Wednesday, January 22, 2025

നീതി നിവസിക്കുമ്പോള്‍

ഒരു ദേശത്തെ മുഴുവന്‍ നശിപ്പിക്കുന്നതിനു മുമ്പ് ദൈവം അന്വേഷിച്ചത് അവരെയായിരുന്നു- നീതിമാന്മാരെ. രണ്ടു പട്ടണങ്ങളിലായി പത്തു പേരെങ്കിലും. അതു മതി. എങ്കില്‍ അവയെ നശിപ്പിക്കണ്ട. അതായിരുന്നു ദൈവത്തിന്റെ തീരുമാനം. പക്ഷേ, ഒരേയൊരു മനുഷ്യനെ മാത്രമേ ദൈവത്തിനു കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ- ലോത്ത്. അയാളെ പ്രതി അയാളുടെ കുടുംബത്തിലുള്ളവരെയും അവിടുന്നു ശിക്ഷയില്‍ നിന്നൊഴിവാക്കി (ഉല്പ18/32). അങ്ങനെ സോദോമും ഗൊമോറയും ഒരു പുല്‍നാമ്പുപോലും അവശേഷിപ്പിക്കാതെ നശിപ്പിക്കപ്പെട്ടു.

കൊടിയ അനീതിയിലും അധര്‍മത്തിലും മുഴുകി ജീവിക്കുമ്പോഴും മനുഷ്യനും തേടുന്നതവരെത്തന്നെയാണ്. അവരധികമൊന്നുമില്ലായിരിക്കാം. എങ്കിലും ഭൂമിയെ അതിന്റെ ജീര്‍ണതകളില്‍നിന്നു സംരക്ഷിച്ചു നിര്‍ത്തുന്ന ഉപ്പ് അവരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഭൂമി ഇനിയും ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടമായി നിലനില്ക്കുന്നത് ഇങ്ങനെയുള്ള ചില മനുഷ്യരുടെ സാ ന്നിദ്ധ്യം കൊണ്ടാണ്.

എന്താണു നീതി? ബൈബിളിന്റെ പശ്ചാത്തലത്തില്‍ അതു വിശുദ്ധിയുടെ ഒരു പര്യായമാണ്. ഏറ്റവും ലളിതമായി പൗലോസ് ശ്ലീഹയതു  വ്യാഖ്യാനിച്ചു തരുന്നുണ്ട്. ഓരോരുത്തര്‍ക്കും അവകാശപ്പട്ടതു നല്കുക (റോമ. 13/7). കത്തോലിക്കാസഭ അതിനെ സാന്മാര്‍ഗിക പുണ്യങ്ങളുടെ പട്ടികയിലാണു ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനുഷ്യന് നീതിബോധമില്ലെങ്കില്‍ മാനവരാശിക്ക് സ്വസ്ഥമായ നിലനില്പുപോലും അസാധ്യമാണ്. അല്ലെങ്കിലോര്‍ത്തു നോക്കൂ, ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതു നല്കാന്‍ ആരൊക്കെയോ വിസമ്മതിച്ചതുകൊണ്ടുണ്ടായ കലാപങ്ങളല്ലേ ഇന്നുവരെ ഭൂമിയില്‍ ഉണ്ടായിട്ടുള്ളൂ. നീതിബോധമില്ലാത്ത അധികാരി, അയാള്‍ ആരുമാകാം. ഒരു ദേശത്തിന്റെയോ മതത്തിന്റെയോ അധികാരിയോ, തൊഴിലുടമയോ, അദ്ധ്യാപകനോ- അയാള്‍ അപകടകാരിയാണ്. ഒരു വ്യക്തിയുടെ മാത്രമല്ല, ഒരു ജനതയുടെതന്നെ ജീവിതത്തെ ദുരന്തപൂര്‍ണമാക്കാന്‍ അയാള്‍ക്കു കഴിയുമെന്നതിന്റെ എത്രയെത്ര സാക്ഷ്യങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. അവരെല്ലായിടത്തുമുണ്ട്, എല്ലാക്കാലത്തുമുണ്ട്. ബൈബിളില്‍ വിവരിച്ചിരിക്കുന്ന സംഭവങ്ങള്‍തന്നെ ഒന്നോര്‍ത്തുനോക്കൂ. നീതിരഹിതരായ മനൂഷ്യരോടുള്ള നീതിമാന്മാരുടെ ദൂര്‍ബലമായ ചെറുത്തുനില്പുകളാണ് അവയില്‍ പലതും.

