രഞ്ജിത്ത് ക്രിസ്റ്റി
ദൈവം കരുതിവച്ച രക്ഷയുടെ ദിവസമാണ് ക്രിസ്തുമസ്സ് (ഉൽപ. 3:15).
സർവാധിപനായ ദൈവം ഭൂമിയിൽ ഇറങ്ങി വന്ന് നസ്രത്തെന്ന കൊച്ചുപട്ടണത്തിൽ ജീവിച്ചിരുന്ന ഒരു പെൺകുട്ടിയുടെ – കന്യാമറിയത്തിന്റെ- ഒരു വാക്കിനായി കാത്തുനിന്നു എന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ? “ഇതാ കർത്താവിൻ്റെ ദാസി. നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ.”(ലൂക്ക, 1-38). എന്ന പ്രതിവചനത്തിലൂടെ മാനവകുല ത്തിന്റെ രക്ഷയ്ക്കുവേണ്ടി അവൾ തന്നെ പരിപൂർണ്ണമായി സമർപ്പിച്ചതിലൂടെയാണ് നമ്മുടെ രക്ഷയും സാധ്യമായത്.
‘എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു’ എന്നു പറഞ്ഞുകൊണ്ട് തനിക്കു വന്നു ചേരാനിരിക്കുന്ന നിന്ദാപമാനങ്ങൾ കണക്കിലെടുക്കാതെ പരിശുദ്ധ മറിയം ദൈവഹിതത്തിന് ആമ്മേൻ പറയുന്നു. രക്ഷകനെ ഗർഭം ധരിച്ചതിനുശേഷമുള്ള മറിയത്തിൻ്റെയും നീതിമാനായ യൗസേപ്പിതാവിന്റെയും ജീവിതം കനൽവഴിയിലൂടെയുള്ള യാത്രയായിരുന്നു. ഉറ്റവരെയും ഉടയവരെയുംവിട്ട് ദൈവത്തിൻ്റെ വാഗ്ദാനമനുസരിച്ച് മുന്നോട്ടുപോയപ്പോൾ കൊട്ടിയടയ്ക്കപ്പെട്ട സത്രങ്ങളും ആരും കയറിച്ചെല്ലാൻ ഇഷ്ടപ്പെടാത്ത ഒരു കാലിത്തൊഴുത്തുമായിരുന്നു അവരെ കാത്തിരുന്നത്. സത്രത്തിൽ ഇടം ലഭിക്കാതെ കാലിത്തൊഴുത്തിന്റെ പരിമിതികളിൽ പിറുപിറുപ്പുകൂടാതെ മറിയം ഉണ്ണിശോയ്ക്ക് ജന്മം നൽകി.
ദൈവം തന്റെ പുത്രനായി കരുതിവച്ചതോ വിലപ്പിടിപ്പുള്ള പട്ടുമെത്തയായിരുന്നില്ല. മറിച്ച്, കാലികൾക്ക് ആഹാരമാകുന്ന വൈക്കോലായിരുന്നു. ഉണ്ണീശോയുടെ ആദ്യശ്വാസം വിലകൂടിയ പരിമളതൈലത്തിൻ്റേതായിരുന്നില്ല, കാലിത്തൊഴുത്തിന്റെ ദുർഗന്ധമായിരുന്നു. ആദ്യമായി രക്ഷകൻ കൺതുറന്നപ്പോൾ കണ്ടത് അലങ്കാര ദീപങ്ങൾ കൊളുത്തിവച്ച കൽമണ്ഡപവുമായിരുന്നില്ല. വളർത്തപ്പനായ യൗസേപ്പിതാവ് കരുതിയ ഒരു കൊച്ചു റാന്തൽ വിളക്കിൻ്റെ മങ്ങിയ വെളിച്ചത്തിലാണ് ഉണ്ണീശോ ആദ്യമായി തൻ്റെ മാതാപിതാക്കളെ കണ്ടത്.
ഒരു വാക്കുകൊണ്ട് പ്രപഞ്ചത്തെ മെനഞ്ഞ ദൈവംതന്നെയായ ഈശോ ഇതാ ഇവിടെ പുൽക്കൂട്ടിൽ. കണ്ണിനു കുളിർമ്മയും കാതിന് ഇമ്പവും സ്പർശനത്തിൽ മൃദുത്വവും മാത്രം ഇഷ്ടപ്പെടുന്ന ഇന്നത്തെ തലമുറയ്ക്ക് ഒരേസമയം ‘വെല്ലുവിളിയും അതിലുപരി മാതൃകയുമാണ് പുൽക്കൂട്. നമ്മുടെ വേദനയിലും ആവശ്യത്തിലും മാത്രം ദൈവത്തെ തേടാതെ എല്ലാ സമയത്തും പരിശുദ്ധ മറിയത്തെയും വിശുദ്ധ യൗസേപ്പിതാവിനെയുംപോലെ ദൈവഹിതത്തിനു മുമ്പിൽ ‘ഇതാ ഞാൻ’ എന്നുപറയാനാകുക എത്ര വലിയ കാര്യമാണ്.
രണ്ടായിരം വർഷങ്ങൾക്കു മുമ്പ് കാലിത്തൊഴുത്തിൽ പിറന്ന ദൈവം നമുക്കായി സകലതും സഹിച്ചെങ്കിൽ ഇന്ന് നൂറ്റാണ്ടുകൾപിന്നിടുമ്പോഴും ആ ഓർമ്മ അനുസ്മരിച്ചുകൊണ്ട് നാം കരങ്ങൾ കൊണ്ടു നിർമ്മിക്കുന്ന ആയിരം പുൽക്കൂടിനുമുപരി നമ്മുടെ ഹൃദയമൊരു പുൽക്കൂടാക്കാൻ ക്രിസ്തു ക്ഷണിക്കുന്നില്ലേ? പാപത്തിന്റെ കൂരിരുളുകൾ മാറ്റി ഹൃദയത്തിൽ സുകൃതങ്ങൾ കൊണ്ടുള്ള അലങ്കാരദീപങ്ങൾ തെളിയിക്കാം. സ്നേഹത്തിന്റെയും കരുണയുടെയും പട്ടുമെത്തകൾ വിരിക്കാം. ദയയുടെയും വത്സല്യത്തിന്റെയും പുത്തനുടുപ്പ് നെയ്തെടുക്കാം. അങ്ങനെ നമ്മുടെ ഹൃദയത്തിൽ ഉണ്ണീശോയ്ക്കു വസിക്കാൻ ആവശ്യമുള്ളതെല്ലാം ഒരുക്കിവയ്ക്കാം. അവിടുന്നു നമ്മിൽ വളരട്ടെ. അങ്ങനെ അവൻ വളരുകയും നാം കുറയുകയും ചെയ്യട്ടെ. ഒടുവിൽ നമ്മുടെ ഹൃദയമാകുന്ന പുൽക്കൂട് ഒരു ദൈവാലയമായി അവിടുന്ന് മാറ്റും. എല്ലാവരെയും സ്നേഹത്താൽ ഉൾക്കൊള്ളുന്ന ഒരു ദൈവാലയം!!