Friday, March 20, 2026

സ്നേഹം തേടുന്ന പൊയ്മുഖങ്ങൾ

‘ന്യൂഡില്‍സ് മുടിയന്‍’ എന്ന് കൂട്ടുകാര്‍ക്കിടയില്‍ ഇരട്ടപ്പേരുള്ള ആ ഒമ്പതാം ക്ലാസുകാരന്‍ അവന്റെ സഹപാഠികള്‍ക്കു മാത്രമല്ല, എല്ലാ അധ്യാപകര്‍ക്കും തലവേദനയായിരുന്നു. പകുത്തു കിട്ടുന്ന 45 മിനിറ്റില്‍ അവനെ അനുനയിപ്പിക്കാന്‍ വേണം പകുതിയില്‍ ഏറെ സമയം. അക്കാദമിക്ക് കലണ്ടറിലെ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്കു പുറത്ത് സിലബസ് പൂര്‍ത്തിയാക്കാന്‍ വേണ്ടി നെട്ടോട്ടം
ഓടുന്ന ഞാന്‍ ഉള്‍പ്പെടുന്ന അധ്യാപകര്‍ക്ക് അവന്‍ എന്നും ഒരു വില്ലന്‍ കഥാപാത്രമായിരുന്നു.

കുഞ്ഞിന്റെ കുറുമ്പിന് അപ്പനെക്കാള്‍ അമ്മ പഴി കേള്‍ക്കേണ്ടി വരുന്നതുപോലെ, ക്ലാസിലെ ഓരോ കുട്ടിയുടെയും കുരുത്തക്കേടിന് ഉത്തരവാദിത്വം പറയേണ്ടിവരുന്നത് അവരുടെ ക്ലാസ് ടീച്ചര്‍ തന്നെയായിരിക്കും. വൃത്തിയായി യൂണിഫോം ധരിക്കാനോ ക്ലാസില്‍ അടങ്ങിയിരിക്കാനോ അവനറിയില്ല. അക്ഷരം കൂട്ടിവായിക്കാനോ എന്തിന്, കണക്കുകൂട്ടാനോ അറിയാത്ത അവന്‍ ഓള്‍ പ്രമോഷന്‍ എന്ന ആനുകൂല്യത്തില്‍ ഒഴുകിയൊഴുകി എങ്ങനെയോ ഒന്‍പതാം ക്ലാസില്‍ എത്തിയതാണ്. എല്ലാ ഇടിപിടികളിലും ക്ലാസ്‌ കട്ടിങ്ങുകളിലും അവന്റെ പേര് ആദ്യം ഉണ്ടായിരിക്കും. എന്തിനേറെ, സ്വന്തമായി ഇച്ചിരി വെള്ളമോ ഉച്ചയൂണോ കൊണ്ടുവരാന്‍ പോലും അവന്‍ മെനക്കെടാറില്ല. ബാക്കിയുള്ള കുട്ടികളുടെ ചോറ്റുപാത്രത്തില്‍ നിന്നും കയ്യിട്ടുവാരി തിന്നും. ചങ്ക്കൂട്ടുകാരന്മാരതങ്ങ്‌ സഹിക്കും. പക്ഷേ, എല്ലാവര്‍ക്കും അതു ഇഷ്ടപ്പെടില്ലല്ലോ. സ്വന്തം മക്കളുടെ ചോറ്റു പാത്രത്തില്‍നിന്നും കയ്യിട്ടുവാരുന്നതിനെപ്പറ്റി രക്ഷിതാക്കള്‍കൂടി പരാതി പറയാന്‍ തുടങ്ങിയപ്പോള്‍ ഒരു അധ്യാപിക എന്ന നിലയില്‍ ഉപദേശിച്ചു നോക്കി, തല്ലി നോക്കി, സ്‌നേഹിച്ചു നോക്കി… എന്നിട്ടൊന്നും അവന്റെ സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും കണ്ടില്ല. ഒരു ദിവസം ഞാന്‍ രണ്ടും കല്പിച്ച്
അവന്റെ കൂടെ അവന്റെ വീട്ടിലേക്ക് പോയി. ഹോം വിസിറ്റ് നടത്തി ക്ലാസ്സിലെ ഓരോ കുട്ടിയുടെയും വീട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തുക എന്നുള്ളത് ഓരോ അധ്യാപകന്റെയും ചുമതലയാണെങ്കിലും അമ്പതോളം കുട്ടികളുള്ള ക്ലാസുകളില്‍ പലപ്പോഴും അത് പ്രാക്ടിക്കല്‍ ആകാറില്ല എന്നതാണ് വാസ്തവം.

