Friday, March 20, 2026

സ്ത്രീജന്മങ്ങൾക്കൊരു വാഴ്ത്ത്

മേലേപ്പറമ്പിൽ ആൺവീട് എന്നു പറയുംപോലെ ഒരു പെൺവീട്ടിലാണ് ജനിച്ചുവളർന്നത്. ചാച്ചൻ എന്ന് വിളിക്കുന്ന അപ്പനെക്കൂടാതെ വീട്ടിലുള്ളത് അമ്മച്ചിയും ഏഴു സഹോദരിമാരുമാണ്. ആറു പേർ മൂത്തവർ; ഒരാൾ ഇളയതും. ശരിക്കും ഒരു പെൺ വീടുതന്നെ, കല്ലുകളിയും അമ്മാനമാട്ടവും വളച്ചില്ലു കളിയും ഇട്ടൂലിയുമൊക്കെ ചിരപരിചിതം തന്നെ. നാട്ടിൻപുറത്തെ പെൺകുട്ടികളുടെ കളികളൊന്നും അപരിചിതമായില്ല. വീടിനുള്ളിലെ പെൺതിരക്കുകൾക്കിടയിൽ ഒരു ചായ തിളപ്പിക്കാനോ എന്തിനേറെ, ആഹാരം കഴിച്ച പാത്രം കഴുകാൻ പോലും ഇടം കിട്ടിയില്ലെന്നതാണ് നേര്. ഏഴാംക്ലാസ് വരെ വീടിനടുത്ത സ്കൂ‌ളിലായതിനാൽ ഊണുകഴിച്ചിരുന്നത് വീട്ടിൽ വന്നിട്ടാണ്. എട്ടാം ക്ലാസിൽ അല്പം ദൂരെയുള്ള സ്കൂ‌ളിലെത്തിയപ്പോഴാണ് ചോറു കൊണ്ടുപോകാനും പാത്രം കഴുകാനും ശീലിച്ചത്. ഏഴുപേർക്കിടയിലെ രാജകുമാരന് ഇത്തരം ശീലങ്ങൾ വൈകിക്കിട്ടിയ വിവേകമായിരുന്നു.

ഏഴു സഹോദരിമാരും എത്ര വ്യത്യസ്‌തരായിരുന്നുവെന്ന തിരിച്ചറിവ് പതുക്കെയാണുണ്ടായത്. അതാകട്ടെ ഓരോ വ്യക്തിയുടെയും അനന്യതയെക്കുറിച്ച് ഓർമ്മിപ്പിച്ചു. സഹപാഠികൾ, ചങ്ങാതിമാർ എന്നിവരിലൊക്കെ പെൺകുട്ടികളും ധാരാളമുണ്ടായിരുന്നു. എങ്കിലും ഇന്നത്തെ തലമുറയ്ക്ക് അമ്പരപ്പുളവാക്കുന്നവിധം വാക്കിലും നോക്കിലും അകലം പാലിച്ചായിരുന്നു അന്നത്തെ ജീവിതം. നാലു പതിറ്റാണ്ടിനുശേഷം ഈയിടെ ഒത്തുകൂടിയ അന്നത്തെ പത്താംക്ലാസുകാർക്ക് പറയാനുണ്ടായിരുന്നതും ഇതുതന്നെ. ഒന്നും മിണ്ടാൻ പോലും അവസരം കുറവായിരുന്ന കാലം. അതിനു പരിഹാരമെന്നോണം ഇന്ന് വിശേഷങ്ങൾ വിസ്ത‌രിക്കുന്ന മധ്യവയസ്‌കർ!

പഠനം കഴിഞ്ഞ് അധ്യാപകജോലിയിൽ പ്രവേശിച്ചപ്പോൾ സഹപ്രവർത്തകരിലേറെയും സ്ത്രീകളായിരുന്നു. എന്നാൽ, മറ്റു സ്‌കൂളുകളിലെക്കാൾ പുരുഷസാന്നിധ്യം കൊണ്ട് അനുഗൃഹീതമായിരുന്നു സ്വന്തം സ്‌കൂൾ. അതിനാൽ സ്‌റ്റാഫ്റൂം ഒരു പെൺവീടായി മാറിയില്ല. എന്നാലും ഭൂരിപക്ഷം അവർക്കു തന്നെയായിരുന്നു. ഇതിനിടെ സമാന്തര വിദ്യാഭ്യാസപരിശ്രമങ്ങളിലും ഇതര പരിശീലനപരി പാടികളിലും സജീവമായതോടെ നിരവധി സുഹൃത്തുക്കളെയും സഹകാരികളെയും ലഭിച്ചതിൽ പലരും ആജന്മസൗഹൃദം പാലിക്കാൻ തക്കവിധം മനസ്സടുപ്പം തോന്നിയ സ്ത്രീകളായിരുന്നു. പ്രായത്തിൽ മൂത്തവരും ഇളയവരും മാത്രമല്ല, സമപ്രായക്കാരും സുലഭം. ഓരോരുത്തരും തനിമയാർന്ന സവിശേഷതകൾകൊണ്ട് ശ്രദ്ധയാകർഷിച്ചുപോന്നു.

