വഴിവിളക്കുകൾ – 18, റവ. ഡോ. മൈക്കിൾ കാരിമറ്റം
രക്ഷാചരിത്രത്തിൻ്റെ നാൾവഴിയിൽ ഉയർന്നു നില്ക്കുന്ന പ്രകാശഗോപുരമായ ദാവീദിൽ നിന്നു പ്രസരിക്കുന്ന മറ്റൊരു പ്രാകാശകിരണമാണ് സൗഹൃദം. ആഴമേറിയ സ്നേഹത്തിന്റെയും വിശ്വസ്‌തതയുടെയും മാതൃകയായി ദാവീദിനെ ബൈബിൾ പലതവണ ചിത്രീകരിക്കുന്നുണ്ട്. അതിൽ ഏറ്റം പ്രധാനപ്പെട്ടതാണ് സാവൂളിന്റെ പുത്രൻ ജോനാഥാനുമായുള്ള സുഹൃദ് ബന്ധം. രാജസേവകനായി നിയമിതനായ ദാവീദിനെ ജോനാഥാൻ പ്രാണനുതുല്യം സ്നേഹിച്ചു, ദാവീദ് ജോനാഥാനെയും. അവരുടെ സുഹൃദ് ബന്ധം അവരെ സഹോദരതുല്യരാക്കി. ഒരിക്കലും വേർപിരിയാതിരിക്കാൻ ഈ സുഹൃദ് ബന്ധം അവർ ഒരു ഉടമ്പടിയിലൂടെ ഉറപ്പിച്ചു.
വെട്ടിയെടുത്ത ഗോലിയാത്തിൻ്റെ തലയുമായി രാജസന്നിധിയിലേക്കു വന്ന ദാവീദിനെ കണ്ടു മുട്ടിയ ആദ്യ നിമിഷം മുതൽ ജോനാഥാൻ ദാവീദിനെ സ്നേഹിച്ചു. “ജോനാഥാൻന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒട്ടിച്ചേർന്നു. ജോനാഥാൻ അവനെ പ്രാണനുതുല്യം സ്നേഹിച്ചു… അവനുമായി ഒരു ഉടമ്പടി ഉണ്ടാക്കി” (1 സാമു 18,1-3). അലംഘനീയമായ ഉടമ്പടിയുടെ അടയാളമായി അവൻ “തന്റെ മേലങ്കിയൂരി ദാവീദിനെ അണിയിച്ചു; തന്റെ പടച്ചട്ടയും വാളും വില്ലും അരക്കച്ചയും അവനു കൊടുത്തു”(1 സാമു 18,4). സ്നേഹിതനു വേണ്ടി സ്വയം ത്യജിക്കുന്ന സ്നേഹത്തിൻ്റെ ഉത്തമചിത്രം ഇവിടെ തെളിയുന്നു. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്ന കല്‌പനയെ മറികടക്കുന്നതാണ് ജോനാഥാൻ പ്രകടിപ്പിക്കുന്ന ഈ സൗഹൃദം. യേശു നല്‌കിയ സ്നേഹത്തിൻ്റെ പ്രമാണം (യോഹ 15, 12-13) മുൻകൂട്ടി അനുസരിക്കുന്നതായി കാണാം ഈ ഉടമ്പടിയിൽ.
അംഗരക്ഷകനും പിന്നീട് സൈന്യാധിപനുമായി നിയമിച്ചെങ്കിലും സാവകാശം അസൂയ വർധിച്ച സാവൂൾ ദാവീദിനെ വധിക്കാൻ തീരുമാനിച്ചപ്പോൾ ജോനാഥാനാണ് ദാവീദിനു മുന്നറിയിപ്പു നല്‌കി സംരക്ഷകനായത്. അതുവഴി ജോനാഥാൻ രാജത്വപിൻതുടർച്ചാവകാശം സസന്തോഷം ത്യജിക്കുക മാത്രമല്ല, പിതാവിന്റെ കോപത്തിന് ഇരയാവുകയും ചെയ്തു. ദാവീദുമായി ചെയ്ത ഉടമ്പടിയെക്കുറിച്ച് അറിഞ്ഞ സാവൂൾ ശകാരിക്കുമ്പോൾ ജോനാഥാന്റെ സ്നേഹത്തിന്റെ ആഴവും അതിനുവേണ്ടി കൊടുത്ത വിലയും വ്യക്തമാകുന്നു. “അവൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിനക്കു രാജാവാകാനോ രാജ്യം സ്ഥാപിക്കാനോ സാധിക്കുകയില്ല. അതുകൊണ്ട് അവനെ എൻ്റെയടുക്കൽ പിടിച്ചുകൊണ്ടു വരുക. അവൻ മരിക്കണം.” (1 സാമു 20, 31) സ്നേഹിതനുവേണ്ടി എല്ലാം ത്യജിക്കുന്ന സ്നേഹത്തിന്റെ ഉത്തമ മാതൃക.