അവനോടൊന്നിച്ച് വീട്ടിലേക്കുള്ള യാത്രയില്‍ പലകാര്യങ്ങളും ചോദിച്ചറിയാന്‍ ശ്രമിച്ചു. അവന്റെ അനുജത്തിമാരെക്കുറിച്ചോ അവര്‍ എത്രാം തരത്തില്‍ പഠിക്കുന്നു എന്നതിനെക്കുറിച്ചോ അവനു കൃത്യമായ അറിവില്ല. സ്‌കൂളിലെ പ്രശ്‌നങ്ങളറിയിക്കാന്‍ നിരന്തരമെന്നോണം വിളിക്കേണ്ടി വരുന്ന അപ്പനെക്കുറിച്ചല്ലാതെ അമ്മയെക്കുറിച്ചു പറയാന്‍ അവനൊന്നുമില്ല. അവരുടെ ഫോണ്‍ നമ്പര്‍പോലും അവന്റെ കയ്യിലില്ല. കാര്യങ്ങള്‍ കൂടുതല്‍ ചോദിച്ചറിഞ്ഞപ്പോഴാണ് അവന്‍ KG ക്ലാസില്‍ പഠിക്കുമ്പോള്‍ അവന്റെ സ്വന്തം അമ്മ അവനെയും അപ്പനെയും ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയെന്നും പിന്നീടുവന്ന അമ്മയെയും അനുജത്തിമാരെയും അവന്‍ അന്നുവരെയും സ്വന്തമായി കരുതിയിട്ടില്ല എന്നും മനസ്സിലാകുന്നത്.
‘ടീച്ചറേ, അവനെ തല്ലിക്കോളൂ, അത് ചോദിച്ച് ആരും നിങ്ങളുടെ അടുത്ത്‌ വരില്ല. നന്നാവണമെങ്കില്‍ നന്നാവട്ടെ’ എന്നുപറഞ്ഞ് അവന്റെ യഥാര്‍ഥ സങ്കടം മനസ്സിലാക്കാന്‍ ശ്രമിക്കാത്ത അപ്പനും അവന്റെ അമ്മയും അനുജത്തിമാരും അവന് അന്യരാണ്. പരമാവധി വീട്ടില്‍ എത്താന്‍ വൈകുന്ന അവന്‍ കളികളിലും കൂട്ടുക്കെട്ടുകളിലുമാണ് മുഴുവന്‍ സമയവും.

വീണ്ടുവിചാരങ്ങളില്ലാതെ ഭര്‍ത്താവിനെയും ഏകമകനെയും തനിച്ചാക്കി മറ്റൊരു കൂട്ടുതേടി കടന്നുപോയ അമ്മയോടുള്ള പ്രതിഷേധമായിരുന്നു അവന്റെ മനസ്സില്‍. സ്വാഭാവികമായും സന്തോഷമായും കടന്നുപോകേണ്ട അവന്റെ ബാല്യകൗമാരങ്ങള്‍ അസന്തുലിതമായി പോയതിന് ആരെ കുറ്റപ്പെടുത്തും? ഈയിടെ വായിച്ച ഒരു പത്രവാര്‍ത്തയില്‍ വഴിതെറ്റിപ്പോകുന്ന കൗമാരങ്ങള്‍ക്ക് കാരണമായി ഒരു അധ്യാപിക ചൂണ്ടിക്കാട്ടിയത് ധാര്‍മ്മികത തൊട്ടുതീണ്ടാത്ത, വില്ലനെ വീരനാക്കി വാഴ്ത്തുന്ന സിനിമകളും അവയിലെ അക്രമങ്ങളുമാണ്‌ നമ്മുടെ കുട്ടികളെ ഏറെ സ്വാധീനിക്കുന്നത് എന്നാണ്. നന്മ വറ്റിപ്പോയ അധ്യാപകരാണ്കുട്ടികളുടെ നാശത്തിന്കാരണമെന്ന് വാദിക്കുന്ന സമൂഹം മറ്റൊരു പക്ഷത്ത്. ആര് ആര്‍ക്കുമേല്‍ പഴിചാരിയാലും അപ്പനും അമ്മയ്ക്കും അധ്യാപകനും സമൂഹത്തിനുമെല്ലാം ഇതിനു കണക്ക് പറയേണ്ടതായി വരും. വിശുദ്ധരായി വളര്‍ത്താന്‍ ദൈവം കയ്യില്‍ ഏല്പിച്ചു തന്ന നമ്മുടെ മക്കള്‍ എവിടെയാണ്‌ വഴിപിഴച്ചു പോയത്? അവരെങ്ങനെ അധാര്‍മ്മികരായിത്തീര്‍ന്നു എന്ന് നമ്മള്‍ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.

