മരണം അടുത്തുവെന്ന് അവന് ഉറപ്പായി. അതിനാല്‍ സുഹൃത്തുക്കളെ അടുക്കല്‍ വിളിച്ചു പറഞ്ഞു: എനിക്ക് ഉറക്കമില്ലാതായിരിക്കുന്നു. ആകുലതയാല്‍ എന്റെ ഹൃദയം തകരുന്നു. ഞാന്‍ എന്നോടുതന്നെ പറഞ്ഞുപോകുന്നു, പ്രതാപ കാലത്ത് ദയാലുവും ജനസമ്മതനുമായിരുന്ന എനിക്ക് എത്രവലിയ ദുരിതമാണു വന്നുഭവിച്ചിരിക്കുന്നത്! എത്ര ആഴമുള്ള കയത്തില്‍ ഞാന്‍ വീണുപോയിരിക്കുന്നു. ‘ഇതൊരു രാജാവിന്റെ ചാവരുളാണ്. അന്തിയോക്കസ് എപ്പിഫാനസ് എന്ന ഗ്രീക്ക് രാജാവിന്റെ. BC 175-164 ആണ് കാലഘട്ടം. രാജവംശജനല്ല. ഒരാള്‍ക്കു തനിയെ ഭരിക്കാനാവാത്തവിധം അലക്‌സാണ്ടറിന്റെ സാമ്രാജ്യം വിപുലമായപ്പോള്‍ രാജ്യം വിഭജിച്ച് സേനാനായകന്മാര്‍ക്ക് നല്‍കിയതാണ്. അവരുടെ വംശത്തില്‍പ്പെട്ടയാളാണ്. അനര്‍ഹമായൊരു ഭാഗ്യമായിരുന്നത്. എന്നിട്ടും തന്റെ രാജ്യം കൂടുതല്‍ വിസ്തൃതമാക്കണമെന്ന് അയാള്‍ മോഹിച്ചു. സമാധാനത്തില്‍ കഴിഞ്ഞിരുന്ന ജനതകളുടെ ഇടയില്‍ കൊടിയ അക്രമങ്ങള്‍ അഴിച്ചുവിട്ട് കീഴ്‌പ്പെടുത്തുക – അതായിരുന്നു മാര്‍ഗം. മക്കബായ വിപ്ലവത്തിന് കാരണമായത് ഈ അന്തിയോക്കസ് ആണ്. ആ കഥയറിയാന്‍ മക്കബായരുടെ ഒന്നാം പുസ്തകം 1-6 വരെ അധ്യായങ്ങള്‍ വായിച്ചാല്‍ മതി.
എല്ലാവരെയും തോല്‍പ്പിച്ചും എല്ലാം തകര്‍ത്തും ഒരാള്‍ എത്രകാലം മുന്നോട്ടു പോകും.
ഒടുവില്‍ പരാജയത്തിന്റെ രുചിയറിഞ്ഞ അയാള്‍ അന്യദേശത്തുവച്ച് കൊല്ലപ്പെടുന്നു. മരണക്കിടക്കയില്‍വച്ച് അയാള്‍ക്കു സുബോധമുണ്ടായി: ‘ജെറുസലേമില്‍ ഞാന്‍ ചെയ്ത അകൃത്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. അവളുടെ കനകരജതപാത്രങ്ങളെല്ലാം ഞാന്‍ കവര്‍ച്ച ചെയ്തു. ഒരു കാരണവും കൂടാതെ യൂദാ നിവാസികളെ നശിപ്പിക്കാന്‍ ഞാന്‍ സൈന്യത്തെ വിട്ടു. ഇതിനാലാണ് ഈ അനര്‍ഥങ്ങള്‍ വന്നു കൂടിയതെന്ന് ഞാനറിയുന്നു’ (1 മക്ക. 6:10-13).
