“ഒരോ മനുഷ്യനും ഒരോ അതിഥി മന്ദിരമാണ്” റൂമി
എത്ര ശരിയാണത്. ഒരു പുഞ്ചിരി, നോട്ടം, കൂപ്പിയ കരങ്ങൾ, ഹസ്തദാനം… അങ്ങനെ എത്രയെത്ര ജാലകങ്ങളിലൂടെയാണ് ആ അതിഥി മന്ദിരം പുറംലോകത്തെ സ്വാഗതം ചെയ്തു കൊണ്ടിരിക്കുന്നത്. കൈവിരിച്ചു പിടിക്കുന്ന യേശുവിന്റെ ആ ശില്പം നോക്കൂ. ലോകഫുട്ബോളിൻ്റെ വാശിയേറിയ മത്സരങ്ങൾക്കിടയിൽ പലയാവർത്തി കുന്നിൻ മുകളിലെ ആ ശില്പത്തിലേക്ക് ക്യാമറയുടെ ശ്രദ്ധ പതിയുന്നത് നമ്മൾ കണ്ടിരുന്നു. ഭൂമിയുടെ അതിഥി മന്ദിരമായി കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളായി യേശു ഇവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നു. വളരെ വളരെ അടുത്ത്.
സത്രത്തിലവർക്ക് ഇടം കിട്ടിയില്ല, എന്ന സൂചനയോടെയാണ് യേശുവിൻ്റെ ചരിത്രമാരംഭിക്കുന്നത്. നിറവയറുള്ള മേരിയെയും കൂട്ടി, ജോസഫ് എന്ന തച്ചൻ ആ രാത്രിയിലെത്ര അലഞ്ഞതാണ്. ഒരു വാതിലും അവർക്കു വേണ്ടി തുറന്നില്ല. യേശുവിന് പിന്നെന്തു സംഭവിക്കുമെന്നതിൻ്റെ ഒരടയാളമായിപ്പോലും അതിനെ ഗണിക്കാവുന്നതാണ്. എത്രയെത്ര മനുഷ്യരുടെ ഹ്യദയ വാതായനങ്ങളാണ് യേശുവിനെതിരായി കൊട്ടിയടയ്ക്കപ്പെട്ടത്. എന്നിട്ടും യേശു എങ്ങനെയാണ് മാനവരാശിയുടെ അതിഥി ഗൃഹമായി എന്നത് അതിൽത്തന്നെ മനസ്സിനെ വിമലീകരിക്കുന്ന ഒരു ധ്യാനവിചാരമാണ്. ക്രിസ്‌മസ് യേശുവിൻ്റെ ക്ഷണത്തെ ഗൗരവമായി എടുക്കാനുള്ള കാലമാണ്.
യേശുവിന്റെ ഒരോ ചുവടിലും ഉരിയാടലിലും ഊഷ്‌മളമായ ഒരു ക്ഷണം അന്തർലീനമായിട്ടുണ്ട്. അവയിൽനിന്ന് വളരെ ഋജുവായ തെളിഞ്ഞ അഞ്ചു സ്വാഗതങ്ങളെ ശ്രദ്ധയിലേക്കു കൊണ്ടു വരികയാണ്.
വന്നു കാണുക (come and see)
കുറേക്കൂടി അടുത്തറിയാനും, അനുധാവനം ചെയ്യാനുള്ള ക്ഷണമാണിത്. ചെറിയ കാലം തൊട്ടേ ഒരാൾ പരിചയപ്പെടുന്ന പദമാണ് യേശു. എന്നിട്ടും, യേശുവിൻ്റെ സമീപത്തേക്കെത്തുവാൻ വാർധക്യത്തിലെത്തുമ്പോഴും പലർക്കും കഴിയണമെന്നില്ല. അടുത്തറിയുന്നതിന്, രുചിച്ചറിയുക എന്നൊക്കെ വേദപുസ്‌തകത്തിൽ പര്യായമുണ്ട്. യേശുവിനെ തള്ളിപ്പറഞ്ഞ രാത്രിയിൽ പത്രോസ് ദൂരത്തുനിന്ന് യേശുവിനെ അനുഗമിച്ചുവെന്നാണ് സുവിശേഷകൻ എഴുതുന്നത്. എപ്പോൾ വേണമെങ്കിലും കൺമുമ്പിൽ നിന്ന് മറഞ്ഞു പോകാനുള്ള സാധ്യത അവശേഷിക്കുന്ന ഒരു സഞ്ചാരമാണിത്. ഓർമ്മവച്ച നാൾ മുതൽ പുൽക്കൂടൊരുക്കുന്നതല്ലേ. തോരണങ്ങൾ തൂക്കിയും, നക്ഷത്ര വിളക്കുകൾ തെളിച്ചും. ഇത്തവണ ആ വയ്ക്കോൽ കിടക്കയിലെ കുഞ്ഞിനെ ഒന്നുകൂടി ഉറ്റുനോക്കുക. ആരവങ്ങളൊക്കെ കഴിയുമ്പോൾ പിന്നെ ആ പഴയ കരോൾ ഗീതത്തിന് ജീവിതം കൊണ്ടുത്തരമെഴു . “what child is this?”
