ഈ ഭൂമിയിലാരംഭിച്ച് ഇവിടെത്തന്നെ അവസാനിക്കാനുള്ളതാണ് ഈ ജീവിതമെന്നു കരുതുന്നവരാണ് ഏറ്റവും കരുണയര്‍ഹിക്കുന്ന മനുഷ്യരെന്നു തോന്നുന്നു. അങ്ങനെയുള്ളവരുടെ എണ്ണമാണ് ഇവിടെ കൂടുതല്‍ എന്നത് ഭൂമിയുടെ ദുരന്തവും. ഒരാളെ വിശേഷിപ്പിക്കാവുന്നതില്‍ ഏറ്റവും മോശപ്പെട്ട വാക്കുകൊണ്ടാണ് ക്രിസ്തു അവരെ വിശേഷിപ്പിക്കുന്നത്-ഭോഷന്മാര്‍. നിങ്ങള്‍ ആരെയെങ്കിലും അങ്ങനെ വിളിച്ചാല്‍ ന്യായവിധിക്ക് അര്‍ഹനാകുമെന്നു മുന്നറിയിപ്പു നല്കിയവന്‍ തന്നെ ചിലര്‍ക്കുവേണ്ടി ആ പദം കൃത്യമായി ഉപയോഗിക്കുന്നത് എന്തുകൊണ്ടാകാം? ഓര്‍ക്കണം, നമ്മുടെ ഈ ജീവിതം, അത് ഒരേ ഒരു അവസരമാണ്. എന്നേക്കുമായി കൈവിട്ടുപോകുന്ന അമൂല്യമായ അവസരം. നിലനില്ക്കാന്‍ പോകുന്നത് മറ്റൊരു ലോകത്തെ ജീവിതമാണ്. അങ്ങനെയൊരു ചിന്തയില്ലാതെ ജീവിക്കുന്ന ഒരാള്‍ പാഴാക്കുന്നത് ഭൂമിയിലെ ജീവിതം മാത്രമല്ല, ഇതിനപ്പുറത്തെ ജീവിതം കൂടിയാണ്. അതുകൊണ്ടാണ് വിവേകികളായി ജീവിക്കുവിന്‍ എന്ന് അവിടുന്ന് തന്റെ കേള്‍വിക്കാരെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നത്.
വിവേകത്തെ സാന്മാര്‍ഗിക സുകൃതങ്ങളുടെ ഗണത്തിലാണ് പൊതുവെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റെന്തു സുകൃതങ്ങളുണ്ടെങ്കിലും വിവേകമില്ലെങ്കില്‍ അതെല്ലാ നന്മകളെയും നശിപ്പിക്കും. മനുഷ്യനടുത്ത മഹത്വത്തോടെ ജീവിക്കാന്‍ ഒരാളെ സഹായിക്കുന്നതും വിവേകമാണ്. അതുകൊണ്ടാണ് നിങ്ങള്‍ പ്രാവിനെപ്പോലെ നിഷ്‌കളങ്കരും സര്‍പ്പത്തെപ്പോലെ വിവേകികളുമായിരിക്കാന്‍ അവിടുന്ന് ആവശ്യപ്പെടുന്നത്. കാരണം നന്മയ്ക്കും തിന്മയ്ക്കുമിടയിലെ അതിര്‍വരമ്പ് തീരെ നേര്‍ത്തതാണ്. സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങളുടെ നിഷ്‌കളങ്കതതന്നെ തിന്മയിലേക്കുള്ള കിളിവാതിലായേക്കും.