ഈ സ്നേഹം ദാവീദ് ഒരിക്കലും മറന്നില്ല. തൻ്റെ കഴിവനുസരിച്ചു പ്രതികരിച്ചു, അവസാനം വരെ ഉടമ്പടി പാലിച്ചു. സാവൂൾ ദാവീദിനെ കൊല്ലാൻ തീരുമാനിച്ചിരിക്കുന്നു എന്നു ബോധ്യമായ ജോനാഥാൻ ദാവീദിനെ ഒളിച്ചോടാൻ പ്രേരിപ്പിക്കുമ്പോൾ പ്രകടമാകുന്ന വേർപാടിന്റെ ദുഃഖം ഈ സ്നേഹത്തിൻ്റെ ദൃശ്യമായ അടയാളമായി നില്ക്കുന്നു. “ജോനാഥാനും ദാവീദും പരസ്പരം ചുംബിച്ചു. ദാവീദിനു പരിസരബോധം വരുന്നതുവരെ അവർ കരഞ്ഞു” (1 സാമു 20, 41).
ഫിലിസ്ത്യരുമായുള്ള യുദ്ധത്തിൽ സാവൂളും ജോനാഥാനും ഗിൽബൊവാ കുന്നിൽ മരിച്ചു വീണു എന്നറിയുന്ന ദാവീദിൻ്റെ ദുഃഖം ചിറ പൊട്ടി, ഒരു വിലാപഗാനമായി ഒഴുകി. “നിൻ്റെ ഗിരികളിൽ ജോനാഥാൻ വധിക്കപ്പെട്ടു കിടക്കുന്നു. സോദരാ, ജോനാഥാൻ, നിന്നെയോർത്തു ഞാൻ ദുഃഖിക്കുന്നു; നീ എനിക്ക് അതിവത്സലനായിരുന്നു; എന്നോടുള്ള നിൻ്റെ സ്നേഹം സ്ത്രീകളുടെ പ്രേമത്തെക്കാൾ അഗാധമായിരുന്നു.’ (2 സാമു 1, 25-26). എത്ര ആഴമേറിയതായിരുന്നു ഇരുവരും തമ്മിലുള്ള സ്നേഹം എന്നതിന്റെ വ്യക്തമായ ഒരു ഉദാഹരണമാണിത്.
ജോനാഥാനോടുള്ള ദാവീദിൻ്റെ സ്നേഹം ഒരു വിലാപഗാനത്തിൽ അവസാനിച്ചില്ല. ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളും തന്നെ രാജാവായി അംഗീകരിക്കുകയും സിംഹാസനം സുസ്ഥിരമാവുകയും ചെയ്‌തപ്പോൾ ദാവീദ് തന്റെ സ്നേഹിതൻ ജോനാഥാനെ അനുസ്‌മരിച്ചു; അവനോടുള്ള തന്റെ സ്നേഹവും കടപ്പാടും പ്രകടമാക്കാൻ ആഗ്രഹിച്ചു. “ജോനാഥാനെ പ്രതി ഞാൻ ദയ കാണിക്കേണ്ടതിന് സാവൂളിന്റെ കുടുംബത്തിൽ ആരെങ്കിലും അവശേഷിച്ചിട്ടുണ്ടോ എന്നു തിരക്കി” (2 സാമു 9,1). യുദ്ധത്തിൽ ശത്രുക്കളിൽ നിന്നു കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി ഒളിച്ചോടിയ ദാസിയുടെ കയ്യിൽനിന്നു താഴെ വീണ് രണ്ടുകാലും ഒടിഞ്ഞു മുടന്തനായ മെഫിബോഷെത്ത് എന്ന ഒരു മകൻ സാവൂളിൻ്റെ കുടുംബത്തിൽ അവശേഷിച്ചിട്ടുണ്ട്. അതു ജോനാഥാന്റെ മകനാണ് എന്നറിഞ്ഞ ദാവീദ് ആളയച്ച് അവനെ വരുത്തി. സാവൂളിന്റേതും ജോനാഥാൻ്റേതുമായ സ്വത്തു മുഴുവൻ അവന് അവകാശമായി കൊടുത്തു. സാവൂളിന്റെ് ഭ്യത്യനായിരുന്ന സീബായെ സ്വത്തിന്റെ ഉത്തരവാദിത്വം ഏല്‌പിച്ചു. അവൻ മെഫിബോഷെത്തിന്റെ ഭൃത്യനും കാര്യസ്ഥനുമായി തുടരണം. മെഫിബോഷെത്തിനെ ദാവീദ് സ്വന്തം മകനെപ്പോലെ കരുതി. “അങ്ങനെ രാജാവിന്റെ പുത്രന്മാരിൽ ഒരുവനെപ്പോലെ മെഫിബോഷെത്ത് ദാവീദിന്റെ മേശയിൽ നിന്നും ഭക്ഷിച്ചു പോന്നു” (2 സാമു 9.11).