വന്നു പഠിക്കുക (come and learn)
ഭക്തിയുടെ ഒരടയാളം മാത്രമായി നമ്മുടെ ഗുരുക്കന്മാർ ചുരുങ്ങുന്നത് കഷ്‌ടമല്ലേ, അവരെന്താണ് നമ്മളോടു പറയാൻ ശ്രമിക്കുന്നതെന്ന് കാതോർക്കേണ്ട നേരമായില്ലേ? കൃഷിയുടെ ആദ്യ ഫലങ്ങൾ പള്ളിക്ക് കൊടുക്കണമെന്ന് ശീലമുള്ള ഒരു ദേശത്തെക്കുറിച്ച് പറയുന്നതുപോലെ: തണ്ണി മത്തയാണ് കൃഷി. വയലിൽ ആദ്യത്തെ തണ്ണിമത്ത പൊടിക്കുമ്പോൾ, പള്ളിക്കുള്ള ആദ്യഫലം മാറിപ്പോവാതിരിക്കുവാൻ ആ കിളിന്തു മത്തയുടെ’ പുറത്ത് ഒരു കുരിശടയാളം വരയ്ക്കുന്ന രീതിയുണ്ടായിരുന്നു. മത്തങ്ങ വലുതാവുന്നതിനനുസരിച്ച് പുറന്തോടിലെ കുരിശടയാളവും വലുതാവുന്നു. എന്നാലതിൻ്റെ ഉള്ളടരുകളെ സ്‌പർശിക്കാൻ ആ മുദ്രയ്ക്ക് ബലമില്ലതാനും. അതുപോലെ ചെറുപ്പത്തിലെപ്പോഴോ ലഭിച്ച മതപരമായ ചില അടയാളങ്ങൾ നമ്മൾ വളർന്നതിനോടൊപ്പം വികാസം പ്രാപിച്ചതല്ലാതെ അതു നമ്മുടെ ജീവിത ബോധങ്ങളെയോ ആഭിമുഖ്യങ്ങളെയോ കാര്യമായി സ്വാധീനിച്ചിട്ടില്ല. അവിടുത്തെ ഹൃദയപാഠങ്ങളെന്തെന്ന് ആരായുകയാണ് പ്രധാനം. അത് ജീവിതത്തിന്റെ ദിശകളെ നൂറ്റിയെൺപത് ഡിഗ്രി തിരിച്ചുവിടും. ഒരുദാഹരണത്തിന് ഈ ഡിസംബർ നാളുകളിൽ യേശുവിൻ്റെ ഗിരിപ്രഭാഷണമൊന്ന് ശാന്തമായി വായിച്ചു നോക്കൂ. കീഴ്മേൽ മറിഞ്ഞ ആ മൂല്യക്രമം; നിങ്ങളുടെ ചെറിയലോകത്തെയും കീഴ്മേൽ മറിക്കും.
വന്ന് വിശ്രമിക്കുക (come and rest)
അമിതവേഗത്തിൽ പെട്ടിരിക്കുന്നു നമ്മുടെ നാടും നഗരവും. ജീവിതം ഇത്രയും തിടുക്കമോ തിരക്കോ അർഹിക്കുന്നില്ലെന്ന് വളരെ പതുക്കെ മാത്രം സഞ്ചരിച്ച ഗുരു നിങ്ങളെ ഒർമ്മിപ്പിക്കും. സ്വയം അഭിമുഖീകരിക്കാൻപോലും നേരമില്ലാത്ത ഒരു വിഷമസന്ധിയിൽ യേശുവിന് നിങ്ങളോട് വിശ്രാന്തിയുടെ പാഠങ്ങൾ പറഞ്ഞു തരണമെന്നുണ്ട്.
