ഈയടുത്ത് ബജറ്റിനോടനുബന്ധിച്ച് നിയമസഭ സമ്മേളിച്ചപ്പോള്‍, ‘ലഹരിക്കുടത്തിലെ ഭൂതം കേരളത്തെ വിഴുങ്ങാന്‍ ശ്രമിക്കുന്നതിന്റെ വ്യാപ്തി’ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു നേതാവിന്റെ അടിയന്തരപ്രമേയ നോട്ടീസ് സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യുകയുണ്ടായി. രാഷ്ട്രീയം നോക്കാതെ തീര്‍ത്തും പ്രസക്തമായ ഈ വിഷയത്തില്‍ കൈകോര്‍ത്ത ജനപ്രതിനിധികള്‍ നമുക്ക് ആശാവഹം തന്നെ. ആ ചര്‍ച്ചയില്‍ ഏറെ ചിന്തിപ്പിച്ചത് മറ്റൊരു നേതാവിന്റെ പരാമര്‍ശമായിരുന്നു: ‘ഏതു നിരപരാധിയായ മനുഷ്യനും എവിടെവച്ചും ആക്രമിക്കപ്പെടാം എന്ന ആശങ്ക ഉയര്‍ത്തുന്ന സ്ഥിതിയാണ് കേരളത്തിലെ ലഹരി ഉപയോഗം സൃഷ്ടിച്ചിരിക്കുന്നത്. അതെ, കെട്ടുകഥകളെക്കാള്‍ വിചിത്രമായ സംഭവപരമ്പരകള്‍ക്കാണ് കേരളം ഇന്ന് സാക്ഷിയാകുന്നത്. ഓരോ ദിവസവും പത്രം വായിക്കുമ്പോള്‍ ഞെട്ടിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങള്‍, കൊലപാതകമായും ആത്മഹത്യയായും നടക്കുന്നു. അന്യനാട്ടില്‍ ജീവിക്കുന്നതു കൊണ്ടാണോ എന്നറിയില്ല, വീട്ടില്‍ ഇത് ഞങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ ‘നമ്മുടെ നാടിന് ഇതെന്താ ഭ്രാന്തായോ’ എന്നു പോലും പറഞ്ഞുപോയി.
‘ലോങ് കോവിഡ് കൂട്ടുപ്രതിയോ?’
ആയിടെയാണ് മലയാള മനോരമ ദിനപത്രത്തിലെ കാഴ്ചപ്പാട് പേജില്‍ ‘ലോങ് കോവിഡ് കൂട്ടുപ്രതിയോ’ എന്ന തലക്കെട്ടോടെ പ്രശസ്ത കാന്‍സര്‍ ചികിത്സാവിദഗ്ധനും യു.എസിലെ തോമസ് ജെഫേര്‍സണ്‍ സര്‍വകലാശാലയിലെ ഓങ്കോളജി പ്രഫസറുമായ ഡോ.എം.വി. പിള്ള ഇതേ വിഷയത്തെ ആസ്പദമാക്കി ലേഖനം എഴുതിയത്. അദ്ദേഹത്തിന്റെ ലേഖനത്തിലെ ചില പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. കേരളത്തില്‍ മാത്രമല്ല ലോകത്ത് മറ്റു പലയിടത്തും സമാനമായ അക്രമസംഭവങ്ങള്‍ നടക്കുന്നു. പൊതുവേ സമാധാനപ്രിയ രാജ്യമായ സ്വീഡനില്‍ ഈയടുത്തുണ്ടായ വെടിവയ്പിനെ ഉദാഹരണമായി അദ്ദേഹം കാണിക്കുന്നു. ലഹരി ഉപയോഗമാണ് ഇത്തരത്തിലുള്ള ഭീതികരമായ അവസ്ഥയുടെ മൂലകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എങ്കിലും അതോടൊപ്പം ഒരു വില്ലന്‍ കൂടിയുണ്ടാകാം- ‘പോസ്റ്റ് കോവിഡ് സിന്‍ഡ്രോം’. കോവിഡിനുശേഷം അക്രമവാസനയും അനിഷ്ടസംഭവങ്ങളും കാര്യമായി വര്‍ധിച്ചിരിക്കുന്നു. കോവിഡിനു ശേഷമുള്ള ദുര്‍ബലമായ ശാരീരിക-മാനസികാവസ്ഥയും മറ്റു രോഗലക്ഷണങ്ങളുമാണ് ലോങ് കോവിഡിന്റെ പ്രത്യേകത. അതെ, ലോങ് കോവിഡ് ലക്ഷണങ്ങള്‍ ശാരീരികമായി മാത്രം ഒതുങ്ങുന്നതല്ല; മറിച്ച് അത് മനസ്സിന്റെയും താളം തെറ്റിച്ചേക്കാം. വിട്ടുമാറാത്ത ചിന്താക്കുഴപ്പവും ആശയക്കുഴപ്പവും ചിലപ്പോള്‍ ചിലരെ മനോവിഭ്രാന്തിയിലേക്ക് നയിക്കും. സ്വയം നഷ്ടപ്പെടുന്നപോലെ ഒരുതോന്നല്‍ ഉണ്ടാക്കും. എന്തുതരം മാനസികാവസ്ഥയിലേക്കോ പ്രവൃത്തിയിലേക്കോ ആണ് അതവരെ എത്തിക്കുക
