Wednesday, January 22, 2025

മരിച്ചവരോട് ഇങ്ങനെ ചെയ്യരുത്

എഴുനൂറു കൊല്ലം മുമ്പുനടന്ന ഒരു സംഭവമാണിത്. ജര്‍മ്മനിയിലെ കൊളോണില്‍ ജീവിച്ചിരുന്ന ചെറുപ്പക്കാരായ രണ്ടു ബെനഡിക്ടന്‍ വൈദികരുണ്ടായിരുന്നു. അവര്‍ സെമിനാരിയില്‍ പഠിച്ചിരുന്ന കാലത്ത് ഒരു കരാറില്‍ ഏര്‍പ്പെട്ടു. നമ്മളില്‍ ആര് ആദ്യം മരിക്കുന്നുവോ അയാള്‍ക്കുവേണ്ടി മറ്റെയാള്‍ എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഓരോ കുര്‍ബാന അര്‍പ്പിക്കണം. അതിലൊരു വൈദികന്റെ പേര് ഹെന്റി സൂസോ എന്നായിരുന്നു. (ഇന്ന് അദ്ദേഹം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലാണ്).

സെമിനാരി പഠനം കഴിഞ്ഞ് അവര്‍ വൈദികരായി. വര്‍ഷങ്ങള്‍ പിന്നിട്ടു. രണ്ടുപേരും രണ്ടു ദിക്കിലായി. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം  കൂട്ടുകാരന്‍ മരിച്ചു എന്ന് ഹെന്റി സൂസോ അറിഞ്ഞു. എന്നാല്‍, ചെറുപ്പത്തില്‍ തങ്ങള്‍ ഏര്‍പ്പെട്ട കരാറിന്റെ കാര്യം അദ്ദേഹം മറന്നുപോയിരുന്നു. പകരം അദ്ദേഹം സുഹൃത്തിനുവേണ്ടി ഒത്തിരി പ്രാര്‍ഥിച്ചു. പരിത്യാഗങ്ങളും കാരുണ്യപ്രവൃത്തികളും ചെയ്തു. പക്ഷേ, വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ഥിച്ചിരുന്നില്ല.

ഒരു ദിവസം രാവിലെ ചാപ്പലിലിരുന്നു പ്രാര്‍ഥിക്കുന്നിതിനിടെ മരിച്ചുപോയ ആ വൈദിക സുഹൃത്ത് അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു. തനിക്കുവേണ്ടി കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ഥിക്കാത്തതിനെക്കുറിച്ച് അദ്ദേഹം സങ്കടപ്പെട്ടു. ഹെന്റി സൂസോ അത്ഭുതപ്പെട്ടു: ഇത്രയും കാലം ഇത്രയും പരിത്യാഗങ്ങള്‍ ചെയ്ത് ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ഥിച്ചിട്ട് അതൊന്നും പോരായിരുന്നോ? അപ്പോള്‍ ആ ആത്മാവ് പറഞ്ഞു: ഇതൊക്കെ വേണം. എന്നാല്‍, ശുദ്ധീകരണ സ്ഥലത്തുനിന്നു മോചനം ലഭിക്കാന്‍ ഇതൊന്നും പര്യാപ്തമല്ല. ഞങ്ങള്‍ക്കു വേണ്ടത് ഈശോയുടെ തിരുരക്തമാണ്. അതു ലഭിക്കുന്നത് ദിവ്യബലിയിലൂടെ മാത്രമാണ്. അതിനാല്‍ നീ എനിക്കുവേണ്ടി കുര്‍ബാന അര്‍പ്പിച്ചുകൊള്ളാമെന്ന നിന്റെ വാക്ക് പാലിക്ക്” അത്രയും പറഞ്ഞ് ആ ആത്മാവ് അപ്രത്യക്ഷമായി.

