Friday, March 20, 2026

വിവാഹഭയമോ

വേര്‍പിരിഞ്ഞിട്ട്‌ നാളുകളായെങ്കിലും ഭാര്യയുടെ പേര് കേള്‍ക്കുമ്പോള്‍ ഞെട്ടിത്തെറിക്കുന്ന ഒരു യുവാവ്. ”ഹൊ, ഇനിയൊരു ദുരന്തത്തിനു ഞാനില്ല” എന്നാണ് പുനര്‍ വിവാഹത്തിനായി നിര്‍ബന്ധിക്കുന്ന മാതാപിതാക്കളോടുള്ള അവന്റെ മറുപടി. വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും അവന് ഭയമായിരുന്നു. ബിരുദാനന്തരബിരുദവും തരക്കേടില്ലാത്ത ജോലിയുമായി മുന്നോട്ടുപോകുന്ന 28 കാരിയുടെ പ്രശ്‌നം മറ്റൊന്നായിരുന്നു. നല്ല വിവാഹാലോചനകള്‍ പലതും തീരുമാനിച്ചുറപ്പിച്ചതിനു ശേഷം വളരെ തന്ത്രപരമായി അവള്‍തന്നെ ഇടപെട്ട് അവ മുടക്കുന്നു.

”അമ്മയെയും ചേച്ചിയെയും പോലെ ഒരടിമയായി കഴിച്ചുകൂട്ടാന്‍ എന്നെ കിട്ടില്ല. എനിക്ക് സ്വതന്ത്രമായി ജീവിക്കണം.” ഇതായിരുന്നു മൂന്നാമത്തെ വിവാഹാലോചനയും മുടക്കിയെത്തിയ യുവതിയുടെ മറുപടി.

”ഇനി ഒന്നിച്ച് മുന്നോട്ടില്ല” എന്നുറപ്പിച്ച യുവതീയുവാക്കളോട് സംസാരിച്ചപ്പോഴാണ് അവര്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ അല്ല ലിവിങ് ടുഗെതര്‍ ആണെന്നറിയുന്നത്. ”വിവാഹത്തിലേക്ക് ഏതായാലുമില്ല. ഒരു ജന്മം മുഴുവന്‍ എന്തുറപ്പിലാ ഒരാളെ
വിശ്വസിച്ചിങ്ങനെ. അതിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല.” എന്നായിരുന്നു അവര്‍ ഇരുവരുടെയും വ്യക്തിപരമായ മറുപടി.

”ഒരു പെണ്ണും പ്യുവര്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് എനിക്ക്‌വിവാഹംവേണ്ട”എന്നായിരുന്നു മറ്റൊരു യുവാവിന്റെ വാദം.

വിവാഹം വേണ്ട എന്നത് പുതുതലമുറയുടെ ഒരു ട്രെന്‍ഡ് ആയി പതിയെ മാറിക്കൊണ്ടിരിക്കുന്നു. അതിനവര്‍ പറയുന്ന ന്യായീകരണങ്ങള്‍ ന്യായമെന്ന്  ഒറ്റനോട്ടത്തില്‍ തോന്നാം.എന്നാല്‍, വിവാഹ ഉടമ്പടിയിലേര്‍പ്പെടാന്‍ അവര്‍ വിമുഖത
കാണിക്കുന്നത് പലപ്പോഴും ഒരു മാനസിക വൈകല്യത്തിന്റെ ഭാഗമാണെന്ന് മനശ്ശാസ്ത്രം പറയുന്നു. ഗാമോഫോബിയ എന്നാണത് മനശ്ശാസ്ത്ര ശാഖയില്‍ വിളിക്കപ്പെടുന്നത്. ഇത്തരം മാനസിക വൈകല്യമുള്ളവര്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഭയപ്പെടുന്നു. ഈ മാനസിക വൈകല്യത്തിന്റെ തീവ്രതയനുസരിച്ച് വിവാഹത്തെക്കുറിച്ചുള്ള ചിന്തകള്‍പോലും അവരില്‍ നിരവധി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിക്കുന്നു. വിവാഹം വേണ്ടെന്നു വയ്ക്കുന്നവരില്‍ കൂടുതലും യുവതികളാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മികച്ച ജോലിയും ജീവിതസാഹചര്യങ്ങളും ഉണ്ടായിട്ടും വിവാഹം വേണ്ടെന്നു വയ്ക്കുന്നവരില്‍ യുവാക്കളുമുണ്ട്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെതന്നെയും നിലനില്‍പ്പിനെ ബാധിക്കുന്ന ഈ മാനസിക വൈകല്യം ബോധപൂര്‍വം കൈ
കാര്യം ചെയ്യുന്നതിലൂടെ അതിജീവിക്കാവുന്നതേയുള്ളൂ.