എന്നുപറയാനാവില്ല. കോവിഡ് വന്നുപോയവരില്‍ 80% പേരും ലോങ് കോവിഡില്‍ നിന്ന് മുക്തി നേടുമ്പോഴും കേരളം പോലെ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്ത് ബാക്കി 10% പേര്‍ പ്രത്യേക മാനസിക-ശാരീരികാവസ്ഥയില്‍ തുടരുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കില്ലേ എന്ന് അദ്ദേഹം ചോദിച്ചുവയ്ക്കുന്നു. ലോങ് കോവിഡ് കേരളത്തില്‍ ഉണ്ടോ എന്നത് ശാസ്ത്രീയമായി തെളിയിക്കണം എന്നും കേരളത്തില്‍ ഇപ്പോള്‍ കാണുന്ന കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലുള്ള ചേതോവികാരം ലോങ് കോവിഡിന്റെ സൃഷ്ടിയാണോ എന്ന് പരിശോധിക്കണമെന്നും ലേഖകന്‍ ആവശ്യ
പ്പെടുന്നു.
പുതുതലമുറമയക്കുമരുന്നിന്ഇരകളാകുമ്പോള്‍
കേരളം എന്നാല്‍, ദൈവത്തിന്റെസ്വന്തം നാടെന്ന സ്വകാര്യ അഹങ്കാരം നാം ഇനിയും പുലര്‍ത്തേണ്ടതുണ്ടോ എന്നു ചിന്തിക്കാന്‍ സമയമായി. ഇവിടത്തെ സാമൂഹിക കുടുംബാന്തരീക്ഷത്തിലൊക്കെ എന്തൊക്കെയോ മൂല്യച്യുതി വന്നിട്ടുണ്ടെന്ന് തലകുനിച്ച് സമ്മതിക്കേണ്ടി വരുന്നതരത്തിലുള്ള സംഭവങ്ങളാണ് ഇന്നു നടക്കുന്നത്. മദ്യപാനത്തിനും മറ്റുമായി ജൂനിയര്‍ വിദ്യാര്‍ഥികളില്‍ നിന്നും പതിവായി പിരിവ് നടത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ പിന്നീട് പണം ലഭിക്കാതെ വന്നപ്പോള്‍ അതിക്രൂരമായി ജൂനിയര്‍ കുട്ടികളെ മര്‍ദിച്ച വാര്‍ത്ത നാം ഞെട്ടലോടെയാണ് വായിച്ചത്. ജീവിതം ലഹരിയാകേണ്ട ചെറുപ്പക്കാരില്‍ ഒരു വിഭാഗം തങ്ങളുടെ വിലപ്പെട്ട ഊര്‍ജം അടിയറവച്ച് ലഹരിയെ ജീവിതമാക്കുന്നു. 2016 മുതല്‍ 2022 വരെയുള്ള കണക്കുകളില്‍ ലഹരിക്കേസുകളില്‍ 360 ശതമാനം വര്‍ധനയാണ് കേരളത്തില്‍ ഉണ്ടായത്. സ്‌കൂള്‍ ചുറ്റളവിലെ ലഹരിക്കേസുകളുടെഎണ്ണം, ലഹരിഉപയോഗം, ലഹരി സംഘങ്ങളുമായി കുട്ടികളുടെ സമ്പര്‍ക്കം എന്നിവയെ മാനദണ്ഡമാക്കി എക്‌സൈസ് ഇന്റലിജന്‍സ് തയ്യാറാക്കിയ പ്രശ്‌നബാധിത പട്ടികയില്‍ 1100 സ്‌കൂളുകളാണ് കഴിഞ്ഞ അധ്യയനവര്‍ഷം കേരളത്തില്‍ കണ്ടെത്തിയത്. കോവിഡ് കാലത്തെ അടച്ചിടല്‍ വിദ്യാര്‍ഥികളുടെ മാനസികനിലയെ കാര്യമായി ബാധിച്ചു: ചിലരൊക്കെ ഫോണിനും
