നീതു
ചൂടു പിടിച്ച ഒരു പരീക്ഷാ പ്രഭാതം, സമയം ഓടിക്കിതച്ച് എട്ടരയോടടുത്തു. രണ്ടാം ക്ലാസുകാരി, തെരേസിന് അന്ന് EVS പരീക്ഷയാണ്. സ്കൂൾ ബസ്സെത്താൻ അര മണിക്കൂർ ബാക്കി നിൽക്കെ, പുട്ടിനിടയിൽ തേങ്ങ എന്ന പോലെ, ഒരു ഉരുള ചോറിന് ഒരു ഫാക്ട് എന്ന മുറയ്ക്ക് റിവിഷൻ പൊടിപൊടിക്കുന്നു. പലയാവർത്തി റിവിഷൻ ചെയ്തിട്ടും, അന്നു കാലത്ത് പലതും ആദ്യമായി കേൾക്കുന്നതു പോലെയുള്ള അവളുടെ പ്രതീകരണം എൻ്റെ ക്ഷമയെ പിടിച്ചുലയ്ക്കുന്നുണ്ടായിരുന്
ഇതിനിടയിലേക്കാണ് മൂന്നു വയസ്സുകാരി ഇസബെല്ലിന്റെ മാസ് എൻട്രി. ‘അമ്മേ ഭച്ചൂട്ടൻ ലൈനിലുണ്ട്. അമ്മയോട് മിണ്ടണം’ എന്നും പറഞ്ഞ് അവളുടെ ബാറ്ററി പോയ പിങ്ക് ഫോൺ എൻ്റെ നേർക്കു നീട്ടി. ഞാൻ അവളെ പരുഷമായൊന്ന് നോക്കി. ഇളയതാണെങ്കിലും ശകലം കാര്യപ്രാപ്തി കൂടുതലാ, എന്നിട്ടും അവൾക്കെൻ്റെ നോട്ടത്തിന്റെ അർഥം പിടികിട്ടിയില്ല. ഒരു കൈയ്യിൽ കുഞ്ഞാവ, മറു കൈയ്യിൽ ഭക്ഷണം. അവളെന്റെ സാഹചര്യം മനസ്സിലാക്കി ഫോൺ നീട്ടി പിടിച്ചിട്ടു പറഞ്ഞു ‘സ്പീക്കറാ മിണ്ടിക്കോ!’ ചാട്ടവാറെടുത്ത ഈശോയുടെ മുഖമാണ് മനസ്സിൽ തെളിഞ്ഞതെങ്കിലും സമാധാനം കൈവെടിയാതെ ഞാൻ ആ കോളിന് മറുപടി കൊടുത്തു. ‘മോനേ. ഭച്ചൂട്ടാ, ഈ നേരത്താണോ നീ വിളിക്കുന്നേ? ഇസക്കുട്ടിടെ അമ്മ തിരക്കിലാണ്. തെരേസചേച്ചിടെ പരീക്ഷയല്ലേ? പിന്നെ വിളിക്കാട്ടോ.” ബാക്കി ഇസക്കുട്ടി ഏറ്റെടുത്തുന്നു. ‘ഓക്കേ ടാ ബൈ, അങ്കണവാടില് വരുമ്പോ കാണാട്ടാ.”
ആ സന്ദർഭം അങ്ങനെ കടന്നുപോയെങ്കിലും സ്വയം ഒരു വിലയിരുത്തലിന് വിധേയയായപ്പോൾ മനസ്സിൽ വല്ലാതെ കുറ്റബോധം തോന്നി. സ്വന്തം മക്കൾ ചെറു പ്രായത്തിൽത്തന്നെ മൊബൈലിൽ സംസാരിക്കുന്നതിനെപ്പറ്റി അഭിമാനം കൊളളുന്ന മാതാപിതക്കളെ കണ്ടിട്ടുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾ ഇത്തരം ശീലങ്ങൾ എവിടെ നിന്നു പഠിച്ചു എന്ന് നാം വിലയിരുത്തുമ്പോൾ അതിനു കാരണക്കാർ നമ്മൾതന്നെയാണെന്ന് മനസ്സിലാകും.
നാലു വയസ്സിൽ താഴെയുള്ള നമ്മുടെ കുഞ്ഞു മക്കൾ അവരുടെ റിഫ്ളെക്റ്റിവ് ഏയ്ജിലാണ്. അവർക്കു മുന്നിൽ സ്വന്തം അപ്പനും അമ്മയും, മറ്റു കുടുംബാംഗങ്ങളുമാണ് പ്രധാന റോൾ മോഡൽസ്.
