നിമിഷ റോസ്
തങ്ങൾ ആയിരിക്കുന്ന ഒരു ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ ഏറ്റുവാങ്ങി അവർക്കായി തങ്ങളുടെ ജീവിതവും സമയവും സമർപ്പിച്ച ഒരു ഡോക്ടറമ്മയുടെയും മകൻ്റെയും അവർക്കായി എല്ലാ പിന്തുണയോടും ഒപ്പം നിൽക്കുന്ന അപ്പൻ്റെയും കഥ.
ഈ ഭൂമിയിൽ ജനിച്ചു ജീവിച്ചു കടന്നുപോകുന്നവരിൽ തങ്ങളുടെ ജന്മനിയോഗം കണ്ടെത്തി ജീവിച്ചവരാണ് എന്നും മറ്റുള്ളവരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നത്. എന്റെ ജോലിയും കുടുംബവും വിശ്രമവും എന്ന സ്വാർഥതയുടെ തിരുത്തുകളെ ഭേദിച്ച് താൻ ആയിരിക്കുന്ന ഇടങ്ങളിൽ ദൈവത്തിൻ്റെ പകരക്കാരാകുക എന്നത് അത്ര നിസ്സാരകാര്യമല്ല. തങ്ങൾ ആയിരിക്കുന്ന ഒരു ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകൾ ഏറ്റുവാങ്ങി അവർക്കായി തങ്ങളുടെ ജീവിതവും സമയവും സമർപ്പിച്ച ഒരു ഡോക്ടറമ്മയുടെയും മകന്റെയും അവർക്കായി എല്ലാ പിന്തുണയോടും ഒപ്പം നിൽക്കുന്ന അപ്പന്റെയും കഥയാണിത്. ആലപ്പുഴയിലെ കുട്ടനാടിനടുത്തുള്ള പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തുന്ന എല്ലാ രോഗികൾക്കും പഞ്ചായത്തിലെ ഓരോ കുടുംബത്തിനും ഇവർ പ്രിയപ്പെട്ടവരാണ്. സൗജന്യ ശുശ്രൂഷയും മരുന്നുകൾക്കപ്പുറമുള്ള മനുഷ്യത്വമുള്ള സമീപനവും ഇവരെ വ്യത്യസ്‌തരാക്കുന്നു.
ഗ്രാമ ഡോക്ടർമാരോ?
കുടുംബ ഡോക്ടർമാരെ നമുക്ക് ഒരുപക്ഷേ, സുപരിചിതമായിരിക്കാം. എന്നാൽ, ഒരു ഗ്രാമത്തിലെ രോഗികളെ അടുത്തറിയുന്ന ഗ്രാമ ഡോക്ടർമാർ എന്ന ഗണത്തിലാണ് പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ സൗജന്യ സേവനം ചെയ്യുന്ന ഗ്രേസ് ജോർജ് എന്ന ഡോക്ടറമ്മയും ഡോ. മാത്യു ജോർജ് എന്ന മകനും ഉൾപ്പെടുന്നത്. കാർഷിക വൃത്തി കൊണ്ടുമാത്രം അപ്പത്തിനു വക തേടുന്നവരുടെ ദൈന്യതയും ഞെരുക്കങ്ങളും അടുത്തറിയാനും യാത്രാ സൗകര്യങ്ങളുടെ പരിമിതികളോടെ തുരുത്തുകളിൽ ജീവിക്കുന്ന കിടപ്പുരോഗികൾക്ക് അത്താണിയാകുവാനും ഇവർ ഏതു സമയത്തും തയ്യാറാണ്. കർഷകർ പ്രതിസന്ധിയിലൂടെ കടന്നുപോയ നാളുകളിൽ തങ്ങളെ സമീപിച്ചിരുന്ന രോഗികളുടെ അവസ്ഥയെ ഓർത്തെടുത്ത് അവർ പറഞ്ഞു- “താലൂക്ക് ആശുപത്രിയിലെ സാധ്യതകളും പരിമിതികളും അറിയാവുന്നതു കൊണ്ടുതന്നെ രോഗത്തിൻ്റെ ആവശ്യമനുസരിച്ച് മെഡിക്കൽ കോളേജുകളോ മറ്റ് ആശുപത്രികളോ ഞങ്ങൾ തന്നെ സജസ്റ്റ് ചെയ്യും. കാരണം. സാധാരണക്കാരായ ഈ കർഷകർ എത്രമാത്രം കഷ്ടപ്പെടുന്നു എന്ന് ഞങ്ങൾക്കറിയാം. ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള യാത്രാ ചെലവെങ്കിലും കുറയ്ക്കാൻ അതുകൊണ്ട് സാധിക്കുമല്ലോ? എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളവരുടെ വീടുകളിൽ ചെളിയിലൂടെയും വെള്ളത്തിലൂടെയും വള്ളിപ്പടർപ്പുകൾ വകഞ്ഞു മാറ്റിയും വഞ്ചി മാർഗവും രോഗികളെ കാണാൻ എത്തിയ അനുഭവങ്ങളും ഇവർക്ക് അന്യമല്ല. മരുന്നു കുറിക്കുന്നതോടൊപ്പം ഇവരുടെ സങ്കടങ്ങളും ചോദിച്ചറിയാൻ സമയം കണ്ടെത്തുന്ന ഡോക്ടറമ്മയെയും മകനെയും കാണാൻ വീട്ടിലെ ക്ലിനിക്കിലും രോഗികൾ എത്താറുണ്ട്. ഇവിടെയും ചികിത്സ സൗജന്യം തന്നെ. “പതിവ് മരുന്നുകളാണ് കുറച്ചുനൽകുന്നത് എങ്കിലും അവരുടെ സങ്കടം പറഞ്ഞ് കരയാനും പരിഭവങ്ങൾ പറഞ്ഞു കേൾക്കാനും അവസരമുള്ളതുകൊണ്ടാകാം അവർ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അസുഖത്തെ അതിജീവിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്’ ഡോ. മാത്യു ജോർജ് അനുസ്‌മരിച്ചു.
പരസ്യം തുറന്ന പുതുവഴികൾ
പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്‌ത പരസ്യമാണ് ഡോ. ഗ്രേസിനും മകനും പുതിയ വഴികൾ തുറന്നു കൊടുത്തത്. സാധാരണക്കാർക്കായി സൗജന്യ സേവനം ചെയ്യണമെന്ന വലിയ ആഗ്രഹത്തോടെയാണ് രണ്ടുവർഷം മുൻപ് വീട്ടിൽ സൗജന്യ ക്ലിനിക് ആരംഭിച്ചത്. എന്നാൽ, കൂടുതൽ ഉപകാരപ്രദമായ രീതിയിൽ രോഗികൾക്ക് ശുശ്രൂഷ ചെയ്യാനുള്ള ഉറച്ച തീരുമാനത്തോടെ താലൂക്ക് ആശുപത്രിയിൽ സൗജന്യ സേവനം ചെയ്യാമെന്ന് സൂപ്രണ്ടിനെ അറിയിച്ചു. വെറുമൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ സൗജന്യ സേവനത്തിനായി രണ്ടു ഡോക്ടർമാർ എത്തിയത് ആശുപത്രി അധികൃതർക്ക് അത്ഭുതമായിരുന്നു. പ്രതിഫലമില്ലാത്ത രോഗി ശുശ്രൂഷയിൽ ഒരു വർഷം പിന്നിടുമ്പോഴും അവർ അത്ഭുതത്തോടെ തന്നെയാണ് ഇവരുടെ സേവനങ്ങൾ നോക്കി കാണുന്നത്. കാരണം, ഗ്രേസ് ഡോക്ടറും മകനും രോഗികളുടെ ഹൃദയം കൂടി കാണാൻ അകക്കാഴ്ച്ചയുള്ളവരാണ്. ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും ക്ലേശങ്ങളിൽ ഞെരുങ്ങുന്നവരെ ആരുമറിയാതെ സഹായിക്കാനും ഇവർ സന്നദ്ധരാണ്.