എവിടെയാണ് ഈ ഉപദേശത്തിനു പ്രസക്തിയില്ലാത്തത്? നമ്മുടെ ഭൗതിക സാഹചര്യത്തില്‍ത്തന്നെ അതെത്ര ശരിയാണ്. ഈ ലോകം അത്ര ഭേദപ്പെട്ട ഇടമൊന്നുമല്ലല്ലോ. നിരപ്പായ വഴിയിലും അമിതമായ ആത്മവിശ്വാസം അരുതെന്നു ബൈബിള്‍. എന്തൊക്കെ വാരിക്കുഴികളുടെ മീതെക്കൂടിയാണ് നമ്മുടെ സഞ്ചാരം. ഒരശ്രദ്ധ, വിവേകമില്ലാത്ത ഒരു തീരുമാനം, അതുമതി ഏതെങ്കിലുമൊരു ഗര്‍ത്തത്തില്‍ നിപതിക്കാന്‍. അതിനെത്ര ഉദാഹരണങ്ങള്‍ വേണം. ഒരു തിയേറ്ററിലോ ബസിലോ ഒക്കെ വച്ചുള്ള ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തെ പരിചയം വച്ചുമാത്രം ഒരാളെ പൂര്‍ണമായും വിശ്വസിക്കുകയും ഒടുവില്‍ സര്‍വവും നഷ്ടപ്പെടുത്തേണ്ടിവരികയും ചെയ്യുന്ന പെണ്‍കുട്ടികള്‍, എളുപ്പത്തില്‍ പണമുണ്ടാക്കാമെന്ന മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങി, ഉള്ളതുപോലും നഷ്ടപ്പെടുത്തേണ്ടി വന്നവര്‍, അങ്ങനെയങ്ങനെ…
അല്ലെങ്കില്‍ ഒരു കുടുംബത്തിന്റെ കാര്യം തന്നെയെടുക്കുക. ഒരു കുടുംബം നിലനില്ക്കണമെങ്കില്‍പ്പോലും അവിടെ വിവേകമതികളായ മാതാപിതാക്കള്‍ വേണം, പ്രത്യേകിച്ച്, ജ്ഞാനിയായ അമ്മ. ഉചിതമായ സമയത്ത് സംസാരിക്കാനും നിശ്ശബ്ദരായിരിക്കാനും അവര്‍ക്കുമാത്രമേ കഴിയൂ. അവരുടെ വിവേകം നിറഞ്ഞ ഇടപെടലുകളാണ് പല കുടുംബങ്ങളെയും തകരാതെ നിലനിര്‍ത്തുന്നത്.
സത്യം, ഞാനെന്റെ അമ്മയെ ഓര്‍ക്കുമ്പോള്‍ ഹൃദയം കൃതജ്ഞതാ നിര്‍ഭരമാകുന്നു. ഞങ്ങള്‍ മക്കള്‍ക്കിടയിലും ബന്ധുക്കള്‍ക്കുമിടയിലുള്ള ശക്തമായ ഇഴയടുപ്പങ്ങള്‍ക്കു പിന്നില്‍ ജ്ഞാനിയായ ഈ അമ്മയുടെ നിശ്ശബ്ദവും ഗാഢവുമായ ഇടപെടലുകള്‍ ഉണ്ട്. അത് ഈയൊരമ്മയുടെമാത്രം കാര്യമൊന്നുമല്ല, ഈ കുറിപ്പു വായിക്കുന്ന നിങ്ങള്‍ ഓരോരുത്തരുടെയും അമ്മമാരെ ഓര്‍ത്തെടുത്താല്‍ ശരിയാണെന്നു കാണാം. അങ്ങനെയുള്ള അമ്മമാരില്ലാത്ത വീട് എന്തൊരു ഭാഗ്യം കെട്ടതാണ്. അവരുടെ വിവേകമില്ലാത്ത സംസാരവും പെരുമാറ്റവും മൂലം കുടുംബത്തിലുണ്ടാകുന്ന എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങള്‍… ഇതൊരു കുടുംബത്തിന്റെ മാത്രം കാര്യമല്ല, സ്ത്രീകളുടെ വിവേകം ഒരു ജനതയുടെതന്നെ മോചനത്തിന് ഇടയാക്കിയ സംഭവങ്ങളൊക്കെയുണ്ട് ചരിത്രത്തില്‍. ബൈബിളിലെതന്നെ യൂദിത്തിന്റെയും എസ്‌തേറിന്റെയുമൊക്കെ ജീവിതമതിനുദാഹരണമാണ്.