എന്താണ് ഗാമോഫോബിയ?

ഒരു വ്യക്തിയുമായി ദീര്‍ഘകാല പ്രതിബദ്ധത ഉറപ്പിക്കുന്ന വിവാഹത്തോടുള്ള ഭയമാണ് ഗാമോഫോബിയ എന്ന മാനസിക വൈകല്യം.

കാരണങ്ങള്‍

a) മാതാപിതാക്കള്‍ തമ്മിലുള്ള നിരന്തരമായ വഴക്ക്, വേര്‍പിരിയല്‍
ചെറുപ്പം മുതലേ മാതാപിതാക്കളുടെ നിരന്തരമായ വഴക്കുകളും വിവാഹമോചനവും കണ്ടു വളരുന്ന കുട്ടികള്‍ വിവാഹത്തെ ഭയത്തോടെയാണ് കാണുന്നത്. കൂടാതെ സഹോദരങ്ങളുടെ വിവാഹ ജീവിതത്തിലെ പരാജയങ്ങളും അവരെ വിവാഹഭയത്തിലേക്ക് നയിക്കുന്നു. വിവാഹം പരാജയമാണെന്നും വ്യക്തിപരമായ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ യുവതീയുവാക്കന്മാര്‍ ചിന്തിക്കുന്നു.

b) കുട്ടിക്കാലത്തോ കൗമാര പ്രായത്തിലോ നേരിട്ടിട്ടുള്ള ലൈംഗികാതിക്രമം
ജീവിതത്തില്‍ നേരിട്ടിട്ടുള്ള ലൈംഗിക അതിക്രമങ്ങള്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള പ്രതിബന്ധമായി ചിലപ്പോഴെങ്കിലും നിലകൊള്ളാറുണ്ട്. തനിക്ക് ഏല്‍ക്കേണ്ടിവന്ന ദുരനുഭവത്തിലൂടെ ലൈംഗികതയെ വലിയ പാപമായി കരുതുന്നവരും ലൈംഗികതയെക്കുറിച്ച് ശരിയായ
അറിവില്ലാത്തവരും വിവാഹത്തിലേക്ക് പ്രവേശിക്കാന്‍ ഭയപ്പെടുന്നു.

c) വിവാഹജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങള്‍
വിവാഹമോചനത്തിനുശേഷം പുനര്‍വിവാഹത്തിന് വിസമ്മതിക്കുന്ന പലരുടെയും ജീവിതത്തില്‍ വിവാഹജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങള്‍ കാരണമാകാറുണ്ട്. പങ്കാളിയുടെ ഭാഗത്തുനിന്നുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങള്‍, അടിച്ചമര്‍ത്തലുകള്‍ തുടങ്ങിയവ അവരിലെ ആത്മവിശ്വാസത്തെയും മറ്റുള്ളവരിലുള്ള വിശ്വാസത്തെയും നഷ്ടപ്പെടുത്തുന്നു. ആത്മാര്‍ഥമായി സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ജീവിതപങ്കാളിക്കു പകരം മറ്റൊരാളെ അവിടെ പ്രതിഷ്ഠിക്കാന്‍ അവര്‍ക്ക് സാധിക്കാതെവരുന്നു.

