Friday, March 20, 2026

അമ്മയോളം


‘മകന്‍ ജയിലില്‍ കഴിയുന്നത് ഒരമ്മയെന്ന നിലയില്‍ എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല’ എന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് 2025 മാര്‍ച്ച് എട്ടിന് ഹൈക്കോടതി പ്രതിയായ മകന് ജാമ്യം അനുവദിക്കുന്നത്. ന്യൂഇയര്‍ ആഘോഷിക്കാന്‍ പണം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിന്റെ പേരില്‍ മകന്‍ അമ്മയെ കത്തികൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു. ശരീരമാസകലം 12 മുറിവുകളോടെ രക്ഷപ്പെട്ട അമ്മ സ്‌നേഹജാമ്യത്തിനായി കോടതിയെ സമീപിക്കുമ്പോള്‍ ആ മുറിവുകള്‍ പൂര്‍ണ്ണമായും ഉണങ്ങിയിരുന്നില്ല. എത്ര വേദനിപ്പിച്ചാലും മക്കള്‍ ഒരിക്കല്‍ നല്ലവരാകും എന്ന പ്രതീക്ഷയോടെ അമ്മയോളം കാത്തിരിക്കാനും പലതും മറന്നുകളയാനും മറ്റാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. അമ്മമാരുടെ നീതിക്ക് മറ്റൊരു മുഖമാണ്. അവരുടെ വിധിതീര്‍പ്പുകളില്‍ എപ്പോഴും കാരുണ്യവും കരുതലും വാത്സല്യവും ക്ഷമയുമൊക്കെയായിരിക്കും മുന്നിട്ടുനില്‍ക്കുക. പലപ്പോഴുംഅമ്മമാരുടെ വിജയങ്ങള്‍ കാത്തിരിപ്പുകള്‍ക്കും സഹനങ്ങള്‍ക്കുമൊക്കെ ഒടുവിലായിരിക്കും. ഒരുപക്ഷേ, വിജയമെന്ന് നമുക്ക് വായിച്ചെടുക്കാന്‍ പോലും കഴിയാത്ത വിജയികളാണ് അമ്മമാര്‍.

തന്റെ ഉള്ളില്‍ ഉരുവംകൊള്ളുന്ന ജീവന്റെ തുടിപ്പിനെ ആദ്യമായി അറിയുന്ന നിമിഷം മുതല്‍ ഊണിലും ഉറക്കത്തിലും ആജീവനുവേണ്ടി സര്‍വതും വേണ്ടെന്നുവച്ച് കാത്തിരിക്കാനുള്ള ത്യാഗം നിറഞ്ഞ മനസ്സുണ്ടല്ലോ അതാണ് ഓരോ
അമ്മയുടെയും ശക്തി. ‘കൊച്ചല്ലേ’, ‘ഇനി ശ്രദ്ധിച്ചോളും’, ‘ഇപ്രാവശ്യത്തേക്ക് ക്ഷമിക്ക്’ എന്നീ വാക്കുകള്‍ക്കൊണ്ട് വട്ടംപിടിച്ച് എത്രയോ അവസരങ്ങളിലാണ് അപ്പന്റെ ശകാരങ്ങള്‍ക്കും ചൂരല്‍പ്രയോഗങ്ങള്‍ക്കും മുന്‍പില്‍ ഈ ശക്തി ജാമ്യം നിന്നിട്ടുള്ളത്. ഉയിരായി ഉയിര്‍ക്കൊണ്ട നിമിഷംമുതല്‍ അന്നമായി തീരുന്നതുകൊണ്ടാകാം അമ്മ എപ്പോഴും കൊടുത്തു തീര്‍ക്കലിന്റെയും ലാഭങ്ങളില്ലാത്ത നേട്ടങ്ങളുടെയും സുവിശേഷം പ്രഘോഷിച്ചുകൊണ്ടിരിക്കുന്നത്.