ദൈവത്തിന്റ പാദപീഠമെന്നു ബൈബിള്‍തന്നെ വിശേഷിപ്പിക്കുന്ന ഈ ഭൂമിയോടുള്ള സമീപനത്തിലും വിവേകം പുലര്‍ത്തുവാനുള്ള ബാദ്ധ്യത നമുക്കുണ്ട്. നമുക്കു മുമ്പുള്ള തലമുറവരെ അങ്ങനെതെന്നയായിരുന്നു കാര്യങ്ങള്‍. പക്ഷേ, നമ്മളങ്ങനെയൊരു കാര്യം ഓര്‍ക്കുന്നുപോലുമില്ല. ഓര്‍ക്കണം, കോടിക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ഭൂമി ഈയടുത്തകാലത്താണ് മനുഷ്യനു ജീവിക്കാനാവാത്ത ഒരു ഇടമായി മാറിക്കൊണ്ടിരിക്കുന്നത്. അതു നമ്മുടെ വിവേകമില്ലാത്ത ജീവിതശൈലികൊണ്ടാണ്, നമ്മുടെ മാത്രം. ഇങ്ങനെയൊരു ഭൂമി നമ്മുടെ മക്കള്‍ക്കു കൈമാറുമ്പോള്‍ അവരെങ്ങനെ ഇവിടെ ജീവിക്കുമെന്ന കാര്യം നമ്മള്‍ ഗൗനിച്ചതേയില്ല. ഇന്ന് ലോകത്തിലെതന്നെ ഏറ്റവും ദരിദ്രരാജ്യമായ സൊമാലിയ ഒരുകാലത്ത് കേരളം പോലെ ഹരിതസമൃദ്ധമായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ ഒരു നടുക്കം ഉള്ളിലുണരുന്നില്ലേ. കൃഷിയുപേക്ഷിച്ചും വനത്തിലെ മരങ്ങളൊക്കെ വെട്ടി കരിയാക്കി വിറ്റും, മണ്ണു വിറ്റും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിതും പ്രകൃതിയുടെ മുഴുവന്‍ താളവും അവര്‍ തെറ്റിച്ചു. അങ്ങനെ ഇരുപത്തഞ്ചുകൊല്ലംകൊണ്ട് ഇന്നത്തെ ദുരന്തം അവര്‍ ഏറ്റുവാങ്ങുകയായിരുന്നു. കാടുവെട്ടിയതോടെ മഴയില്ലാതായി. മഴകിട്ടാതെ പുഴകളും നദികളും വരണ്ടു, മത്സ്യങ്ങള്‍ ഇല്ലാതായി. പുല്ലുപോലും മുളയ്ക്കാതെ മണ്ണ് ഊഷരമായതോടെ കന്നുകാലികള്‍ക്കും ജീവിക്കാനായില്ല. കൃഷിയില്ലാതായതോടെ പട്ടിണിയും അവരെ കീഴടക്കി. ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമെന്നമട്ടിലാണിപ്പോള്‍ കാര്യങ്ങള്‍… ദൈവമേ, കേരളത്തിന്റെ പോക്കും അങ്ങോട്ടാണല്ലോ..സൊമാലിയ നമുക്കൊരു പാഠമാകുമോ…?~ഒറ്റപ്പെട്ടതാണെങ്കിലും ഭൂമിക്കുവേണ്ടിയുള്ള ചില നിലവിളികളെ ആരൊക്കെയോ പതുക്കപ്പതുക്കെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.. അത്രയും ഭാഗ്യം!
ആത്മീയതയില്‍പ്പോലും ആവശ്യമുണ്ട് കുറച്ചു വിവേകം. ഏതു കള്ളനാണയവും എളുപ്പം വിനിമയം ചെയ്യപ്പെടാവുന്ന ഒരിടമായി അതു മാറാനു ള്ള സാദ്ധ്യത വളരെയാണ്. എല്ലാമങ്ങ നെ കണ്ണടച്ചു വിശ്വസിച്ചുകൂടാ. കാണാ തെ വിശ്വസിക്കില്ല എന്ന തോമാശ്ലീഹായുടെ ശാഠ്യത്തിനുപിന്നില്‍ അങ്ങനെയൊരു വിവേകവുമുണ്ട്. എന്തിനെയും കണ്ണടച്ചു സ്വീകരിക്കുന്നതിനുമുമ്പേ സ്വന്തം യുക്തിയുടെ ഉരകല്ലില്‍ ഒന്നുരച്ചുനോക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്.
എങ്കിലും ക്രിസ്തു അര്‍ത്ഥമാക്കുന്ന വിവേകത്തിന് കുറെക്കൂടി ആഴമേറിയ അര്‍ത്ഥതലങ്ങളുണ്ട്. പ്രത്യേകിച്ച് ഒരു മൂന്നു കാര്യങ്ങളില്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ചാണ് അവിടുന്നോര്‍മിപ്പിക്കുന്നത്. അപ്പോള്‍ മാത്രമേ ഒരാളുടെ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നുള്ളൂ.