നമ്മുടെ ശീലങ്ങൾ, പ്രതികരണങ്ങൾ, സംസാര ശൈലികൾ, ഇവയെല്ലാമാണ് നമ്മുടെ കുഞ്ഞുങ്ങളിൽ ഒരു കണ്ണാടിയിലെന്ന പോലെ പ്രതിഫലിച്ചു കാണുന്നത്. അവർക്ക് 100% ശതമാനവും അവകാശപ്പെട്ട സമയങ്ങളാണ് നമ്മൾ മാതാപിതാക്കൾ ഈ ഫോണിൻ്റെയും ലാപ്പിന്റെയും ടി. വി. യുടെയും മുന്നിലിരുന്ന് തീർക്കുന്നത്. ഒഴിച്ചുകൂടാനാവാത്ത ജോലിത്തിരക്കുകൾ, ഓഫീസ് കോളുകൾ, അധികജോലി എന്നൊക്കെ പല ന്യായീകരണങ്ങളും നമുക്കു നിരത്താനുണ്ടങ്കിലും ഇതിലും ആത്യന്തികമായത് നമ്മുടെ കുഞ്ഞുങ്ങളുടെ ശരിയായ പരിശീലനം തന്നെയാണ്. എല്ലാ കാർട്ടൂൺ കഥാപാത്രങ്ങളെയും സുപരിചിതരായ നമ്മുടെ മക്കൾക്ക് എത്ര വിശുദ്ധരെക്കുറിച്ചറിയാം എന്നു നമ്മൾ അമ്മമാരെങ്കിലും ചിന്തിക്കണം. ഉറക്കത്തിനും ഊണിനുമായി നാം തട്ടിവിടുന്ന സ്വയംനിർമ്മിത കഥകൾക്കിടയിലൂടെ നന്മയും കാരുണ്യവും സ്വർഗവും നരകവുമെല്ലാം ബോധപൂർവം ചേർത്തു വയ്ക്കാൻ നമുക്കു കഴിയാറുണ്ടോ? മക്കളെ പരിപാലിക്കുന്നതിനും വളർത്തി വലുതാക്കുന്നതിനും അപ്പനമ്മമാർക്കുള്ള ഉത്തരവാദിത്വം തുല്യമാണെങ്കിലും അവരുടെ ചിന്തകളെ സ്വാധീനിക്കുന്നതിൽ അമ്മമാർക്കുള്ള പ്രധാന്യം ഒരുപക്ഷേ, അപ്പനെക്കാൾ ഒരുപടി മുമ്പിലാണ്.
നന്മ വറ്റിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തിലേക്ക് പിഞ്ചു കാലുകളെടുത്തു വയ്ക്കുന്ന നമ്മുടെ മക്കളുടെ ഹൃദയശുദ്ധിയെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും നാം ചിന്തിക്കേണ്ട കാലമാണിത്. തള്ളക്കോഴിയെപ്പോലെ നമ്മളെത്ര ചിറകു വിരിച്ചു പിടിച്ചിട്ടും കഴുകൻ കാലുകൾ റാഞ്ചിയെടുക്കുന്ന ബാല്യങ്ങൾ ഏറെയാണ്. സ്വന്തം കുഞ്ഞിന്റെ ഹൃദയവിശുദ്ധിക്കു വേണ്ടി ഉത്‌കണ്ഠയോടെ ഒരു നേരത്തെ ഭക്ഷണം വേണ്ടെന്നു വയ്ക്കാറില്ലെങ്കിലും സ്വന്തം ആകാരത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന അമ്മമാരായിക്കൊണ്ടിരിക്കുകയാണ് നമ്മൾ. ഡയറ്റിംഗിനു വേണ്ടി പലനേരത്തെയും ആഹാരങ്ങൾ ഉപേക്ഷിക്കുന്ന ന്യൂജെൻ അമ്മമാരുടെ കാലമാണല്ലോ ഇത്.
മക്കൾക്കുവേണ്ടി, ജീവിതപങ്കാളക്കുവേണ്ടി, കുടുംബസമാധാനത്തിനുവേണ്ടി മുട്ടിന്മേൽ നിൽക്കുന്ന, ഉപവാസം നോൽക്കുന്ന, നോമ്പും പരി ത്യാഗപ്രവർത്തികളും അനുഷ്‌ഠിക്കുന്ന വി. റീത്താ യെപ്പോലെ, വി. മോനിക്കായെപ്പോലെ, വിശുദ്ധരായ അമ്മമാർ നമുക്കിടയിലുണ്ടാവട്ടെ. മാതൃത്വത്തിന്റെ മഹനീയമായ ആ മാതൃകകളെപ്പോലെ നമുക്കും കർത്തവ്യബോധമുള്ളവരാകാം, കരുണ യുള്ളവരാകാം. സർവോപരി ദാനമായി നമുക്കു ലഭിച്ച കുഞ്ഞുമാലാഖമാരെ കർത്താവിന്റെ തിരുകാപ്പയ്ക്കുള്ളിൽ പൊതിഞ്ഞു പിടിക്കാൻ, ദൈവത്തോടു മനസ്സുരുകി, ത്യാഗം ചെയ്‌തു പ്രാർഥിക്കുന്നവരാകാം.