ഏതൊരു തിന്മയും അങ്ങനെയാണ്. അതില്‍ നിപതിക്കുന്നതുവരെ നമ്മെ ഇങ്ങനെ മോഹിപ്പിച്ചുകൊണ്ടിരിക്കും. വീണുകഴിഞ്ഞാലോ, അതു നമ്മുടെ സമാധാനം എടുത്തുകളയുന്നു. മനുഷ്യന്റെ ജീവിതത്തെ സമൂലം നശിപ്പിക്കുന്ന ഒന്നാണ് ആര്‍ത്തി. അര്‍ഹതയില്ലാത്തത് നേടാനുള്ള അഭിനിവേശം. ഓരോരുത്തര്‍ക്കും ഓരോ മോഹങ്ങളാകാം. അധികാരം, സല്‍പേര്, സമ്പത്ത്, നേട്ടങ്ങള്‍… അങ്ങനെ എന്തും.. അതു നേടാന്‍ അനീതിയുടെ വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങുന്നതോടെ അയാളുടെ പതനവുമാരംഭിക്കുന്നു. ആ വീഴ്ചയാകട്ടെ അടിത്തട്ടില്ലാത്ത കയത്തിലേക്കായിരിക്കും.
എത്രയോ ജീവിതങ്ങളങ്ങനെ വീണുപോയിരിക്കുന്നു. ചരിത്രത്തില്‍ തിളങ്ങി നില്‍ക്കേണ്ടിയിരുന്ന മനുഷ്യര്‍ അതിലെ കറുത്ത ബിന്ദുക്കളായി പരിണമിച്ച കഥകള്‍ ഒത്തിരിയുണ്ട്. ഉദാഹരണങ്ങള്‍ ബൈബിളില്‍ നിന്നു തന്നെയാകാം. എല്ലാകാലത്തും പ്രസക്തമാണല്ലോ അതിലെ സംഭവങ്ങളും കഥകളും.
പറുദീസ നഷ്ടത്തിന്റെ കഥയില്‍ത്തന്നെ അത് ആരംഭിക്കുകയാണ്. തുടര്‍ന്ന് അവരുടെ വഴിയേതന്നെ സഞ്ചരിച്ച് തട്ടിവീണ ഏതാനും പേരെ ഒന്ന് ഓര്‍ക്കുകയാണ്.
ഒരാളുടെ അതിമോഹം ഒരു കുടുംബത്തിന്റെ തന്നെ നാശത്തിനു കാരണമായ കഥകളാണ് പലതും. ആഖാനെ ഓര്‍മ്മിക്കുന്നുണ്ടാവും.ദൈവത്തിനു ബലിയര്‍പ്പിക്കാനുള്ള വസ്തുക്കളിലായിരുന്നു അയാളുടെ കണ്ണുടക്കിയത്. ആരുമറിയാതെ സ്വന്തമാക്കിയെങ്കിലും പിടിക്കപ്പെട്ടു. അയാള്‍ സത്യം പറഞ്ഞു: ‘കൊള്ള വസ്തുക്കളുടെ കൂടെ അതിവിശിഷ്ടമായ ഒരു മേലങ്കിയും ഇരുന്നൂറ് ഷെക്കല്‍ വെള്ളിയും അന്‍പതു ഷെക്കല്‍ തൂക്കവുമുള്ള ഒരു സ്വര്‍ണ്ണക്കട്ടിയും ഞാന്‍ കണ്ടു. മോഹം തോന്നി ഞാന്‍ അവ എടുത്തു’. അവനെയും കുടുംബത്തെയും കല്ലെറിഞ്ഞു കൊല്ലുകയും വസ്തുവകകള്‍ അഗ്നിക്കിരയാക്കുകയും ചെയ്യുക. അതായിരുന്നു ശിക്ഷ (ജോഷ്വ 7:). സേനാധിപന്റെ സ്വന്തമായിരുന്ന ബെത്‌ഷെബയോടു തോന്നിയ മോഹമാണ് ദാവീദിനെക്കൊണ്ട് കൊടിയ അകൃത്യം ചെയ്യിച്ചത്.
വേറെയും കഥാപാത്രങ്ങളുണ്ട്. ഏലീഷാ പ്രവാചകന്റെ വിശ്വസ്തനും സന്തതസഹചാരിയുമായ ഗഹസിക്ക് വിലയേറിയ സമ്മാനങ്ങളോടായിരുന്നു പ്രതിപത്തി. മരിച്ചവര്‍ക്കുപോലും ജീവന്‍ നല്‍കുന്ന വലിയ പ്രവാചകനാണ് ഏലീഷാ. അങ്ങനെയുള്ള ഒരാളുടെ സ്‌നേഹിതനോടും ആളുകള്‍ക്ക് എത്ര ആദരവായിരിക്കും. എന്നാല്‍, ആ മഹത്വമൊന്നും ഗഹസി ഓര്‍മ്മിക്കുന്നില്ല. പകരം വ്യര്‍ഥകാര്യങ്ങളില്‍ ഭ്രമിക്കുന്നു. കള്ളം പറഞ്ഞ് അവ സ്വന്തമാക്കുന്നു. അതു മനസ്സിലാക്കിയ ഏലീഷാ നാമാന്റെ കുഷ്ഠരോഗം അയാള്‍ക്കും അയാളുടെ സന്തതികള്‍ക്കും വന്നുചേരട്ടെ എന്ന് ശാസിച്ചു (2 രാജാ. 5: 20-27).