മയക്കുമരുന്നിനും ഒരുപോലെ അടിമയായി. മയക്കുമരുന്നുപയോഗിച്ച് രാത്രി ഉറങ്ങാതെ ഗെയിം കളിക്കുന്നവര്‍ ഏറെയാണെന്നും വിജയിക്കുംവരെ കളിക്കുകയാണ് അവരുടെ രീതിയെന്നുംചില കൗണ്‍സിലര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ലഹരിയും ഡോപമിനും
നമ്മുടെ തലച്ചോറിന്റെ മുന്‍ഭാഗത്ത് ഡോപമിന്‍ എന്ന രാസവസ്തു ഉണ്ട്. നമ്മുടെ ശരീരത്തില്‍ ശ്രദ്ധയുടെയും ഏകാഗ്രതയുടെയും നിയന്ത്രണം വഹിക്കുന്ന രാസവസ്തുവാണിത്. ഡോപമിന്‍ കൂടുമ്പോഴാണ് സന്തോഷം കിട്ടുക. നമ്മുടെ വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സര്‍ഗാത്മകതയെ ഉത്തേജിപ്പിക്കുവാനും അത് സഹായിക്കുന്നു. ഡോപമിനെ ‘ഫീല്‍ഗുഡ് ഹോര്‍മോണ്‍’ എന്നും വിശേഷിപ്പിക്കാറുണ്ട്.
മാനസികാരോഗ്യവിദഗ്ധര്‍ പറയുന്നത് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഡോപമിന്റെ അളവ് കുത്തനെ കൂടുന്നു എന്നാണ്. അത്
മിഥ്യാ അനുഭവങ്ങളും മിഥ്യാ വിശ്വാസങ്ങളും നമ്മളിലുണ്ടാക്കും. ഇല്ലാത്തത് ഉണ്ടെന്ന്
തോന്നുക, ആരോ ഉപദ്രവിക്കാന്‍ വരുന്നുണ്ടെന്ന് തോന്നുക, ചെവിയില്‍ അശരീരി ശബ്ദങ്ങള്‍ മുഴങ്ങുന്നതായി അനുഭവപ്പെടുക എന്നീ ലക്ഷണങ്ങള്‍ കാണിക്കും. കുത്തനെ കൂടുന്ന ഡോപമിന്‍ കുത്തനെതന്നെ കുറയുകയും പിന്നീട് ഒന്നിനും താല്പര്യമില്ലാത്ത ഒരു മനസികാവസ്ഥയിലേക്ക് വ്യക്തിയെ എത്തിക്കുകയും ചെയ്യുന്നു. അധികമായാല്‍ അമൃതും വിഷം എന്നപോലെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ ഡോപമിന്റെ അളവ് പരിധിവിടും. ആരോഗ്യപരമായ ജീവിതശൈലിയിലൂടെ പതിയെ സ്വാംശീകരി
ക്കുന്ന ഡോപമിന്റെ ഗുണങ്ങളായ സന്തോഷവും ഉന്മേഷവും, അതിന്റെ രൂപം മാറി ലഹരി ഉപയോഗിക്കുന്ന വ്യക്തിയെ ഗുരുതരമായ ചിത്തഭ്രമത്തിലേക്കായിരിക്കും നയിക്കുക എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്താണ് പരിഹാരം?
ചെറുപ്പംമുതലേ കുഞ്ഞുങ്ങള്‍ അവരുടെ ആദ്യപാഠശാലയായ കുടുംബത്തിലും പിന്നീട് സ്‌കൂളിലും ‘Drug education’ നേടുക എന്നത് പരമ പ്രധാനമായി യുനെസ്‌കോ പറയുന്നു.
യുണൈറ്റഡ് നേഷന്‍സ് ഓഫീസ്ഓണ്‍ ഡ്രഗ്സ് ആന്റ് ക്രൈം പറയുന്നത് 5 വയസ്സു മുതല്‍ കുട്ടികളില്‍ ലഹരിമരുന്നിന്റെ വിപത്തുകളെക്കുറിച്ചുള്ള ബോധവത്കരണം ആരംഭിക്കണം എന്നതാണ്. 8-9 വയസ്സുള്ള കുട്ടികള്‍ ഇതിനോടകം മയക്കുമരുന്നുകളുടെ പേരുകള്‍ തിരിച്ചറിയാനും അതിന്റെ അപകടസാധ്യതകള്‍ അറിയുന്നവരുമാകണം എന്നും പറയുന്നു. വീടുകളിലും വിദ്യാലയങ്ങളിലും ഒരുപോലെ ഡ്രഗ് എഡ്യൂകേഷന്റെ അനിവാര്യതയാണ് ഇത് കാണിക്കുന്നത്.