മസ്‌കുലര്‍ഡിസ്‌ട്രോഫി എന്ന അപൂര്‍വ രോഗബാധിതനായ മകന്‍ വൈദ്യശാസ്ത്രം വിധിയെഴുതിയ 19 വയസ്സ് പിന്നിട്ട് 27 വയസ്സ് പൂര്‍ത്തിയാക്കുകയാണ്. പഠിക്കാവുന്നിടത്തോളം പഠിപ്പിക്കണമെന്ന അപ്പന്റെ നിശ്ചയദാര്‍ഢ്യത്തിന് ബലംപകര്‍ന്നുകൊണ്ട് എന്‍ജിനീയറിങ് കഴിഞ്ഞ് അവനിന്ന് ഒരു കമ്പനിയില്‍ ഓണ്‍ലൈന്‍ ആയി ജോലിചെയ്യുന്നു. ശരീരത്തിന്റെ ചലനങ്ങള്‍ തീര്‍ത്തും പരിമിതപ്പെട്ട അവനെ ഓരോ മണിക്കൂറിലും തിരിച്ചുകിടത്താനും ആവശ്യമുള്ളപ്പോള്‍ കാലുകള്‍ നീക്കിവച്ചു കൊടുക്കാനും അമ്മയുടെ സഹായം എപ്പോഴും വേണം. ആവശ്യത്തിനുമാത്രം അടുത്തുണ്ടായാല്‍ മതിയെന്ന മകന്റെ ആഗ്രഹമറിഞ്ഞ് അവനെ അലോസരപ്പെടുത്താതിരിക്കാന്‍ അവന്റെ മുറിയുടെ വാതിലിനു പുറത്താണ് ആ അമ്മ കാവലിരിക്കുന്നത്. സഹായത്തിനുവേണ്ടിയുള്ള മകന്റെ വിളികള്‍ക്കു കാതോര്‍ക്കാന്‍ പോന്ന ദൂരത്തേക്കു മാത്രമേ അവള്‍ വര്‍ഷങ്ങളായി യാത്ര ചെയ്തിട്ടുള്ളൂ. ഇനിയൊരുനാള്‍ അവന്‍ സ്വയം എണീറ്റു നടക്കുമെന്ന പ്രതീക്ഷകളൊന്നുമില്ലെങ്കിലും മകന്റെ ഇഷ്ടങ്ങള്‍ക്ക് സ്വയം നല്‍കിക്കൊണ്ട് ദൈവനിയോഗങ്ങള്‍ക്കു മുന്‍പില്‍ ആ അമ്മ വിജയംവരിച്ചുകൊണ്ടിരിക്കുകയാണ്.