ഈ ജീവിതത്തിനപ്പുറത്തേക്കു നീളുന്ന ഒരു ജീവിതമുണ്ടെന്ന മട്ടില്‍ ജീവിക്കുക. ഒരു സ്വത്തുതര്‍ക്കത്തില്‍ അവിടുത്തോട് ഇടപെടാന്‍ ഒരാള്‍ ആവശ്യപ്പെട്ടപ്പോഴാണതു പറഞ്ഞത്. ഈ ഭൂമിയിലെ കാര്യങ്ങളല്ല നമ്മുടെ ഓഹരിയും അവകാശവുമെന്ന് അവിടുന്ന് നിരന്തരം തന്റെ കേള്‍വിക്കാരെ ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അങ്ങനെയൊരു സന്ദര്‍ഭത്തില്‍ത്തന്നെയാണ് അയാള്‍ ഈ ആവശ്യം ഉന്നയിച്ചതെന്നൊരു കൗതുകവും അതിലുണ്ട്. വാസ്തവത്തില്‍ ക്രിസ്തുവിന് സങ്കടം വന്നിരിക്കണം. തന്റെ വാക്കുകള്‍ പാഴായിപ്പോകുന്നതോര്‍ത്ത്. എങ്കിലും മനുഷ്യരുടെ അജ്ഞതയെ അനുഭാവത്തോടെ കാണാന്‍ അവിടുത്തോളം മറ്റാര്‍ക്കാണു കഴിയുക. അവിടുന്നപ്പോള്‍ ഒരുപമ പറഞ്ഞു. എല്ലാവര്‍ക്കുമതറിയാം. ഒരു ധനികന് ഭൂമി ആവശ്യത്തിലേറെ വിളവു നല്കി. പിന്നെ അയാള്‍ക്ക് ഒറ്റ ചിന്തയേയുള്ളൂ- ഏത് ധനികനും ചെയ്യുന്ന ആ ഒറ്റക്കാര്യം – അറപ്പുര പൊളിച്ചു വലുതാക്കുക. അല്ലാതെ പങ്കുവയ്ക്കരുത്! ആ സമ്പത്ത് തന്റെ ആത്മാവിന് ആനന്ദം നല്കുമെന്നാണയാളുടെ വിചാരം.’ആത്മാവേ, അനേകവര്‍ഷത്തേക്കുവേണ്ട വിഭവങ്ങള്‍ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്നു കുടിച്ച് ആനന്ദിക്കുക’ എന്നാണയാള്‍ തന്നോടുതന്നെ ആശംസിക്കുന്നത്. എന്നാല്‍, ആ രാത്രി ദൈവം അയാളെ നേരിടുന്നു. ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ നിന്നില്‍ നിന്ന് ഞാനാവശ്യപ്പെടും. അപ്പോള്‍ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും?’ (ലൂക്ക 13-21). തീര്‍ച്ചയായും ആ ചോദ്യം അവന്റെ കേള്‍വിക്കാരില്‍ കുറേപ്പേരുടെയെങ്കിലും ജീവിതത്തെ കീഴ്‌മേല്‍ മറിച്ചുകാണും.
ആരുടെയുള്ളിലാണ് ഈ ഭോഷനായ ധനികന്റെ സാന്നിദ്ധ്യമില്ലാത്തത്. ഹാ, നാളേക്കുവേണ്ടി നേടാനുള്ള നമ്മുടെ പോരാട്ടങ്ങള്‍! ഭാവിയെക്കുറിച്ചുള്ള നമ്മുടെ ഉത്കണ്ഠകളും സ്വപ്നങ്ങളും…! ഒന്നും വേണ്ടെന്നല്ല, കടന്നുപോകുന്ന കാര്യങ്ങള്‍ക്കുവേണ്ടിയുള്ള ഈ വ്യഗ്രതകള്‍ക്കിടയില്‍, നിലനില്ക്കുന്ന ആത്മാവിന്റെ കാര്യം മറന്നുപോയാലെന്തു ചെയ്യും. അതെ, ക്രിസ്തു ചോദിക്കുന്നതുപോലെ ആത്മാവിനു പകരമായി നമുെക്കന്തു നല്കാനാകും?
