യേശുവിന്റെ, ദൈവിക മാനുഷികസ്നേഹത്തെക്കുറിച്ച് ഉദ് ബോദിപ്പിച്ച് തിരുഹൃദയത്തെക്കു റിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ നാലാമത് ചാക്രിക ലേഖനം പ്രസിദ്ധപ്പെടുത്തി. ‘ദിലേക്സിത് നോസ്’ (‘അവൻ നമ്മെ സ്നേഹിച്ചു’) എന്ന പേരിൽ ഒക്ടോബർ 24 നാണ് പുതിയ ചാക്രികലേഖനം പ്രസിദ്ധപ്പെടുത്തിയത്.
യേശുവിൻറെ ഹൃദയത്തോടുള്ള വണക്കത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ചാക്രികലേഖനത്തിൽ അഞ്ച് അദ്ധ്യായങ്ങളാണുള്ളത്. യേശുക്രിസ്തു നമ്മെ സ്നേഹിച്ചുവെന്നും (റോമാ. 8, 37), അവനോടുള്ള സ്നേഹത്തിൽനിന്ന് നമ്മെ ഒന്നും അകറ്റാതിരിക്കട്ടെ (റോമാ. 8, 39) എന്നും ഫ്രാൻസിസ് പാപ്പാ ചാക്രികലേഖനത്തിലൂടെ ഉദ്ബോധിപ്പിക്കുന്നു.
1673-ൽ വിശുദ്ധ മാർഗരീത്ത മരിയ അലക്കോക്കിന് യേശുവിന്റെ തിരുഹൃദയദർശനം ലഭിച്ച തിൻ്റെ മുന്നൂറ്റിയൻപതാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലാണ്, യേശുവിൻ്റെ തിരുഹൃദയസ്നേഹത്തിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നത്. അവന്റെ സ്നേഹഹൃദയത്തോടുള്ള ആത്മാർഥമായ വണക്കത്തിലൂടെ വിശ്വാസത്തിന്റെ ആർദ്രതയും, മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്യുന്നതിലെ ആനന്ദവും, യേശുവിന്റെ സ്നേഹം മറ്റുള്ളവരോട് പ്രഘോഷിക്കുവാനുള്ള വിളിയും തിരിച്ചറിയുവാൻ പാപ്പ നമ്മോട് ആഹ്വാനം ചെയ്യുന്നു.