Friday, March 20, 2026

ചേരുംപടി ചേരട്ടെ

ബാങ്കില്‍ തരക്കേടില്ലാത്ത ഒരു ജോലി കിട്ടിയപ്പോള്‍, അല്പം ഭേദപ്പെട്ട ഒരു സ്വപ്നം കാണാന്‍ ഡാര്‍വിന് സാധിച്ചു. താനൊരു കണ്‍വേര്‍ട്ടഡ് ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമാണെന്നത് ചിലപ്പോഴെക്കെ ഒറ്റപ്പെടലിന്റെ അനുഭവം സമ്മാനിച്ചിട്ടുണ്ട്. എങ്കിലും ജോലിയിലുള്ള ഉത്തരവാദിത്വവും വിശ്വസ്തതയും സഹപ്രവര്‍ത്തകരുടെയിടയില്‍ അവന് ആദരവ് നേടി നേടിക്കൊടുത്തിരുന്നു. ഒരുപക്ഷേ, അതുകൊണ്ടുതന്നെയാവാം പുതുതായി ചാര്‍ജെടുത്ത മാനേജര്‍ മാഡത്തിന് അവനോട് കൂടുതല്‍ താല്പര്യം തോന്നിയത്. പുതിയ മാനേജര്‍ സീനു ജോലിയില്‍ കയറി ഏറെത്താമസിയാതെ ഒരു വിവാഹാഭ്യര്‍ഥന നടത്തി എന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. സാമ്പത്തികവും തറവാടിത്തവുമുളള വിദ്യാസമ്പന്നയായ ഒരു പെണ്‍കുട്ടിയെ ഭാര്യയായി കിട്ടുക എത്ര ഭാഗ്യമാണെന്ന് നാട്ടുകാരും കൂട്ടുകാരും പറഞ്ഞു. ഔദ്യോഗിക കാര്യങ്ങളിലല്ലാതെ ഇരുവരും സംസാരിക്കുകയോ ഇടപെടുകയോ ചെയ്തിരുന്നില്ല എന്നത് അവരുടെ പക്വതയും വിവേകവുമായിത്തന്നെ എല്ലാവരും മനസ്സിലാക്കി. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ വിവാഹം ഡാര്‍വിന്റെ ഇടവക ദേവാലയത്തില്‍വച്ച് നടന്നു. ഡാര്‍വിന്റെ അമ്മയും ഏകസഹോദരിയും ഒഴികെ ബന്ധുക്കളാരും അതില്‍ പങ്കെടുത്തില്ല. തന്റെ മാനേജര്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നറിഞ്ഞപ്പോള്‍ അമ്മയും പെങ്ങളും തടസ്സം പറഞ്ഞില്ലെന്നു മാത്രമല്ല, ഒരു അസുലഭഭാഗ്യമായി കരുതുകയും ചെയ്തു. സീനുവിന്റെ വീട്ടുകാര്‍ ആരുംതന്നെ തടസ്സം നിന്നില്ല. അവളുടെ ഇഷ്ടം. അത്രതന്നെ. വിവാഹാഘോഷങ്ങളുടെ അവധി കഴിഞ്ഞ് ഇരുവരും ജോലിയില്‍ കയറി. മേലുദ്യോഗസ്ഥയും കിഴുദ്യോഗസ്ഥനും ഭാര്യാഭര്‍ത്താക്കന്മാരായി ഒരു കാറില്‍ വരുന്നു- പോകുന്നു. സഹപ്രവര്‍ത്തകര്‍ക്കൊരു കൗതുകമായിരുന്നു അവരെ കാണുന്നത്.

