ഭൂപടത്തില്‍ മനുഷ്യവാസമുള്ള മേഖലകളെല്ലാംതന്നെ തലങ്ങും വിലങ്ങുമുള്ള ഒരുപാട് വരകള്‍കൊണ്ട് ബന്ധിതമാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഭൂമി ഒരുപാട് ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും ഇടമാണ്. രാജ്യങ്ങള്‍ സ്വാതന്ത്ര്യം കൈവരിക്കുമ്പോഴും അവിടെ നിലനില്‍ക്കുന്ന വര്‍ണ്ണ- വര്‍ഗ- പ്രത്യയ ശാസ്ത്രങ്ങളുടെ അടിമത്തം അനുഭവിക്കുന്ന ഒരു ജനത വര്‍ഷങ്ങള്‍ കഴിയുമ്പോള്‍പോലും അവിടെ അവശേഷിക്കുന്നതു കാണാം. ഭൗതിക സ്വാതന്ത്ര്യം കൈവരിക്കുമ്പോഴും ആത്മാവില്‍ സ്വാതന്ത്ര്യം അനുഭവിക്കാനാകാതെ ഭയത്തിലും ഒറ്റപ്പെടലിലും കഴിയുന്നവര്‍ നമുക്കുചുറ്റും ഇന്ന് ഏറെയാണ്. തങ്ങള്‍ ബന്ധിതരാണെന്നുപോലും ഗ്രഹിക്കാനാകാതെ തങ്ങള്‍ അകപ്പെട്ടിരിക്കുന്ന കെണികളില്‍ തികഞ്ഞ സ്വാതന്ത്ര്യബോധത്തോടെ വ്യാപരിക്കുന്നവരും നമുക്കിടയില്‍ അന്യമല്ല.
പുതിയ കാലഘട്ടത്തിന്റെ വേഗതയ്‌ക്കൊപ്പം മുന്നേറുന്ന നമ്മള്‍ വൈകാരിക ബന്ധനങ്ങള്‍ക്കുകൂടി അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുള്ളതും വിസ്മരിക്കാവുന്ന കാര്യമല്ല. ഇവിടെയാണ് ആത്മാവിലും ശരീരത്തിലും സ്വാതന്ത്ര്യം അനുഭവിച്ച പരിശുദ്ധ മറിയം ഒരു അത്ഭുതമായി നിലകൊള്ളുന്നത്. യഹൂദജനം സ്ത്രീകള്‍ക്ക് വില കല്പിക്കാത്ത ഒരുകാലത്ത് ജീവിച്ചിട്ടും സ്വര്‍ഗം തന്നെ വിലമതിക്കുന്നു എന്ന തിരിച്ചറിവായിരുന്നു അവളെ സ്വതന്ത്രമായി വ്യാപരിക്കാന്‍ പ്രേരിപ്പിച്ചത്. ഒരമ്മയായിരിക്കുമ്പോഴും അവള്‍ വൈകാരികബന്ധനങ്ങള്‍ക്കപ്പുറം നിലകൊണ്ടവളാണ്.അതുകൊണ്ടുതന്നെ പുത്രന്റെ നിണമണിഞ്ഞ പാതകളില്‍ അവനെ അനുഗമിച്ചപ്പോഴൊന്നും അവള്‍ പതറിയില്ല. ഒടുവില്‍ പുത്രന്റെ ക്രൂരമായ മരണത്തിന് ദൃക്‌സാക്ഷിയാകേണ്ടി വന്നപ്പോഴും പുത്രന് ശക്തിയേകാന്‍ വികാരങ്ങള്‍ക്ക് അതീതയായി അവള്‍ നിലകൊള്ളുകയാണുണ്ടായത്.