ദുര്‍ബലരായ മനുഷ്യരാണ് എപ്പോഴും അനീതിയുടെ ഇരകള്‍. അവര്‍ക്കു നീതി ഉറപ്പാക്കാത്തിടത്തോളം ഒരു സമൂഹത്തിനും അഭിമാനിക്കാനൊന്നുമില്ല. അവിടെ ഏറ്റവും കുറഞ്ഞത് ഈ നാലുകൂട്ടര്‍ക്കെങ്കിലും നീതി ഉറപ്പാക്കേണ്ടതുണ്ട്. ദരിദ്രര്‍, വയോധികര്‍, കുഞ്ഞുങ്ങള്‍, സ്ത്രീകള്‍. എവിടെയൊക്കെ ഇവര്‍ക്കു നീതി നിഷേധിക്കപ്പെടുന്നുവോ അവിടെയൊക്കെ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളുടലെടുക്കുന്നുണ്ട്.

വികസനത്തിന്റ പുതിയ പുതിയ വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ പലപ്പോഴും കേള്‍ക്കാതെ പോകുന്നത് അവിടെനിന്ന് പുറത്താക്കപ്പെടുന്ന പാവപ്പെട്ടവരുടെ നിലവിളികളാണ്. തലചായ്ക്കാനിടമില്ലാതെയും ആഹാരമില്ലാതെയും മനുഷ്യര്‍ അലയുന്ന നാട് എന്തൊരു നാടാണ്. തൊഴില്‍ ശാലകളില്‍ അവരനുഭവിക്കുന്ന അനീതിയാണ് മറ്റൊന്ന്. അര്‍ഹിക്കുന്ന വേതനം പലപ്പോഴും അവര്‍ക്കു ലഭിക്കാതെ പോകുന്നു. ഓര്‍ക്കണം, ദൈവസന്നിധിയില്‍ പ്രതികാരത്തിനായി നിലവിളിക്കുന്ന ആ നാലു കാര്യങ്ങളില്‍ ഒന്നതാണ്. ഈ അടുത്ത കാലത്ത് അങ്ങനെയുള്ള ചില നിലവിളികള്‍ നമ്മള്‍ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്. സ്വകാര്യമേഖലകളില്‍ ജോലിചെയ്യുന്ന നേഴ്‌സുമാരുടെയും അദ്ധ്യാപകരുടെയും കാര്യമാണ്. പോകാന്‍ വേറെ ഇടമില്ലാത്തതുകൊണ്ടും ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതുകൊണ്ടും ഏതനീതിയും അവര്‍ നിശ്ശബ്ദമായി സഹിക്കുന്നുവെന്നേയുള്ളു. അവരുടെ നിലവിളികള്‍ ആകാശം തടയുന്നില്ല എന്ന് തൊഴിലുടമകള്‍ ഓര്‍ക്കുന്നുണ്ടാവുമോ. പതിനൊന്നാം മണിക്കൂറില്‍ വന്നവനും ഒന്നാം മണിക്കൂറില്‍ വന്നവനും ഒരേ കൂലി നല്കിയ നീതിമാനായ ആ ന്യായാധിപനോട് അവരെന്തു സമാധാനം പറയും? ചെയ്ത ജോലിയല്ല, ജീവിക്കാനാവശ്യമായത് നല്കിയോ എന്നാണവന്‍ തിരക്കുന്നത്. ചെയ്യുന്ന തൊഴിലില്‍ എന്തുമാത്രം ആത്മാര്‍ത്ഥതയുണ്ട് എന്നത് ഇതിന്റെ മറ്റൊരു വശമാണ്. തൊഴിലുടമയും നീതി അര്‍ഹിക്കുന്നുണ്ട്.