നിലനില്ക്കുന്ന മൂല്യബോധങ്ങളില്‍ ജീവിതം പടുത്തുയര്‍ത്തുവാനുള്ള വിവേകമുണ്ടാകണമെന്നാണ് മറ്റൊരു ഓര്‍മപ്പെടുത്തല്‍. ആകാശവും ഭൂമിയും കടന്നുപോയാലും നിലനില്ക്കുന്ന വചനമല്ലാതെ മറ്റെന്താണത്. സുവിശേഷത്തിനിണങ്ങിയമട്ടിലുള്ള ഒരു ജീവിതമുണ്ടായിരിക്കണമെന്നര്‍ത്ഥം. ശിലമേല്‍ പണുത വീടെന്നാണ് ആ ജീവിതങ്ങളെ അവിടുന്ന് വിശേഷിപ്പിക്കുന്നത്. ഒരു ദുരന്തത്തിനും തകര്‍ക്കാനാവാത്ത ജീവിതങ്ങള്‍. അങ്ങനെ ചില മനോഹര ജീവിതങ്ങളുണ്ട് നമുക്കു ചുറ്റിനും. പ്രത്യേകിച്ച്, ചില സ്ത്രീകളുടെ ജീവിതങ്ങള്‍. ഓര്‍ത്ത് സന്തോഷിക്കാന്‍ ഒരു കാരണങ്ങളുമില്ലാത്ത, നാട്ടിന്‍പുറങ്ങളിലെ ചില പാവപ്പെട്ട അമ്മമാരെ ഓര്‍മ്മവരുന്നില്ലേ. തമ്പുരാനറിയാതെ ഒന്നും തനിക്കു സംഭവിക്കുന്നില്ലെന്ന ഏറ്റവും ലളിതമായ ആ സമവാക്യത്തില്‍ എത്ര എളുപ്പത്തിലാണവര്‍ സ്വസ്ഥരാകുന്നത്. എണ്ണിയാല്‍ തീരാത്ത സഹനങ്ങളിലൂടെ കടന്നുപോകുന്ന മറ്റൊരമ്മ. എന്നിട്ടും ദൈവത്തോടോ മനുഷ്യരോടോ ഒരു പരിഭവവുമില്ലാതെ ആ അമ്മ, എല്ലാം കുരിശിന്‍ ചുവട്ടില്‍ സമര്‍പ്പിച്ച് സ്വസ്ഥമാകാന്‍ എന്നെയും ക്ഷണിക്കുന്നു.
സുവിശേഷമുല്യങ്ങളോട് ബന്ധമില്ലാത്ത ജീവിതങ്ങളൊക്ക എവിടെയെങ്കിലുമൊക്കെ വച്ച് തകര്‍ന്നേ തീരൂ. കാണുന്നില്ലേ, നമുക്കുചുറ്റും അത്തരം ചില ജീവിതങ്ങളെയും. പണത്തിനുവേണ്ടി, അധികാരത്തിനുവേണ്ടി, പേരിനുവേണ്ടിയൊക്കെ ജീവിതം തീറെഴുതിക്കൊടുത്തിട്ട് ഒടുവില്‍ ഒന്നും നേടാനാവാതെ ആത്മനിന്ദയില്‍ ജീവിക്കുന്ന മനുഷ്യരെ. ഒരാള്‍ തന്റെ മേലധികാരിയെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു, ‘സമര്‍ത്ഥനാണയാള്‍. പക്ഷേ, സുവിശേഷം വായിച്ചിട്ടില്ലെന്നു തോന്നുന്നു.’ ചങ്കിലൊരു കൊളുത്തു വീണു അന്നേരം. സുവിശേഷം ജീവിക്കാന്‍ ബാദ്ധ്യതയുള്ള ഒരാളെക്കുറിച്ചായിരുന്നു ആ പരാമര്‍ശം എന്നത് എന്തൊരു ദാരുണമാണ്. ദൈവമേ, എന്റെ ജീവിതത്തെ എങ്ങനെയായിരിക്കും മറ്റുള്ളവര്‍ വിലയിരുത്തുക. ഓരോരോ കാര്യങ്ങള്‍ക്കു പരിഹാരം തേടുമ്പോള്‍ അക്കാര്യത്തില്‍ സുവിശേഷം എന്തുപറയുന്നു എന്നുകൂടി ചിന്തിക്കേണ്ടേ.