തനിയെ ഡ്രൈവ് ചെയ്ത് വന്നിരുന്ന സീനു പിന്‍ സീറ്റിലും ഡാര്‍വിന്‍ ഡ്രൈവിംഗ് സീറ്റിലും ഇരുന്നുള്ള വരവ് ചിലരെങ്കിലും ശ്രദ്ധിച്ചിരുന്നു- ആഴ്ചകള്‍കടന്നുപോയി. ഡാര്‍വിന്റെ സ്വതസിദ്ധമായ സന്തോഷവും ചുറുചുറുക്കും തീര്‍ത്തും മാഞ്ഞുപോയതുപോലെ. ആരും ഒന്നുംതന്നെ ചോദിക്കുന്നില്ലെങ്കിലും എവിടെയോ എന്തോ പാകപ്പിഴ എല്ലാവരും ഗ്രഹിച്ചു. തൊട്ടടുത്ത ക്യാബിനിലെ ജോജുവാണ്‌ ധൈര്യം സംഭരിച്ച് ഒരു ദിവസം ഡാര്‍വിനോട് വിശേഷങ്ങള്‍ തിരക്കിയത്. സീനു ഒരു വിവാഹജീവിതം ആഗ്രഹിക്കുകയോ അതിന് മനസ്സാകുകയോ ചെയ്ത വ്യക്തിയല്ല. സ്വന്തമായി വാങ്ങിയ ഒരു വലിയ വീട്ടില്‍ സുഖസൗകര്യങ്ങളോടെ ജീവിക്കുന്ന ഒരു സ്ത്രീ. ദിവസവും വണ്ടിയോടിച്ച് ഓഫീസില്‍ വരാനും പോകാനും, വീട്ടിലെ വാഷിംഗ് മെഷീനും ഫ്രിഡ്ജും മറ്റും കേടാകുമ്പോള്‍ റിപ്പയര്‍ ചെയ്യാനും, വീടിനുചുറ്റുമുള്ള ഗാര്‍ഡന്‍ നനച്ച്‌ സംരക്ഷിക്കാനും, ചന്തയില്‍ പോകാനും ഒക്കെ ഒരാള്‍ വേണമായിരുന്നു. വാസ്തവത്തില്‍ അവള്‍ കല്യാണം കഴിച്ചു കൊണ്ടുവന്ന വേലക്കാരനായിരുന്നു ഡാര്‍വിന്‍.

അധികം സംസാരിക്കാന്‍ താല്പര്യമില്ലാത്ത സീനുവിനെക്കുറിച്ച് മറ്റുപലരില്‍നിന്നുമാണ് ഡാര്‍വിന്‍ ചോദിച്ചറിഞ്ഞത്. ബാങ്കില്‍ ജോലിക്ക്
എത്തുന്നതുവരെ പഠനവും പ്രാക്ടീസുമെല്ലാം ഒരു വീടെടുത്ത് അവിടെ തനിച്ചു താമസിച്ചുകൊണ്ടായിരുന്നു. വിദേശത്ത്‌ ജോലിക്കാരായ ധനികദമ്പതികളുടെ ഏകമകള്‍. പണം ആവശ്യത്തിലധികം വിദേശത്തുനിന്ന്‌ വന്നുകൊണ്ടിരുന്നപ്പോള്‍ ഭക്ഷണം, വാഷിംഗ്, ക്ലീനിംഗ് എല്ലാം പുറത്തുനിന്ന് ആളെ വരുത്തി ചെയ്യിക്കുമായിരുന്നു. സ്വന്തമായി ഒരു ജീവിതാന്തസ്സില്‍ പ്രവേശിക്കാനോ സാധാരണ പെണ്‍കുട്ടികളെപ്പോലെ സഹപാഠികളുമായി കൂട്ടുകൂടാനോ കഴിവില്ലാത്ത ഒരു വ്യക്തിത്വത്തിനുടമയായിരുന്നു അവള്‍. മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ തന്നെ സദാ ഉപദേശിക്കുന്നു എന്ന കാരണത്താല്‍ അവള്‍ അവരുമായുള്ള എല്ലാ ഇടപെടലുകളും നിര്‍ത്തി- തനിക്ക് അവരുടെ ഉപദേശമില്ലാതെ വേണ്ടവിധം ജീവിക്കാനറിയാമെന്ന് കാണിച്ചു കൊടുക്കണമെന്നത് അവളുടെ വാശിയായിരുന്നു. ഒരിക്കലും തന്നെ കൂടെ നിര്‍ത്താതെ എന്നും ഹോസ്റ്റലിലും സ്റ്റേ ഹോമിലും നിര്‍ത്തി പഠിപ്പിച്ച മാതാപിതാക്കളോട് അവള്‍ക്ക് വെറുപ്പായിരുന്നു.