ഇന്ന് ഒട്ടും കേള്‍ക്കാതെ പോകുന്നത് വൃദ്ധരുടെ നെടുവീര്‍പ്പുകളാണെന്നു തോന്നുന്നു. വാര്‍ദ്ധക്യത്തെ രണ്ടാമത്തെ ബാല്യമെന്ന് വിശേഷിപ്പിക്കാറുണ്ട്. എങ്കിലും അവരുടെ ശാഠ്യങ്ങളോടും ആവശ്യങ്ങളോടും നമ്മളെങ്ങനെയാണ് പ്രതികരിക്കുന്നത.് വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ശിഷ്ടകാലം ജീവിച്ചുതീര്‍ക്കുന്ന അവരുടെ ആവശ്യങ്ങളെ കണ്ടില്ലെന്നു വയ്ക്കാന്‍ എളുപ്പമാണ്. എങ്കിലും ഓര്‍ക്കണം എത്ര ചെറിയ ആവശ്യങ്ങളാണ് അവര്‍ക്കുള്ളതെന്ന്. സ്‌നേഹപൂര്‍ണമായ ശ്രദ്ധകൊണ്ടും കരുതല്‍കൊണ്ടും തീര്‍ക്കാവുന്നതേയുള്ളൂ പലതും. ജീവിതത്തിന്റെ സായാഹ്നത്തിലെത്തി നില്ക്കുന്ന അവരില്‍ ഒരായുസ്സുകൊണ്ട് കടഞ്ഞെടുത്ത ജ്ഞാനത്തിന്റെ നിറവുണ്ട്. കണ്ടില്ലേ, നമ്മളെ വല്ലാതെ ക്ഷോഭിപ്പിക്കുന്ന അനുഭവങ്ങളെ അവര്‍ എത്ര സംയമനത്തോടെയാണ് നേരിടുന്നതെന്ന്. എന്നിട്ടും അവരെ ആദരിക്കാന്‍ നമുക്കെന്തൊരു മടിയാണ്. അവര്‍ക്കു നമ്മളെല്ലാം നല്കുന്നുണ്ടാവാം. മരുന്ന്, ഭക്ഷണം, വസ്ത്രം എല്ലാം. എന്നാല്‍, അതിനെക്കാളൊക്കെ അവരാഗ്രഹിക്കുന്നത് മറ്റൊന്നാണ്. തങ്ങളെ കേള്‍ക്കാനൊരാള്‍. ഒരുപക്ഷേ, വൃദ്ധരോടു കാണിക്കാവുന്ന ഏറ്റവും വലിയ നീതി അതു തെന്നയായിരിക്കും.

കുടൂംബങ്ങളില്‍ നീണ്ടുനില്ക്കുന്ന അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിന് ഒരു കാരണം വയോധികരായ മാതാപിതാക്കളുടെ അസാന്നിദ്ധ്യമാണ്. പലതും സാരമില്ലെന്ന് ഓര്‍മ്മിപ്പിച്ച് തരുന്നത് അവരല്ലേ. ഞാനോര്‍ക്കുന്നു, കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ആവശ്യത്തിലേറെ സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ട് ജീവിച്ച നാളുകള്‍. അപ്പോഴൊക്കെ സാരമില്ല, സാരമില്ല എന്നു നിരന്തരം മന്ത്രിച്ചുകൊണ്ടിരുന്ന വയോധികയായ ഒരമ്മയുണ്ടായിരുന്നു. ആ ഒറ്റ വാക്കിലാണ് ആ കഷ്ടദിനങ്ങളെ അതിജീവിച്ചത്.