അന്നുതന്നെ ഹെന്റിസൂസോ തന്റെ സുഹൃത്തുക്കളായ എല്ലാ വൈദികരെയും നേരിട്ടു പോയി കണ്ട് സംസാരിച്ച് ആ ദിവസം തന്നെ നിരവധി കുര്‍ബാനകള്‍ ആആത്മാവിനുവേണ്ടി അര്‍പ്പിക്കപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളിലും നിരവധി ദിവ്യബലികള്‍ അര്‍പ്പിച്ചു. അക്കൂട്ടത്തില്‍ മറ്റു പ്രാര്‍ഥനകളും സല്‍കര്‍മ്മങ്ങളും എല്ലാം ഈ ആത്മാവിനുവേണ്ടി അര്‍പ്പിച്ചു. അങ്ങനെ കുറച്ചുദിവസം കഴിഞ്ഞതോടെ കൂട്ടുകാരന്റെ ആത്മാവ്‌ വീണ്ടും ഹെന്റി സൂസോയ്ക്ക് പ്രത്യക്ഷനായി. ഈശോയുടെ തിരുരക്തത്തിന്റെ യോഗ്യതയില്‍ ഞാനിതാ സ്വര്‍ഗ
ത്തിലേക്കു പോവുകയാണെന്നറിയിച്ചുകൊണ്ട് ഹെന്റിക്കു നന്ദി പറഞ്ഞു.

നോക്കൂ, അദ്ദേഹം വൈദികനായിരുന്നു. എന്നിട്ടും ശുദ്ധീകരണസ്ഥലത്തുനിന്നു മോചിതനാകാന്‍ ഇത്രയേറെ ദിവ്യബലികളുടെ യോഗ്യതകള്‍ ആവശ്യമായിരുന്നു. അങ്ങനെയെങ്കില്‍ നമ്മുടെപൂര്‍വികര്‍ക്കുവേണ്ടി വര്‍ഷത്തിലൊരിക്കല്‍ മാത്രം ഒരു കുര്‍ബാന അര്‍പ്പിക്കുക എന്ന നമ്മുടെ നിലപാട് അവരോടു ചെയ്യുന്ന ഏറ്റവും വലിയദ്രോഹമല്ലേ. വെറുതെ ഒന്നോര്‍ത്തു നോക്കൂ. നമ്മുടെ മരിച്ചുപോയ ഏതെങ്കിലും ഒരു പ്രിയപ്പെട്ട ഒരാള്‍ക്ക് 100 വര്‍ഷത്തെ ശുദ്ധീകരണ സ്ഥല ജീവിതം ആവശ്യമുണ്ടെന്നോര്‍ക്കുക.

(അത്ഭുതപ്പെടാനില്ല. ഫാത്തിമയില്‍പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആ കുട്ടികള്‍ തങ്ങളുടെ അയല്‍വാസിയായിരുന്ന മരിച്ചുപോയ ഒരു പെണ്‍കുട്ടിയെക്കുറിച്ച്  അന്വേഷിക്കുന്നുണ്ട്. ലോകാവസാനം വരെ അവള്‍ ശുദ്ധീകരണ സ്ഥലത്തു കഴിയണമെന്നാണ്‌ ദൈവഹിതം
എന്നാണ് രിശുദ്ധഅമ്മ വെളിപ്പെടുത്തിയത്.) ആണ്ടിലൊരിക്കല്‍ മാത്രമാണ് നമ്മള്‍ അവര്‍ക്കുവേണ്ടി ദിവ്യബലിയര്‍പ്പിച്ചു പ്രാര്‍ഥിക്കുന്നതെങ്കില്‍ എത്രയോ വര്‍ഷം അവര്‍ കാത്തിരിക്കണം? കുറഞ്ഞത് 100 വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടേ. 100 വര്‍ഷം കഴിഞ്ഞാല്‍ ആര് അവരെ ഓര്‍ക്കും എന്നത്മറ്റൊരുകാര്യം. ഓര്‍ത്തു നോക്കുക. നമുക്കു മുന്‍പ് നാലു തലമുറയ്ക്കപ്പുറമുള്ളവരെ നമ്മള്‍ ഓര്‍ക്കുന്നുണ്ടോ? മാത്രമല്ല, ശുദ്ധീകരണസ്ഥലത്തെ സഹനം എന്നത് നമുക്കു ചിന്തിക്കാവുന്നതിലും വളരെ വലുതാണെന്ന്

പലവിശുദ്ധര്‍ക്കും വെളിപ്പെടുത്തി കിട്ടിയിട്ടുമുണ്ട്. എന്നാല്‍,തുടര്‍ച്ചയായിദിവ്യബലി അര്‍പ്പിച്ചു പ്രാര്‍ഥിച്ചാല്‍ എത്രയോ വേഗം ആ ആത്മാവ് സ്വര്‍ഗത്തിലേക്കു പ്രവേശിക്കും.