യേശുവിന് പിന്നെന്തു സംഭവിക്കുമെന്നതിന്റെ ഒരടയാളമായിപ്പോലും അതിനെ ഗണിക്കാവുന്ന താണ്. എത്രയെത്ര മനുഷ്യരുടെ ഹ്യദയവാതായനങ്ങ ളാണ് യേശുവിനെതിരായി കൊട്ടിയടയ്ക്കപ്പെട്ടത്. എന്നിട്ടും യേശു എങ്ങനെയാണ് മാനവരാശിയുടെ അതിഥിഗൃഹമായി എന്നത് അതിൽത്തന്നെ മന സ്സിനെ വിമലീകരിക്കുന്ന ഒരു ധ്യാനവിചാരമാണ്.
വിശ്രമം ഒരു മോശപ്പെട്ട കാര്യമല്ല. അതത്രയും പ്രധാനപ്പെട്ടതായതുകൊണ്ടാണ് ഏഴാം ദിവസം ദൈവംപോലും വിശ്രമിച്ചുവെന്ന് ബൈബിൾ പറയുന്നത്. ഒരു ഞായറാഴ്‌ച ആചരണംപോലും അടിസ്ഥാനപരമായി വിശ്രമയാമങ്ങളിലേക്കുള്ള ‘ഹൃദ്യമായ ക്ഷണമാണ്. മണ്ണിനെപ്പോലും വിശ്രമി ‘ക്കാൻ വിടണമെന്ന് പഠിപ്പിക്കുന്ന പുസ്‌തകമാണ് ബൈബിൾ. എത്രനാൾ നല്‌കിക്കൊണ്ടിരുന്ന ഭൂമിയാണ്. അതിനും സ്വീകരിക്കാനായി ഒരുനേരം ആവശ്യമില്ലേ? മസാനബുഫുക്കുവാക്കോയെന്ന നമ്മുടെ കാലത്തെ ഒരു ചിന്തകനെഴുതിയതൊക്കെ ഇതിനോട് ചേർത്തു വായിക്കൂ, വിശേഷിച്ച്, ഒറ്റ വൈക്കോൽ വിപ്ളവം. വിശ്രമം അലസതയുടെ പര്യായമൊന്നുമല്ല, ഒരു ക്രിയാത്മകമായ പിൻ വാങ്ങലിലൂടെ മുമ്പോട്ടുള്ള ഊർജം ശേഖരിക്കുകയാണതിന്റെ സാരം. അതുകൊണ്ടാണ് നിരന്തരം ഓടിക്കൊണ്ടിരുന്ന ഒരു സ്ത്രീയുടെ കൈത്തണ്ടയിൽ പിടിച്ച് മാർത്താ, മാർത്താ നീ വെറുതെയിരിക്കാൻ പരിശീലിക്കൂവെന്ന് യേശു ഓർമ്മിപ്പിച്ചത്. കൂടെ പാർക്കുന്നവരുടെ വിശ്രമം ഉറപ്പുവരുത്തേണ്ട ബാധ്യതയുമുണ്ടെനിക്ക്. ലളിതമായ മാർഗം പുലരിതൊട്ട് പാതിരവരെ അടുക്കളയിൽ ഒരു വീട്ടുപകരണംപോലെ ഉരഞ്ഞുരഞ്ഞ് തീരുന്ന അമ്മയ്ക്ക് ഒരു കൈ സഹായം കൊടുക്കുകയെന്നതാണ്!
മനുഷ്യൻ്റെ ഭൗതികാവശ്യങ്ങളെ ഒരിക്കലും യേശു അഡ്രസ്സ് ചെയ്യാതിരുന്നിട്ടില്ല. അലഞ്ഞു നടന്ന ഒരാളെന്ന നിലയിൽ അപ്പം അത്രമേൽ പ്രധാനപ്പെട്ടതാണെന്ന് യേശുവിനറിയാം.
