സി. ആനി ജോസ് CSN
വിവാഹനിശ്ചയവും ചരക്കെടുക്കലും വീടു കാണലും എല്ലാം കഴിഞ്ഞാണ് വധൂവരന്മാർ എവിടെനിന്നോ എത്തുന്നതും ഇടിപിടീന്ന് ഓടിപ്പിടിച്ച് ഒരു പ്രീമാര്യേജ് കോഴ്‌സ് കൂടുന്നതും. കുറിയടിക്കലും കല്യാണാഘോഷങ്ങൾ പ്ലാൻ ചെയ്യുന്നതും, എവിടെവച്ച്, ആരൊക്കെ പങ്കെടുക്കണം തുടങ്ങിയവയൊക്കെ തീരുമാനിക്കുന്നതും വീട്ടുകാർതന്നെ. അവസാനം കഴുത്തിൽ താലി കെട്ടുന്ന കർമ്മം എന്തായാലും ഇതുവരെ മറ്റാരും ഏറ്റെടുത്തിട്ടില്ല. അങ്ങനെ തിരക്കിനിടെ നടന്ന വിവാഹമായിരുന്നു സോജൻ്റെയും മരിയറ്റിന്റെയും. സോജൻ മാതാപിതാക്കളോടൊപ്പം ഡൽഹിയിൽ താമസിച്ച് ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്നു. മരിയറ്റ് ഗൾഫിൽ നഴ്‌സാണ്- ഇഷ്ടടപ്പെട്ട ബോയ്ഫ്രണ്ട് ഉണ്ടെങ്കിലും arranged marriage അല്ലാതെ മാതാപിതാക്കൾ സമ്മതിക്കില്ല എന്നതുകൊണ്ടു മാത്രമാണ് ഈ വിവാഹത്തിന് തയ്യാറായി ബോയ്ഫ്രണ്ട് നവീനോടൊപ്പം മരിയറ്റ് നാട്ടിലെത്തിയത്. കൊച്ചിയിൽ ഒരു ഫ്ളാറ്റ് എടുത്ത് അവിടെ ഇരുവരും താമസിച്ച ശേഷമാണ് കുറച്ചകലെയുള്ള സ്വന്തം വീട്ടിലേക്ക് അവൾ വന്നത്. സോജന് നാട്ടിൽ ഏറെ പരിചയങ്ങൾ ഇല്ല. ഏഴ് ഏക്കർ വരുന്ന പുരയിടത്തിലെ മണിമാളിക വീട്ടിലേക്ക് അയൽക്കാരും പരിചയക്കാരുമായി ആരുംതന്നെ വരാറില്ല. മൂന്ന് ആൺമക്കളും പഠിച്ചതും വളർന്നതും എയർഫോഴ്‌സിൽ ജോലിയുള്ള മാതാപിതാക്കൾക്കൊപ്പം ഡൽഹിയിൽത്തന്നെ. മരിയറ്റിന് ഒരു അനുജത്തിയേ ഉള്ളൂ. അവൾ എൻജിനീയറിംഗ് പഠിക്കുന്നു. ചേച്ചിയുടെ ചില കച്ചറകൂട്ടുകെട്ടുകൾ അവൾക്കറിയാം. പക്ഷേ, പുറത്തു പറയാറില്ല. പറഞ്ഞാൽ ഒരുപാട് അപകടങ്ങൾ പ്രതീക്ഷിക്കുന്നതിനാൽ അവൾ അതെല്ലാം രഹസ്യമായി വച്ചു.