വേദപുസ്തകത്തിലെഴുതിയിരിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കാത്തവരെയും അവിടുന്ന് ഭോഷന്മാര്‍ എന്നു വിളിക്കുന്നുണ്ട്. എമ്മാവൂസിലേക്കുപോയ ശിഷ്യന്മാരെയായിരുന്നുവത്. അതിലെഴുതിയിരിക്കുന്നവയെല്ലാം വള്ളിയോ പു ള്ളിയോ മാറാതെ നിറവേറുമെന്ന് അവിടുന്ന് ഉറപ്പിച്ചുപറയുന്നുണ്ട്. വെളിപാടു ഗ്രന്ഥത്തിലൊക്കെ നിറയെ അതിന്റെ സൂചനകളുണ്ട്.
സദാ ജാഗരൂകനായ ഭൃത്യനെപ്പോലെ ജീവിക്കാനുള്ള വിവേകമാണ് മൂന്നാമത്തേത് (മത്തായി 24: 37-51). നിത്യനായ ആ യജമാനന്റെ ദാസര്‍തന്നെ നമ്മളും. ഓരേരോ നിയോഗങ്ങളുമായി ഈ ഭൂമിയില്‍ വന്ന ദാസന്മാര്‍. ആ ചുമതല എന്തുമാകട്ടെ, അതിനോട് നൂറ്റൊന്നു ശതമാനവും വിശ്വസ്ഥത പുലര്‍ത്തുക എന്നതു മാത്രമാണു നമ്മുടെ ഉത്തരവാദിത്വം. ഒരു മരണചിന്തയില്‍ ജീവിക്കാനായാല്‍ നമുക്കതിന് എളുപ്പം കഴിഞ്ഞേക്കും. കാരണം പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലുമായിരിക്കും യജമാനന്റെ വരവ്. അതങ്ങനെതെന്നയാണെന്ന് എത്രയോ വേര്‍പാടുകള്‍ നമ്മളെ ഓര്‍മിപ്പിച്ചു. എന്നാലും അതൊന്നും നമ്മെ ബാധിക്കുന്ന പ്രശ്‌നങ്ങളല്ലെന്നു നമുക്ക് ഉറപ്പാണ്! അതുകൊണ്ട് ക്രിസ്തു കളിയാക്കുന്നതുപോലെ, നമ്മളിങ്ങനെ തിന്നും കൂടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞുപോകുന്നു (മത്തായി 24:28). ആ ദിവസം ഒരു കെണിപോലെ വ ന്നു വീഴുമെന്ന അവിടുത്തെ ഓര്‍മപ്പെടുത്തല്‍ എന്നാണ് നമ്മള്‍ ഗൗരവമായിട്ടെടുക്കുക. നമ്മുടെ ഫ്രാന്‍സീസ് പാപ്പയും അതുകൂടെക്കൂടെ ഓര്‍മിപ്പിക്കുന്നുണ്ട്. ക്രിസ്തുവുമായുള്ള മനോഹരമായ ഒരു നേര്‍ക്കാഴ്ചയ്ക്ക് ഒരുങ്ങിയിരിക്കുക എന്നാണദ്ദേഹം നമ്മളോട് ആവശ്യപ്പെടുന്നത്. വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ദീപങ്ങള്‍ തെളിച്ചുവേണം ആ കാത്തിരിപ്പ്.
ഈ ജീവിതത്തിനപ്പുറം മറ്റൊന്നുമില്ലെന്ന മട്ടില്‍ ജീവിക്കുന്ന മനുഷ്യരെ നോക്കി സ്വര്‍ഗത്തിലിരിക്കുന്നവന്‍ ചിരിക്കുന്നുവെന്നാണ് ബൈബിള്‍ പറയുന്നത് (സങ്കീ. 2:4). ദൈവം മാത്രമല്ല ജ്ഞാനികളായ മനുഷ്യരും ചിരിക്കുന്നുണ്ട്.
