വിവാഹജീവിതത്തിന്റെ വിജയവഴികളെപ്പറ്റി നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍, വിവാഹത്തിനുള്ളിലെ ഒരു മാജിക്കിനെക്കുറിച്ച് പറയാം. വിവാഹം കഴിച്ചവര്‍ക്ക് ഈ മാജിക്കുകൊണ്ട് വലിയ പ്രയോജനമില്ല. അതേസമയം വിവാഹത്തെക്കുറിച്ച് സാരമായി ചിന്തിക്കുന്നവര്‍ക്കും അതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നവര്‍ക്കും ഏറെ ഉപകാരപ്രദമാണ്.
വിവാഹത്തെക്കുറിച്ചുള്ള ചിന്തകളില്‍ ഗുണഗണങ്ങളെക്കുറിച്ചുള്ള പരിഗണനകളില്‍ ചിലര്‍ സൗന്ദര്യത്തിന് പ്രാമുഖ്യം നല്‍കുന്നു. മറ്റുചിലര്‍ ജീവിതപങ്കാളിയുടെ സമ്പത്തിനെ കാര്യമായി പരിഗണിക്കുന്നു. ചിലര്‍ക്ക് ഉദ്യോഗമുള്ളയാളെ മതി. വേറെചിലര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത വേണം. കുടുംബമഹിമയും ജാതിമതസാമ്യവുമൊക്കെ കാര്യമായി എടുക്കുന്നവരുമുണ്ട്. പരിഗണന ഏതുമാകട്ടെ, ഏതെങ്കിലും ഒരു കാര്യത്തിന് പരമപ്രാധാന്യം നല്‍കുന്നു എന്നതാണ് പരമാര്‍ഥം. ഇക്കാര്യം മനസ്സില്‍ ഉറപ്പിക്കുകയും മറ്റുള്ളവരോട് പറയുകയും അത്തരമൊരാളെ കിട്ടുന്നതിനായി പ്രാര്‍ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യും. ഒന്നാമത്തെ പരിഗണനയ്ക്കനുസരിച്ചുള്ള വ്യക്തിയെത്തന്നെ ദൈവം ഓരോരുത്തര്‍ക്കും നല്‍കുന്നു. അനേകരുടെ അനുഭവം വിലയിരുത്തുമ്പോള്‍ ബോധ്യപ്പെടുന്ന വാസ്തവമാണിത്.
ഇനിയാണ് പ്രശ്നം. സന്തോഷത്തോടെ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു. ദൈവം സങ്കല്പത്തിലുണ്ടായിരുന്ന ഒരാളെത്തന്നെ തന്നുവല്ലോ. എന്നാല്‍, നാളുകള്‍ കുറച്ചു കഴിയുമ്പോഴാണ് പ്രഥമ പരിഗണനയ്‌ക്കൊത്ത ആളാണെങ്കിലും മറ്റു കാര്യങ്ങളില്‍ നീരസം തോന്നിത്തുടങ്ങുന്നത്.സൗന്ദര്യമൊക്കെയുള്ള ആളാണ്; സ്വഭാവമത്ര മെച്ചമല്ല. സമ്പത്തുണ്ട്; വിദ്യാഭ്യാസം തീരെയില്ല. ഉദ്യോഗം ഉയര്‍ന്നതാണെന്നതില്‍ സംതൃപ്തിയായിരുന്നു; പക്ഷേ, കുടുംബകാര്യത്തില്‍ ശ്രദ്ധയില്ല…… ഇങ്ങനെയിങ്ങനെ ഇഷ്ടക്കേടുകള്‍ പലവഴിക്കും വന്നുകൂടുന്നു. പ്രാധാന്യം കൊടുത്തത് തെറ്റിപ്പോയെന്ന തോന്നലുണ്ടാകുന്നു. സൗന്ദര്യമല്ലായിരുന്നു വേണ്ടത്, സമ്പത്തില്ലെങ്കിലും കുഴപ്പമില്ലായിരുന്നു എന്നിങ്ങനെ ഓരോരോ കാര്യങ്ങള്‍