രോഗികളുടെ ഡോക്ടറമ്മ
പുളിങ്കുന്ന് പഞ്ചായത്തിൽ മല്ലപ്പള്ളിൽ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ. ഗ്രേസ് ജോർജിന് പുളിങ്കുന്ന് പഞ്ചായത്തിലെ 16 വാർഡുകളിലെ എല്ലാ രോഗികളെയും അറിയാം. താലൂക്ക് ആശുപത്രിയിലെ സൗജന്യ സേവനത്തിനൊപ്പംതന്നെ പഞ്ചായത്തിൽ സാന്ത്വനപരിചരണം മാത്രം ആവശ്യമുള്ള 374 രോഗികളുടെയും വീടുകൾ കയറിയിറങ്ങി ഡോക്ടറമ്മ പരിചരിക്കും. ഓരോ വാർഡിലെയും ആശാ വർക്കറിനും നഴ്‌സിനുമൊപ്പം എട്ടു വീടുകൾ വീതം സന്ദർശിച്ചാണ് ഡോക്ടർ ഗ്രേസ് തൻ്റെ ശുശ്രൂഷ നിർവഹിക്കുന്നത്. സ്വന്തമായി ഒന്നും ചെയ്യാനാകാതെ തീർത്തും കിടപ്പിലായിരിക്കുന്നവരുടെ ഒറ്റപ്പെടൽ എത്ര വലുതാണ്! പ്രത്യേകിച്ച് മരുന്നുകളോ ചികിത്സകളോ ഇല്ലാത്ത അവരെ പരിശോധിക്കാനും അവരുടെ വിശേഷങ്ങൾ കേൾക്കാനും ഒരു ഡോക്ടർ എത്തുക എന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. ഈ ഭൂമിയിൽ തങ്ങൾ വേണ്ടപ്പെട്ടവരാണെന്ന് തോന്നലിൽ അവരുടെ ചുണ്ടിൽ വിരിയുന്ന ചിരിയും മനസ്സിൽ നിറയുന്ന നന്ദിയും മാത്രമാണ് ഡോക്ടർ ഗ്രേസിന് ലഭിക്കുന്ന ഈ ഭൂമിയിലെ ഏറ്റവും വലിയ പ്രതിഫലം.
മരണമുഖത്തെ മാലാഖമാർ
24 മണിക്കൂറും രോഗികളെ പരിചരിക്കാൻ സന്നദ്ധരായ ഡോക്ടറമ്മയ്ക്കും മകനും ഒരുപാട് രോഗികളുടെ മരണങ്ങൾക്കു സാക്ഷികളാകേണ്ടി വന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ ജീവനും മരണത്തിനും ഇടയിലുള്ള യുദ്ധത്തിൽ രക്ഷയ്ക്കായി എത്തുന്ന മാലാഖമാരായും ഇവർ മാറിയിട്ടുണ്ട്. കായലും കണ്ടങ്ങളും ചെറുതോടുകളും നിറഞ്ഞ പുളിങ്കുന്ന് ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ വെള്ളത്താൽ ചുറ്റപ്പെട്ട ചില വീടുകളിലേക്ക് എത്തിപ്പെടുക എന്നത് ശ്രമകരമായ കാര്യമാണ്. അവിടെയുള്ള കിടപ്പുരോഗികളെ ആശുപത്രിയിൽ എത്തിക്കുക എന്നത് അതിലേറെ ബുദ്ധിമുട്ടുള്ള കാര്യവും. ഇതിൻ്റെ ബുദ്ധിമുട്ടുകൾ അറിയാവുന്നതുകൊണ്ടു തന്നെയാണ് ഇരുവരും രോഗികളുടെ അരികിലെത്തുന്നത്.
‘രോഗം കൂടുതലാണ് ഡോക്ടറേ വേഗം വരണേ..’ എന്ന ഫോൺ കോളിൽ ഒരിക്കൽ ഒരു രോഗിയുടെ വീട്ടിലെത്തുമ്പോൾ രോഗി കോമയിലേക്ക് നീങ്ങുകയായിരുന്നു. ഉടനെതന്നെ ഷുഗർ ലെവൽ തീരെ കുറവാണെന്ന് തിരിച്ചറിഞ്ഞ് അതിനുവേണ്ട കാര്യങ്ങൾ ചെയ്‌തപ്പോൾ രോഗി മിനിറ്റുകൾക്കകം ബോധം വീണ്ടെടുക്കുകയും സംസാരിക്കുകയും എണീറ്റ് നടക്കുകയും ചെയ്ത സംഭവം ഓർത്തെടുത്തുകൊണ്ട് ദൈവം തങ്ങളിലൂടെ ചെയ്യുന്ന അത്ഭുതങ്ങളെ അവർ പങ്കുവച്ചു. ഇങ്ങനെ അനേകരെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ അനുഭവങ്ങളുമുണ്ട് അവർക്കു പറയാൻ. പെട്ടെന്ന് രോഗികളുടെ അടുത്ത് എത്തിപ്പെടാനാകാത്ത സാഹചര്യങ്ങളിൽ വാട്‌സ് ആപ്പിലൂടെ വീഡിയോ കോൾ വഴിയും അടിയന്തിര ചികിത്സകളും സഹായങ്ങളും നൽകുന്നതിനും ഇവർ സമയം കണ്ടത്തുന്നു ‘ഇങ്ങനെയൊക്കെ ചെയ്തിട്ട് എന്തു നേട്ടമാണ് നിങ്ങൾക്കുള്ളത്?’ എന്ന് പലപ്പോഴും പലരും ചോദിച്ചതായി ഡോ. ഗ്രേസ് പങ്കുവയ്ക്കുന്നു. ‘ജീവിതത്തിൽ മരണത്തിന്റെയും രോഗത്തിന്റെയും ഒറ്റപ്പെടലിൽ കഴിയുന്നവർക്ക് കൈത്താങ്ങാകുമ്പോൾ അവരുടെ മുഖത്തു വിടരുന്ന പുഞ്ചിരിയും കൂപ്പിയ കരങ്ങളോടെ കണ്ണുകളിൽ നിറയുന്ന നന്ദിയുമാണ് ഞങ്ങൾക്കുള്ള ഏക ഇന്ധനം’ എന്നാണ് ഇവരുടെ അനുഭവം.