ഇതിനിടയിലാണ് ജീവിതത്തിലേക്കൊരുവൾ എന്നേക്കുമായി കൂട്ടുവന്നത്. ‘ഭാര്യ’ എന്ന പദത്തോടുള്ള നീരസം ‘പ്രിയതമ’ എന്ന വാക്കിനെ പ്രിയങ്കരമാക്കിത്തീർത്തു. ജീവിതത്തിൽ അന്നുവരെ പരിചയപ്പെട്ട സ്ത്രീജനങ്ങളിൽനിന്നു തീർത്തും വ്യത്യസ്‌തയായ ഒരുവൾ. കാൽനൂറ്റാണ്ടിനിപ്പുറം ഇപ്പോഴും ആ വ്യത്യസ്‌തതകൾ നിത്യനൂതനമായി നിലകൊള്ളുന്നുവെന്നതാണ് ആഹ്ളാദകരം. ഇങ്ങനെയൊരാൾ ജീവിതത്തോട് ചേർന്നു നിൽക്കുന്നതിനു മുമ്പ്, താൻ എങ്ങനെ ജീവിച്ചിരുന്നുവെന്ന് അത്ഭുതംകൂറുന്ന വിധത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പ്രതിഭാസത്തെ എങ്ങനെ വിശേഷിപ്പിച്ചാൽ മതിയാകും? സ്ത്രീക്കോ പുരുഷനോ കരുത്തു കൂടുതൽ എന്ന ചോദ്യത്തിന് സംശയലേശമില്ലാതെ സ്ത്രീ തന്നെ ശക്തയെന്ന് പറയാൻ പഠിപ്പിച്ചതും മറ്റാരുമല്ലല്ലോ!
അമ്മ മാസികയിൽ എഴുതിപ്പോരുന്ന കാലം മുതൽ പലയിടങ്ങളിലും മാതൃവേദികളിൽ പ്രഭാഷകനായി ക്ഷണിക്കപ്പെട്ടതോർക്കുന്നു. കത്തെഴുത്തിൻ്റെ അക്കാലത്ത് ക്ഷണക്കത്തുമായി വേദിയിലെത്തുമ്പോഴാണ്. സംഘാടകർ പെണ്ണുകെട്ടാത്ത പയ്യനെയാണല്ലോ തങ്ങൾ ക്ഷണിച്ചതെന്ന് തിരിച്ചറിയുന്നത്. എങ്കിലും ദൈവാനുഗ്രഹത്താൽ ആപത്തൊന്നും കൂടാതെ കഴിക്കാനും അമ്മമാരുടെ സ്നേഹവാത്സല്യങ്ങൾ ആസ്വദിക്കാനും ഇടവന്നിട്ടുണ്ട്. അതിന്നും തുടരുന്നു. അധ്യാപകസംഗമങ്ങൾ, മാത്യസംഗമങ്ങൾ, കുടുംബസംഗമങ്ങൾ, രക്ഷാകർതൃ പരിശീലനവേദികൾ എന്നിവിടങ്ങളിലൊക്കെ ക്ഷണിക്കപ്പെടാനും സ്നേഹസൗഹൃദങ്ങൾ സ്ഥാപിക്കാനും കഴിയുന്നതിൽ സ്ത്രീജനങ്ങൾ നൽകുന്ന സൗമനസ്യം ഒട്ടും ചെറുതല്ല. സഹജമായ നന്മകൾ വിളമ്പിക്കൊടുക്കാനുള്ള അമ്മമനസ്സ് എക്കാലത്തും ഏതു സ്ത്രീക്കും കൈമോശം വരാതിരിക്കട്ടെ എന്നാണ് പ്രാർഥന. ഒപ്പം പുതുകാലം സ്ത്രീകൾക്ക് പൂത്തുവിടരാനും വിടർന്നു വിലസാനും അവസരമൊരുക്കട്ടെയെന്ന ആശംസയും!
Shaji Sir
ഷാജി മാലിപ്പാറ

Related Articles