രാവിലെ പൊട്ടിച്ചിരിച്ചുകൊണ്ടുണരുകയും പൊട്ടിച്ചിരിച്ചുകൊണ്ട് രാത്രി ഉറങ്ങാന്‍പോവുകയും ചെയ്തിരുന്ന ഒരു ഗുരുവിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ഒരു ശിഷ്യന്‍ അതിന്റെ കാരണമാരാഞ്ഞു. ഗുരു പറഞ്ഞു: പ്രഭാതത്തില്‍ ഉണരുമ്പോള്‍ പുതിയൊരു ദിവസംകൂടി ജീവിക്കാന്‍ അനുവദിച്ചു കിട്ടിയല്ലോ എന്ന ചിന്തയില്‍ ആനന്ദവും ആശ്ചര്യവും എന്നെ കീഴടക്കുന്നു. അപ്പോള്‍ ഞാനെങ്ങനെ ചിരിക്കാതിരിക്കും? ഇത്രയും മനോഹരമായ ഒരു ജീവിതം ഏറ്റവും അര്‍ത്ഥപൂര്‍ണമായി ജീവിക്കേണ്ടതിനു പകരം മത്സരിച്ചും പോരടിച്ചും സ്‌നേഹശൂന്യരായി ജീവിക്കുന്ന മനുഷ്യരെയാണ് പകല്‍ ഞാന്‍ നേരിടുന്നത്. എത്ര വിഡ്ഢിത്തം നിറഞ്ഞതാണ് എന്റെ മുമ്പില്‍ അരങ്ങേറുന്ന ജീവിതങ്ങള്‍ എന്നോര്‍ക്കുമ്പോള്‍ രാത്രിയും എനിക്കു ചിരിയടക്കാനാവുന്നില്ല.
ജ്ഞാനത്തില്‍നിന്നാണ് വിവേകത്തിന്റെ ഉത്ഭവം. ജ്ഞാനമാകട്ടെ പരിശുദ്ധാത്മാവിന്റെ ദാനവും. ‘ജ്ഞാനികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ലോകത്തിന്റെ രക്ഷയാണ്. വിവേകിയായ രാജാവാണ് ജനതയുടെ ഭദ്രത’ (ജ്ഞാനം 6:24). അതെ, ജ്ഞാനികളുടെ എണ്ണം ഇവിടെ പെരുകട്ടെ. അവരുടെ വാക്കുകളാണ് ഭൂമിയെ അഴുകാതെ സൂക്ഷിക്കുന്ന ഉപ്പ്. ഓര്‍ക്കുന്നില്ലേ, ആദിമസഭയെ സംബന്ധിച്ച് ചില സംശയങ്ങളും തര്‍ക്കങ്ങളും ഉടലെടുത്തപ്പോള്‍ ഗമാലിയേല്‍ എന്ന ഗുരു പറഞ്ഞ വാക്കുകള്‍ എങ്ങനെയാണ് ഒരു പ്രശ്‌നം പരിഹരിച്ചതെന്ന്. ഇത് മനുഷ്യനില്‍ നിന്നാണെങ്കില്‍ പരാജയപ്പെടും. മറിച്ച് ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല. മാത്രമല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയും ചെയ്യും (അപ്പ. 5 : 38 – 39). നോക്കൂ എത്ര പെട്ടെന്നാണ് ആളിക്കത്തിയ ഒരു തീ അണഞ്ഞുപോയത്. ഇത് പറയാന്നാണ് നമുക്കിവിടെ ആളില്ലാതെ പോകുന്നത്.
ഒരു വീടിന്റെ കാര്യത്തിലും അതങ്ങനെതന്നെ. അതുകൊണ്ട്, ഭൂമി കണ്ടതില്‍ വച്ച് ഏറ്റവും വിവേകിയായ ആ രാജാവിന്റെ പ്രാര്‍ത്ഥനയാണ് നമ്മളും ഏറ്റു ചൊല്ലേണ്ടത് – നന്മയും തിന്മയും തിരിച്ചറിയാനുള്ള വിവേകം എനിക്കു നല്കണമേ. നമ്മുടെ കുഞ്ഞുമക്കളെയും ഈ പ്രാര്‍ത്ഥന പഠിപ്പിക്കുന്നതു നല്ലതാണ്.
കര്‍ത്താവേ, വിശുദ്ധ സ്വര്‍ഗത്തില്‍ നിന്ന്, അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തില്‍ നിന്ന് ജ്ഞാനത്തെ അയച്ചു തരണമേ. അവള്‍ എന്നോടൊത്ത് വസിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യട്ടെ. (ജ്ഞാനം. 9 :10).
സി. ശോഭ സിഎസ്എന്‍