മനുഷ്യത്വം നഷ്ടമാകാത്തവർ
പുളിങ്കുന്ന് പഞ്ചായത്തിൽ പൗരാണിക പ്രൗഢിയുടെ തലയെടുപ്പോടെ നിൽക്കുന്ന മല്ലപ്പള്ളിൽ (വാച്ചാപറമ്പിൽ) ജോർജ് മാത്യുവിന്റെ (വക്കച്ചൻ) ഭാര്യയും മൂത്ത മകനുമാണ് ഡോ. ഗ്രേസ് ജോർജും ഡോ. മാത്യു ജോർജും. ഡോ. മാത്യുവിനെ കൂടാതെ നാലു മക്കളാണ് ഈ കുടുംബത്തിലുള്ളത്. 4500 ഓളം തൊഴിലാളികളുള്ള എച്ച് എഫ് പി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന എൻജിനീയർ കൂടിയായ ജോർജ് മാത്യുവിനൊപ്പം മസ്‌കറ്റിൽ ആയിരുന്നു കുടുംബം മുഴുവനും. അവിടെ വിവിധ ആശുപത്രികളിൽ ജോലി ചെയ്‌തതിനുശേഷം കുടുംബം ഒന്നിച്ച് 2018 ലാണ് പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നത്. വലിയ സൗകര്യങ്ങളോടു കൂടിയ ഹോസ്‌പിറ്റലുകളിൽ ജോലി ചെയ്തും ജീവിച്ചു പരിചയമുണ്ടായിരുന്നിട്ടും സാധാരണക്കാരന്റെ ആവശ്യങ്ങളും വേദനകളും കണ്ടറിയാനുള്ള ഹൃദയം ഇവർക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നാട്ടുകാർക്കുവേണ്ടി സൗജന്യ സേവനം ചെയ്യണമെന്ന ആഗ്രഹം പങ്കുവച്ച ഡോ. ഗ്രേസിന് സമ്പൂർണ്ണ പിന്തുണയാണ് ഭർത്താവും മകനും നൽകിയത്. അങ്ങനെ എൻജിനീയറായ ജോർജ് മാത്യുവിൻ്റെ മേൽനോട്ടത്തിൽ തന്നെ ക്ലിനിക്കിന്റെ പണികൾ പൂർത്തിയായി. അവിടെയെത്തുന്ന രോഗികളെ പരിചരിക്കുന്ന ഗ്രേസ് ഡോക്ടറിനും മകനുമൊപ്പം സൗഹ്യദ സംഭാഷണങ്ങളും കുശലാന്വേഷണങ്ങളുമായി ജോർജ് മാത്യുവും അവരുടെ ഇടയിൽ ഉണ്ടാകും.
