാജുവിനെ അടുത്തറിയുന്ന ഫാ. ജോയ് ഊരേത്ത് CMI പങ്കുവയ്ക്കുന്നു. ഗോവയില്‍ ജോലിചെയ്തിരുന്ന നാളുകളിലായിരുന്നു വിവാഹ ജീവിതത്തിലേക്കാണ് ഈശോ തന്നെ ക്ഷണിക്കുന്നതെന്ന് ബാജു തിരിച്ചറിയുന്നതും മോളിയെ കണ്ടെത്തുന്നതും. ഈശോയുടെ അനുവാദത്തോടെ രണ്ടു കുടുംബങ്ങളും അങ്ങനെ ഒന്നിച്ചു. മറൈന്‍ ഷിപ്പിംഗ് കമ്പനിയില്‍ ജോലി ചെയ്ത് പ്രാര്‍ഥനാകൂട്ടായ്മകളില്‍ ബാജുവും മോളിയും സജീവമായ നാളുകളിലായിരുന്നു ‘പിതാക്കന്മാരുടെ നാട്ടിലേക്ക് മടങ്ങുക’ എന്ന ഈശോയുടെ പുതിയ നിയോഗം ലഭിക്കുന്നത്. ഈശോയെ അന്ധമായി സ്‌നേഹിച്ചിരുന്ന ബാജുവിന് രണ്ടാമതൊന്ന് ചിന്തിക്കാനില്ലായിരുന്നു. അതുകൊണ്ടുതന്നെ ജോലി വേണ്ടെന്നുവച്ച് നാട്ടിലെത്തി. നീക്കിയിരിപ്പുകള്‍ ഒന്നുമില്ലാതിരുന്ന ആ നാളുകളിലാണ് അഞ്ചു മുറികളുള്ള
ഒരു വീട് ഈശോ പറഞ്ഞുകൊടുത്ത പ്ലാന്‍ അനുസരിച്ച് പണിയാന്‍ പ്രചോദനം ലഭിക്കുന്നത്. ഒരുജോലിയും ഇല്ലാതിരുന്നിട്ടും ഒരു വര്‍ഷം കൊണ്ട്‌ വീടുപണി പൂര്‍ത്തിയാക്കിയത് എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. മാനുഷികമായി ചിന്തിച്ചിരുന്നവരൊക്കെ ബാജുവിന്റെ വിഡ്ഢിത്തത്തെക്കുറിച്ച് അടക്കംപറഞ്ഞുവെ
ങ്കിലും അവസാനശ്വാസത്തോളവും ബാജു ദൈവത്തില്‍ അര്‍പ്പിച്ച വിശ്വാസവും സ്‌നേഹവും പ്രത്യാശയും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

അസ്ഥിയില്‍ അടച്ചിട്ട അഗ്‌നി
ജറെമിയ പ്രവാചകന്‍ തന്റെ അസ്ഥിയില്‍ അടച്ചിട്ടിരിക്കുന്ന ഒരു അഗ്‌നിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് (ജറെ.20:10). അടക്കാനാവാത്ത, ഹൃദയത്തെദഹിപ്പിച്ചുകൊണ്ടിരുന്ന ആ അഗ്‌നിപോലെ, രക്തസാക്ഷിയാകാനുള്ള ബാജുവിന്റെ ആഗ്രഹവും ശക്തമായിരുന്നു. പ്രാര്‍ഥിച്ചു ജന്മംനല്‍കിയ അഞ്ചുമക്കള്‍ക്കും ബാജു പേര് നല്‍കിയതിനെക്കുറിച്ച് മോളി പറഞ്ഞത് ഇങ്ങനെയാണ്:
”നമ്മുടെ മക്കള്‍ ക്രിസ്ത്യന്‍ പേരുകളില്‍ അറിയപ്പെടണം. പീഡനങ്ങളുടെ കാലത്ത് ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ചുകൊല്ലുമ്പോള്‍ നമ്മുടെ മക്കളെ കണ്ടുപിടിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത്. നമ്മുടെ മക്കളും കര്‍ത്താവിനുവേണ്ടി മരിച്ച്‌ സ്വര്‍ഗീയസിംഹാസനത്തിന് ഏറ്റവും അരികില്‍ നില്‍ക്കട്ടെ” എന്നു പറഞ്ഞ് ഈശോ പറഞ്ഞുകൊടുത്ത ഡാനിയേല്‍, ജോണ്‍ പോള്‍, ജോഷ്വാ, മിഖായേല്‍, ക്രിസ്‌ലീന എന്നീ പേരുകളാണ് ബാജു അഞ്ചു മക്കള്‍ക്കും നല്‍കിയത്.