ആത്മഗതമായും ആത്മനൊമ്പരമായും പുറത്തുവരും. പക്ഷേ, ആരെ കുറ്റപ്പെടുത്താനാണ്? മനസ്സില്‍ ആഗ്രഹിച്ചതുപോലുള്ള ആളെയാണ് ദൈവം നല്‍കിയത്. ഇനിയിപ്പോള്‍ പരിഗണന മാറ്റാനൊന്നും ആവില്ലല്ലോ. മാജിക് ഇത്രയേ ഉള്ളൂ-ജീവിതത്തിന് അത്യാവശ്യം വേണ്ടത് എന്തെന്ന് നിശ്ചയിക്കുക. അതിനൊത്ത ആള്‍ക്കുവേണ്ടി ആഗ്രഹിക്കുക, പ്രാര്‍ഥിക്കുക. ദൈവം അതു തരും. ചോദിക്കുമ്പോള്‍ ശ്രദ്ധവയ്ക്കുക. കിട്ടിക്കഴിഞ്ഞ് പരാതിപ്പെട്ടിട്ട് കാര്യമില്ല.
**********************************************************************************************************
രണ്ടു സംസ്‌കൃതപദങ്ങളാണ് ഇദം മമ, ഇദം നമമ. ഇത് എന്റേതാണ് എന്നത്രേ ആദ്യത്തേത് വിവക്ഷിക്കുന്നത്. അടുത്തതാകട്ടെ ഇത് എന്റേതല്ല എന്നും. ഏതു കാര്യത്തെക്കുറിച്ചും ഇത് രണ്ടും പറയാന്‍ കഴിയും, കഴിയണം.
ജോലിചെയ്യുന്ന സ്ഥാപനം ഇദം മമയെന്നു കരുതി പണിയെടുക്കണം. അതിന്റെ അഭിവൃദ്ധിക്കുവേണ്ടി പരിശ്രമിക്കണം. അവനവനോട് നിരന്തരം പറയണം ഇത് എന്റെയാണ്. കൂടുതല്‍ ആത്മാര്‍ഥതയോടും അര്‍പ്പണചിന്തയോടുംകൂടി സേവനം ചെയ്യാന്‍ ഈ മനോഭാവം സഹായിക്കും.
ഇതിന്റെ മറുവശവും മനസ്സില്‍ സൂക്ഷിക്കണം. ഇതൊന്നും എന്റേതല്ല. വേണ്ടത്ര പരിഗണന കിട്ടാതെ വന്നാലും സ്ഥാപനത്തില്‍നിന്ന് സ്ഥലംമാറ്റമോ പിരിഞ്ഞു പോകലോ ആവശ്യമായി വന്നാലും വൈകാരിക സ്ഥിരതയോടെ നില്‍ക്കാന്‍ ഇതു സഹായിക്കും. എനിക്ക് ഇതിനൊന്നും പ്രത്യേക അവകാശമോ അധികാരമോ ഉള്ളതല്ല. ഇതൊക്കെ മറ്റാരുടേതോ ആണ് എന്ന വിചാരം സൂക്ഷിച്ചാല്‍ മനസ്സിന്റെ സ്ഥായീഭാവം നിലനിര്‍ത്താന്‍ കഴിയും.
ചിലപ്പോഴൊക്കെ ‘എന്റെയാണെന്റെയാണെ ന്റെയാണ്’ എന്നു കരുതാം. കടമകള്‍ നിറവേറ്റാന്‍ അത് സഹായിക്കും. മറ്റു ചിലപ്പോഴൊക്കെ ‘എന്റെയല്ലെന്റെയല്ലെന്റെയല്ല’ എന്നു കരുതിയാല്‍ അവകാശങ്ങളെക്കുറിച്ചുള്ള ആകുലതയും അസ്വസ്ഥതയും മാറിക്കിട്ടും.

ഷാജി മാലിപ്പാറ