വിവാഹാഘോഷത്തിന് കൂട്ടുകാരോടൊപ്പം അവളുടെ ബോയ്ഫ്രണ്ട് നവീനും പങ്കെടുത്തു. തിരിച്ച് കൂട്ടുകാരെല്ലാം ഫ്ളാറ്റിലേക്കു മടങ്ങി. അന്നവിടെ അടിച്ചുപൊളിച്ച് ആഘോഷമായിരുന്നു. ആദ്യരാത്രി വധൂവരന്മാരുടെ മുറിയിൽ ചില തമാശകൾ ഒപ്പിക്കുന്ന ഒരു പതിവ് ഇന്നത്തെ ചെറുപ്പക്കാർക്കുണ്ട്. അങ്ങനെ അവരും ചില തമാശകൾ ഒപ്പിച്ചിരുന്നു. അതൊക്കെ കൂട്ടുകാരുടെ സ്നേഹപ്രകടനമായിത്തന്നെയേ സോജൻ കണക്കാക്കിയുള്ളൂ. എന്നാൽ, അല്പം നേരത്തെ തമാശകൾക്കുശേഷം കുറെ ഫോൺ കോൾ മാറിമാറി വന്നുകൊണ്ടിരുന്നു. ഭീഷണികൾ, കളിയാക്കലുകൾ, വിവേകവും വിവരവുമില്ലാത്ത അസഭ്യസംസാരങ്ങൾ… അങ്ങനെ ആശങ്കകളും അവ്യക്തതകളും മനസ്സിൽ നിറഞ്ഞു. ആരാണെന്നോ എന്താണെന്നോ മരിയറ്റിനോട് ചോദിക്കാൻ തോന്നിയില്ല- അവളുടെ മുഖത്ത് ആശങ്കയുടെ നിഴൽ പോലും കാണുന്നില്ല. അവൾ കൂടി അറിഞ്ഞുകൊണ്ടാണോ: ഇതെന്ന് സംശയിക്കത്തക്കവിധമായിരുന്നു അവളുടെ പെരുമാറ്റങ്ങൾ.
രാവിലെ മുഖത്ത് സന്തോഷമൊക്കെ വരുത്തി, മാതാപിതാക്കളോടൊപ്പം പള്ളിയിൽ പോയി. സെമിത്തേരിയിൽ വല്ല്യപ്പച്ചന്റെയും വല്ല്യമ്മച്ചിയുടെയും കല്ലറയിൽ പോയി പ്രാർഥിച്ചു. വികാരി അച്ചനെ കണ്ടു വിശേഷങ്ങൾ പറഞ്ഞു. അങ്ങനെ തിരിച്ചു വീട്ടിൽ എത്തുമ്പോൾ കൂട്ടുകാരെല്ലാം സന്നിഹിതരാണ്. ഭീഷണികളും അസഭ്യങ്ങളും തീർച്ചയായും അവരിൽ നിന്നല്ല എന്ന് തോന്നത്തക്കവിധം അത്ര മാന്യമായാണ് അവർ ഇടപഴകിയത്. രണ്ടാഴ്‌ചയോളം നാട്ടിൽ കറങ്ങിയിട്ട് ഗൾഫിലേക്കു മടങ്ങാനാണ് ആ മൂവർസംഘത്തിൻ്റെ പ്ലാൻ എന്ന് സംസാരമധ്യേ അവർ സൂചിപ്പിച്ചു. കാര്യങ്ങളൊന്നും അത്ര പന്തിയല്ല എന്ന് സോജനു തോന്നുന്നുണ്ടെങ്കിലും ആരോടും ഈ ആശങ്ക പങ്കുവയ്ക്കാൻ ധൈര്യം വരു ന്നില്ല. ഗൾഫിലേക്ക് ഒരു വിസിറ്റിംഗ് വിസ എടുക്കാനോ ഡൽഹിയിൽ ഏതാനും മാസം ഒന്നിച്ചു താമസിച്ചിട്ട് തിരിച്ചു പോകാനോ സോജൻ മുന്നോട്ടു വച്ച അഭിപ്രായങ്ങൾ മരിയറ്റിന് സ്വീകാര്യമായില്ല. അവൾക്ക് എത്രയും വേഗം തിരിച്ചു ജോലിയിൽ കയറണമെന്ന നിർബന്ധത്തിലാണ്. അവളുടെ വാക്കുക