ജോബിനെപ്പോലെ
2016-ല്‍ ശ്വാസനാളത്തില്‍ കാന്‍സര്‍ ആണെന്ന് കണ്ടെത്തുമ്പോള്‍ സര്‍ജറികൊണ്ട്‌ ഭേദമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടര്‍മാര്‍. എന്നാല്‍, ഈശോ നല്‍കിയ ദാനമായി രോഗത്തെ സ്വീകരിച്ച ബാജുവിനാകട്ടെ രോഗം ഭേദമാകില്ലെന്ന ഉറപ്പുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന മേജര്‍ സര്‍ജറിക്കായി ഏതാനും ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ‘നിന്റെ ശരീരത്തില്‍ കത്തിവയ്ക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല’ എന്ന സന്ദേശം ഈശോ നല്‍കിയത്. മറ്റുള്ളവരോട് പറഞ്ഞാല്‍ ഇതൊക്കെ വിഡ്ഢിത്തമാണെന്നല്ലേ പറയൂ എന്നു പറഞ്ഞ് ദൈവം ഉചിത
മായത് ചെയ്യുമെന്ന് വിശ്വസിച്ചാണ് ഞങ്ങള്‍ സര്‍ജറിക്ക് പോയത് മോളി പങ്കുവച്ചു. പതിവുപോലെ ഓപ്പറേഷനു വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ജറി ടേബിളില്‍ ബാജുവിനെ എത്തിച്ചപ്പോഴാണ് ശ്വാസനാളത്തിലെ മുഴ സര്‍ജറി ചെയ്യാന്‍ സാധിക്കുന്നതിലും അധികമായിരിക്കുന്നു എന്ന് ഡോക്ടര്‍ അറിയുന്നത്. ഏറിയാല്‍ എട്ടു വര്‍ഷം അതായിരുന്നു ബാജുവിന് ഇനിയുള്ള ആയുസ്സ്. അതായിരുന്നു വൈദ്യശാസ്ത്രം
വിധിച്ചത്. ജോബിനെ പരീക്ഷിക്കാന്‍ ദൈവം വിട്ടുകൊടുത്തതുപോലെ ബാജുവിനെയും സഹനങ്ങളോടു മല്ലിട്ട് വിശ്വാസം മുറുകെ പിടിക്കാന്‍ ഈശോ വിട്ടുകൊടുത്തു. സര്‍ജറി ചെയ്ത് മാറ്റാന്‍ കഴിയാത്ത വലുപ്പത്തില്‍ കാന്‍സര്‍ ശ്വാസനാളത്തെ പിടിമുറുക്കിയപ്പോഴും വലിയ ബുദ്ധിമുട്ടില്ലാതെ ഏറെ നാളുകള്‍ ശ്വാസോച്ഛ്വാസം ചെയ്യാന്‍ ബാജുവിന് കഴിഞ്ഞിരുന്നു എന്നത് ഡോക്ടേഴ്‌സിന് അത്ഭുതമായിരുന്നു. വിട പറയുന്നതിന്റെ ഏറ്റവും അടുത്ത നാളുകളിലാണ് ഭക്ഷണം കഴിക്കാനും ശ്വസിക്കാനും ബാജു കഠിനമായി ക്ലേശിച്ചത്.