d) തെറ്റായ ലൈംഗിക ബന്ധങ്ങള്‍ക്കടിമപ്പെടുക
പ്രകൃതിവിരുദ്ധമായലൈംഗികബന്ധങ്ങളിലും വിവാഹത്തിനു മുന്‍പുള്ള ശാരീരിക ബന്ധങ്ങളിലും ഏര്‍പ്പെട്ടവര്‍ വിവാഹത്തെ ഭയപ്പെടാറുണ്ട്. ജീവിതകാലം മുഴുവന്‍ ഒരു വ്യക്തിയില്‍ സംതൃപ്തി കണ്ടെത്താനാകുമോ എന്ന ഭീതിയും മുന്‍കാല അനുഭവങ്ങളുടെ കുറ്റബോധവും വിവാഹത്തിലേക്ക് പ്രവേശിക്കാന്‍ അവര്‍ക്ക് തടസ്സമായി നില്‍ക്കുന്നു. ചുരുക്കത്തില്‍ വിവാഹഭയം എന്നത് ജന്മനാ ഉണ്ടാകുന്ന ഒരു മാനസിക വൈകല്യമല്ല, സാഹചര്യങ്ങളുടെ നിര്‍മ്മിതിയാണെന്ന് ഓര്‍മ്മിക്കുക. മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ ആനന്ദകരമായ കുടുംബജീവിതം കണ്ട് വളരുന്നവര്‍ക്ക് പൊതുവെ ഈ ഭയം കാണാറില്ല.

ലക്ഷണങ്ങള്‍

ഗാമോഫോബിയ എന്ന മാനസിക വൈകല്യത്തിന്റെ തീവ്രതയനുസരിച്ച് ഇത് ശരീരത്തെയും കാര്യമായി ബാധിക്കും. ഇത്തരക്കാര്‍ക്ക് തങ്ങളുടെ വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം അമിതമായ ഉത്കണ്ഠ, നെഞ്ചുവേദന, തലകറക്കം, ബോധക്ഷയം, ഓക്കാനം, ദഹനക്കേട്, ശ്വാസ തടസ്സം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നു. ഊഷ്മളമായ സൗഹൃദങ്ങള്‍ രൂപപ്പെടുത്താനും മുന്നോട്ടു കൊണ്ടുപോകാനും ഇവര്‍ക്കു സാധിക്കാറില്ല. ഒരു നല്ല ബന്ധത്തില്‍ ആയിരിക്കുമ്പോഴും ഈ ബന്ധം നിലനില്‍ക്കുമോ എന്ന ഭയം അവരെ നിരന്തരമായി അലട്ടിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ അധികം ആളുകളെ തന്നിലേക്ക് അടുപ്പിക്കാനോ നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാനോ ഇവര്‍ പരിശ്രമിക്കുന്നില്ല. വിവാഹം പരാജയമാണെന്നും അത് സ്വാതന്ത്ര്യം നഷ്ടമാക്കുമെന്നുമുള്ള അമിത ചിന്തകളാല്‍ നയിക്കപ്പെടുന്ന ഇക്കൂട്ടര്‍ ആരോഗ്യകരമായ ദാമ്പത്യബന്ധം പുലര്‍ത്തുന്ന ദമ്പതികളെ കാണുമ്പോള്‍പോലും ഉത്കണ്ഠ അനുഭവിക്കുന്നു. മുന്‍കാല തിക്താനുഭവങ്ങളുടെ ഫലമായി വിവാഹത്തെക്കുറിച്ചുള്ള നിഷേധാത്മക ചിന്തകളും ഇവരില്‍ ഏറിയിരിക്കും.

എങ്ങനെ മറികടക്കാം?

സ്വയം കണ്ടെത്താനും സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് പഠിക്കാനും ശ്രമിക്കുക എന്നതുതന്നെയാണ് പ്രധാന പരിഹാരമാര്‍ഗം. മുന്‍കാല അനുഭവങ്ങളുടെ ഫലമായുള്ള നിഷേധാത്മകവും യുക്തിരഹിതവുമായ ചിന്തകളെ നിയന്ത്രിക്കാന്‍ മാനസികാരോഗ്യ വിദഗ്ധന്റെ സഹായത്തോടെ കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി ലഭ്യമാക്കുന്നത് സഹായകരമാണ്. ഉള്ളിലെ ചിന്തകളെയും ഭയങ്ങളെയും തുറന്നുപറയാന്‍ വേദിയൊരുക്കുന്ന കൗണ്‍സലിങ്ങും മറ്റൊരുപരിഹാരമാര്‍ഗമാണ്.


സി. ഡോ. മേരി തെരേസ് CSN 
സൈക്യാട്രിസ്റ്റ്,
സ്റ്റെല്ലാ മാരീസ് ഹോസ്പിറ്റൽ 

Related Articles