വന്നു ഭക്ഷിക്കുക (come and dine)
സുവിശേഷത്തിൻ്റെ ഒടുവിലത്തെ താളുകളിലാണ് നമ്മൾ വായിച്ചെടുക്കുക, രാത്രി മുഴുവൻ പണിചെയ്തത് തീരത്തെത്തിയവരെ കാത്ത് പ്രാതൽ ഒരുക്കി തീരത്തിരിക്കുന്ന യേശു. മനുഷ്യൻ്റെ ഭൗതികാവശ്യങ്ങളെ ഒരിക്കലും യേശു അഡ്രസ്സ് ചെയ്യാതിരുന്നിട്ടില്ല. അലഞ്ഞു നടന്ന ഒരാളെന്ന നിലയിൽ അപ്പം അത്രമേൽ പ്രധാനപ്പെട്ടതാ ണെന്ന് യേശുവിനറിയാം. പ്രാർഥിക്കുമ്പോൾ അന്നന്നുവേണ്ട അപ്പത്തിനുവേണ്ടി എന്നും പ്രാർഥിക്കണമെന്ന് പഠിപ്പിച്ചു. മനുഷ്യോചിത മായി ജീവിക്കാനുള്ള അടിസ്ഥാന സൗകര്യമെന്നാണ് ആ വാക്കിൻ്റെ (daily bread) സൂചന.
ഭക്ഷണത്തെ ക്രിസ്‌തു ആത്മീയനുഭവമാക്കി. അതുകൊണ്ടാണ് താൻ മടങ്ങിപ്പോകുന്ന സന്ധ്യയിൽ അവിടുന്ന് അപ്പവും വീഞ്ഞുമെടുത്ത് ഇനി മുതൽ നിങ്ങളിങ്ങനെ ഇരുന്ന് ഭക്ഷിക്കുമ്പോഴൊക്കെ എന്റെ ഒർമ്മ കൊണ്ടാടുക എന്നരുൾ ചെയ്തത്. കുർബാനയുടെ ആരംഭമായിരുന്നു അത്, ശ്രദ്ധിച്ചാൽ മനസ്സിലാകും. കുർബാനയിൽ വിളമ്പുന്ന അപ്പത്തെ ഓസ്‌തിയെന്നാണ് വിളിക്കുക, host എന്നാൽ ആതിഥേയനെന്ന് അർഥം. അപ്പത്തെയല്ല ഇനി നമ്മൾ ഭക്ഷിക്കുന്നത്. ആതിഥേയനെയാണ്….
വരൂ, അവകാശമാക്കു (come and inherit)
മേൽ സൂചിപ്പിച്ച നാലു ചുവടുകളിലൂടെ കടന്നുപോകുന്ന ഒരാളെ കാത്തിരിക്കുന്ന അവകാശമെന്താണ്? സദാ അവിടുത്തോടൊപ്പം ഉള്ള സഹവാസം. മരണം ജീവിതത്തിന്റെ അവസാന ത്തെ വാക്കല്ലെന്ന് വെളിച്ചം കിട്ടിയ അവർ ആ സ്നേഹസാമീപ്യത്തിൽ ആയിരിക്കുന്നതിനെ ക്കുറിച്ച് സ്വപ്നം കാണുന്നു. സ്നേഹത്തിൽ കാലം നിശ്ചലമാകുന്ന ഒരിടമുണ്ട്, നിത്യതയെന്നാണതിന് പേർ. കഷ്ടിച്ച് മുപ്പതിനായിരം ദിനങ്ങളാണ് ജീവിതം. എൺപതിനെ, മുന്നൂറ്റിയറുപത്തിയഞ്ച് ദിനങ്ങൾകൊണ്ടു ഗുണിക്കുമ്പോൾ അതിലും കുറവാണ്! അക്കൗണ്ട് ബുക്കിൽ അത്രയും രൂപയുള്ള ഒരാളെയോർക്കൂ. ആ മുപ്പതിനായിരം രൂപയും ചെലവഴിച്ചു കഴിയുമ്പോൾ ഇനി അയാൾ എന്തു ചെയ്യും? എന്താ, ബുദ്ധിയുള്ള ഏതൊരാൾക്കും അങ്ങനെ ചിന്തിക്കേണ്ട ബാധ്യതയില്ലേ?
ക്ഷണത്തിന് ക്ഷണികമെന്നുകൂടി മലയാള ഭാഷയിൽ അർഥമുണ്ട്. ‘ക്ഷണപ്രഭാചഞ്ചല’മെ ന്നൊക്കെ എഴുത്തച്ഛൻ ഉപയോഗിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഒരു ക്ഷണവും അധികനേരത്തേക്കുള്ള തല്ല. അതുകൊണ്ട് ഈ ക്രിസ്‌തുമസിനെ വ്യക്തമായ ഉത്തരംകൊടുക്കേണ്ട ഉചിതമായ സമയമായി ഗണിക്കുക.
ഫാ. ബോബി ജോസ് കപ്പൂച്ചിൻ