സ്‌നേഹത്തിന്റെയും ആശ്വാസത്തിന്റെയും നിര്‍ച്ചാലുകള്‍ തേടിപ്പോകുന്ന നമ്മുടെ മക്കള്‍ ചെന്നുപെടുന്നത് ഇന്നത്തെ വാര്‍ത്തകളില്‍ നിറയുന്ന ചീത്ത കൂട്ടുകെട്ടുകളിലോ ലഹരി ഗ്യാങ്ങുകളിലോ ഒക്കെയാണ്. ഇന്ന് നന്മ ഉപദേശിക്കുന്നവരെയല്ല, നന്മയുടെ ആള്‍രൂപങ്ങളെയാണ് പുതിയ തലമുറ അന്വേഷിക്കുന്നത്. വിശുദ്ധമായ ഒരു തലമുറയ്ക്കുവേണ്ടി നമുക്കും നമ്മെത്തന്നെ വിശുദ്ധരാക്കാം. ”നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലംതരുന്നതും ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണ് അവന്‍; അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു.” (സങ്കീ.1:3) വിശുദ്ധ ബൈബിള്‍ നമുക്കു നല്‍കുന്ന ഓര്‍മ്മപ്പെടുത്തല്‍ നമ്മുടെ കര്‍മ്മപഥങ്ങളില്‍ മറക്കാതിരിക്കാം. ഇനിയും നന്മവറ്റാത്ത അപ്പനായും അമ്മയായും കൂട്ടുകാരനായും സഹോദരനായും അധ്യാപകനായും നമുക്കവരെ സ്‌നേഹത്തില്‍ ചേര്‍ത്തുപിടിക്കാം.

ഓരോ വിശുദ്ധരുടെയും ജീവിതം പോലെ ഓരോ വില്ലന്‍ വേഷത്തിനും ഒരു കഥ കാണും. സ്‌നേഹിക്കപ്പെടാത്തതിന്റെ, അവഗണിക്കപ്പെടുന്നതിന്റെ അങ്ങനെയങ്ങനെ ആ കുഞ്ഞു ഹൃദയം മുറിപ്പെട്ടുപോയതിന്റെ കഥ. ജറുസലേമില്‍ നിന്നും പരസ്പരം തര്‍ക്കിച്ചും സമാധാനം വെടിഞ്ഞും യാത്രയായ ശിഷ്യന്മാര്‍ അവരോടൊപ്പം കൂടിയ ക്രിസ്തുവിനെ തിരിച്ചറിയുന്നില്ല. എന്നാല്‍, അവരുടെ പരിഭവങ്ങളും ആശങ്കകളും കേട്ടുകൊണ്ട് അവരെ മനസ്സിലാക്കി അവരോടൊപ്പം നടക്കാന്‍ ക്രിസ്തുവിന് കഴിയുന്നു. ഉത്ഥിതനെ തിരിച്ചറിയാന്‍ കഴിയാതെ ഉപേക്ഷിച്ചവയിലേക്കിറങ്ങിത്തരിച്ച ശിഷ്യഗണത്തിനൊപ്പം അവരുടെ തീന്‍മേശയിലെ അതിഥിയായി ഒരമ്മയെപ്പോലെ അവിടുന്ന് എത്തുന്നുണ്ട്. അഴലുകളിലും സംശയങ്ങളിലും ചോദ്യങ്ങളിലും മനസ്സുപതറിപ്പോയ അവര്‍ക്കവിടുന്ന് തിബേരിയാസിന്റെ തീരത്ത് പ്രാതല്‍ ഒരുക്കുകയാണ്. പതറിപ്പോകുന്നവരോടൊപ്പം പോകാനും അവരെ ചേര്‍ത്തുപിടിക്കാനും കഴിഞ്ഞതുതന്നെയാണ് എന്നേക്കുമായി അവരെ വീണ്ടെടുത്ത് സഭയുടെ അമരത്തു നിര്‍ത്താന്‍ മാത്രം വിശ്വസ്തരായുയര്‍ത്താന്‍ ക്രിസ്തുവിനു കഴിഞ്ഞത്. നമ്മുടെ കുഞ്ഞുങ്ങളും നന്മയുള്ളവരാണ്. പാകപ്പിഴവുകളില്‍ തമ്മില്‍ പഴിചാരാതെ ക്രിസ്തുവിനെപ്പോലെ നമുക്കും അവരോടൊപ്പം നടക്കാം. അവരെ ചേര്‍ത്തുപിടിക്കാം.

നീതു റപ്പായി

Related Articles