കുടിനീരിന്റെ സുവിശേഷം
ദാഹിക്കുന്നവന് ഒരു പാത്രം വെള്ളം കൊടുക്കുന്നവന് സ്വർഗം വാഗ്ദാനം ചെയ്യുന്ന ദൈവത്തിന്റെ മുമ്പിൽ നിൽക്കാൻ ഒരു പക്ഷേ, ഈ കുടുംബത്തിന് വലിയ ബുദ്ധിമുട്ടുണ്ടാവുകയില്ല. കാരണമെന്താണെന്നോ? കനത്ത ചൂടിൽ നിരവധി പേർക്ക് ദാഹം അകറ്റാൻ ശുദ്ധമായ തണുത്ത ജലം 24 മണിക്കൂറും ലഭ്യമാകുന്ന ഒരു ടാപ്പ് വീടിന്റെ ചുറ്റുമതിലിനോടു ചേർന്ന് ഇവർ സ്ഥാപിച്ചിട്ടുണ്ട്. കാൽനടയാത്രക്കാർക്കും ഓട്ടോ ഡ്രൈവർമാർക്കും പുളിങ്കുന്ന് പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്കും ബസ് ഡ്രൈവർമാർക്കും ഇത് വലിയൊരു ആശ്വാസമാണ്. മസ്‌കറ്റിൽ ആയിരുന്ന നാളുകളിൽ ചൂടിനെ പ്രതിരോധിക്കാൻ തൊഴിലാളികൾക്കുവേണ്ടി ചില വീടുകൾക്ക് പുറത്ത് വെള്ളം വയ്ക്കുന്ന പതിവുണ്ട്. ഇതു ശ്രദ്ധിച്ചിരുന്ന ജോർജ് മാത്യു നാട്ടിലെത്തിയപ്പോൾത്തന്നെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ശുദ്ധീകരിച്ച ജലം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഒരു എൻജിനീയർ ആയിരിക്കുമ്പോഴും നലംതികഞ്ഞ കർഷകൻ കൂടിയായ ജോർജിന് മണ്ണും മനുഷ്യനും ഒരുപോലെ പ്രിയപ്പെട്ടവരാണ്. സഹായത്തിനായി എത്തുന്നവരെ ആരെയും നിരസിക്കാത്ത ഇദ്ദേഹം സ്വന്തമായുള്ള 200 ഏക്കർ സ്ഥലത്തും മറ്റു നിലങ്ങൾ പാട്ടത്തിനെടുത്തും കൃഷി ചെയ്‌തു വരുന്നു. കുടിനീരിലൂടെ സ്നേഹത്തിന്റെയും കരുതലിന്റെയും സുവിശേഷം പകരുന്ന ജോർജിന് മികച്ച കൃഷിക്കാരനുള്ള നിരവധി പുരസ്ക്‌കാരങ്ങളും ഇതിനോടകം ലഭിച്ചിട്ടുണ്ട്.
ആരാണ് ഹീറോ
‘ജോർജിന് എല്ലാവരെയും സഹായിക്കാൻ നല്ല മനസ്സാണ്. സൗജന്യ ക്ലിനിക് എന്ന ആശയം പോലും മനോഹരമായി പൂർത്തിയാക്കിയത് അദ്ദേഹമാണ്. ജനങ്ങൾക്കുവേണ്ടി ഇറങ്ങി പ്രവർത്തിക്കാൻ എല്ലാ പിന്തുണയും ജോർജുതന്നെ’ എന്ന് ഡോ. ഗ്രേസ് പറയുമ്പോൾ തിരശ്ശീലക്കു പിന്നിലെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന കുടുംബനാഥനായ ജോർജ് മാത്യു ആര ണെന്നും മനസ്സിലാക്കാം. ‘വലിയ സമ്പന്നതയിൽ ജീവിച്ച നാളുകൾ ഞങ്ങളുടെ ജീവിതത്തിലുണ്ട്. കഷ്ടതയുടെ ദിനങ്ങളും ഞങ്ങൾക്ക് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും, സമ്പന്നതയിലും ദാരിദ്ര്യത്തിലും ഗ്രേസ് എന്നും ഒരുപോലെയായിരുന്നു. സമ്പത്തിലും സൗകര്യങ്ങളിലും മനസ്സുടക്കാത്ത ഒരു നല്ല ഹൃദയം അവൾക്കുണ്ട്’ എന്ന ജോർജിന്റെ വാക്കുകളിൽ തൻ്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള ഹൃദയം നിറഞ്ഞ അഭിമാനമാണ്. ‘ഞങ്ങൾ ഡോക്ടർമാരായതുകൊണ്ട് ഞങ്ങളുടെ സേവനത്തെക്കുറിച്ച് മാധ്യമങ്ങൾ അറിഞ്ഞുവെന്നു മാത്രം. താലൂക്ക് ആശുപത്രിയിൽ ഒരു വർഷത്തോളമായി സൗജന്യ സേവനം ചെയ്യുന്ന ഒരു കൂട്ടം യുവ നഴ്‌സുമാരും ഫാർമസിസ്റ്റുകളും മറ്റുസ്റ്റാഫ് അംഗങ്ങളും ഉണ്ട്.’ മറ്റുള്ളവരുടെ സേവനങ്ങളെ കൂടി വിലമതിക്കുന്ന മാത്യു ജോർജിന്റെ വാക്കുകളാണിവ.
നന്മ ചെയ്തതും പറഞ്ഞും മറ്റുള്ളവരെ ശ്രേഷ്ഠരായി കരുതുന്ന ഈ കുടുംബം ഈ കാലഘട്ടത്തിന് മാതൃകയും പ്രചോദനവുമാണ്.