ആഹാബു രാജാവും ഭാര്യ ജസെബെല്‍ രാജ്ഞിയും മറ്റു രണ്ട് ഉപമകളാണ്. ദരിദ്രനായ അയല്‍വാസിയുടെ മണ്ണിനോടു മോഹം തോന്നിയ രാജാവ് അയാളെ കൊന്ന് ആ വസ്തു കയ്യേറി. കരുക്കള്‍ നീക്കിയത് ഭാര്യ. അതിനുള്ള ശിക്ഷ അവരുടെ മേല്‍ മാത്രമല്ല അവരുടെ കുടുംബത്തിന്മേല്‍കൂടി നിപതിക്കുകയാണ്. രാജഭരണം കുടുംബത്തില്‍നിന്ന് എടുക്കപ്പെട്ടു. ക്രൂരമായി കൊല്ലപ്പെട്ട അവരുടെ ശരീരങ്ങള്‍ തെരുവിലെ നായ്ക്കള്‍ക്കും പറവകള്‍ക്കും അന്നമായിത്തീരുകയാണ്. ദൈവത്തിനോ അപരനോ വേണ്ടി നീക്കിവച്ചിരിക്കുന്ന വ്യക്തികളെയോ വസ്തുക്കളെയോ സ്വന്തമാക്കുന്നത് എത്ര വലിയ ദുരന്തമാണ് വിളിച്ചുവരുത്തുന്നതെന്ന് ഈ സംഭവങ്ങള്‍ വെളിപ്പെടു
ത്തുന്നു.
പുതിയ നിയമത്തിലുമുണ്ട് ചില കഥാപാത്രങ്ങള്‍. ഹേറോദേസിനും പീലാത്തോസിനും അധികാരത്തിലായിരുന്നു കണ്ണ്. യൂദാസിനാകട്ടെ പണത്തിലും. ഓര്‍ത്തു നോക്കിയാല്‍ ചരിത്രത്തില്‍ എത്രയേറെ തിളങ്ങി നില്‍ക്കേണ്ട ജന്മങ്ങളായിരുന്നു. ക്രിസ്തുവിനോടൊപ്പം ഉണ്ണാനും ഉറങ്ങാനും കഴിഞ്ഞ യൂദാസിന് പണം ക്രിസ്തുവിനെക്കാള്‍ മീതെയായിരുന്നു. ക്രിസ്തുവിനുമേല്‍പോലും അധികാരമുണ്ടായിരുന്ന ഹേറോദേസും പീലാത്തോസും. പക്ഷേ, അധികാരത്തെക്കാള്‍ വലുതല്ല, നീതിമാനെ ശിക്ഷിക്കുക എന്നവര്‍ കരുതി. ഹേറോദേസിന്റെ അന്ത്യത്തെക്കുറിച്ച് ബൈബിള്‍തന്നെ വിവരിക്കുന്നു. കര്‍ത്താവിന്റെ ഒരു ദൂതന്‍ അവനെ അടിച്ചു വീഴ്ത്തി. എന്തെന്നാല്‍, ദൈവത്തിന് അവര്‍ മഹത്വം നല്‍കിയില്ല. പുഴുക്കള്‍ക്കിരയായി അവന്‍ അന്ത്യശ്വാസംവലിച്ചു (അപ്പ. 12:23). റോമിന്റെ ചരിത്രത്തില്‍ നിന്നുപോലും ഒരിക്കല്‍ പീലാത്തോസിന്റെ പേര് നീക്കം ചെയ്തിരുന്നുവെന്ന് ജോസേഫൂസ്, റ്റാസിറ്റസ് തുടങ്ങിയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അയാള്‍ ആത്മഹത്യ ചെയ്തുവെന്നും, അതല്ല, കൊല്ലപ്പെടുകയായിരുന്നുവെന്നുമൊക്കെ കഥകളുണ്ട്.