ഇനി കുഞ്ഞുങ്ങളുടെ കാര്യമാണ്. ‘ലോകത്തില്‍ ഒരു കുട്ടിയെങ്കിലും ദുഃഖിതനായിരിക്കുന്നിടത്തോളം ഒരു കണ്ടുപിടിത്തമോ പുരോഗതിയോ പ്രാധാന്യമുള്ളതല്ല.’ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകളാണ്. ഒരുകണക്കിന് ഇന്നത്തെ കുഞ്ഞുങ്ങള്‍ ഭാഗ്യമുള്ളവരാണ്. അവരുടെ ആവശ്യങ്ങള്‍ക്കുനേരെ എത്ര ശ്രദ്ധയുള്ളവരാണ് അവരുടെ മാതാപിതാക്കള്‍. എന്നിട്ടും അവര്‍ സന്തുഷ്ടരല്ലാത്തത് എന്തുകൊണ്ടാണ്. മാതാപിതാക്കള്‍ക്കൊപ്പം ആയിരിക്കാനുള്ള അവസരങ്ങള്‍ അവര്‍ക്കു കുറഞ്ഞുവരുന്നു എന്നതാണതിനൊരു കാരണം. ഇതു കുഞ്ഞുങ്ങളിലുണ്ടാക്കുന്ന ശൂന്യതയെക്കുറിച്ച് മിക്ക മാതാപിതാക്കള്‍ക്കും അറിയില്ലെന്നുതോന്നുന്നു, പ്രത്യേകിച്ച് അപ്പന്മാര്‍ക്ക്. കുഞ്ഞുങ്ങളുടെ കാര്യം നോക്കാന്‍ അമ്മയുണ്ടല്ലോ, അതുമതി എന്നാണവരുടെ നിലപാട്.

അഭ്യസ്തവിദ്യരുടെയിടയില്‍പോലുമുണ്ട് അങ്ങനെയുള്ളവര്‍. കുഞ്ഞുങ്ങളുടെ പൂര്‍ണമായ വ്യക്തിത്വവളര്‍ച്ചയ്ക്ക് അച്ഛനും അമ്മയും ഒരുപോലെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരിവരെ പഠിപ്പിക്കും. കുട്ടികളെ ഏറ്റവും സന്തോഷിപ്പിക്കുന്ന നിമിഷങ്ങള്‍ അച്ഛനമ്മമാരോടൊത്തായിരിക്കുന്ന നിമിഷങ്ങള്‍തന്നെയാണ്. ബാല്യം ഒരിക്കലേയുള്ളൂ എന്നോര്‍ക്കുക. ആ കാലഘട്ടത്തില്‍ അവരുടെ ഹൃദയത്തിലിടം നേടാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ പിന്നീടൊരു കാലത്തും അതിനു കഴിയില്ല. പിന്നെ വാര്‍ദ്ധക്യത്തില്‍ മക്കള്‍ എന്നെ പൊന്നുപോലെ നോക്കും എന്നൊക്കെ കരുതുന്നതിനെക്കാള്‍ വലിയ ഫലിതമുണ്ടോ? മക്കളല്പം മുതിര്‍ന്നുകഴിയുമ്പാള്‍ പല അച്ഛന്മാരും പറയുന്ന ആ പരാതിയില്ലേ, അമ്മയും മക്കളും ഒറ്റക്കെട്ട്. ഞാന്‍ പുറത്ത്. അതെങ്ങനെ സംഭവിച്ചു എന്നുകൂടി ചിന്തിക്കുന്നത് നല്ലതല്ലേ. അതൊഴിവാക്കാന്‍ ഇന്നേ കുറച്ചു തിരക്കുകള്‍ കുഞ്ഞുങ്ങളെപ്രതി വേണ്ടെന്നുവച്ചാല്‍ മതി.