യഥാര്‍ഥ സ്വാതന്ത്ര്യം ആത്മാവിലനുഭവിക്കുന്ന സ്വാതന്ത്ര്യമാണ്. അത് സ്വന്തമാക്കാനായാല്‍ മരണത്തിനുപോലും നമ്മെ തോല്പിക്കാനാകില്ലെന്ന് രക്തസാക്ഷികളുടെയും വിശുദ്ധരുടെയും ജീവിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇംഗ്ലണ്ടിലെ രാജാവാണ് ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരി എന്നു സത്യം ചെയ്യാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് തോമസ് മൂര്‍ ബന്ധനസ്ഥനാകുന്നത്. കഴുത്തറുത്ത് കൊല്ലാന്‍ വിധിക്കപ്പെട്ട തോമസ് മൂര്‍ കൊലക്കളത്തിലേക്ക് നയിക്കപ്പെടുകയാണ്. നീണ്ട താടിയുള്ള അദ്ദേഹം തന്റെ നീളമുള്ള താടി പൊക്കിപ്പിടിച്ചുകൊണ്ട് ‘ഈ താടി വെട്ടിമുറിക്കല്ലേ, ഇത് രാജ്യദ്രോഹക്കുറ്റമൊന്നും ചെയ്തിട്ടില്ല’ എന്നു പറഞ്ഞായിരുന്നു തന്റെ ശിരസ്സ് മരണത്തിനായി നീട്ടിക്കൊടുത്തത്.
രോഗത്തിലും മരണത്തിലും ദുരിതങ്ങളിലും പതറാതെ മുന്നേറാന്‍ സഹായിക്കുന്നത് ആത്മാവില്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം തന്നെ. അത് ഒരു വിജയമാണ്. പരിശുദ്ധ മറിയം ഈ വിജയവീഥിയിലൂടെ നിരന്തരം നടന്നു നീങ്ങിയവളായിരുന്നു. ഒരുതരത്തില്‍ നമ്മില്‍ നിന്നും വ്യത്യസ്തമായി പാപത്തിന്റെ അടിമത്തത്തില്‍ നിന്നും അവള്‍ സ്വതന്ത്രയായിരുന്നു എന്നുമാത്രം. പക്ഷേ, അതേ പരിശുദ്ധി ദൈവം ദാനമായി നല്‍കിയിരുന്ന ഹവ്വയെക്കാള്‍ കൂടുതല്‍ മറിയം പരീക്ഷിക്കപ്പെടുന്നുണ്ട്. ജീവനും മരണവും നമുക്കു മുന്‍പില്‍ വച്ച് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന ദൈവം പരിശുദ്ധ മറിയത്തിനു മുമ്പില്‍ ഒരേ ഒരു തിരഞ്ഞെടുപ്പിനു മാത്രമാണ് അവസരം നല്‍കിയതെന്ന് തോന്നും. കാരണം, ദൈവപുത്രന്റെ മാതാവാകാനുള്ള തീരുമാനം ഒഴിച്ച് ക്രിസ്തുവിന്റെ പീഡാസഹന മരണവേളകളിലൊന്നും പരിശുദ്ധ മറിയത്തിന് തിരഞ്ഞെടുപ്പിന് ഒരു അവസരമുണ്ടായിരുന്നില്ല. ദൈവത്തിലുള്ള വിശ്വാസം അവളെ എല്ലാ ചോദ്യങ്ങളില്‍നിന്നും ശൂന്യതയില്‍ നിന്നും അര്‍ഥമില്ലായ്മകളില്‍നിന്നും സ്വതന്ത്രയാക്കി. ഒടുവില്‍ ആത്മാവോടും ശരീരത്തോടും കൂടെ സ്വര്‍ഗം അവളെ കൈക്കൊണ്ടു.
നിരന്തര പരാജയങ്ങളില്‍ പതറി പോകുന്നവരായിരിക്കാം നമ്മള്‍. ഒരുപക്ഷേ, വലിയ ശൂന്യതയിലും നിരാശയിലും കഴിയുന്നവരാകാം. ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മധൈര്യത്തിന്റെയും ആത്മാവിനെ നല്‍കുന്ന ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് നമ്മെ ഭാരപ്പെടുത്തുന്ന പാപത്തില്‍ നിന്നും രോഗത്തില്‍ നിന്നും സങ്കടങ്ങളില്‍ നിന്നും നമുക്ക് സ്വതന്ത്രരാകാം.
സി. നിമിഷ റോസ് CSN