നല്ല സുഹൃത്തുക്കള്‍
‘ഈശോയ്ക്കിന്ന് എന്നോടല്പം ഇടച്ചിലാണെന്നാതോന്നുന്നേ’ എന്ന ബാജുവിന്റെ വാക്കുകള്‍ക്ക് പിന്നിലെ കാരണം തിരക്കിയപ്പോഴാണ് ‘ഇന്ന് വേദന അല്പം കുറവാണെന്ന്’ ബാജു പറഞ്ഞത്. സഹനങ്ങളെ ഈശോയോടുള്ള
സ്‌നേഹത്തെപ്രതി സ്വീകരിച്ചിരുന്ന ബാജുവിന്റെ സഹന നാളുകളെക്കുറിച്ച്‌ മോളി പറഞ്ഞു തുടങ്ങി: എത്ര ക്ഷീണിതനാണെങ്കിലും മൂന്നു മണിക്ക് ഉണര്‍ന്ന് ബാജു പ്രാര്‍ഥിക്കും. പ്രത്യേകിച്ച് പാപത്തില്‍ കഴിയുന്ന ആരെയെങ്കിലും കുറിച്ച് അറിഞ്ഞാല്‍ ആ വ്യക്തിയുടെ രക്ഷയ്ക്കുവേണ്ടി ക്ലേശത്തോടെയാണെങ്കിലും എഴുന്നേറ്റിരുന്ന്  പ്രാര്‍ഥിക്കാന്‍ ബാജു ശ്രദ്ധിച്ചിരുന്നു. രോഗം ഗുരുതരമായപ്പോള്‍ കുമ്പസാരിപ്പിച്ചു വി. കുര്‍ബാന നല്‍കാന്‍ അച്ചന്‍ വരുമ്പോള്‍ ഏറെ ത്യാഗത്തോടെ മുട്ടുകുത്തി നിന്നുകൊണ്ടാണ് ബാജു ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നത്.
”ഇത്രയും ബുദ്ധിമുട്ടേണ്ടതുണ്ടോ” എന്ന് ചോദിക്കുമ്പോള്‍ ”ഈശോയെ സ്വീകരിക്കാന്‍ ഞാന്‍ എത്ര അയോഗ്യനാണ്” എന്നാണ് ബാജു പറയുക. മോളിയുടെ മുഖം നോക്കി മരിക്കണം എന്ന് പലപ്പോഴും ബാജു മോളിയോട് പറഞ്ഞിരുന്നു. നല്ല സുഹൃത്തിനെപ്പോലെ തന്നോട് സംസാരിച്ചിരുന്ന ഈശോയോട് ഒരുപക്ഷേ, തന്റെ ഈ ആഗ്രഹം പങ്കുവച്ചതുകൊണ്ടാകാം തന്റെ മക്കളുടെ സാന്നിധ്യത്തില്‍, ജീവിതസഖിയുടെ മുഖത്തുനോക്കി അവസാന ശ്വാസമെടുക്കാന്‍ ഈശോ ബാജുവിനെ അനുവദിച്ചത്.