വീണ്ടും രണ്ടുതവണ ജോനാഥാന്റെ മകൻ ദാവീദിന്റെ ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അബ്സലോം ഉയർത്തിയ കലാപത്തിൽ ജീവ രക്ഷാർഥം ജറുസലെമിൽനിന്ന് ഒളിച്ചോടുന്ന ദാവീദിനും അനുചരന്മാർക്കും ഭക്ഷണപാനീയങ്ങളുമായി വരുന്ന സീബാ തൻ്റെ യജമാനനെക്കുറിച്ച് പറയുന്ന നുണയാണ് ഒന്ന്. എന്തേ മെഫിബോഷെത്ത് തൻ്റെ കൂടെ വന്നില്ല എന്ന ചോദ്യത്തിന് സീബാ ഉത്തരം പറഞ്ഞു, “അവൻ ജറുസലെമിൽ പാർക്കുന്നു. തൻ്റെ പിതാവിന്റെ സിംഹാസനം ഇസ്രായേൽക്കാർ ഇന്നു തനിക്കു തിരിച്ചുതരും എന്ന് അവൻ കരുതുന്നു” (2 സാമു 16, 3). സീബായുടെ വാക്കു വിശ്വസിച്ച ദാവീദ് മെഫിബോഷെത്തിൻ്റെ സ്വത്തു മുഴുവൻ അവനു നല്കി. (2 സാമു 16,4).
സീബാ പറഞ്ഞതു നുണയായിരുന്നു എന്നു പിന്നീടാണ് ദാവീദ് തിരിച്ചറിഞ്ഞത്. അബ്സലോമിന്റെ മരണത്തിനുശേഷം ജറുസലേമിലേക്കു മടങ്ങിവരുന്ന ദാവീദിനെ സ്വീകരിക്കാൻ മെഫിബോഷെത്തും വന്നു. “രാജാവു സുരക്ഷിതനായി തിരിച്ചുവരുന്നതുവരെ അവൻ പാദം കഴുകുകയോ താടി ഒതുക്കുകയോ വസ്ത്രം കഴുകുകയോ ചെയ്തിട്ടില്ലായിരുന്നു.” (2 സാമു 19, 24). എന്തേ തൻ്റെ കൂടെ പോന്നില്ല എന്ന ചോദ്യത്തിന് അവൻ നല്‌കുന്ന മറുപടി സീബായുടെ വഞ്ചന വ്യക്തമാക്കുന്നു. (2 സാമു 19,26). സത്യാവസ്ഥ തിരിച്ചറിഞ്ഞ ദാവീദ് മെഫിബോഷത്തിന് അവന്റെ പിതൃസ്വത്ത് തിരിച്ചുകൊടുത്തു. ഇവിടെ മെഫിബോഷത്തിൻ്റെ നിലപാട് അവനും ദാവീദും തമ്മിലുള്ള ഗാഢമായ സ്നേഹബന്ധത്തെ ഉറക്കെ പ്രഘോഷിക്കുന്നു. “സ്വത്തു മുഴുവൻ അവൻ എടുത്തുകൊള്ളട്ടെ, അങ്ങ് സുരക്ഷിതനായി കൊട്ടാരത്തിൽ മടങ്ങി എത്തിയല്ലോ. എനിക്കതുമതി.” (2 സാമു 19, 30).
തലമുറകളിലൂടെ തുടരുന്ന ഈ സ്നേഹവും പരിഗണനയും ദാവീദിനെ സൗഹൃദത്തിന്റെയും സാഹോദര്യത്തിൻ്റെയും ഉത്തമമാതൃകയാക്കുന്നു. കാര്യലാഭത്തിനുവേണ്ടി കൂട്ടുകൂടുന്നതും നഷ്ടം വരുമെന്നു തോന്നുമ്പോൾ വെട്ടിക്കളയുന്നതുമല്ല ദാവീദു കാണിച്ചു തരുന്ന സൗഹൃദം. ഏതു സാഹചര്യത്തിലും ഒരുമിച്ചു നില്ക്കും, പരസ്പരം സഹായിക്കും. സ്നേഹിതനുവേണ്ടി ജീവൻ പോലും നഷ്ടപ്പെടുത്താൻ തയ്യാറാകുന്നതാണ് ഈ സൗഹൃദം. യേശു നല്‌കിയ പുതിയ പ്രമാണത്തിന്റെ ഒരു മുന്നോടിയായി നില്ക്കുന്ന ദാവീദും ജോനാഥാനും തമ്മിൽ ഉണ്ടായിരുന്ന സൗഹൃദം.
(തുടരും…..)