ശുദ്ധീകരണസ്ഥലം ഉണ്ടോ?

ഉണ്ട് എന്നാണ് കത്തോലിക്കാസഭ പഠിപ്പിക്കുന്നത്. ”ഓരോ മനുഷ്യനും തന്റെ മരണത്തിന്റെ നിമിഷത്തില്‍ത്തന്നെ സ്വജീവിതത്തെ ക്രിസ്തുവിനോടു ബന്ധപ്പെടുത്തി തന്റെ അമര്‍ത്യമായ ആത്മാവില്‍ തന്റെ ശാശ്വത പ്രതിഫലം സ്വീകരിക്കുന്നു. ഒന്നുകില്‍ ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെയോ നേരിട്ടോ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം. അല്ലെങ്കില്‍ നേരിട്ടുള്ളതും ശാശ്വതവുമായ ശിക്ഷയിലേക്കുള്ള പ്രവേശനം” ഇതാണ് കത്തോലിക്കാസഭപഠിപ്പിക്കുന്നത്.(കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം നമ്പര്‍ 1022).

വിശുദ്ധ ജോണ്‍ മരിയ വിയാനി പറയുന്നു, ”ആണ്ടിലൊരിക്കല്‍മാത്രംമരിച്ചുപോയവരെ ഓര്‍ത്തുപ്രാര്‍ഥിക്കുക എന്നത്അവരോടു ചെയ്യുന്ന വലിയ ദ്രോഹമാണ്” തങ്ങള്‍ക്കുവേണ്ടി ഒരു പരിഹാരകൃത്യവും ചെയ്യാനാകാതെ നിസ്സഹായരായ ഈ ആത്മാക്കളെ നമുക്കൊരിക്കലും മറക്കാതിരിക്കാം. കഴിയുന്നിടത്തോളം ദിവ്യബലികള്‍ അവര്‍ക്കുവേണ്ടി അര്‍പ്പിച്ചു പ്രാര്‍ഥിക്കാം. ദിവ്യബലിയില്‍ സംബന്ധിച്ച്‌ വിശുദ്ധ കുര്‍ബാന യോഗ്യതയോടുകൂടി സ്വീകരിച്ചാലേ ആ ബലിയുടെ യോഗ്യതകള്‍ അവര്‍ക്കു ലഭിക്കൂ എന്നുകൂടി ഓര്‍ക്കുക. ഇതിന്റെ മറ്റൊരുവശംകൂടി. വിശുദ്ധ കുര്‍ബാനയാണ് നമ്മെ ഏറ്റവുമധികം വിശുദ്ധീകരിക്കുന്ന കൂദാശ. മരണശേഷം നമ്മളെ സ്ഥിരമായി ഓര്‍ത്തുപ്രാര്‍ഥിക്കുന്ന എത്രപേരുണ്ടാകും? രണ്ടോ മൂന്നോ കൊല്ലമൊക്കെ കഴിഞ്ഞാല്‍ പതുക്കെ വിസ്മൃതിയിലാണ്ടുപോകും നാം. അതിനാല്‍ ജീവിച്ചിരിക്കുമ്പോള്‍ കഴിയുന്നിടത്തോളം ദിവ്യബലികളില്‍ യോഗ്യതയോടെ പങ്കുകൊള്ളാന്‍ ശ്രദ്ധിക്കുക. അതെ, എല്ലാ ദിവസവും ദിവ്യബലിയില്‍ പങ്കെടുക്കുക.

എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാനദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കുമെന്നാണ് യേശു പഠിപ്പിക്കുന്നത്. തീര്‍ച്ചയായും ജപമാല, പരിത്യാഗങ്ങള്‍, ധര്‍മ്മദാനം ഇവയൊക്കെ കടങ്ങളുടെ പൊറുതിക്ക് സഹായകമാണ്. എങ്കിലും ഒന്നും വിശുദ്ധ കുര്‍ബാനയോളം വിലയുള്ളതല്ല.

Related Articles