സി. ആനി ജോസ് CSN
വളരെ വൈകിയാണ് താൻ കയറി വന്ന കുടുംബത്തെയും സ്വന്തം ഭർത്താവിനെപ്പോലും സിജി മനസ്സിലാക്കിയത്. ഒന്നര മാസം മുമ്പ് വിദേശത്തെ ജോലിപോലും ഉപേക്ഷിച്ച്, പതിനൊന്നു വയസ്സുള്ള മകൻ്റെ സ്കൂൾ പഠനം നിർത്തി. അവനെയും കൂട്ടി എറണാകുളത്ത് ഒരു ഫ്ളാറ്റിൽ വന്നു താമസമാക്കുമ്പോൾ വിവാഹ മോചനത്തെക്കുറിച്ച് ഉറച്ച ഒരു തീരുമാനം അവൾ എടുത്തിരുന്നില്ല. ധാരാളം ധ്യാനകേന്ദ്രങ്ങളുള്ള കേരളത്തിൽ എവിടെയെങ്കിലും സ്വസ്ഥതയോടെ ഏതാനും ദിനങ്ങൾ ചെലവഴിച്ച് സാധിക്കുമെങ്കിൽ ഒരു ധ്യനകേന്ദ്രത്തിൽ ശിഷ്ടകാലം ജീവിച്ചു തീർക്കാം. മകനെ പഠനത്തിനായി ഏതെങ്കിലും സ്ഥാപനത്തിലാക്കാം. പ്രാർഥിച്ചും പരിത്യാഗം ചെയ്തും ബെന്നിയുടെ ജീവിതത്തിൽ ദൈവം ഇടപെടുന്നതുവരെ കാത്തിരിക്കാം… സാധിക്കുമോ എന്നുറപ്പില്ലെങ്കിലും ഇതൊക്കെയായിരുന്നു അവളുടെ മനസ്സിലെ വിചാരങ്ങൾ.
രണ്ടുവർഷം മുമ്പുവരെ ബെന്നിയും മകൻ ആശിഷും നാട്ടിലായിരുന്നു. സമ്പാദിക്കുന്ന പണം മുഴുവൻ, തനിക്കുവേണ്ടി ഒന്നും ചെലവാക്കാതെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് പതിവായി അയച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് നാട്ടിൽ വരുമ്പോൾപോലും ഒരുതരത്തിലും അനാവശ്യ ചെലവുകൾ വരുത്താതെ പരമാവധി സൂക്ഷിക്കുമായിരുന്നു. അങ്ങനെ ഒരുപാട് കഷ്ടപ്പാടും ത്യാഗവും സഹിച്ചാണ് ഒരു തരക്കേടില്ലാത്ത വീടു പണിതതും ബെന്നിക്ക് വിവാഹത്തിനു മുമ്പുണ്ടായിരുന്ന കുറേ കടങ്ങൾ വീട്ടിയതും. പണത്തിന്റെ ഒഴുക്കനുസരിച്ച് തനിക്കു വിലയിടുന്നവരായിരുന്നു അമ്മായിയമ്മയും അമ്മായിയപ്പനും.
ഡിഗ്രി പഠനകാലംമുതൽ ഉഴപ്പ് ഒരു ഹോബിയാക്കിയ ബെന്നിയെ സംബന്ധിച്ച് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ട ആവശ്യമേ ഇല്ല. ജോലിയും പണവും മാത്രം പോരല്ലോ; ഒന്നിച്ച് ഇണയും തുണയുമായി ജീവിക്കേണ്ടവരല്ലേ എന്ന ചിന്തയാണ് രണ്ടുവർഷം മുൻപ് ബെന്നിയെയും മകനെയും വിദേശത്തെക്ക് കൂട്ടിക്കൊണ്ടു പോകാൻ പ്രേരിപ്പിച്ചത്. മകനെ അവിടെ കൊണ്ടു പോയി സ്കൂളിൽ ചേർത്തു. ബെന്നിക്കുവേണ്ടി പലയിടത്തും ജോലി ശരിയാക്കാൻ ശ്രമിച്ചെങ്കിലും അയാൾ പോകാൻ തയ്യാറായില്ല.