ഒരു കുടുംബം എന്താണെന്നോ ഭാര്യാഭര്‍തൃബന്ധവും അതിന്റെ ഉത്തരവാദിത്വങ്ങളും-എന്തെല്ലാമാണെന്നോ അവള്‍ മനസ്സിലാക്കിയിരുന്നില്ല. വാശിയോടെ മാത്രമേ അവള്‍ക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞിരുന്നുള്ളൂ. തനിക്കു ലഭിക്കാത്ത സ്‌നേഹം എങ്ങനെ അവള്‍ പങ്കുവയ്ക്കും! ഡാര്‍വിനെ മന:പൂര്‍വം ചതിക്കണമെന്ന് അവള്‍ വിചാരിച്ചിട്ടില്ല. മാതാപിതാക്കളുടെ നിയന്ത്രണവും ഉപദേശവും അഭിപ്രായങ്ങളും കൂടാതെ ഒരാളെ വിവാഹം കഴിച്ച് തനിക്ക് ഇതൊക്കെ സാധ്യമാണ് എന്ന് കാണിച്ചുകൊടുക്കണം എന്നു മാത്രമേ അവള്‍ ചിന്തിച്ചുള്ളൂ. തന്റെ പരിമിതസാഹചര്യത്തില്‍ നിന്ന് പഠിച്ചു വളര്‍ന്ന് ഒരു നല്ല ജോലി വാങ്ങിയ ഡാര്‍വിനെ സംബന്ധിച്ച്, അവന്‍ തീജ്വാലയിലകപ്പെട്ട ശലഭത്തെപ്പോലെയായി.

വികലമായ വ്യക്തിത്വം വിവാഹാന്തസ്സില്‍ പ്രവേശിക്കാന്‍ ഒരു അയോഗ്യതയായി ആരും കരുതുന്നില്ല. ഇവിടെ ഡാര്‍വിന്‍ എന്ന സല്‍ഗുണ സമ്പന്നനായ യുവാവ് വിവാഹമോചനത്തിലേക്കു നീങ്ങുകയല്ലാതെ മറ്റൊരു വഴിയും കണ്ടില്ല. വിവാഹാന്തസ്സില്‍ പ്രവേശിക്കുമ്പോള്‍ ഇരുവ്യക്തികളും ഇരുകുടുംബങ്ങളും വളരെ കൂടുതല്‍ അടുത്തറിയേണ്ടിയിരിക്കുന്നു. വിവാഹാനന്തരം ഇരുവരും ചേര്‍ന്ന് രൂപപ്പെടുത്തേണ്ട ഒരു കുടുംബത്തെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങള്‍ ഒത്തു
പോകണം. മറ്റാരെയും ബോധിപ്പിക്കാന്‍ വേണ്ടിയോ, വീട്ടില്‍ കാവലിരിക്കാന്‍ ഒരാളുവേണമായിട്ടോ, വേലക്കാര്‍ക്കു പകരമോ ഒന്നും ആയിരിക്കരുത് ഇണയെ കൂട്ടിക്കൊണ്ടു വരേണ്ടത്. ഈ പവിത്രമായ ജീവിതാന്തസ്സിനു ചേര്‍ന്നവിധം സ്വന്തം വ്യക്തിത്വത്തെ രൂപപ്പെടുത്തുകയും അതിനിണങ്ങുന്ന വ്യക്തിത്വത്തിന്റെ ഉടമയെ കണ്ടെത്താന്‍ ദൈവത്തിന്റെ കൃപയാല്‍ ശ്രമിക്കുകയുമാണ് വേണ്ടത്.

Annie jose
സി. ആനി ജോസ് CSN 

Related Articles