അദ്ധ്യാപകരും കുട്ടികളോടു നീതിപുലര്‍ത്തേണ്ടതുണ്ട്. അദ്ധ്യാപനത്തില്‍ മാത്രമല്ല, അവരോടുള്ള സമീപനത്തില്‍പ്പോലും പലപ്പോഴും അങ്ങനെ സംഭവിക്കുന്നില്ല എന്നൊരു സങ്കടം പറയാനുണ്ട്. അടുത്തനാളില്‍ യു.പി. ക്ലാസ്സുകളില്‍ പഠിക്കുന്ന ഏതാനും കുട്ടികളോടൊത്ത് ചെലവഴിക്കാനവസരം കിട്ടി. അദ്ധ്യാപകരില്‍നിന്ന് അവര്‍ക്കുണ്ടായ ഏറ്റവും വേദനിപ്പിക്കുന്ന അനുഭവം അവര്‍ പക്ഷഭേദം കാണിക്കുന്നുവെന്നതാണ്. ഒരേ തെറ്റു ചെയ്തവരോട് രണ്ടുതരം സമീപനം. അദ്ധ്യാപകരത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പക്ഷേ, നിങ്ങളുടെ മുന്‍പിലിരിക്കുന്ന ഈ പൊടിക്കുട്ടികള്‍, അവരെല്ലാം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

എന്തുകാര്യങ്ങള്‍ക്കാണ് നമ്മളവരെ ശിക്ഷിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? കുഞ്ഞായിരുന്നപ്പോള്‍ നമ്മള്‍ ചെയ്ത അതേ കാര്യങ്ങളൊക്കെത്തന്നെയാണ് ഇപ്പോള്‍ അവരും ചെയ്തുകൊണ്ടിരിക്കുന്നത് എന്നു നാം മറന്നുപോകുന്നു. ഒരു ഗ്രാമത്തലവന്‍ അവിടത്തെ ജനങ്ങളെ അതു നന്നായി ഓര്‍മിപ്പിച്ചുകൊടുത്തത് ഇങ്ങനെയാണ്. തണ്ണീര്‍മത്തന്‍ മോഷ്ടിച്ച മൂന്നു കുട്ടികളെ ഗ്രാമക്കോടതിയില്‍ ഹാജരാക്കി. പരാതിക്കാരനും സാക്ഷികളും അവരുടെ കുറ്റം ന്യായാധിപനെ വിവരിച്ചു കേള്‍പ്പിച്ചു. കുട്ടികള്‍ ഭയന്നുവിറച്ച് ന്യായാധിപന്റെ മുമ്പില്‍ നിന്നു. വിധി കേള്‍ക്കാന്‍ ഗ്രാമത്തിലെ ജനങ്ങള്‍ ആകാംക്ഷയോടെ കാത്തുനില്ക്കുകയാണ്. ന്യായാധിപന്‍ പറഞ്ഞു: ‘ഇവിടെ കൂടിയിരിക്കുന്നവരിലാരെങ്കിലും കുട്ടിയായിരിക്കുമ്പോള്‍ ഒരു കളവുപോലും ചെയ്തിട്ടില്ലങ്കില്‍ ദയവായി കയ്യുയര്‍ത്തുക. കാണികള്‍ സ്തംഭിച്ചുനിന്നു. ഒരു കൈപോലും ഉയര്‍ന്നിട്ടില്ലെന്നുകണ്ട് അദ്ദേഹം പറഞ്ഞു, കേസ് തള്ളിപ്പോയിരിക്കുന്നു. പരാതിക്കാരന്‍ ഈ മൂന്നു കുട്ടികള്‍ക്കും ഭക്ഷണം വാങ്ങിക്കൊടുക്കുകയും അവരെ സുരക്ഷിതരായി വീടുകളില്‍ എത്തിക്കുകയും ചെയ്യേണ്ടതാണെന്നു കോടതി കല്പിക്കുന്നു…!

നൂറുവട്ടം ആവര്‍ത്തിച്ചിട്ടുള്ള കാര്യമാണ് സ്ത്രീകളുടേത്. എത്രയാവര്‍ത്തിച്ചാലാണ് സ്ത്രീ ആദരിക്കപ്പെടണമെന്നത് സമൂഹത്തിന്റെ പൊതു അവബോധമായി മാറുക എന്നു നിശ്ചയമില്ല. സ്ത്രീക്ക് നീതി നിഷേധിക്കുന്ന ഏതെങ്കിലും കുടുംബമോ സമൂഹമോ സ്വസ്ഥത അനുഭവിച്ചിട്ടുണ്ടോ? അവള്‍ക്കു വിശ്രമം ഉറപ്പുവരുത്തുന്ന, അവളുടെ സ്വകാര്യത സംരക്ഷിക്കുന്ന ഒരു സമൂഹം എന്നെങ്കിലും രൂപപ്പെടുമോ.