ഡോ.അബ്ദുല്‍കലാമിന്റെ വാക്കുകളില്‍ ‘മയക്കുമരുന്ന് ദുരുപയോഗത്തിന്റെ അപകടങ്ങള്‍ അവരുടെ മനസ്സില്‍ മുദ്രണം ചെയ്യുന്നതിനായി ഓരോ വ്യക്തിക്കും പ്രത്യേകിച്ച് യുവതലമുറയ്ക്ക് മതിയായ വിദ്യാഭ്യാസ ഇന്‍പുട്ടുകള്‍ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് അടിസ്ഥാന തത്ത്വചിന്ത. രക്ഷിതാക്കള്‍ എന്ന നിലയില്‍ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക; ലഹരി മരുന്നുകളെക്കുറിച്ചുള്ള അറിവുകള്‍ അവരുമായി പങ്കുവയ്ക്കുക. ഒരു അധ്യാപകന്‍ എന്ന നിലയില്‍ വിദ്യാര്‍ഥികള്‍ക്ക് ശരിയായ മൂല്യങ്ങള്‍ പറഞ്ഞുകൊടുക്കുക; അവരുമായി ലഹരിമരുന്നിന്റെ ഉപയോഗത്തെപ്പറ്റി തുറന്ന ചര്‍ച്ചകള്‍ നടത്തുക. ഇപ്രകാരം തികഞ്ഞ ആത്മവിശ്വാസവും ആത്മാഭിമാനവും ഉള്ളവരായി കുഞ്ഞുങ്ങളെ വളര്‍ത്തുവാനും അങ്ങനെ അവര്‍ സമപ്രായക്കാരുടെ സമ്മര്‍ദത്തെ ചെറുത്തുകൊണ്ട് ലഹരിയോട് ‘നോ’ പറയാന്‍ ചങ്കുറപ്പുള്ളവരും ആകട്ടെ.
ആ മൂപ്പത്തിമ്മൂന്നുകാരന്‍ ആകട്ടെ റോള്‍മോഡല്‍!
എഴുത്തുകാരനും മോട്ടിവേഷനല്‍ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് ഒരിക്കല്‍ പാലാ അല്‍ഫോന്‍സാ കോളേജില്‍ വിശിഷ്ടാതിഥിയായി വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒരു വാചകം ക്യാമ്പസ് ഒന്നടങ്കം ഏറ്റുപിടിച്ചത് ഇന്നും ഓര്‍ക്കുന്നു, ‘എന്റെ റോള്‍ മോഡല്‍ മൂപ്പത്തിമൂന്നാം വയസ്സില്‍ മൂന്നാണികളാല്‍ ക്രൂശിലേറ്റ ആ ചെറുപ്പക്കാരനാണെന്ന്’. അതെ, ഒരു കത്തോലിക്കന്‍ എന്ന നിലയില്‍ നാം ഓരോരുത്തരും ജീവിക്കേണ്ടതും ഈശോ എന്ന ചെറുപ്പക്കാരനെ നോക്കിക്കൊണ്ടാവണം. ഞാന്‍ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നു എന്നു പറഞ്ഞ് ജീവിച്ച അവന്‍ നമ്മുടെ ഉള്ളിലും തീയായി കത്തണം. ഓരോ വ്യക്തിയും ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ ഏറ്റുപറയേണ്ട ഒരു കൊച്ചു പ്രാര്‍ഥനയുണ്ട്:
‘ഈശോയേ, നിനക്ക് എന്നെക്കുറിച്ചുള്ള സ്വപ്നം എന്താണോ അതായിത്തീരുവാനുള്ള കൃപ എനിക്ക് നല്കണമേ! എന്ന ഈ മനോഹരമായ പ്രാര്‍ഥന നമുക്കും ചെല്ലാം; ഒപ്പം നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയും ചെയ്യാം. അങ്ങനെ ദൈവം ദാനമായി തന്ന ജീവിതത്തിന്റെ ലഹരി കണ്ടെത്താം.

ശീതൾ ജോസഫ്