ശിമയോന് ആളാകണം. സ്ഥാനം കിട്ടണം. അയാളെപിടികിട്ടിയോ? അപ്പസ്‌തോലനല്ല.
പണ്ടൊരു മാന്ത്രികനായിരുന്നു. പിന്നെ ക്രിസ്തുമാര്‍ഗം സ്വീകരിച്ചു. അത്ഭുതങ്ങളും അടയാളങ്ങളുമൊക്കെയായി അപ്പസ്‌തോലന്മാര്‍ ജെറുസലേമിനെ അമ്പരപ്പിച്ചിരുന്ന കാലം. ആളുകള്‍ കൂട്ടത്തോടെ മാനസാന്തരപ്പെടുന്നു. അവര്‍ കൈവയ്ക്കുമ്പോള്‍ പരിശുദ്ധാത്മാവ് നിറയുന്നു. ഇതൊക്കെ കണ്ട് ശിമയോനും ഒരാഗ്രഹം. തനിക്കും ചെയ്യണം അതുപോലെയൊക്കെ. അയാള്‍ പണവുമായി പത്രോസിനെ സമീപിച്ച് തനിക്കും ആ സിദ്ധി തരണമെന്നഭ്യര്‍ഥിക്കുന്നു. പത്രോസ് അയാളെ കണക്കിന് ശാസിച്ചു. നിന്റെ ഹൃദയം ശുദ്ധമല്ല എന്നായിരുന്നു പരസ്യമായ കുറ്റപ്പെടുത്തല്‍ (അപ്പ. 12: 21).
അതെ, അതു തന്നെയാണ് പ്രശ്‌നം. ഹൃദയത്തിന്റെ പ്രശ്‌നം. എന്തിന്റെയൊക്കെയോ ശൂന്യത അനുഭവിക്കുന്നവര്‍ക്കാണ് എന്തൊക്കെയോ നേടിയെടുക്കണം എന്ന തോന്നലില്‍ എല്ലാം വെട്ടിപ്പിടിക്കാനിറങ്ങുന്നത്. ആ ശൂന്യത ദൈവത്തിനുള്ള ഇടമാണെന്നോര്‍ക്കാതെ അശാന്തമായ മനസ്സോടെ അവര്‍ എന്നും അലഞ്ഞുകൊണ്ടിരിക്കും. എങ്ങുമെത്താത്ത ആ അലച്ചിലിനൊടുവില്‍ അയാള്‍ക്ക് തന്നെത്തന്നെ അഭിമുഖീകരിക്കാതെ വയ്യ. ശരിക്കും നേടേണ്ടതിനു വേണ്ടിയല്ല തേടി നടന്നത് എന്നയാള്‍ ഒടുവില്‍ തിരിച്ചറിയുന്നു. ഇനി ഒരു തിരിച്ചു നടത്തത്തിന് സമയമില്ലെന്നു കണ്ട് അയാള്‍ അഗാധദുഃഖത്തിലേക്കും നിരാശയിലേക്കും നിപതിക്കുന്നു.
ആത്യന്തികമായി നമ്മളും ഈ പ്രപഞ്ചവുമൊക്കെ ദൈവത്തിന്റേതാണ്. ഓരോരുത്തര്‍ക്കും അവകാശപ്പെട്ടത് അവിടുന്ന് നിശ്ചയിച്ചു തന്നിട്ടുമുണ്ട്. അത് നേടിയെടുക്കാന്‍ ന്യായമായി ശ്രമിക്കുകയും വേണം. എന്നാല്‍ അതിനപ്പുറം സ്വന്തം സ്വാര്‍ഥലാഭത്തിനുവേണ്ടി എന്തെങ്കിലും നേടിയെടുക്കുവാന്‍ ശ്രമിക്കുന്നത് നമുക്കു തന്നെ കെണിയായി മാറുന്നു. ലോകം മുഴുവന്‍ നേടി. അത് പക്ഷേ, ആത്മാവിനെ പണയം വച്ചുകൊണ്ടുള്ള കളിയായിരുന്നു എന്നു ഫിനിഷിംഗ് പോയന്റില്‍ വച്ചുമാത്രം തിരിച്ചറിയുക! പിന്നെ വാവിട്ടു കരയാതെ എന്തുചെയ്യും!

സി. ശോഭ CSN