ളിൽ തന്നെ തീർത്തും വിലകുറച്ചു കാണുന്നതായി അവനു തോന്നി. ഡൽഹിയിൽ തനിക്കും – നല്ല സുഹൃത്തുക്കൾ അതും പെൺകുട്ടികൾ ധാരാളമുണ്ട്. പക്ഷേ, അവരിലൊന്നും ഇതുപോലൊരു പെണ്ണിനെ കണ്ടിട്ടില്ല. സംസാരത്തിലും പെരുമാറ്റ ത്തിലും അവളുടെ വിലകെട്ട വ്യക്തിത്വമാണ് പ്രകടമാകുന്നത്. വാക്കുകൾ കൊണ്ട് വർണ്ണിക്കാതെതന്നെ വീട്ടിലുള്ളവരെല്ലാം എന്തോ ഒരു പന്തികേട് വായിച്ചെടുക്കുന്നുണ്ടായിരുന്നു. അവൾ തിരിച്ചു പോകാറായപ്പോൾ ധൈര്യം സംഭരിച്ച് സോജൻ അവളോട് തുറന്നടിച്ചു ചോദിച്ചു: നിനക്ക് എൻ്റെ കൂടെ ജീവിക്കാൻ താല്‌പര്യമില്ലേ? തൻറേടത്തോടെ അവൾ പറഞ്ഞു: ‘അത് നിങ്ങൾക്കല്ലാതെ കല്യാണം കൂടിയ മറ്റെല്ലാവർക്കും അറിയാമല്ലോ.’
എന്തു മറുപടി പറയണമെന്നറിയാതെ അയാൾ അല്പം പതറി. അടുത്ത നിമിഷം ഉറച്ച തീരുമാനത്തിലേക്കു നീങ്ങാൻ സ്വയം ഒരുങ്ങി. അവൾ തിരികെ വണ്ടി കയറി. കൂടുതലൊന്നും ചിന്തിക്കാൻ നിൽക്കാതെ താൻ ഈ ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് സോജൻ തന്റെയും അവളുടെയും മാതാപിതാക്കളെ അറിയിച്ചു. പിന്നീടുള്ള കാര്യങ്ങൾ കോടതിയിൽ മുറപോലെ നടന്നു.
ഒരു വ്യക്തിയെ സ്വന്തമായി മനസ്സിൽ വച്ചുകൊണ്ട് മറ്റൊരാളെ മനസ്സില്ലാതെ വിവാഹം ചെയ്താൽ അതിനാൽതന്നെ ആ വിവാഹം അസാധുവാണന്ന് സഭ പഠിപ്പിക്കുന്നുണ്ട്. പിന്നെ എന്തിനാണ് ഇത്തരം നാടകം നടത്തി അപരൻ്റെ ജീവിതത്തെയും മാനത്തെയും ഹനിക്കുന്നത് എന്നു ചോദിച്ചാൽ അതിന് ഉത്തരം പറയേണ്ടവർക്ക് ഉത്തരം മുട്ടും. ഇതു കളിയല്ല, തമാശയല്ല, പ്രഹസനമല്ല, മറിച്ച് ജീവനും ജീവിതവുമാണ്.
മറ്റേതൊരു ജോലിക്കും കുറഞ്ഞത് രണ്ടുമൂന്നു വർഷമെങ്കിലും പഠനം ആവശ്യമാണ്. എന്നാൽ, കുടുംബജീവിതം എന്ന പരമപ്രധാനമായ പ്രൊഫഷനിലേക്കു കടക്കാൻ ഒരു നാട്ടിലും ഒരു ഡിഗ്രിയും വേണ്ടാ. ഇതൊരു വിരോധാഭാസമല്ലേ. ഇപ്പോൾ സ്കൂളുകളിൽ Life skill ഒരു പാഠ്യവിഷയമാണ്. വാസ്തവത്തിൽ ജീവിതകല നന്നായി അഭ്യസിച്ച് പാസായവർ മാത്രമേ കുടുംബപന്ഥാവിലേക്ക് കാലെടുത്തു വയ്ക്കാൻ മുതിരാവൂ.