ഈശോ പറഞ്ഞ സമയം
ഒക്‌ടോബര്‍ 25-ന് വൈകുന്നേരം ആശുപത്രിയില്‍നിന്നു വീട്ടിലെ അത്യാവശ്യകാര്യങ്ങള്‍ ചെയ്യാന്‍വേണ്ടി പോകാന്‍ ഒരുങ്ങുകയായിരുന്നു മോളി. ‘നീയിന്ന് വീട്ടില്‍ പോകണ്ട. ഈശോ മൂന്നുമണിക്ക് എന്നെ കൊണ്ടുപോകാന്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്’ എന്ന ബാജുവിന്റെ വാക്കുകള്‍ക്ക് മറുപടിയായി ‘ഈശോ വരട്ടെ, അപ്പോള്‍ നമുക്ക് നോക്കാം’ എന്ന് മോളിയപ്പോള്‍ കളി പറഞ്ഞു. എങ്കിലും അവളന്നുപോയില്ല. പ്രിയപ്പെട്ടവളോടൊപ്പമുള്ള അവസാന നിമിഷങ്ങളില്‍ എന്നപോലെ മോളിയുടെ കണ്ണുകളില്‍ നോക്കി 25 വര്‍ഷത്തോളം നീണ്ടുനിന്ന ദാമ്പത്യജീവിതത്തില്‍ ചെയ്തുതന്ന നന്മകള്‍ക്ക്, തിനിക്കുവേണ്ടി ഏറ്റെടുത്ത ത്യാഗങ്ങള്‍ക്ക്… ബാജു മോളിയോട് നന്ദി പറഞ്ഞു. ചെയ്യാനാകാതെ പോയവയെ ഓര്‍ത്ത് ക്ഷമ ചോദിച്ചുകൊണ്ട് മോളിയുടെ നെറുകയില്‍ ചുംബിച്ചു. പിന്നീട് മക്കളെ വിളിച്ച് സംസാരിച്ചു. ഓരോരുത്തര്‍ക്കുമുള്ള അന്തിമോപദേശങ്ങള്‍ നേരത്തേതന്നെ ബാജു ഫോണില്‍ റെക്കോഡ് ചെയ്യിപ്പിച്ച് വച്ചിരുന്നു. വൈദികരടങ്ങുന്ന സുഹൃത്തുക്കളോടൊപ്പം രാത്രി ഏറെ മണിക്കൂറുകള്‍ ആശുപത്രികിടക്കയില്‍ കിടന്നു പ്രാര്‍ഥിച്ചു. എല്ലാവരും പോയതിനൊടുവില്‍ പെട്ടെന്നായിരുന്നു നെഞ്ചുവേദന അനുഭവപ്പെട്ടത്.
നെഞ്ചു തടവിക്കൊടുക്കാന്‍ ആവശ്യപ്പെട്ട ബാജുവിനരികിലിരുന്ന എന്റെ മുഖത്തുനോക്കി ബാജുവിന്റെ കണ്ണുകള്‍ മറഞ്ഞു. തല ഒരുവശത്തേക്ക് ചെരിഞ്ഞു. ബാജു ഈശോയോടൊപ്പം പോയി എന്നെനിക്കു മനസ്സിലായി. സമനില വീണ്ടെടുത്ത് സമയം നോക്കുമ്പോള്‍ മൂന്നുമണി കഴിഞ്ഞ് ഏതാനും സെക്കന്റുകള്‍ മാത്രമാണ് പിന്നിട്ടിരുന്നത്. അപ്പോഴായിരുന്നു ഈശോ പറഞ്ഞ സമയത്തെക്കുറിച്ച്
ഞാന്‍ഓര്‍ത്തത്. ‘മൂന്നുമണി. കൃത്യം മൂന്നുമണിക്കുതന്നെ ആയിരുന്നു ആ യാത്ര.

‘വി. കുര്‍ബാന അര്‍പ്പിച്ചിട്ടു വന്നാല്‍മതി’
2024 ഒക്ടോബര്‍ 26 പുലര്‍ച്ചെ മൂന്നുമണിക്ക് അര്‍പ്പിക്കപ്പെട്ട ഒരുപാട് വിശുദ്ധ കുര്‍ബാനകളുടെ യോഗ്യതയോടെയാണ് ബാജു ഈശോയോടൊപ്പം സ്വര്‍ഗത്തിലേക്ക് യാത്രയായത്. ‘ഞാന്‍ മരിച്ചു എന്നറിഞ്ഞാല്‍ ഓടി എന്നെ കാണാന്‍ വരരുത്. ഒരു ദിവ്യബലി എനിക്കുവേണ്ടി അര്‍പ്പിച്ചിട്ടു മാത്രം എന്നെ കാണാന്‍ വന്നാല്‍ മതി എന്നായിരുന്നു ബാജു തന്റെ സുഹൃത്തുക്കളും പരിചയക്കാരുമായ വൈദികരോട് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ബാജു മരണമടഞ്ഞു എന്നറിഞ്ഞ നിമിഷത്തില്‍ അനേകം വി. കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെട്ടു.

സഹനങ്ങളെ രക്തസാക്ഷിത്വത്തിലേക്കുള്ള മഹനീയമായ ക്ഷണമായി കരുതി ദിവ്യകാരുണ്യ ഈശോയോടുള്ള ആത്മബന്ധത്തില്‍ യാത്രയായ ബാജുവിന്റെ ജീവിതം നമ്മുടെ സങ്കടങ്ങളിലും സഹനങ്ങളിലും പതറിപ്പോകാതിരിക്കാനും അവയെല്ലാം സ്വര്‍ഗത്തിലേക്കുള്ള നിക്ഷേപങ്ങളായിക്കരുതി ഉത്ഥിതന്റെ മഹത്വത്തിലേക്ക് പ്രവേശിക്കാനും നമുക്ക് പ്രചോദനമാകട്ടെ.

സി. നിമിഷ റോസ് CSN

 

Related Articles