Wednesday, January 22, 2025

യാത്ര അവസാനിപ്പിക്കുന്നവർ

‘പറുദീസായില്‍ എന്തൊക്കെ കാത്തിരിക്കുന്നുവെന്നുപറഞ്ഞാലുംമനുഷ്യന്‍ മരണത്തെ പേടിക്കുന്നു. ഈഭൂമിയിലെ ജീവിതത്തെ സ്‌നേഹിക്കുന്നു’ അന്തരിച്ച നടന്‍
ഇന്നസെന്റിന്റെ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ യെന്ന പുസ്തകത്തിലെ വരികള്‍ അത്രമേല്‍ ശരിയാണെന്ന് ജീവിതത്തില്‍ പലകുറി ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടുമെന്തിനാണ് മനുഷ്യര്‍ പാതിവഴിയില്‍ ജീവിതമവസാനിപ്പിക്കാന്‍ മുതിരുന്നതെന്ന് ആശ്ചര്യപ്പെട്ടിട്ടുമുണ്ട്. അത്രമേല്‍ മടുത്തുപോയിട്ടാവില്ലേ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് അവര്‍ എത്തിച്ചേരുന്നത്. ചുറ്റുമുളള ഒരാളിലും പ്രതീക്ഷ കണ്ടെത്താന്‍ കഴിയാഞ്ഞിട്ടാവില്ലേ ഒരാള്‍ പാതിവഴിയില്‍ യാത്രയവസാനിക്കാനൊരുങ്ങുന്നത്. ആത്മഹത്യ ചെയ്യുന്ന ഒരാള്‍ അതിനും എത്രയോ മുമ്പുതന്നെ ഉള്ളില്‍ മരിച്ചിരിക്കണം. മരിക്കാനായുള്ള ഒരായിരം കാരണങ്ങളെക്കാളുപരി ജീവിച്ചിരിക്കാനുള്ള ഒന്നും ഒരുപക്ഷേ, അയാള്‍ക്ക് ഈ
ഭൂമിയില്‍കണ്ടെത്താനായിട്ടുണ്ടാവില്ലഎന്ന വസ്തുതയോളം വേദനിപ്പിക്കുന്ന മറ്റെന്തുണ്ട്?

ജീവിച്ചിരിക്കുന്ന കാലത്താണ് ഒരു മനുഷ്യന് മറ്റുമനുഷ്യരെക്കൊണ്ടാവശ്യം. അവിടെ സ്‌നേഹം പ്രകടമായിത്തന്നെ കിട്ടേണ്ടിയിരിക്കുന്നു. എല്ലാമറിഞ്ഞിട്ടും സ്‌നേഹിക്കാനും കരുതാനും നമ്മള്‍ അവസാനനിമിഷംവരെ കാത്തിരിക്കുന്നു. നമ്മളെല്ലാം തെറ്റുപറ്റുന്ന നിസ്സഹായരായ മനുഷ്യരാണെന്നിരിക്കിലുംഇടയ്‌ക്കൊക്കെഒരു തിരഞ്ഞുനോട്ടം ആവശ്യമാണ്. നിങ്ങളുടെ ഒരു വാക്കിനോ നോക്കിനോ മറ്റൊരാള്‍ക്ക് ഒരല്‍പം ആശ്വാസം നല്‍കാനാവുമെങ്കില്‍ അത് അത്ര നിസ്സാരകാര്യമല്ല. ചുരുങ്ങിയ പക്ഷം പറഞ്ഞുപോയ ഒരു വാക്കിന്റെയോ തിരുത്താനാവാതെ പോയ ഒരു പ്രവൃത്തിയുടെയോ ഭാരമെങ്കിലും നിങ്ങള്‍ക്കുണ്ടാവില്ല. സ്വയം പ്രതീക്ഷ നഷ്ടപ്പെട്ട മനുഷ്യനെ അവനിലെ സാധ്യതകളെ തിരിച്ചറിഞ്ഞ് അവരില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ ചുറ്റുമുളളവര്‍ക്കുകഴിഞ്ഞാല്‍ഒരുപരിധിവരെനമുക്ക് അയാളെ നഷ്ടപ്പെടാതെ സംരക്ഷിക്കാനാവില്ലേ.? എല്ലായ്പ്പോഴുമല്ലെങ്കിലുംചിലപ്പോഴൊക്കെ ആവുമെന്ന്തോന്നുന്നു.

Related Articles