Wednesday, January 22, 2025

വാൾ മുന

കൊച്ചു വഞ്ചിയിൽ പുഴയ്ക്ക് കുറുകെ കടക്കുകയായിരുന്ന ആ സമുറായിയും ഭാര്യയും. ഒരു കൊടുങ്കാറ്റിൽ വഞ്ചി മുങ്ങുമെന്ന മട്ടിലായി. അവൾ അലറിവിളിക്കുമ്പോൾ അയാൾ സമചിത്തതയോടെ പുഞ്ചിരിച്ചുകൊണ്ട് അവളെ ഉറ്റു നോക്കിയിരുന്നു. അയാളുടെ നിസംഗത അവളുടെ കരച്ചിലെ കഠിനമാക്കി.

പെട്ടെന്ന് തീരെ അപ്രതീക്ഷിതമായ ഒരു കാര്യം സംഭവിച്ചു. അയാൾ തൻ്റെ വാൾ വലിച്ചൂരി അവളുടെ തൊണ്ടക്കുഴിയോട് ചേർത്തു വച്ചു. അവളപ്പോൾ ഉറക്കെ ഉറക്കെ ചിരിച്ചു തുടങ്ങി. നീയെന്തിനാണിങ്ങനെ ചിരിക്കുന്നത്, തെല്ലൊന്നനങ്ങിയാൽ നീയുണ്ടാവില്ല.

അവൾ പറഞ്ഞു: എനിക്ക് ഭയമില്ല. കാരണം ആ വാൾ നിങ്ങളുടെ കൈയിലാണല്ലോ ഉള്ളത്. അഹിതമായൊന്നും നിങ്ങളിൽ നിന്ന് സംഭവിക്കില്ല.

വാൾ ഉറയിലിട്ടുകൊണ്ട് അയാൾ പറഞ്ഞു: അത്രേയുള്ളു, ഈ കാറ്റ് ഈശ്വരൻ്റെ കൈയിലാണ് ഞാൻ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന അവന്റെ കരങ്ങളിൽ, അതുകൊണ്ട് എനിക്കും ഭയമില്ല…

Related Articles