പലപ്പോഴും വീട്ടിൽ തനിച്ചാകുമ്പോൾ മദ്യപാനവും ഗെയിമുകളും ഒക്കെ ഹോബിയാക്കി. ജോലികഴിഞ്ഞ് ക്ഷീണിതയായി വരുമ്പോൾ നിസ്സാര കാര്യങ്ങൾ പറഞ്ഞ് വഴക്കുണ്ടാക്കുക പതിവായി. ദേഷ്യം വർധിച്ച് ദേഹോപദ്രവങ്ങളായി. മനസ്സും ശരീരവും ഒരുപോലെ പീഡിപ്പിക്കപ്പെട്ടപ്പോൾ രണ്ടും കല്പിച്ച് ഒരു തീരുമാനത്തിലേക്കു നീങ്ങി. താൻ ഒരമ്മയാണല്ലോ- മകനു വേണ്ടി ജീവിക്കാതിരിക്കാൻ ആവില്ലല്ലോ. അതിനാൽ ജീവനൊടുക്കാതെ അവൾ മറുവഴികൾ ആരാഞ്ഞു. അങ്ങനെയാണ് നാട്ടിലേക്കു വണ്ടികയറിയത്.
നേരെ വീട്ടിലേക്കാണ് വന്നു കയറിയത്. ബെന്നിയുടെ നിർദേശപ്രകാരം മാതാപിതാക്കൾ രണ്ടു ദിവസത്തിനുള്ളിൽ അവൾക്കെതിരെ കേസ് കൊടുത്തു: ‘മകൻ്റെ അസാന്നിധ്യത്തിൽ മരുമകൾ തങ്ങളെ വകവരുത്തുമെന്ന് ഭയമുള്ളതിനാൽ സുരക്ഷിതത്വം വേണമെന്ന്.’ വാക്കുകളോ സ്നേഹപ്രവൃത്തികളോ ഒന്നും പരീക്ഷിക്കാനുള്ള സമയം ഇല്ല. മകനെയും കൂട്ടി ഫ്ളാറ്റിലേക്കുപോയി. രണ്ടു ദിവസങ്ങൾക്കു ശേഷം ആരോടും തന്നെ ആലോചന ചോദിക്കാതെ സിജി വിവാഹമോചനമെന്ന തീരുമാനത്തിലേക്കു നീങ്ങി.
കുടുംബം എന്നാൽ കൂടുമ്പോൾ ഇമ്പമുള്ളത് എന്നൊരു വ്യാഖ്യാനം കേട്ടിട്ടുണ്ട്. എന്നാൽ, ഇമ്പമുള്ള കൂടലുകൾക്ക് എവിടെ സമയം? വിവാഹം കഴിഞ്ഞാൽ പലരും പലദിക്കിൽ. ഒന്നിച്ച് അധ്വാനിക്കാനോ, ഉള്ളതു പങ്കു വയ്ക്കാനോ പരസ്പരം കാര്യങ്ങൾ അറിയാനോ അറിയിക്കാനോ, കുറവുകൾ നികത്താനോ എന്തിനേറെ, ഒന്ന് അടുത്തു പരിചയപ്പെടാൻ പോലുമോ സമയം കണ്ടെത്താതെ ജീവിത വ്യഗ്രതകളിലേക്ക് ഇരുവരും നീങ്ങുകയാണ്. ചില കുടുംബങ്ങളെ സംബന്ധിച്ച് പണം കിട്ടാനുള്ള ഒരു വഴി മാത്രമാണ് വിദേശത്തു ജോലിയുള്ള മരുമകൾ. ഞങ്ങളുടെ മകൻ സുഖമായി ഉണ്ടും ഉറങ്ങിയും വണ്ടിയെടുത്ത് കറങ്ങിയും സന്തോഷമായി നടക്കട്ടെ, അവൾ അധ്വാനിച്ചു കൊണ്ടു വരട്ടെ എന്നു ചിന്തിക്കുന്ന മാതാപിതാക്കൾ ഇന്നു ധാരാളമുണ്ട്. കുടുംബം എന്തെന്നോ, കുടുംബ ബന്ധത്തിന്റെ ഭദ്രതയും വിശുദ്ധിയും മൂല്യവും എന്തെന്നോ തിരിച്ചറിയാനാവാത്ത ഒരു തലമുറ. കുടുംബം രൂപീകരിക്കാനറിയാത്തവർ വിവാഹിതരാകാതിരിക്കുകയാണ് വേണ്ടത്.