മനുഷ്യന്റെ  അനീതിയുടെ ഏറ്റവും നിശ്ശബ്ദമായ ഇര ഭൂമിയാണ്. സര്‍വം സഹ എന്നാണല്ലോ ഭൂമിക്കുള്ള വിശേഷണം പോലും.  ആ ദൗര്‍ബല്യം നമ്മള്‍ പരമാവധി മുതലെടുത്തു. അത്യാവശ്യത്തിനുമാത്രം ഭൂമിയില്‍നിന്ന് ശേഖരിക്കുകയും കുറേക്കൂടി കരുണയോടെ അവളോടു പെരുമാറുകയും ചെയ്തിരുന്നെങ്കില്‍ ഭൂമിയൊരു അക്ഷയപാത്രമായി എക്കാലവും നിലനിന്നേനെ. എന്നാല്‍, ജീവന്റെ നിലനില്പുതന്നെ അപകടത്തിലായേക്കാവുന്ന മട്ടിലാണിപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ശ്വസിക്കാന്‍ ഓക്‌സിജന്‍ കുറയുന്നു, കുടിക്കാന്‍ വെള്ളമില്ലാതാകുന്നു.

പ്രകൃതിയോടും ജീവജാലങ്ങളോടുമെല്ലാം പുലര്‍ത്തേണ്ട നീതിയെക്കുറിച്ച് ബൈബിളിനോളം മനോഹരമായി അവതരിപ്പിക്കുന്ന വേറൊരു പുസ്‌കമുണ്ടോയെന്നറിയില്ല. മനുഷ്യനെന്നതുപോലെ മണ്ണിനും വിശ്രമം നല്കണമെന്നൊക്കെയാണ് വേദം നമ്മെ പഠിപ്പിക്കുന്നത്. സംശയമുണ്ടങ്കില്‍ പുറപ്പാട് 23:10-11 ഒന്നു വായിച്ചുനോക്കൂ. അതൊക്കെ ആരു ശ്രദ്ധിക്കുന്നു! അത്ര കരുതലോടെ പരിപാലിക്കണമെന്നുപറഞ്ഞ് നമ്മളെ ഏല്പിച്ച മണ്ണിനെയാണു നമ്മള്‍ രാസവളങ്ങളുപയോഗിച്ചും മാരകമായ കീടനാശിനികള്‍ വിതറിയും പ്ലാസ്റ്റിക് കൊണ്ട് ശ്വാസംമുട്ടിച്ചും കൊന്നുകൊണ്ടിരിക്കുന്നത്. നമ്മളതിന്റെ വെറും കാര്യസ്ഥന്മാരാണെന്ന കാര്യം നമ്മളെന്നേ മറന്നു.

സ്വയം നീതിയോടെ ജീവിച്ചാല്‍ മാത്രം പോരാ,  ദുര്‍ബലര്‍ക്ക് നീതി ഉറപ്പാക്കുന്നതിന് ചില സഹനങ്ങള്‍കൂടി ഏറ്റെടുക്കുന്നിടത്താണ് നീതിയുടെ പൂര്‍ണത. ഓരോരുത്തരും തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട നീതിയെക്കുറിച്ചാണ് പരിഭവിക്കുന്നത്. മറ്റുള്ളവര്‍ക്കു ലഭിക്കേണ്ട നീതിയെക്കുറിച്ച് വ്യാകുലപ്പെടുന്നവര്‍ എത്രപേരുണ്ടാകും? അതിനുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരെ അനുഗൃഹീതര്‍ എന്നാണ് ക്രിസ്തു വിളിക്കുന്നത്.