അമ്മമാരുടെ കരുത്ത് അറിയുന്നതു കൊണ്ടായിരിക്കാം ദൈവം മിശിഹായ്ക്ക് വേണ്ടി ഭൂമിയില്‍ ഒരമ്മയെ ഒരുക്കിയത്. പരിശുദ്ധയായ ആ അമ്മയ്ക്ക്
ഓരോ നിമിഷവും തന്റെ മകന് ശക്തിപകരേണ്ടത് എങ്ങനെയെന്ന് അറിയാമായിരുന്നു. കാല്‍വരിയോളമുള്ള മകന്റെ യാത്രകളില്‍ പിന്‍വാങ്ങേണ്ട വേളകളിലെല്ലാം അവള്‍ മറഞ്ഞുതന്നെനിന്നു. ദൂരെയായി അനുഗമിക്കേണ്ട ഇടങ്ങളും നോട്ടം കൊണ്ടുമാത്രം ശക്തിപ്പെടുത്തേണ്ട നിമിഷങ്ങളും നിറയാത്ത മിഴികളില്‍ നിറയുന്ന ധീരതയോടെ പിന്‍ചെല്ലേണ്ട കുരിശിന്റെ പാതകളും ആ അമ്മയ്ക്ക് അറിയാമായിരുന്നു. മകന്റെ ശ്വാസനിശ്വസനങ്ങളുടെ ചലനങ്ങളെപ്പോലും തിരിച്ചറിയുന്ന മറിയത്തിന്റെ മാതൃത്വത്തിന്റെ ആഴങ്ങളെ ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ എന്ന ചിത്രത്തില്‍ സംവിധായകനായ മെല്‍ഗിബ്‌സണ്‍ എത്ര മനോഹരമായിട്ടാണ് ചിത്രീകരിക്കുന്നത്. അതിക്രൂരമായ പ്രഹരങ്ങള്‍ക്കൊടുവില്‍ പ്രത്തോറിയത്തിലെ നിവര്‍ന്നു നില്‍ക്കാന്‍ പോലുമുയരമില്ലാത്ത കല്‍കിടങ്ങിലൊന്നില്‍ മേല്‍ചുവരിലെ കൊളുത്തില്‍ കൈകള്‍ ബന്ധിക്കപ്പെട്ട് തൂങ്ങിക്കിടക്കുന്ന ക്രിസ്തു. മകനേറ്റുവാങ്ങിയ ഓരോ അടിയും സ്വന്തം ചങ്കില്‍ ഏറ്റുവാങ്ങിയതിന്റെ നോവോടെ മകന്റെ തിരുനിണം ഒപ്പിയെടുക്കാനെത്തുന്ന മറിയം. മകന്‍ അടയ്ക്കപ്പെട്ട കിടങ്ങിനു മുകളിലെത്തുമ്പോള്‍ മറിയവും ക്രിസ്തുവും
പരസ്പരം തിരിച്ചറിയുകയാണ്. ഒരു ചുവരിന്റെ വേര്‍തിരിവില്‍ അമ്മയും മകനും പരസ്പരം തിരിച്ചറിയുന്ന ആ ദൃശ്യത്തിലൂടെ മാതൃത്വത്തിന്റെ ആഴങ്ങളെ അദ്ദേഹം തന്മയത്വത്തോടെ ആവിഷ്കരിക്കുന്നു.

ഓരോ ദിവസവും അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നമ്മുടെ ജീവിതത്തിലുണ്ടാകാതിരിക്കില്ല. കാരണം, നമ്മള്‍ ആ മുഖത്തു നിന്നാണ് തെറ്റും ശരിയും പഠിച്ചത്. അമ്മയുടെ കണ്ണുകളും കൈകളും വാക്കുകളും നല്‍കിയ ഉറപ്പിലാണ് വീണിടത്തുനിന്നും എണീറ്റ് നാം ചുവടുറപ്പിച്ചത്. തോറ്റുകൊണ്ടും വിട്ടുകൊടുത്തുകൊണ്ടും വിജയിക്കാമെന്നും എത്ര വലിയ വീഴ്ചകളുടെ വേദനകളെയും ഉന്നതമായ ആകാശത്തേക്കും മനോഹരമായ പ്രകൃതിയിലേക്കും നോക്കി അതിജീവിക്കാമെന്നും അമ്മയാണ് നമ്മെ പഠിപ്പിച്ചത്. തനിച്ചായിരിക്കുമ്പോഴും നമ്മെ കാണുന്ന ഒരു ദൈവമുണ്ടെന്ന ഓര്‍മ്മയും ഉള്ളില്‍ ഉറപ്പിച്ചുതന്നത് ആ അമ്മ തന്നെ. എല്ലാം ചെയ്തു തീര്‍ത്തുകൊണ്ട് തിരശ്ശീലയ്ക്കു പിന്നില്‍ മറയുന്ന അമ്മമാരെ മാനിക്കുന്ന മക്കള്‍ ഒരിക്കലും മനുഷ്യത്വമുള്ളവരാകാതിരിക്കില്ല.

സി. നിമിഷ റോസ് CSN 

 

Related Articles