നീതിമാന്മാരുടെ വംശം അറ്റുപോയിട്ടില്ലെന്നതാണ് നമുക്കുള്ള ഏറ്റവും വലിയ ആശ്വാസം. പലപ്പോഴും നിശ്ശബ്ദരും ദുര്‍ബലരുമെന്ന തോന്നലുണ്ടാക്കുന്നവരാകാം അവര്‍. ക്രിസ്തുവിനെക്കുറിച്ച് പറയുന്നതുപോലെ അവരും തര്‍ക്കിക്കുകയോ ബഹളംകൂട്ടുകയോ ചെയ്യുന്നവരാകില്ല. വിജയികളായ മനുഷ്യരുടെ കൂട്ടത്തിലും അവരുണ്ടാകില്ല. പലപ്പാഴും പരാജിതരായ മനുഷ്യരാണവര്‍. ദൈവത്തിനും മനുഷ്യനുമിടയില്‍ വിഭജിക്കപ്പെട്ടുപോകുന്ന മനുഷ്യര്‍. എങ്കിലും ഈ മനുഷ്യര്‍ നമ്മുടെ ജീവിതത്തെ നിരന്തരം വിചാരണചെയ്തുകൊണ്ടിരിക്കും. നീതി വിജയിക്കുംവരെ പ്രത്യാശയോടെ കാത്തിരിക്കുന്ന ഇവരാണ്  അവസാനം വിജയപീഠത്തില്‍ നില്ക്കാന്‍പോകുന്നതെന്നാണ് ബൈബിള്‍ നല്കുന്ന സന്ദേശം. ‘നീതിമാന്‍ തന്നെ പീഡിപ്പിക്കുകയും തന്റെ പ്രവൃത്തിക ളെ പരിഹസിക്കുകയും ചെയ്തവരുടെ മുമ്പില്‍ ആത്മവിശ്വാസത്തോടെ നില്ക്കും’ (ജ്ഞാനം 5:1-). സമയമുള്ളപ്പോള്‍ ആ അദ്ധ്യായം മുഴുവനുമൊന്ന് വായിച്ചുനോക്കുന്നത് നല്ലതാണ്.

നീതി നിവസിക്കുന്ന ഭൂമി. അതാണ് ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്നം. അവിടെ ആരും ആര്‍ക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല. പരസ്പരം ആദരിക്കുന്ന ഒരോരുത്തര്‍ക്കും അവരവരുടെ ഇടം അനുവദിക്കുന്ന മനുഷ്യരായിരിക്കും അവിടെ. ക്രിസ്തു പറയുന്നതുപോലെ സീസറിന്റേത് സീസറിന് ദൈവത്തിന്റേത് ദൈവത്തിനും കൊടുക്കുന്ന മനുഷ്യര്‍ അദിവസിക്കുന്ന സ്വപ്ന ഭൂമി. ആ ഭൂമി എങ്ങനെയിരിക്കും എന്നത് പ്രവാചകന്മാര്‍ നമുക്കു പറഞ്ഞുതന്നിട്ടുണ്ട്. അവിടെ പ്രഭുക്കന്മാര്‍ കാറ്റില്‍നിന്ന് ഒളിക്കാനുള്ള സങ്കേതം പോലെയും കൊടുങ്കാറ്റില്‍നിന്നു രക്ഷപെടാനുള്ള അഭയസ്ഥാനം പോലെയുമായിരിക്കും (ഏശയ്യ 32,1-) അവിടെ ചെന്നായും ആട്ടിന്‍കുട്ടിയും ഒരുമിച്ചുവസിക്കും… (ഏശയ്യ 11 : 6) നീതിയുടെ പരിണിതഫലം പ്രശാന്തതയായിരിക്കും എന്നതിന്റെ അര്‍ത്ഥമിതാണ്. ഒരോരുത്തരും അപരനോട് നീതി പുലര്‍ത്തുമ്പോള്‍ അവിടെ സര്‍വത്ര പ്രശാന്തത കളിയാടുന്നു.

ഹാ! ‘മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസില്‍’ എന്ന് റഫീക് പാടുന്നതുപോലെ നീതികൊണ്ട് മാത്രം രൂപപ്പെടുന്ന വിശുദ്ധ ഗിരികള്‍…!

സിസ്റ്റര്‍ ശോഭ സി.എസ്.എന്‍

Related Articles